ത്ര



ചീകിയൊതുക്കിവെച്ച കട്ടിത്തലമുടിക്ക് കീഴെ ഇളംകറുപ്പഴകില്‍  ശോഭിക്കുന്ന  വട്ടമുഖത്തിനു നടുവില്‍ ചതുരാകൃതിയിലുള്ള കണ്ണടയ്ക്കു താഴെ ഒരു കട്ടിമീശ.  കട്ടികളറുകളിലെ കൈലിമുണ്ടുകളുടുത്ത് തെങ്ങിന്‍ തടമെടുക്കുമ്പോഴും കണ്ടങ്ങളിലും മുണ്ടകങ്ങളിലും പറമ്പുകളിലും  മറ്റു കൃഷിപ്പണികള്‍ എടുക്കുമ്പോഴും വീട്ടിലെ അതീവ കരവിരുത് വേണ്ടിയിരുന്ന സിവില്‍ മെക്കാനിക്കല്‍  ഇലക്ട്രിക്‌ ജോലികളില്‍  ശ്രദ്ധാപൂര്‍വ്വം നീരിക്ഷിച്ചു കാര്യങ്ങള്‍ ചെയ്യുമ്പോഴും  അദ്ദേഹത്തിനു ഏറ്റവും ഇഷ്ടപ്പെടുന്ന പൊതുയോഗങ്ങളില്‍ വളരെ സസൂക്ഷമം  കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോഴും അന്നന്ന് ദിവസത്തെ ദിവസകര്‍മ്മങ്ങള്‍ എഴുതി ചിട്ടപ്പെടുത്തി തയ്യാറെടുക്കുമ്പോഴും പുതിയ കര്‍മ്മപരിപാടികള്‍ നിര്‍മ്മാണങ്ങള്‍ ഇത്യാദി ആയോജനം ചെയ്യുമ്പോഴും നടത്തുമ്പോഴും കീഴില്‍ പണിയെടുക്കുന്നവരോട് വളരെ കുറച്ചു വാക്കുകളില്‍ ഉപദേശ-നിര്‍ദേശങ്ങളും ആജ്ഞകളും കൊടുക്കുമ്പോഴും ആ ഗൌരവം നിറഞ്ഞുതുടുക്കുന്ന വട്ടമുഖത്തിന്റെ കട്ടിമീശക്ക് ചുറ്റും സര്‍വ്വം വിജയിക്കുന്ന ആണൊരുത്തന്റെ  പൌരുഷം നിറയും.  തന്റെ ച്ചുറ്റിനുമുള്ളവര്‍ ആരുമാകട്ടെ അവരോടുള്ള ഉത്തരവാദിത്വം അവരെക്കാള്‍ ബോധ്യമുള്ള ഒരുവനായിരുന്നു അദ്ദേഹം.  അദ്ദേഹത്തെ അവന്‍ കണ്ടു വളരുമ്പോള്‍ പുരുഷസൗന്ദര്യത്തിന്റെയും  നേതൃപാടവത്തിന്റെയും സംഘടനാ മികവിന്റെയും  മികച്ച പ്രാക്ടിക്കല്‍ ഉദാഹരണവും ആദര്‍ഷപുരുഷനും അവന് അദ്ദേഹം തന്നെ ആയിരുന്നു. ഏതു പ്രശ്നത്തെയും നിമിഷങ്ങള്‍ കൊണ്ട് പരിഹരിക്കുന്ന അദ്ദേഹത്തെ കാണുമ്പോള്‍ അവനു അദ്ദേഹത്തോട് അസൂയയും സ്വയത്തോട് അപകര്‍ഷതയും തോന്നുമായിരുന്നു.  എങ്ങനെ അദ്ദേഹത്തിനോടൊരു സാമ്യവും ഇല്ലാത്ത ഒരുവന്‍ ആയിത്തീര്‍ന്നു എന്ന് സ്വയം പഴി പറഞ്ഞു വെറും തിയറി മാത്രം പറയുന്ന അവന്‍ ദു:ഖിച്ചിരുന്നു.  കൊടുക്കപ്പെടുന്ന ഏതു ഉദ്ധ്യമത്തെയും ഉത്തരവാദിത്വത്തെയും പൂര്‍ണ്ണ ആത്മാര്‍ത്ഥയോടെ ചെയ്യന്ന അദ്ദേഹവുമായുള്ള തുലനയില്‍ അവന്‍ ഒരു സ്വപ്നജീവി മാത്രമായിരുന്നു.

കന്നിപ്രസവത്തിന്റെ എല്ലുമുറിയും വേദന സഹിച്ചു മയങ്ങിപ്പോയ അമ്മയുടെ ചാരത്തു നിന്ന് അവനെ  അദ്ദേഹം എടുത്തോടുമ്പോള്‍  ഒരുകാര്യം മാത്രം അദ്ദേഹത്തിന്റെ മനസ്സില്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. ജനിച്ചിട്ടു അവന്‍ കരഞ്ഞു ശ്വാസമെടുത്തിട്ടുണ്ടോ എന്ന് സംശയിച്ച അദ്ദേഹം അവന് ജീവനുണ്ടു എന്നുറപ്പിക്കുന്നത് വരെ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ പേടിയോടെയും അതീവ ദു:ഖത്തോടെയും വിറയ്ക്കുകയിരുന്നു.   

അവന്റെ മധുരപതിനെഴില്‍ അവന്റെ കയ്യുംപിടിച്ചു മെയില്‍ തീവണ്ടിയില്‍ മഹാനഗരത്തില്‍ വന്നിറങ്ങുമ്പോഴും ഉപനഗരത്തിലെ പ്രേംനസീറിന്റെ കുടുംബത്തില്‍ പെട്ട ഒരു റിട്ടയേര്‍ഡ്‌ അധ്യാപികയുടെ വീടിന്റെ ചുട്ടുപഴുത്ത മേലേ നിലയിലെ മുറിയില്‍ അവനെ ഉറക്കാനും ഒന്നുറങ്ങാനും നന്നേ ബുദ്ധിമുട്ടുമ്പോഴും  അദ്ദേഹം ചിന്തിച്ചു. “ഈ കൊടുചൂടില്‍ ആരും ഭയക്കുന്ന ജനസാഗരം നിറഞ്ഞ ക്രൂരമായ ഈ മഹാനഗരത്തില്‍  ലോകത്തിന്റെ രീതികള്‍ ഒന്നുമറിയാത്ത ഭാഷയറിയാത്ത എട്ടരപോട്ടനായ അവനെ ഇവിടെ ഒറ്റയയ്ക്കാക്കി പോകണോ എന്ന്. ഇനിയും മൂന്ന് വര്‍ഷം കൂടി തന്റെ  അരികില്‍ നിര്‍ത്തിക്കൂടെ?”. നിബിഡവനത്തിന്റെ മദ്ധ്യത്തിലെ പുരാതന ബ്രിട്ടീഷ്‌ നിര്‍മിത കോളേജില്‍ ചേര്‍ത്തിയിട്ടു അദ്ദേഹം അവനോട് വിട പറഞ്ഞിറങ്ങുമ്പോള്‍ വിതുമ്പുന്നുണ്ടായിരുന്നു. “എന്നാ മോന്‍ പ്ലാറ്റ്ഫോം വരെ ബാ”. മഹാനഗരത്തിന്റെ സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള സബര്‍ബന്‍ റെയില്‍വേ ടിക്കറ്റും അവനുള്ള പ്ലാറ്റ്ഫോം ടിക്കെറ്റും എടുത്തു അവനെ ചേര്‍ത്തുപിടിച്ചു ആ ഉപനഗരത്തിന്റെ ഒന്നാം പ്ലാറ്റ്ഫോമില്‍ അവരിരുവരും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ തന്റെ കണ്ണീര്‍ പിടിച്ചുനിര്‍ത്താന്‍ അദ്ദേഹം നല്ലതുപോലെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഉപനഗരത്തിലെ ടെര്‍മിനസ് പ്ലാറ്റ്ഫോമില്‍ എത്തിച്ചേര്‍ന്നു  ബീച്ചിലേക്കു തിരിച്ചു ഷന്റ്റ്റ് ചെയ്യാന്‍ പിടിച്ചിട്ട നാല് മണിയുടെ ആദ്യത്തെ സബര്‍ബന്‍ മെമുവില്‍ അദ്ദേഹം  കയറുന്നതിനു മുന്‍പ് അവനെ കെട്ടിപിടിച്ചു അവന്റെ പൊടിമീശ കിളിര്‍ത്ത നീണ്ട മംഗോളിയരുടെ പോലത്തെ  കുഞ്ഞുമുഖത്തില്‍ പൊതിരെ ഉമ്മ വെച്ചു  അദ്ദേഹം പൊട്ടിക്കരഞ്ഞു. “എന്നാ ശെരി മോനെ” എന്ന് പറഞ്ഞു  അദ്ദേഹം വിട പറഞ്ഞു ടാറ്റയും പറഞ്ഞു ട്രെയിനില്‍ കയറി നിന്നു. ട്രെയിനിന്റെ  ലോക്കോ പൈലറ്റ്  ചൂളം വിളിച്ചു പച്ചക്കൊടി വീശി. വണ്ടി ഓടി തുടങ്ങിരുന്നു. അപ്പോള്‍ പൊടുന്നനെ അദ്ദേഹം തീവണ്ടിയില്‍ നിന്ന് ചാടി ഇറങ്ങി. അദ്ദേഹം അവനെ കെട്ടിപുണര്‍ന്നു പൊതിരെ ഉമ്മവെച്ചു. നാല് മണിയുടെ മെമു വണ്ടി സാനറ്റൊറിയം  സ്റ്റേഷന്‍ എത്തി കഴിഞ്ഞിരുന്നു. ബീച്ചില്‍ നിന്നുള്ള  അടുത്ത മെമു വണ്ടികള്‍ ഓരോ പത്ത് മിനുട്ടുകള്‍ക്കുമിടയില്‍ വന്നു കൊണ്ടിരുന്നു.  അദ്ദേഹം  ചിലതില്‍ കയറി. പിന്നെ ഇറങ്ങി. ചിലതില്‍ കയറിയതുമില്ല. ടിക്കറ്റ്‌ കിട്ടണമെങ്കില്‍ 3 മാസം മുന്നെയെങ്കിലും ബുകിംഗ് ചെയ്യണ്ട ടിക്കറ്റ്‌ വളരെ ദുര്‍ലഭമായ എമര്‍ജന്‍സി ക്വാട്ട കൊണ്ട്  മാത്രം ടിക്കെറ്റ് കിട്ടുന്ന    സെന്‍ട്രലില്‍ നിന്നുള്ള നാട്ടിലേക്കുള്ള എട്ടുമണിയുടെ മെയില്‍വണ്ടി പുറപ്പെടാന്‍ വെറും ഒരുമണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കരഞ്ഞു ചുവന്ന  നിറകണ്ണുകളോടെ അവന്‍ അദ്ദേഹത്തോട് പറഞ്ഞു, “ഞാന്‍ ഇവിടെ നല്ല സന്തോഷവാനാണ്”. കോളേജ്  പ്രവേശനദ്വാരത്തില്‍ തന്നെയുള്ള അറിയപ്പെടുന്ന ജ്യുസ് ഷോപ്പായ  പാലിമാറില്‍  നിന്ന് പത്തു രൂപയ്ക്ക്   ഒന്നര  വലിയ ഗ്ലാസ്‌ നിറയെ കിട്ടുന്ന കിര്‍ണി (ശമാം) ഷേക്കും ബട്ടര്‍ഫ്രൂട്ട് ഷേക്കും  എത്ര വേണേലും കുടിച്ചോളാന്‍  ഉതകുന്ന തരത്തില്‍  അദ്ദേഹം കൊടുത്ത പൈസയും (അതിന്റെ കൂടെ അദ്ദേഹത്തിന്റെ ആകയുള്ള SBI ഡെബിറ്റ് കാര്‍ഡും) കീശയില്‍ നിന്ന് എടുത്ത് കാണിച്ചു അവന്‍ ആവര്‍ത്തിച്ചു. “ഞാന്‍ ഇവിടെ ഹാപ്പിയാ”. അദ്ദേഹം തനിക്കായി വാങ്ങിച്ചു ഉപയോഗിച്ചു കൊണ്ടിരുന്ന നോക്കിയയുടെ അന്നത്തെ ഏറ്റവും മുന്തിയ  ഞെക്ക് ഫോണ്‍  പോകുന്നതിനു മുന്നെയായി തന്നെ അദ്ദേഹം അവന്റെ കയ്യില്‍ കൊടുത്തിരുന്നു. അതുയര്‍ത്തിപ്പിടിച്ചു അവന്‍ പറഞ്ഞു, “ഞാന്‍ എന്നും എപ്പോഴും ഒരു വിളിപ്പുറത്തില്ലേ“ .  ഉപനഗരത്തില്‍ നിന്ന് ബീച്ചിലേക്കുള്ള അവസാനത്തെ മെമുവിന്റെ വാതില്‍ക്കല്‍ നിറകണ്ണ് നിറഞ്ഞുച്ചുവന്നു മൂടല്‍മഞ്ഞുകെട്ടിയ ത്രീപീസ്‌ കണ്ണടയിലൂടെ വിതുമ്പലടക്കി  ഉയര്‍ത്തിയ കൈയനക്കികൊണ്ട്  നിന്നിരുന്ന അദ്ദേഹം  ആ കൊടുംവേനല്‍ വൈകുന്നേരം പാളത്തിന്റെ മീതെ ചക്രവാളത്തിലലിഞ്ഞു.   

രണ്ടുവര്‍ഷങ്ങള്‍ക്ക്‌  ശേഷം അവന്‍ അവന്റെ കൌമാരവസ്ഥയുടെ അന്ത്യയാമങ്ങളില്‍ എത്തിയിരുന്നു. അവനില്‍ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് പുരോഗമിച്ചുകൊണ്ടിരുന്ന  ഘോരവിഷാദത്തിനു അടിമയായിക്കൊണ്ടിരുന്ന അവന്‍ അവന്റെ സുഹൃത്തുകളില്‍ നിന്നും കര്‍മമണ്ഡലത്തില്‍ നിന്നും ഒളിച്ചോടാന്‍ തുടങ്ങിയിരുന്നു. അവന്റെ  എഴുനില ഹോസ്റെലിലെ ഏറ്റവും മുകളിലത്തെ നിലയിലെ മനുഷ്യവാസമില്ലാത്ത  ഒഴിഞ്ഞു കിടന്ന മുറികളിലും അതിന്റെ ആരും ചെന്നെത്താത്ത ടെറസ്സിലെ വാട്ടര്‍ ടാങ്ക്-കളുടെ കീഴിലും അവന്‍ ഒളിഞ്ഞുകഴിഞ്ഞു.  മനുഷ്യരാരെയും പരിചിതരായവരെ പ്രത്യേകിച്ചും കാണുന്നതോ സംസരിക്കുന്നതോ അവന്‍ ഇഷ്ടപ്പെടുന്നില്ലായിരുന്നു. ആരും ചെന്നു എത്താത്ത ഒഴിഞ്ഞ കോണുകളും അപരിചിതജനസാഗരങ്ങളിലും അവന്‍ അപ്രത്യക്ഷ്യനായിത്തുടങ്ങിയിരുന്നു. അവനെ കാണാതായി എന്ന് ശ്രുതി പടര്‍ന്നു. ധനത്തിനും അധികാരത്തിനും സുഖസൗകര്യങ്ങള്‍ക്കും പ്രശസ്തിക്കുമായിട്ടുള്ള തിരക്കിട്ട ഓട്ടങ്ങളില്‍ പെട്ട് പോകാത്ത മനുഷ്യത്തം വറ്റിപോകാത്ത അവന്റെ കുറച്ചു നല്ല സുഹൃത്തുകളും അവനോടോ അവനെപ്പോലെയുള്ള  ഓരോ സഹജീവിയോടും അലിവുതോന്നിയിരുന്ന  കുറച്ചു നല്ല മനുഷ്യരും  അദ്ദേഹത്തോടൊപ്പം അവനെ അന്വേഷിച്ചു ചുറ്റുവട്ടത്ത് എല്ലാം പരതുന്നുണ്ടായിരുന്നു. ഇത് മണത്തറിഞ്ഞു എഴാം നിലയില്‍ നിന്ന് അവന്‍ ഒളിഞ്ഞും പാത്തും താഴോട്ടു നോക്കുമ്പോള്‍ അഞ്ചാം നിലയില്‍ തന്റെ കൂട്ടുകാരുടെയും പരിചയക്കാരുടെയും ഇടയില്‍ നിരാശനായി തന്നെ തേടുന്ന അദേഹത്തെ അവന്‍ കണ്ടു. ഭയത്തോടെ അവന്‍ ഏതോ ഒഴിഞ്ഞ റൂമിന്റെ പച്ച പെയിന്റ് അടിച്ച സ്റ്റീല്‍ കട്ടിലിന്റെ കീഴില്‍ ഒളിച്ചു.  അവരില്‍ നിന്ന് ‘രക്ഷപെടാന്‍’ ശ്രമിച്ചു ഒരു കമ്പിളി പുതപ്പില്‍ ഒളിച്ചു ആ ഗേട്ടട്  കമ്മ്യൂണിറ്റിയുടെ ഒരു പുറം ഗേറ്റ് കടന്നു പോകാന്‍ അവന്‍  ശ്രമിച്ചപ്പോള്‍ അവന്റെ മുഖം നോക്കി  ഒരു സെക്യൂരിറ്റിക്കാരന്‍ അവനെ പിടിച്ചുനിര്‍ത്തി.  അദ്ദേഹം  അപ്പോഴത്തേക്കു അവിടുള്ള എല്ലാ സെക്യൂരിറ്റിയ്ക്കും അവന്റെ ഒരു ഫോട്ടോ എത്തിച്ചു കൊടുത്തിരുന്നു. അങ്ങനത്തെ   അവന്റെ ഒരു ഫോട്ടോ ഒന്ന് നോക്കി  സെക്യൂരിറ്റിക്കാരന്‍ അവനെ തിരിച്ചറിഞ്ഞു.  അന്ന് അദ്ദേഹവും അവനും ഒത്തിരി പൈസ യാത്രാക്കൂലി കൊടുക്കേണ്ടിവന്ന വിമാനത്തില്‍ ആദ്യമായി വിമാനയാത്ര ചെയ്യാന്‍ കയറുമ്പോള്‍ അദ്ദേഹത്തിന്റെ നെഞ്ച് ആളുന്നുണ്ടായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ ദൈവത്തോട്  “ഇത് എന്തോരു ശിക്ഷയാണ്, എന്റെ ജഗദീശ്വരാ” എന്ന് നിശബ്ദമായി പറഞ്ഞുകൊണ്ട് നെടുവീര്‍പ്പിടുന്നുണ്ടായിരുന്നു.    

ഒരു വര്‍ഷം കഴിഞ്ഞു ഇതെല്ലാമൊന്നു കെട്ടടങ്ങുന്നതിനു മുന്നേ തന്നെ  പിന്നെയും അവന്റെ  വിഷാദം അവനെ തേടി തിരിച്ചുവന്നു . അപ്പോള്‍  വരെ വാതോരാതെ സംസാരിക്കുന്ന ഉത്സാഹിയായ അവനെ കര്‍മ്മ മണ്ഡലങ്ങളില്‍ നിന്നും കൂട്ടങ്ങളില്‍ നിന്നും പിന്നെയും  കാണാതായിത്തുടങ്ങി. അദ്ദേഹം  അവനെ പിന്നെയും തിരിച്ചുപിടിച്ചു  കൊണ്ട് വന്നു. അദ്ദേഹം അവനെ അവന്റെ ക്ലാസ്സില്‍ കൊണ്ടുപോയാക്കി അവന്റെ അധ്യാപികയെ ഏല്പിച്ചു നാട്ടിലേക്കു തിരിച്ചുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ ആ അദ്ധ്യാപിക  അദ്ദേഹത്തെ “അവനെ പിന്നെയും കാണ്മാനില്ല” എന്ന് വിളിച്ചറിയിച്ചു.   അദ്ദേഹത്തിന്റെ നിഴലൊന്നു മാറിയപ്പോള്‍ തന്നെ അവന്‍ പിന്നെയും അവിടെ നിന്ന്  ഒളിച്ചുമാറി  സെന്‍ട്രല്‍ ലൈബ്രറിയുടെ ഉള്ളകത്തെ ഏതോ ഒരു സോഫയില്‍ പോയി ഒളിഞ്ഞു മാറിക്കിടന്നിരുന്നു. പിന്നെയും അവനെ അന്വേഷിച്ചു നടന്ന അദ്ദേഹം അവനെ  അന്വേഷിച്ചു  മേലാളന്മാരില്‍ നിന്നും  പ്രത്യേക അനുമതി വാങ്ങിച്ചു സെന്‍ട്രല്‍ ലൈബ്രറിയുടെ  ഉള്ളിലെത്തി. ലൈബ്രറിയുടെ ഉള്ളിലെ സോഫയില്‍ കിടന്നുറങ്ങുന്ന അവനെ  അവിടെ  നിന്ന്  അദ്ദേഹം പിടിച്ചു വലിച്ചു പുറത്തു കൊണ്ട് വന്നു.  അവിടെ നിന്ന് ഇറങ്ങിയ അദ്ദേഹം ആരും കാണാത്ത ഒരിടത്തില്‍ വെച്ച്  അവനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഇടിമിന്നലിന്റെയും കൊല്ലിയാന്റെയും  പ്രഹരമേറ്റ മരത്തിനെ പോലെ തകര്‍ന്നു നിന്നു.   സ്വന്തം നെഞ്ചില്‍ ആഞ്ഞിടിച്ചിടിച്ചു അദ്ദേഹം ഉള്ളുപൊട്ടി  ഉറക്കെ കരഞ്ഞു.  എന്നിട്ട് അദ്ദേഹം അവനെ ശരീരമാസകലം പൊതിരെ തല്ലി. ഹോസ്റ്റല്‍ ബാത്‌റൂമില്‍ വെളിയില്‍ നിന്ന് പൂട്ടി അദ്ദേഹം അവനോട് കുളിയ്ക്കാന്‍ പറഞ്ഞു. വിമാനത്തിലും ബസ്സിലും അവനെ അടുത്തിരുത്തി അവന്റെയും അദ്ദേഹത്തിന്റെയും  ഓരോ കൈകള്‍ ഒരു ടവല്‍ കൊണ്ട് കെട്ടിച്ചേര്‍ത്ത്  ഒരുപോള കണ്ണടയ്ക്കാതെ അവന് കാവലിരുന്നു  അദ്ദേഹം അവനെ വീട്ടിലെത്തിച്ചു. അവന്റെ വിഷാദത്തിനു ഒരു പൂട്ടിടുന്നത് വരെ അദ്ദേഹം ഉറങ്ങിയില്ല.

ഇങ്ങനെ അവന്റെ കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിനു ആവര്‍ത്തിച്ചു ദുരിതപര്‍വ്വം മാത്രം കൊടുത്തിരുന്ന അവനെ നോക്കി ഒരിക്കല്‍ അദ്ദേഹം  അറിയാതെ പറഞ്ഞുപോയി:  “ജനിച്ചത്‌ മുതല്‍ എന്നെ വിറപ്പിയ്ക്കാന്‍ ജനിച്ചവനേ!”    

മക്കളുണ്ടാവാതെ മരണപ്പെടേണ്ടിവരുന്ന മാതാപിതാക്കളെ മരണശേഷം ‘ത്ര’ എന്ന നരകത്തില്‍ തള്ളപ്പെടുന്നു എന്ന്  ഒരു ഭാരതീയ വിശ്വാസം ഉണ്ടത്രേ.  അദ്ദേഹത്തിന്റെ ഇഹലോകത്തെ നരകമാക്കിയ അവന്‍ തന്റെ ജനനനിമിത്തം ‘ത്ര’ എന്ന ആ നരകത്തില്‍ നിന്നെങ്കിലും അദ്ദേഹത്തെ  മോചിപ്പിക്കുമെന്ന് വിശ്വസിക്കാനും ആശ്വസിക്കാനും മാത്രമേ ശപിക്കപെട്ട അവനു കഴിയുന്നുണ്ടാവുകയുള്ളൂ.  

 

 

 

 


Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ