മിണ്ടാപ്രാണികൾ
ഐ ഐ എമ്മിലെ കോ-എഡ് ഹോസ്റ്റലിലെ ബാത്‌റൂമിൽ നിന്ന് കുളിച്ചു വുളു എടുത്ത് മേല്മുണ്ടില്ലാതെ കൈലി മുണ്ടുമുടുത്ത് ഹോസ്റ്റൽ റൂമിലേക്ക് ആരും കാണാതെ ഓടിക്കയറുമ്പോൾ കതകിന്റെ മുന്നിൽ തന്നെ കാണും അവൾ . കറുപ്പും വെളുപ്പും നിറത്തിലെ ഒരു ശ്വാനസുന്ദരി. എന്റെ രണ്ടുവർഷം ജൂനിയർ ആയ ഐശ്വര്യ രാമസുന്ദരം വളർത്തുന്ന ആ പട്ടിയെ "പട്ടി" എന്ന് വിളിക്കാൻ തന്നെ ആ അയ്യർ മാമിയാർ മൃഗസ്നേഹി അനുവദിക്കില്ലായിരുന്നു. എന്റെ കുറെയേറെ ചെരുപ്പുകൾ കടിച്ചുമുറിച്ച അവളെ (ആ ശ്വാനസുന്ദരിയെ ) കാണുമ്പോൾ തന്നെ ഞാൻ ഓടുമായിരുന്നു. കക്ഷി തൊട്ടാൽ ഏഴു തവണ കുളിക്കണമെന്നോ നനയ്ക്കണമെന്നോ ഒരു കർമശാസ്ത്രനിയമം കുട്ടിക്കാലം മുതൽ കേട്ട് വന്ന എനിക്ക് പട്ടികളോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ലായിരുന്നു. ഞാൻ ഇന്റേൺഷിപ് ചെയ്ത സ്ഥാപനം നടത്തുന്ന അഭിഭാഷകരായ നാഗശൈല- സുരേഷ് ദമ്പതികളുടെ ചെന്നൈ നീലാങ്കരായിയിലെ വീട്ടിൽ ചർച്ചക്കായി പോയപ്പോൾ അവരോടും അവരുടെ സഹോദരപുത്രനായ ബാലന്ത്രപു തനയോടും സംസാരിച്ചിരുന്നു നല്ല വൈകിപ്പോയി. സുരേഷ് സർ കിടക്കാനായി മാടിയിലെ റൂം തുറന്നു തന്നപ്പോൾ എന്റെ റൂം മേറ്റിന്റെ സ്നേഹം കണ്ടു ഇറങ്ങിയോടി ഞാൻ പടികളിലൂടെ മറിഞ്ഞുവീണു വീട്ടിൽ നിന്ന് സൈക്കിളോടിച്ച് ഓൾഡ് മഹാബലിപുരം റോഡും അടയാറും കടന്നു താമ്രപർണി ഹോസ്റ്റൽ എത്തുമ്പോൾ അവരുടെ വീടിന്റെ ഗേറ്റ് വരെ എന്നെ പിന്തുടർന്ന ആ റൂം-മേറ്റിനെ ഞാൻ ഓർത്തു ഓർത്തു ആധിയെടുത്തു. നല്ല തൂവെള്ള പൂടയും രോമവുമുള്ള എന്റെ അന്നത്തെ റൂംമേറ്റ് പൊമേറിയൻ നായ സുരേഷ് സാറിന്റെയും തനയിന്റെയും ഉറ്റകുടുംബാംഗം ആയിരുന്നു എന്ന് പിന്നെയാണ് എനിക്ക് മനസ്സിലായത്. വിശാല തത്വചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തി തുടങ്ങിയ ഋഷി വാലി സ്കൂളിൽ പഠിച്ച തനയിന് എന്നോട് അതിനുശേഷം വല്ലാത്ത ദേഷ്യമായിരുന്നു. തനയ് എന്റെ കൂട്ടുകാരോട് പറയുമായിരുന്നു, "ഇവനെന്താ വട്ടാണോ"
പീ-എച്-ഡി കാലം ഒരു ഏകാന്തവാസമാണല്ലോ. അക്കാലത്ത് എനിക്ക് കൂട്ട് ആ ആദ്യം പറഞ്ഞ കറുത്ത-വെളുത്ത ശ്വാനസുന്ദരിയായിരുന്നു. ഒന്നും തിരിച്ചു മിണ്ടാത്ത ആ പാവം എന്റെ റൂമിന്റെഡോറിന്റെ ചാരത്ത് ചുരുണ്ടുകിടക്കുമ്പോൾ ഞാൻ കക്ഷിയോട് എന്റെ എല്ലാ വിഷമങ്ങളും പറയും. ശ്വാനസുന്ദരി കാരുണ്യം തുളുമ്പുന്ന കണ്ണുകളുമായി എന്നെ നോക്കി കേഴുമ്പോൾ എനിക്ക് അവൾക്കു കൊടുക്കാൻ ഭക്ഷണം ഒന്നും കാര്യമായി ഉണ്ടാകാറില്ലായിരുന്നു. എന്നാലും അവൾ എന്റെ ജല്പനങ്ങൾ എല്ലാം കേൾക്കും. എന്നെ നോക്കി നിവർന്നു നിന്ന് കൈകൾ നീട്ടുമ്പോൾ ഞാൻ നിസ്സഹനായി നോക്കും. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അവളോളം മനുഷ്യത്തം എന്റെ ചുറ്റിലുമുള്ള മനുഷ്യരിലുണ്ടാവുമോ എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു.
കേട്ടറിവാണു. എന്റെ ഉപ്പ അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ ഒരു പട്ടിയെ വളർത്തിയിരുന്നു. വീടിനടുത്ത് ഒരു ചെറിയ കൂട്ടിൽ വളർത്തിയിരുന്ന അതിനെ ഉപ്പ മണയ്ക്കൽ കായലിൽ കുളിപ്പിക്കാൻ നീണ്ട ഒരു കയറു കെട്ടി കൊണ്ടുപോയിരുന്നതായി കേട്ടിട്ടുണ്ട്. എന്റെ സുഹൃത്തായ ഫായിസിന്റെ പുതിയ ബന്ഗ്ലാവ് വീട്ടിൽ മഹല്ല് ജമാ'അത്തിന്റെ കുടുംബ സർവ്വേ എടുക്കാൻ പോയ എന്യുമെറേറ്റർ അവന്റെ വീട്ടിലെ പട്ടിക്കൂടും പട്ടിയെയും കണ്ടു തിരിഞ്ഞോടി. പട്ടികളുള്ള വീട്ടിൽ മലക്കുകൾ അടുക്കുകയില്ലത്രേ. അങ്ങനെ ഒരു നാട്ടിൽ യാഥാസ്ഥികരായ ഞങ്ങളുടെ കുടംബത്തിൽ എന്റെ ഉപ്പ പട്ടിയെ വളർത്തി എന്ന് കേൾക്കുമ്പോൾ ഒരു കെട്ടുകഥ പോലെ തോന്നുന്നു.
പക്ഷെ ഞാൻ ഇപ്പോഴും എപ്പോഴും മറ്റുള്ളവരോട് പറയാറുള്ള ഒരു ഹദീസ് കഥയുണ്ട്. ഒരിക്കൽ ഒരു വേശ്യ കൊടുംമരുഭൂമിയിലൂടെ ദാഹിച്ചവശയായി പോകുമ്പോൾ ഒരു കിണർ കണ്ടു. മരുപ്പച്ച കണ്ടപോലെ അവൾക്കു തോന്നിയപ്പോൾ അതിന്റെ അടുത്തേക്ക് അവൾ ഓടിയടുത്തു. സ്വന്തം ചെരുപ്പിൽ പാവാടയുടെ നാട കെട്ടി ചെരുപ്പ് കെട്ടിയിറക്കി ആ കിണറ്റിലെ അവസാനത്തെ തുള്ളിവെള്ളം കോരിയെടുത്ത് കുടിക്കാനായി ചുണ്ടിലേക്കടുപ്പിക്കുമ്പോൾ അവളുടെ കാലിൽ എന്തോ തട്ടുന്നത് പോലെ തോന്നി. താഴോട്ട് നോക്കിയപ്പോൾ അവളുടെയത്രെയും ദാഹമുള്ള ഒരു പട്ടി അവളുടെ കാലുകളിൽ തൊട്ടു ആ ദാഹജലത്തിനു വേണ്ടി കേഴുന്നുണ്ടായിരുന്നു. രണ്ടാമതൊന്നു ചിന്തിക്കാതെ തന്നെ അവൾ ആ ജലം ആ പട്ടിക്ക് കൊടുത്തു. നബി തങ്ങൾ തുടർന്നു, "ശിഷ്യരെ, അള്ളാഹു അവൾക്കു സ്വർഗം പ്രദാനം ചെയ്തു. എന്നാൽ... " നബി തങ്ങൾ തന്റെ ശിഷ്യർക്ക് ഒരു കഥ കൂടി പറഞ്ഞു കൊടുത്തു. അഞ്ചു വക്തും അതിലേറെ നഫില് നമസ്കാരങ്ങളും എല്ലാ കർമ്മ -അനുഷ്ടാനങ്ങളും നിർവഹിക്കുന്ന ഒരു വൃദ്ധസ്ത്രീയുണ്ടായിരുന്നു. അവരോടു ഒത്തിരി പ്രിയവും കൂറും ഉള്ള ഒരു പൂച്ചയുണ്ടായിരുന്നു. പക്ഷെ എപ്പോഴൊക്കെ അവർക്കു ദേഷ്യം തോന്നുമ്പോഴും അവർ ആ പാവം മിണ്ടാപ്രാണി പൂച്ചയെ ചുഴറ്റി വീട്ടിന്റെ വെളിയിലേക്കു എറിയുമായിരുന്നു. അല്പം കരയുമെങ്കിലും ആ പാവം പൂച്ച പിന്നെയും അവളുടെ യജമാനത്തിയുടെ ചാരെ സ്നേഹത്തോടെ വന്നു നിൽക്കും. അവരെ തൊട്ടുരുമ്മി പിന്നെയും സ്നേഹത്തോടെ നിൽക്കുമായിരുന്നു. നബി തങ്ങൾ തുടർന്നു, "അള്ളാഹു സ്വർഗ്ഗവാതിൽ ആ വൃദ്ധയുടെ മുന്നിൽ എന്നന്നേക്കുമായി അടച്ചിട്ടു"
2017 ഒക്ടോബർ ഒൻപതു. കുറെ മാസങ്ങൾക്കു മുൻപ് പങ്കെടുത്ത പുതുതായി തുടങ്ങിയ വിശാഖപട്ടണം ഐ . ഐ എമ്മിലെ അധ്യാപർക്കായുള്ള റിക്രൂട്ട്മെന്റ് ഇന്റർവ്യൂ കഴിഞ്ഞിരിക്കുകയായിരുന്നു. അഭിമുഖത്തിൽ പുതിയ ഐഐഎം ഡയറക്ടർ ചോദിച്ചിരുന്നു, 'എൻ. ഐ.റ്റിയിൽ താത്കാലിക ജോലിയല്ലേ. ഓഫർ തന്നാൽ എപ്പോഴത്തേക്കു ഇവിടെ ജോയിൻ ചെയ്യാം?". നിറവയറുമായി നിൽക്കുന്ന ഭാര്യയുടെ വയറ്റിലെ തങ്കകുടത്തിന്റെ ഭാഗ്യം എന്ന് തമ്പുരാനെ സ്തുതിച്ചൂ ആ മുറിയിൽ നിന്നിറങ്ങിയ ഞാൻ കൂടെയുണ്ടായിരുന്ന . ഉപ്പയെ നോക്കി ചിരിച്ചു. അവിടുത്തെ അഡ്മിൻസിട്രേറ്റിവ് ഓഫീസർ ആയ ഒരു മേഡത്തിനെ ദിവസവും . വിളിക്കുന്ന ഞാൻ അവരെ എന്നും ഓര്മിപ്പിക്കുമായിരുന്നു," ഓഫർ ലെറ്റർ എന്റെ ജിമെയിലിലേക്കെ അയക്കാവേ അക്കാ. അതിൽ കൊടുത്ത ഈമെയിൽ അഡ്രസ് എക്സ്പയർ ആയി". ഗർഭിണിയായ ഭാര്യയുടെ നിറവയർ കാണുമ്പോൾ സ്ഥിരം ജോലിയില്ലാത്ത എന്റെ നെഞ്ച് എന്തോ കാളുമായിരുന്നു. 'വായ കീറിയ റബ്ബ് എന്റെ കുഞ്ഞന്റെ വയറും നിറയ്ക്കുമായിരുക്കുമല്ലേ' എന്ന് ചിന്തിക്കുന്നത് അതിശയോക്തി ആയിരിക്കും. എന്നാലും ദിവസവും ജോലിയ്ക്കായി പോകുമ്പോൾ കൊടുവള്ളി മുതൽ കട്ടാങ്ങൽ വരെ ആകാശങ്ങളെ നോക്കി കൊതിയോടെ . ഞാൻ കരഞ്ഞുതേങ്ങുമായിരുന്നു, " വർറഹ്മ്‌നീ യാ റബ്, കാരുണ്യമേകൂ, പൊന്നു തമ്പുരാനെ" . ഒക്ടോബർ 9നു ആ ഫോൺ വന്നു. എനിക്ക് പകരം വേറെ ആരോ അവിടെ ജോലിക്ക് കയറി. 2 മാസത്തോളം കണ്ട സ്വപ്ങ്ങളുടെ ബലൂണ് പടെ എന്ന് പൊട്ടി. ഭാര്യ ലബീബയോടു ഞാൻ നിർവികാരനായി പറഞ്ഞു,' അസിം പ്രേംജി പോലെ വൈസാഗും പോയഡീ ഈബേ". അവൾ പൊട്ടി കരഞ്ഞു. കുടുകുടാ കരഞ്ഞു. ഞാനും കരഞ്ഞു. അവളുടെ വീട്ടിലെ പുതിയാപ്പിള മുറിയിലെ ഉള്ളറകളുള്ള കട്ടിലിന്റെ മുകളിൽ ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ചു കിടന്നു കരഞ്ഞപ്പോൾ ഞങ്ങൾ ആ അമർച്ച കേട്ടു. എന്തോ മുരൾച്ചയും. ഞങ്ങൾ ഞെട്ടി എഴുന്നേറ്റു ബെഡ്ഡും കട്ടിലും ഇളക്കിമാറ്റി താഴെയുള്ള ഒരു രഹസ്യ അറയിൽ നോക്കിയപ്പോൾ രണ്ടു പൂച്ചകുഞ്ഞുങ്ങൾ രക്തത്തിൽ പൂണ്ടു മരിച്ചു കിടക്കുന്നു. ഒരു കണ്ടൻ പൂച്ച അവിടെ നിന്ന് ഓടി പോകുന്നത് ഞങ്ങൾ 'റിക്രൂട്മെന്റ് നഷ്ടപ്പെട്ട' വിഷമത്തിലെ കരച്ചിലിനിടെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു. രക്തത്തിൽ പൂണ്ടുകിടക്കുന്ന ആ രണ്ടു പൈതൽ പൂച്ചകളെ കണ്ടു ഞാൻ ഷോക്കേറ്റത് പോലെ നിൽക്കുമ്പോൾ ലബീബ മുന്നത്തതിനെക്കാൾ ശബ്ദത്തിൽ ആർത്തു കൂവി കരഞ്ഞു. ഞാനും കരഞ്ഞു. അവളുടെ ഉമ്മ വരുന്നത് വരെ അവൾ കരഞ്ഞു, കുടുകുടാ കരഞ്ഞു. അവളുടെ അരികിൽ അത്രയും നേരം ആ കുഞ്ഞുങ്ങളുടെ തള്ള പൂച്ച ഞങ്ങളെ നിസ്സഹായായി നോക്കി തേങ്ങുന്നുണ്ടായിരുന്നു. തള്ള പൂച്ച ഇങ്ങനെ പറയുന്നത് പോലെ എനിക്ക് തോന്നി. " നിങ്ങൾക്കരികെ ആ കണ്ടനിൽ നിന്ന് എന്റെ പൈതലുകളെ ഇത്രെയും നാൾ ഞാൻ കാത്തുസൂക്ഷിച്ചപ്പോൾ നിങ്ങൾക്കും അതിനെ ഒന്ന് നോക്കിക്കൂടായിരുന്നോ". ലബീബയുടെ ഉപ്പ വൈകിട്ട് വന്നപ്പോൾ അവളെയും അവളുടെ ഉമ്മയെയും നല്ലവണ്ണം വഴക്കു പറഞ്ഞു, 'നിങ്ങളുടെ ശ്രദ്ധക്കുറവ് കാരണമാണ് ആ പാവങ്ങൾ കൊല്ലപ്പെട്ടത്". ലബീബ അന്ന് രാത്രി മുഴുവനും കരഞ്ഞോണ്ടിരുന്നു. അടുത്ത ദിവസം ഒക്ടോബർ 10നു അവൾ എന്റെ ഐനുവിന് ജന്മം നൽകി. ഒരു ദിവസം മുഴുവനുമുള്ള കരച്ചിൽ അവളുടെ ലേബർ ഇനിഷ്യറ്റ് ചെയ്തു പോലും. ജോലി കിട്ടാത്ത വിഷമം ഞങ്ങൾ മറന്നു.. പക്ഷെ ഒരു വല്ലാത്ത നോവായി ആ പൂച്ച പൈതലുകളുടെ ദാരുണാന്ത്യം ഞങ്ങളുടെ മനസ്സിലുടക്കി.
ചാറ്റൽ മഴപെയ്യുന്ന ഒരു രാവിലെ ഡിപ്പാർട്മെന്റിൽ നിന്ന് വീട്ടിലേക്കു നടക്കുമ്പോൾ ആ കാഴ്ച എന്നെ നടുക്കി. ഞാൻ നടന്നു വരുന്ന റോഡിൽ എന്റെ സുഹൃത്തിന്റെ വീട്ടിനരികിൽ ഏതോ വണ്ടി തട്ടി ഒരു പട്ടിക്കുഞ്ഞു മരിച്ചു കിടക്കുന്നു. വല്ലാത്ത അരുമത്തവും കുട്ടിത്തവും തോന്നുന്ന ആ നായക്കുട്ടിയുടെ മരിച്ച മുഖം എന്നെ വല്ലാതെ ബാധിച്ചു. തുരുതുരാ വണ്ടികൾ പോകുന്ന ആ സമയത്ത് ഞാൻ ഒരു ട്രാഫിക് പോലീസ്‌മാനെ പോലെ വണ്ടികളെ വഴിതിരിച്ചു വിട്ടു. ഇനിയൊരു വണ്ടി കൂടി അതിന്റെ മേൽ കയറിയിറങ്ങി ആ പാവം മുഖത്തിനെ വികൃതമാക്കുന്നതിനു മുൻപേ അതിനെ അവിടെ മാറ്റാൻ ഞാൻ പാടുപെട്ടു. ഒരു പട്ടിയെ എടുക്കുക പോലും ചെയ്യാത്ത ഞാൻ ഒരു വാഴയിലയിൽ ആ കുഞ്ഞനെ എടുത്ത് അരികിലെ മൺതിട്ടയിലേക്കു മാറ്റി. പിന്നെ എന്റെ കയ്യിലും കാലിലും എന്താ കയറിയത് എന്നത് എനിക്കറിയില്ലായിരുന്നു. എങ്ങനെയോ ഒരു മൺവെട്ടി സംഘടിപ്പിച്ചു. തീരെ മെയ്യനക്കാത്ത ഞാനെന്ന . കുഴിമടിയൻ ചെങ്കൽമണ്ണിൽ അപ്പോൾ കുഴിയെടുക്കാൻ ആ മഴയത്ത് നന്നേ കഷ്ടപ്പെട്ടു. ഓരോ തവണയും കുഴഞ്ഞു പിന്മാറുമ്പോഴും ആ പാവം പട്ടികുഞ്ഞന്റെ മുഖം കണ്ടു സഹിക്കാൻ പറ്റാതെ പിന്നെയും കുഴിവെട്ടും. അപ്പോൾ അവിടെ എന്റെ അരികിൽ ഒരു പെൺപട്ടി തേങ്ങിക്കൊണ്ടു എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ആ കുഞ്ഞന്റെ അമ്മയാണോ ആവോ. ഒത്തിരി പണിപ്പെട്ടു ആ കുഞ്ഞനെ കുഴിയിൽ മറമാടിക്കഴിഞ്ഞു അറിയാതെ ഞാൻ പറഞ്ഞു പോയി " അല്ലാഹുമ്മ ഇഗ്ഫർളഹു വർഹംഹു ..വക്'രിം നുസ്‌ലഹു..' ഓത്തുപള്ളിയിൽ ആദ്യം പഠിപ്പിക്കുന്ന മയ്യത്ത് ദുആയുടെ ഇനിയും മറക്കാത്ത ആദ്യ വരികൾ. മനുഷ്യർക്കുള്ളതല്ലേ ഈ ദുആ എന്ന് ഞാൻ ചിന്തിച്ചില്ല. പരമകാരുണ്യവാനായ എന്റെ പടച്ച റബ്ബിന്റെ അളവറ്റ കാരുണ്യത്തിന്റെ ഒരു പങ്കു ഒരു കടുകുമണി പോലും പാപം ചെയ്യാത്ത ആ പാവം നായ കുഞ്ഞന്റെ മേൽ വർഷിപ്പിക്കണേ എന്ന് പ്രാർത്ഥിക്കാൻ പോലും കൊടും പാപിയായ ഈയുള്ളവന് എന്തർഹത? നന്ദികെട്ട മനുഷ്യരോട് തീരാത്ത കൂറും കാരുണ്യവും കാണിക്കുന്ന ഈ മിണ്ടാപ്രാണികളുടെ മുന്നിൽ എന്നെ പോലുള്ള മനുഷ്യർ വെറും തുച്ഛർ.
"വർറഹ്മ്‌നീ യാ റബ്"
Comments
Post a Comment