'മലബാർ മാനിയ'യ്ക്കൊരു ആമുഖം


 

കുറച്ചേറെ നാളായി എന്തെങ്കിലും എഴുതിയിട്ടു.  റൈറ്റേഴ്‌സ് ബ്ലോക്ക് എന്നൊക്കെ പറയാൻ ഞാനൊരു റൈറ്റർ ഒന്നുമല്ലല്ലോ.  ആത്മകഥാംശമുള്ള "പിണർമരത്തണലിൽ ' എഴുതി എങ്ങനെയുമൊക്കെ ഒന്ന് പ്രസാധനവും പ്രിന്റിങ്ങും പ്രൊമോഷനുമൊക്കെ തട്ടിയും മുട്ടിയും ഒപ്പിച്ചും ചെയ്തിട്ട് ഈയുള്ളവൻ കുഴഞ്ഞു. ഒന്നാമത് ഇതെല്ലാം ഏറിയ പങ്കും ഞാൻ തന്നെ ചെയ്യണം എന്ന് വെച്ചാൽ അല്പം കഷ്ടമല്ലേ . എന്റെ കടിഞ്ഞൂൽ കൃതി ആരെങ്കിലും വായിക്കണം എന്ന് കരുതിയത് ഒരു അതിമോഹം പോലെ തോന്നി. പിന്നെ പലരും ചോദിച്ചു. പുസ്തകത്തിന്റെ ഫൈനാൻഷ്യൽസ് ഒക്കെ എങ്ങനെ എന്ന് ചോദിച്ചു.  വായിക്കപ്പെടണം എന്നതായിരുന്നു വാങ്ങിപ്പെടണം എന്നതിനേക്കാൾ എന്റെ ആഗ്രഹം. അത് കൊണ്ട് ആ വഴിക്കങ്ങനെ ഞാൻ നോക്കിയില്ല. പക്ഷെ ഒരു വിഷമം, എന്റെ കാലക്കേടിനു പ്രിന്റ് ചെയ്തു വന്നപ്പോഴത്തേക്കു കലശലായി അക്ഷരതെറ്റുകള്‍. വാക്കുകള്‍ പലയിടങ്ങളില്‍ ചേര്‍ന്ന് വന്നത് പോലെ. പിന്നെ ഒരു കഥാപാത്രം വായിച്ചിട്ട് പറഞ്ഞു , “എന്റെ ജാതി പേര് മാറി പോയി”. ക്ഷമിക്കണം , കഥാപാത്രത്തിന്റെ കഥയൊഴുക്കില്‍  കക്ഷി പറഞ്ഞ വിവരങ്ങള്‍ അതേപടി എഴുതിയപ്പോള്‍ ഞാന്‍ ഓര്‍ത്തില്ല “ ജാതി പറയരുത്, ജാതി ചോദിക്കരുത് “. പിന്നെ പ്രത്യേകിച്ച് ആരും വലിയ അഭിപ്രായം ഒന്ന് പറയാത്തത് കൊണ്ട് ഞാന്‍ അങ്ങ് തീരുമാനിച്ചു. അങ്ങനെയങ്ങ് ശരിയാവുകയില്ലല്ലോ. അടുത്തതൊന്നു എഴുതണം. ഇനി ആത്മകഥയും എന്റെ ജീവിതത്തിലെ ആള്‍ക്കാരെ വല്ലാതെ പ്രതിപാദിക്കാതെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്നിനെ പറ്റി എഴുതട്ടെ—എന്റെ ഓര്‍മ്മകളിലെ അനുഭവങ്ങളിലെ മലബാറിനെ പറ്റി. എന്റെ യാത്രകളിലും അലച്ചിലുകളിലും ഞാന്‍ തൊട്ടറിഞ്ഞ മലബാറിലെ മനുഷ്യരെപ്പറ്റിയും പള്ളികളെ ക്ഷേത്രങ്ങളെ തെയ്യങ്ങളെ മലകളെ പുഴകളെ കടല്‍തീരങ്ങളെ വിശ്വാസങ്ങളെ ഇത്യാദി എല്ലാത്തിനെ പറ്റി ഓര്‍മ്മകളില്‍ നിന്നും അല്പം ഭാവനയില്‍ നിന്നും “മലബാര്‍” എന്നെ എന്റെ തീരാത്ത ഒബ്സെഷനെ പറ്റി.

എന്റെ കുടുംബാംഗങ്ങള്‍ ഒരിക്കല്‍ വേമ്പനാട് കയിലിന്റെ മീതെ ഒരു ഹൌസ് ബോട്ടില്‍ സര്‍ക്കീട്ടിനു പോയി. അപ്പോള്‍ കളിച്ച ഒരു ഗെയിം പ്രകാരം കുടുംബത്തിലെ ഓരോ അംഗത്തെ പറ്റിയും ഒരു വാക്ക് പറയണമായിരുന്നു. ഒരു വ്യക്തിക്ക് ‘ഇരട്ടപേര് പോലെ ആ വ്യക്തിയെ സംഗ്രഹിക്കുന്ന ഒരു വാക്ക് ആ വ്യക്തി ഒഴികെ ഉള്ള ബാക്കി എല്ലാവരോടും രഹസ്യമായി പറയും. യൂറോപ്പില്‍ ഒക്കെ അറിയപ്പെടുന്ന ബിന്ഗോ പോലെ നമ്മളുടെ മുഖത്തിനു മുഖളില്‍ ഒരു സ്ടിക്കി നോട്ട്  പോലെ എഴുതപ്പെടുന്ന തന്നെ പറ്റിയുള്ള ആ ഇരട്ടപേരോ അവനവനെ ഏതാണ്ടൊക്കെ തിര്ച്ച്ചറിയാന്‍ സഹായിക്കുന്ന ആ പദപ്രയോഗം നമ്മള്‍ ഒരു റിവേര്‍സ്സ് ക്വിസ് പോലെ നമ്മള്‍ തന്നെ കണ്ടുപിടിക്ക്കണം. അവര്‍ എനിക്ക് അന്ന് ഇട്ട പേരാണ് ‘മലബാര്‍ മാനിയ”

കുട്ടിക്കാലത്ത് മൂത്താന്റെവിളയിലെ ഉമ്മറത്ത് വെള്ള ചൂരല്‍കസേരയില്‍  ഇരിക്കുന്ന വാപ്പയുടെ മടിയില്‍ ഞാന്‍ ചോദിച്ചു. “വാപ്പ, നമ്മള്‍ എവിടെ നിന്ന് വന്നവരാണ്”. തെല്ലൊന്നു ചിന്തിക്കുക പോലും ചെയ്യാതെ, വാപ്പ പറഞ്ഞു, “നമ്മള്‍ കോഴിക്കോട്ടൂന്നു വന്നവരാണ് ?“. കുറച്ചു അമ്പരന്നു കുറച്ചേറെ അത്ഭുതം കൂറുകയും ചെയ്ത  ഞാന്‍ പക്ഷെ പിന്നെ വാപ്പയോടു ഒന്നും ചോദിച്ചില്ല. എന്റെ ഭാവന സാമ്രാജ്യം വല്ലാതങ്ങ് വികസിച്ച് ഞാന്‍ അങ്ങനെ ഒരു കോഴിക്കൊട്ടുകാരനായി. സ്കൂളില്‍ കാണുന്ന സഹാപാഠികളോടെല്ലാം എന്റെ വേരുകള്‍ കോഴിക്കോടെ ആണെന്നും പറഞ്ഞു. എന്റെ മാതാവിന്റെ വേരുകള്‍ അത്തോയി സ്ഥിരം കച്ചവട ആവശ്യങ്ങള്‍ക്ക് പോകുന്ന എന്ന് കേട്ടിരുന്ന “ഈറോഡ്‌” ആണെന്ന് പറഞ്ഞ ഞാന്‍ ഇതും അങ്ങനെ പറഞ്ഞു നടന്നു. ഭാവന സൃഷ്ടി അവിടെ നിന്നില്ല. ഞാന്‍ എന്ന 10 വയസ്സുകാരന്‍  പിന്നെയും ഭാവനയില്‍ ആ വേരുകള്‍ തേടി എത്തപ്പെടുന്ന സ്ഥലം കോഴിക്കോട് ഉള്ള കുന്നമംഗലം മാവൂര്‍ എന്ന ഗ്രാമം വരെ ആണെന്ന് പറഞ്ഞു നടന്നു. കാലം കഴിഞ്ഞു കുറച്ചു ബോധം ഒക്കെ വന്നപ്പോള്‍ (അങ്ങനെ പറയുന്നതിനേക്കാള്‍ നല്ലത്, കുറച്ചു പ്രായം കൂടിയപ്പോള്‍) എന്റെ ഉമ്മയുടെ വേരുകള്‍ തേടിയാല്‍ എത്തുന്നത്  തമിഴ് നാട്ടിലെ മാനാമധുരൈ ആണെന്ന് ഞാന്‍ വസ്തുനിഷ്ടമായി മനസ്സിലാക്കിയപ്പോള്‍  പിതൃ-വേരുകള്‍ തേടിയ ഞാന്‍ കുറച്ചൊക്കെ ഇളിഭ്യനായി. വാപ്പ പറഞ്ഞ  കോഴിക്കോടു കൊല്ലം കരുനാഗപ്പള്ളിക്ക് പടിഞ്ഞാറുള്ള കോഴിക്കോട് എന്ന് വിളിക്കുന്ന ഒരു ചെറു ഗ്രാമം ആണ്. പക്ഷെ ഞാന്‍ വാപ്പയുടെ ആദ്യ ഉത്തരത്തില്‍ നിന്ന്  ഈ തിരച്ചറിവ് വരെയുള്ള കാലഘട്ടത്തിനുള്ളില്‍ തന്നെ മനസ്സ് കൊണ്ട് കോഴിക്കോട്ടുകാരനായി.

ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും ഭക്ഷണരീതി കൊണ്ടും ഏതാണ്ടെല്ലാ രീതിയിലും ഒരു കൊല്ലംകാരനും തിരുവതാംകൂറ്കാരനായ ഞാന്‍ തീര്‍ത്തും അസംബന്ധം എന്ന് തോന്നിക്കുന്ന രീതിയിലും യാതൊരു യുക്തിക്കും നിരക്കാത്ത രീതിയില്‍ സ്വയം ഒരു മലബാര്‍കാരനായി അവരോധിച്ചത്തിന്റെയും എല്ലാ രീതിയിലും കോഴിക്കൊട്ടെക്ക് സ്വയം പറിച്ചുനട്ടതിന്റെയും   കോഴിക്കോട് തലസ്ഥാനമായ മലബാറിനെ തലോടിയും അലഞ്ഞറിഞ്ഞും   തൊട്ടറിയാന്‍ ശ്രമിച്ചപ്പോള്‍ അഭിനവ മലബാറിനെ പറ്റി യാഥാര്‍ത്ഥ്യവും അല്പം ഭാവനയും ചേര്‍ത്ത് എഴുതിയ കുറച്ചു കഥകളും കുറുപ്പുകളും ആണ് “മലബാര്‍- മാനിയ”.  എന്റെ ആദ്യരചന’പിണര്‍മരത്തണലില്‍  25 ഓളം കഥകള്‍ എഴുതിയതിനു ശേഷം രൂപപ്പെട്ട ഒരു ഓര്‍മ്മക്കുറിപ്പ്‌ ശേഖരം ആണെങ്കില്‍,  ഞാന്‍ എഴുതിഫലിപ്പിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്ന “മലബാര്‍-മാനിയ’  കുറച്ചു ഒക്കെ വിഷനും ഉദ്ദിഷ്ടലക്ഷ്യബോധത്തോടെ   വ്യക്തതയോടെ എഴുതപ്പെടുന്ന ഒരു യാത്രാവിവരണം ആണ്. 

ഈ രചന എന്തിനെ പറ്റിയാണ്? 

മുച്ചുണ്ടിയും മിശ്കാലും കുറ്റിച്ചിറയിലൊഴുകും അറബിക്കാറ്റും  ബേപ്പൂരിൽ കാണാത്ത ഉരുക്കളും  കല്ലായിലെ പൊങ്ങുതടികളും  ബീച്ചിലെ  സാഗരവും ജനസാഗരവും വല്യങ്ങാടിയും പട്ടുതെരുവും ഗുജറാത്തികളും തളിയും അഴകൊടിയും സാമൂതിരി പെരുമയും 
കാപ്പാടു തേടിയ ഗാമയുടെ  അഭിശപ്ത കാൽപ്പാടുകളും  ചാലിയാറിനെ  നെഞ്ചോട് ചേർക്കും മലനിരകളും 
ഏറനാടൻ ശൗര്യവും കലാപബാക്കിവേയ്പ്പുകളെപറ്റിയും  പന്തുകളിയും 
മലപ്പുറത്തെ സഹായി മനുഷ്യരും കൂറ്റന്‍ ഗൃഹസമുച്ചയങ്ങളും 
പേര്‍ഷ്യന്‍ മാതൃകയില്‍ ഉയര്‍ന്നു നില്‍കുന്ന പള്ളി മിനാരങ്ങളിലെ പച്ചവെളിച്ചങ്ങളൂം നിരത്തുകളില്‍ കാണപ്പെടുന്ന തലയിൽകെട്ടിയ ഉറുമാലുകളും കള്ളിത്തുണികളും കറുത്ത പർദ്ദകളും 
കടലുണ്ടിപ്പുഴവക്കത്തെ കൊടപ്പനക്കൽ തങ്ങൾ  പാരമ്പര്യവും 

നിളയും തിരൂര്‍-പ്പുഴയും അഴിമുഖത്തെത്തുന്ന നിളമണൽത്തീരവും നിളയുടെ വലിപ്പച്ചെറുപ്പങ്ങളിൽ മുങ്ങിനിവർന്നപ്പോഴും 
പൊന്നാനിയിൽ കേട്ട മഖ്‌ദൂമിന്റെ അനീതിക്കെതിരെയുള്ള യുദ്ധാഹ്വാനവും 


ഗുരുവും വായുവും കൃഷ്ണചൈതന്യം നിറച്ച ക്ഷേത്രനഗരിയും 
കുന്തിപ്പുഴയുടെ നൈർമല്യവും നിറഞ്ഞ അട്ടപ്പാടിയുടെ വാതില്‍ക്കലുള്ള മന്നര്‍ക്കാടും

പാലൂര്കോട്ടയിലും പൂഞ്ചോലയിലും മീന്മുട്ടികളിലും ജലതർപ്പണം 
 
ഒമ്പതുവളവുകൾ ചുഴറ്റി ലക്കിടിയിൽ നിന്ന് താഴോട്ടുനോക്കി ഞെളിയുന്നതും 
കുറുമ്പൊലക്കോട്ടയിലെ മേഘങ്ങളും മുട്ടിലിലെ ആഴങ്ങളും 
കുങ്കിച്ചിറയും പഴശ്ശികഥകളും 
തിരുനെല്ലിയിലെ പാപനാശിനിയും ഗുഹികയും 
കാളിന്ദിമധ്യത്തിൽ അറിഞ്ഞ നിർവ്രതിയും 
അറബിക്കടലിനോട് പിണങ്ങി കാവേരിയിലേക്കോളൊഴുകും കബിനിയുടെ കൊഞ്ഞണവും
ബാവലിയിൽ കബിനിയുടെ ആറു മുടികൾ കടന്നു കണ്ട ദൈവകയ്പ്പാടും പ്രേതമുടിയും  
 
കുറ്റിയാടിയോടുള്ള പ്രത്യേക ഒരിഷ്ടവും ജാനകിക്കാടും തെങ്ങിൻ തോപ്പുകളും
ലോകനാർക്കാവിലെ  വീരാളിപ്പട്ടും നാദാപുരത്തെ പള്ളിയിലെ  ചന്ദനക്കുടവും ഇരിങ്ങലിലെ കുഞ്ഞാലികിസ്സകളും 
മയ്യഴിയിളെ 'ഇന്ധനങ്ങൾക്കായുള്ളതിക്കിത്തിരക്കുകളും തമിഴ്  പോസ്റ്ററുകളും 
തലശ്ശേരിയിലെ വീടകകങ്ങളിലെ അപ്പത്തരങ്ങളും രുചിപ്പെരുമകളും 
അറക്കൽ കെട്ടിലെ ചില്ലിട്ട ബീവിമാരും വുളു-ഹവ്‌ളുകളും തൂക്കുവിളക്കുകളും 
കൊട്ടിയൂരിലെ അകത്തമ്പലത്തിലെ കുളിർമയും  ജലതീർത്ഥവും 
പയ്യാമ്പലത്തെ മാർക്സിസ്ററ് ശവകുടീരങ്ങളും വിപ്ലവമുറങ്ങുന്ന ചുവപ്പുകോട്ടകളും 
പയ്യന്നൂർ കോളേജിലെ പ്രണയക്കാറ്റും 
പറശ്ശിനിയിലെ മുത്തപ്പന്റെ തെളിയാ പ്രവചനങ്ങളും 
തെയ്യങ്ങളുടെ അരുളപ്പാടുകളും ആക്രോശങ്ങളും വെള്ളാട്ടങ്ങളും 
പഴയങ്ങാടിയിലെ കനാലുകളും കവിയായി കായലും 
മാടായിപാറയിൽ വീശും മനം മയക്കും കാറ്റും ചെങ്കല്ലിൽ കൊത്തിയ പ്രഹേളികകളും
ഏഴിമലയുടെ നഷ്ടപ്രതാപത്തെപറ്റി  വിലപിക്കുന്ന എട്ടിക്കുളത്തുകാരും 
മാട്ടൂലിലെ കാറ്റാടിമരത്തണലിൽ ചാറ്റലിൽ  ഏഴിമലയും കടലും വളപട്ടണം പുഴയും 
 
ബേക്കലിലും ചന്ദ്രഗിരിയിലും കടൽകാറ്റിൽ  സംഗമിക്കും സപ്തഭാഷകളും 
തടാകമദ്ധ്യേ വാഴും അനന്തപദ്മനാഭസ്വാമിയിലൂടെ അനന്തപുരിയിലേക്കുള്ള വഴി തേടിയപ്പോഴും 
മനംനിറഞ്ഞു ഭക്തർക്കായി  മൂന്നു ഭാഷകളിൽ പ്രാർത്ഥിക്കുന്ന തുളുവ തന്ത്രിയും 
മധൂരിലെ സുസ്മേരവദനനായ ഗണപതിയും 
മൈപ്പാടി കൊട്ടാരത്തിൽ ഊരും പേരും ചോദിക്കാതെ  എനിക്ക് ദേവീപ്പൊരുളും മൂലദുർഗദർശനവും  തന്ന രാജപുരോഹിതനും 
തളങ്കരയിലെ മാലിക് ദിനാറിൻ പാദചിഹ്നങ്ങളും ബ്യാരിയും 
നന്മ നിറഞ്ഞ ഏട്ടന്മാരുടെയും ഏച്ചിമാരുടെയും അതിമോഹങ്ങളില്ലാത്ത സ്നേഹവും 
കിഴക്കൻ മലകളിലെ കഠിനാധ്വാനത്തിന്റെ കുടിയേറ്റ കഥകളും 
കോയ-കേയിമാരുടെ കച്ചവടപോരിഷയും  മരുമക്കത്തായ വീടുകളും 
തടിമച്ചുകളാൽ തീർത്ത കോലായികളിൽ ദിക്‌റാകളാലും നാമജപങ്ങളാലും മുഖരിതമാകും ഇരുനിലവീടുകളും 


മലബാർ ! ഒരായുഷ്കാലം  മുഴുവൻ  നിന്നെ  പ്രണയിച്ചാലും 
'ആടെ' 'ഈടെ' 'ഓൻ' 'ഇയ്യ്‌  ''ഇജ്ജ്' എത്ര അനുകരിച്ചാലും 
 ഞാന്‍ വെറും  മൂർഖനേക്കാൾ വിഷമുള്ള കൊല്ലംകാരനും വെറും വരുത്തനുമായിരുക്കും എന്ന തിരിച്ചറിവില്‍ ഞാന്‍ ഇത് ആരംഭിക്കുന്നു  ! മലബാര്‍!  സർവ്വവും ത്യജിച്ചു നിന്നിലലിയാൻ വെമ്പി നിന്നെ അഷ്ടദിക്കുകളിലൂടെയും പുണർന്ന ഞാന്‍  വെറും യാത്രക്കാരൻ എന്ന് മനസ്സിലാക്കിയപ്പോള്‍ ഈ കൃതി ഞാന്‍ ഒരു യാത്രാവിവരണം ആയി വിഭാവനം ചെയ്യുന്നു- എന്റെ 'മലബാര്‍-മാനിയ'  


 

Comments

Popular posts from this blog

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ