അടിവേരുകൾ-1

വേരുകൾ തേടി ഞാൻ അങ്ങനെ അടിവേരുകളിൽ എത്തി. മൂത്താന്റെവിളയിൽ  അലികുഞ്ഞു  മകൻ ഷാജഹാൻ മകൻ അൽത്താഫിന് കുട്ടിക്കാലം മുതൽ വേരുകൾ തേടാൻ പെരുത്തിഷ്ടമായിരുന്നു.   കുടുംബാംഗങ്ങൾക്കിടയിൽ പറയപ്പെടുന്ന  കഥകളിലേക്ക് കാതോർക്കാറുണ്ടായിരുന്നു.  ശക്തനായ വാപ്പാക്ക് കീഴിലായിരുന്നെങ്കിലും മൂത്താന്റെവിള കുടുംബാംഗങ്ങൾക്ക് ചായ്‌വ് ഉമ്മവീടായ കൊല്ലശ്ശേരിയിലോട്ടായിരുന്നു. കാരണങ്ങൾ പലവിധം,സിംഗപ്പൂരിലും മലായയിലുമുള്ള  പ്രവാസവാസത്തിനിടയിൽ  വാപ്പ നാട്ടിലെത്തി മടങ്ങുന്നതിനു പിറ്റേന്ന് തന്നെ ഉമ്മ മക്കളെയുമെടുത്തു  കൊല്ലശ്ശേരിയിലേക്കു ഓടും. കൊല്ലശ്ശേരിയിലെ ഏറ്റവും മുതിർന്ന ചെറുമക്കളായ മൂത്താന്റെവിളയിലെ മക്കളോട് ഉപ്പുപ്പാ ഇബ്രാഹിം പണിക്കർക്കും  ഉമ്മുമ്മ ഖദീജ-ഉമ്മായ്ക്കും നാല് അമ്മാവന്മാർക്കും പ്രത്യേക വാത്സല്യമുണ്ടായിരുന്നു. 

ഉപ്പുപ്പാ ഇബ്രാഹിം പണിക്കർ കവികളായ നിരണം പണിക്കർമാരുടെ ശേഖരത്തിൽ നിന്നും ഉമ്മുമ്മ ഖദീജ ഉമ്മ  അന്നത്തെ കാലത്തു ഉദ്യോഗസ്ഥന്മാരെയും  അഭിഭാഷകരെയും വാർത്തെടുത്തിട്ടുള്ളതും  വെളുത്തുകുറിയ  കൃശഗാത്രരുമായ  കേരളപുരം കുടുംബത്തിൽ നിന്നുമായിരുന്നു.  ഉപ്പുപ്പാ കുറ്റിവട്ടം അങ്ങാടിയിലെ ഒരറിയപ്പെടുന്ന കച്ചവടക്കാരാനായിരുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തൊണ്ടുതല്ലലും കയറുപിരിയുമായിരുന്നു ഓണാട്ടുകരയുടെ ഈ ഭാഗങ്ങളിൽ അടുപ്പുകൾ എരിയിച്ചിരുന്നത്.. ഈ തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന സാധാരണസ്ത്രീകൾ ദിവസവസാനം കിട്ടുന്ന കയറുകെട്ടുകൾ കൊടുത്തും അണകളും നാണയത്തുട്ടുകളും  കൊടുത്തും അരിയും പലവ്യഞ്ജനങ്ങളും വാങ്ങാൻ ഉപ്പുപ്പായുടെ കടയുടെ മുന്നിൽ വരിനിൽക്കുമായിരുന്നു. പൊതുവെ ചൂടനായ ഉപ്പുപ്പാ വറുതിയുടെ ആ കാലത്തു അവരോടു അല്‌പാല്‌പം  കരുണയൊക്കെ  കാണിക്കുമായിരുന്നു എന്ന് പൊതുവെ സത്യസന്ധമായി എല്ലാം തുറന്നു പറയുന്ന ഉമ്മ പറയുമായിരുന്നു. സ്കൂളിലും പള്ളിപെരയിലും (മദ്രസ ) പോകാൻ അതീവ ഉത്സുകയായ ഉമ്മായെ പതിമൂന്നാം വയസ്സിൽ കല്യാണം കഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഉമ്മ നഖശിഖാന്തം എതിർത്തു. പഴയ മുസ്ലിം കുടുംബങ്ങളിൽ കിട്ടാത്ത വീറ്റോ പവർ ഉപയോഗിക്കാൻ ഉമ്മായ്ക്കു കരുത്തുപകർന്നതു ഉപ്പൂപ്പായ്ക്ക് സീമന്തപുത്രിയായ ഉമ്മായോടുള്ള അതീവ വാത്സല്യം ആയിരുന്നു. വാപ്പ സിംഗപ്പൂരിൽ നിന്ന് വന്നിട്ട് ഉമ്മായ്ക്കുള്ള കല്യാണാന്വേഷണം അയക്കുന്നത് വരെ ഉമ്മ ശക്തയായി നിലകൊണ്ടു   

കൊല്ലശ്ശേരിക്കാർ അല്പം ബുദ്ധികൂടിയവരായിരുന്നു എന്ന് പറയപ്പെടാറുണ്ടായിരുന്നു. ഉമ്മുമ്മയും കൊച്ചുമ്മുമ്മയും  (റുഖിയ്യ കൊച്ചുമ്മയുടെ  ഉമ്മ)  ഉദാഹരണം. തൂവെള്ള കവിണിയും തൂവെള്ള മേൽക്കുപ്പായവും വെള്ളത്തുണിയുമുടുത്ത് ഞാലിയലുക്കത്തു കിലുക്കി വളരെ ബുദ്ധിപരമായി സംസാരിക്കുന്ന നല്ല ലോകഗ്രാഹ്യവുമുള്ള കൊച്ചുമ്മുമ്മ ഈയടുത്തുവരെ ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ഉപ്പുപ്പായും അനിയനും ചേട്ടത്തി-അനിയത്തിമാരായ  ഉമ്മുമ്മയെയും  കൊച്ചുമ്മുമ്മയെയും നിക്കാഹ് ചെയ്തു കൊല്ലശേരി വീട്ടിൽ അടുത്തടുത്തായി  താമസിപ്പിച്ചു.  ശ്രദ്ധിച്ചു സംസാരിക്കുന്ന കൊച്ചുമ്മുമ്മയെയും എന്നെ പോലെ യാതൊരു ബോധമില്ലാതെ സംസാരിക്കുന്ന എന്റെ സ്വന്തം പാത്തുമ്മ ഉമ്മയെയും ഞാൻ മാറി മാറി നോക്കി അമ്പരന്നിട്ടുണ്ട്.. ഞാൻ കുഞ്ഞായിരുന്നപ്പോൾ ഉമ്മുമ്മ എന്റെ  കൈ പിടിച്ച് ബന്ധുവീടുകളിൽ  കൊണ്ടുപോകുമ്പോൾ  ഉമ്മുമ്മ എനിക്ക് നാരങ്ങാ/ ഗ്യാസ് മുട്ടായികളും കുറെ കഥകളും തരുമായിരുന്നു .കൊല്ലശ്ശേരിയിൽ നിന്നു മൂത്താന്റെ വിളയിലേക്കു നടന്നു വരുമായിരുന്ന ഉമ്മുമ്മ  പേരമക്കളുടെ മക്കളായ ഞങ്ങൾക്ക് എന്തെങ്കിലും കയ്യിൽ കരുതിവെക്കുമായിരുന്നു. ഉമ്മുമ്മ മരിക്കുമ്പോൾ ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുകയാ യിരുന്നു. അന്ന് മൂത്താന്റെവിളയിലെ മക്കൾക്ക് തങ്ങളുടെ ഉമ്മവീട്ടിലേക്കുള്ള  വഴി അടക്കപ്പെട്ടതു പോലെ തോന്നി. 

 ഉമ്മയുടെ മൂത്ത ആങ്ങളയായ കാസിം പണിക്കർ ആഴവും പരന്നതുമായ വായനയുള്ള ഒരു ചിന്തകനായിരുന്നു. കുളിക്കാൻ പോവുമ്പോഴും ഇക്കാക്ക കിതാബ് കൊണ്ടുപോകുമായിരുന്നു എന്ന് ഉമ്മ കളിയാക്കി പറയാറുണ്ടായിരുന്നു. കൊല്ലശ്ശേരി കുടുംബത്തിൽ ചോദ്യങ്ങൾ ചോദിക്കാനും ചിന്തിക്കാനും വായിക്കാനുമുള്ള ഒരു പാരമ്പര്യമുണ്ടായിരുന്നു. ഉമ്മുമ്മയ്ക്കു നാല് സഹോദരങ്ങളിലോരോരുത്തരെയും പരിചയപ്പെടുമ്പോൾ ഉമ്മ വരുന്ന ലോകത്തിനെ  പറ്റി ഞാൻ കുറച്ചൊക്കെ ആശ്‌ചര്യപെട്ടിട്ടുണ്ട്. ഉമ്മയുടെ ഒരു മാമ   യൂസഫ് മൗലവി ആയിരുന്നു. ഞാൻ കുട്ടിക്കാലത്തു  ജമാഅത്തു നമസ്കരിക്കുന്ന മണക്കൽ തൈക്കാവും (സ്രാമ്പി/കുഞ്ഞിപ്പളളി) വടക്കുംതലയിലെയും വെറ്റമുക്കിലെയും തൈക്കാവുകളും  സ്ഥാപിച്ചത് യൂസഫ് മൗലവി ആയിരുന്നു, ഒരു നല്ല സംഘാടകനും പ്രസംഗികനുമായ യൂസഫ് മൗലവി ചെറുപ്പക്കാരെ ഉത്‌ബോധിപ്പിച്ചു അവരെ കൂടെക്കൂട്ടി തടിയും ഓലയും മടലുമെല്ലാം സംഘടിപ്പിച്ചു കുളങ്ങൾ അടുത്തുള്ള പറമ്പുകളിൽ തൈക്കാവ് പള്ളികൾ സ്ഥാപിക്കുമായിരുന്നു. അത്തരം കുഞ്ഞിപ്പളളികളിൽ പുൽപ്പായകൾ വിരിക്കുകയും കുളങ്ങൾ വുളു എടുക്കാൻ സജ്ജീകരിക്കുകയും കുളങ്ങൾക്കു  പടികൾ കെട്ടുകയും  ചെയ്യുമായിരുന്നു. അങ്ങനെ നാട്ടിൽ വിശ്വാസനവോത്ഥാനത്തിനു   നേതൃത്വം കൊടുത്ത യൂസഫ് മൗലവി നല്ലൊരു പണ്ഡിതനുമായിരുന്നു. ഖാദിയാനി പ്രസ്ഥാനം ശക്തമായ ആ ഒരു വേളയിൽ  അവരുടെ പുതിയ  അഹമ്മദിയ്യാ സരണിയിലേക്കു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് യൂസഫ്  മൗലവി കാലുവെച്ചപ്പോൾ അദ്ദേഹത്തിന്റെ ആദ്യകാല അനുയായികൾ ശെരിക്കും തളർന്നു പോയി. അദ്ദേഹം  മലബാറിലെ നിലമ്പൂരിലേക്ക് കുടിയേറി. യൂസഫ്  മൗലവി മാമ  കുട്ടിക്കാലത്തു ഞങ്ങളുടെ പാത്തുമ്മ ഉമ്മയെ ഊഞ്ഞാലിൽ നിന്ന് ഉന്തി താഴെ ഇട്ടു എന്നൊരു ആരോപണം ശക്തമായി കേൾക്കാറുണ്ടായിരുന്നു. ഉമ്മയ്ക്കും അതിലൂടെ ഉമ്മയുടെ എട്ടുമക്കൾക്കും L 4 -L 5  തമ്മിലുള്ള സ്പോണ്ടിലോസിസ് ഉത്ഭവിച്ചത് അതിൽ നിന്നാണെന്ന് ഒരു പറച്ചിൽ കൂടി. എന്നാലും ഒരിക്കൽ മൂത്തന്റെ വിളയിൽ മരിക്കുന്നതിന് മുന്നേ അവസാനമായി ഈ യൂസഫ്  മാമ  തന്റെ പ്രിയപ്പെട്ട മരുമകൾ പാത്തുമ്മ ഉമ്മായെ കാണാൻ വന്നപ്പോൾ മഞ്ജു കൊച്ചുമ്മ ഈ ആരോപണം  ആവർത്തിച്ചു..  അപ്പോൾ  ഉമ്മ "എന്റെ പാവം  മാമയെ  ഒന്നു പൊറുത്തുകള" എന്ന് അഭ്യര്ഥിക്കുന്നുണ്ടായിരുന്നു.ഉമ്മയുടെ വേറെ ഒരു  മാമ ഇബ്രാഹിം  അധികം സംസാരിക്കാത്ത  എന്നാൽ നല്ലോണം വായിക്കുന്ന ഒരു അന്തർമുഖനായ  വ്യക്തിയായിരുന്നു.

മൂന്നാമത്തെ മാമയുടെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ഈ മൂന്നാമനും  ഒരുനവോത്ഥാനവാദിയായിരുന്നു.. തിരുവിതാംകൂറിലെ   അന്നത്തെ ഇസ്ലാമിക സമൂഹത്തിലെ അനാചാരങ്ങളെയും പുഴുക്കുത്തുകളെയും ശക്തമായി എതിർത്ത ഈ മൂന്നാമത്തെ അമ്മാവൻ ഒരു തീപ്പൊരി പ്രാസംഗികൻ കൂടെ ആയിരുന്നു. കുറ്റിവട്ടം പള്ളിയുടെയും മറ്റും പള്ളി മിമ്പറിൽ കയറി നിന്ന് അല്പം കത്തിക്കയറി  പ്രസംഗിക്കുമായിരുന്ന  അദ്ദേഹം അന്ന്  ഏറ്റവും കൂടുതൽ എതിര്ക്കുന്നത് വെള്ളിയാഴ്‌ച ജുമുഅയിലെ അറബിയിലുള്ള ഖുത്ത്ബകളെയാണ്, അദ്ദേഹത്തിന്റെ വാക്കുകളിൽ "അറബിയുള്ള ഖുത്ത്ബ കമഴ്ത്തിവെച്ച കുടത്തിന്റെ മുകളിൽ വെള്ളമൊഴിക്കുന്നത് പോലെയാണ്".അന്നത്തെ യാഥാസ്ഥിക മുസലിയാക്കന്മാരാൽ നടത്തപ്പെടുന്ന ഉപജാപങ്ങൾ  കാരണം ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മുസ്ലിം സ്ത്രീകളിൽ പെട്ട ഉമ്മയുടെ മൂർച്ചയേറിയ ചോദ്യങ്ങളും ഹാസ്യത്തിൽ ചാലിച്ച ചിന്താശകലങ്ങളും എവിടെ നിന്നാണെന്നു  എനിക്ക്  മനസ്സിലാക്കാൻ  ഈ ഒരു പൈതൃകം മതിയായിരുന്നു..

 ഉമ്മയുടെ അടിവേരുകളിൽ ഈ ചോദ്യങ്ങളും ചിന്തകളും  ഉള്ളതുപോലെ വേറെ ഒരു കാര്യം കൂടെ ഉണ്ടായിരുന്നു.- ഗുസ്തി. ഉമ്മയുടെ ഉമ്മവീട്ടിൽ  ഒരു ഗുസ്തി പാരമ്പര്യമുണ്ടായിരുന്നു. വീട്ടിൽ ഉമ്മയുടെ ചുറ്റിനും വികൃതി കളിക്കുമ്പോൾ  ഇടയ്ക്കു വല്ലപ്പോഴും ഞങ്ങളെ കുനിച്ചു നിർത്തി ഉമ്മ നിവർന്നു നിന്ന് സ്വന്തം മുട്ടിലും തോളിലും  അടിച്ചുകൊണ്ടു   ഞങ്ങൾ കുട്ടികളെ ചെറുതായി ഗുസ്തി പഠിപ്പിക്കുമായിരുന്നു. ഉമ്മയുടെ മൂവുകളും ഡിഫെൻസും കാണുമ്പോൾ  ഉമ്മയ്ക്ക് ഈ വിദ്യകൾ എവിടെ നിന്ന് കിട്ടി എന്നു  ഞാൻ അന്തം വിടുമായിരുന്നു. അപ്പോൾ ഉമ്മ തന്നെ തന്റെ ആ അമ്മാവന്റെ കഥ പറഞ്ഞു തന്നു . ഉമ്മയുടെ ബാക്കി ഉള്ള രണ്ടു മാമമാരുടെ പേരുകളിൽ തന്നെ ആ പൈതൃകം ഒളിച്ചിരിക്കുന്നു- കരിയാപ്പില ഫയൽവാനും ഇലക്ട്രിക്ക് ഫയൽവാനും. ഇതിൽ തിരുവനന്തപുരം കണിയാപുരത്ത് താമസമാക്കിയ  മേല്പറഞ്ഞ പ്രസംഗികനായ മൂന്നാമത്തെ മാമ കരിയാപ്പില ഫയൽവാൻ  അല്പം ഗുസ്തിയൊക്കെ കൊണ്ട് നടക്കുമെങ്കിലും   പ്രശസ്തനായത് നാലാമത്തെ മാമയായ ഇലക്ട്രിക്ക് ഫയൽവാനാണ്. 

ഇലക്ട്രിക്ക്  ഫയൽവാനെന്ന ആ അമ്മാവനെ പറ്റി. അദ്ദേഹം  ഗാട്ടാ ഗുസ്തിയുടെ ദേശീയ ടൂർണമെന്റിൽ ഫൈനലിൽ ഒരു സർദാർജിയോട് മല്ലിട്ടതായും കക്ഷിക്ക്‌ തിരുവതാംകൂർ മഹാരാജാവിന്റെ പട്ടും വളയും  കിട്ടിയിട്ടുള്ളതായും രാജാവിന്റെ വകയായി കൊല്ലം ചിന്നക്കട നഗരഹൃദയത്തിൽ  കണ്ണായ സ്ഥലത്തു ഇപ്പോൾ ഒരു പ്രശസ്ത ഹോട്ടൽ നിൽക്കുന്ന ഭൂമി സമ്മാനമായി കിട്ടിയതായും  ഞാൻ  കേട്ടിട്ടുണ്ട്.. ഗുസ്തിയിൽ ഇലെക്ട്രിസിറ്റിയുടെ വേഗത്തിൽ ശത്രുവിനെ പ്രഹരിക്കുന്ന ഈ മാമയ്ക്കു "ഇലക്ട്രിക്ക്" എന്ന അപരനാമം കൊടുത്തതും തിരുവതാംകൂർ മഹാരാജാവ് തന്നെ. വര്ഷങ്ങള്ക്കു മുന്നേ കൊച്ചിയിലെ ഒരു സ്റ്റേഡിയത്തിനു ജവാഹർലാൽ നെഹ്രുവിന്റെ പേര് കൊടുക്കാൻ പോയപ്പോൾ ഒരു കളിയും കളിക്കാത്ത  നെഹ്രുവിന്റെ പേരിനു പകരമായി അതിനു ഗുസ്തിക്കായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച  ഇലക്ട്രിക്ക് ഫയൽവാന്റെ പേര് കൊടുത്തൂടെ എന്നൊരഭിപ്രായംഎവിടെയോ കേട്ടിരുന്നു. ഞങ്ങളുടെ ഗ്രാമത്തിന്റെ പ്രമുഖ അങ്ങാടിയുടെ പേര് ഗുസ്തിക്കായി അടിച്ച  കുറ്റിയിൽ നിന്ന് ചുറ്റും വരയ്ക്കുന്ന വട്ടം എന്ന അർത്ഥം വരുന്ന കുറ്റിവട്ടം ആയിരുന്നു. പക്ഷെ ഈ അവസരത്തിൽ  എനിക്ക് ഒരു കഥ പറയാൻ ഉണ്ട്. മകൾ ഐനുവിനെ  ഉറക്കാൻ ഉപയോഗിക്കുന്ന ഒരു കഥ അവളോട് പറയുന്നപോലെ .പറയട്ടെ.  

 "ചച്ചുടു വാവു ഐനു, ഉറങ്ങിയോടാ കണ്ണാ!  ഉപ്പച്ചി അനക്ക് ഒരു കഥ പറഞ്ഞു തരട്ടെ . മൂത്താന്റെ വിളയിലെ ഉമ്മ പാത്തുമ്മയുടെ കഥ". എളേറ്റിൽ വട്ടോളിക്കാരുടെ വട്ടമുഖമുള്ള ഐൻ മൂത്താന്റെവിളയിൽ ഉറങ്ങാൻ മടിച്ചു എന്നാൽ കഥ കേൾക്കാൻ എന്നെ കെട്ടിപ്പിടിച്ചു കിടന്നു."നമ്മുടെ ഉമ്മ പാത്തുമ്മ ഉമ്മയെ നമ്മുടെ മൂത്താന്റെവിളയിലെ വാപ്പ  നിക്കാഹ് കഴിച്ചിട്ട് തിരികെ മലായയിലേക്ക് പോയി." ഐനു ചോദിച്ചു, "ഈ  മലായ എവിടെയാ?" "അതങ്ങു കിഴക്കു അങ്ങ് ദൂരത്താണ്, കപ്പൽ കയറി പോകണം". അങ്ങനെ വാപ്പ മലായയിലേക്ക് പോയ ഉടൻ തന്നെ അങ്ങോട്ട്  കപ്പലിൽ ഉമ്മായെ ഫസ്റ്റ്  ക്ലാസ് ടിക്കറ്റിൽ കൊണ്ടുപോകാനുള്ളതിനും  കൊല്ലത്തു നിന്ന് തുറമുഖ നഗരമായ നാഗപട്ടണത്തിലോട്ടുള്ള  ട്രെയിൻ ടിക്കറ്റിനും  കണക്കാക്കി ഉള്ള മണി ഓർഡർ അയച്ചു. ഉമ്മയ്ക്ക് കൂടെപോകാനായി  തീരുമാനിച്ചത് ഉമ്മായുടെ ഇക്കാക്കയായ  കാസിം പണിക്കർ മാമയും ഉമ്മയുടെ മാമയായ ഇബ്രാഹിം മാമയുമായിരുന്നു.  

പക്ഷെ ഇപ്പറഞ്ഞ ഇലക്ട്രിക്ക് ഫയൽവാന്  സിംഗപ്പൂർ  കാണാൻ ഒരു പൂതി . കക്ഷി ഈ പൂതി അറിയിച്ചപ്പോൾ ഉപ്പൂപ്പാ മനസ്സില്ലാതെ മനസ്സോടെ ഫയൽവാനെയും നാൽവർ സംഘത്തിൽ അയച്ചു.  അങ്ങനെ പുതിയപെണ്ണായ ഉമ്മയുടെ കൂടെ രണ്ടു മാമമാരും  ഇലക്ട്രിക്ക് ഫയൽവാനും യാത്ര തിരിച്ചു. കൊല്ലം വരെ വില്ലുവണ്ടിയിലും കൊല്ലത്തു നിന്ന് നാഗപട്ടണം വരെ ചെങ്കോട്ട വഴിയുള്ള  മീറ്റർ ഗേജ് തീവണ്ടിയിലും നാഗപട്ടണം തുറമുഖത്തിൽ നിന്ന് സിംഗപ്പൂരിലേക്കു കപ്പലിലും  നാലുപേരും  കപ്പലിന്റെ സെക്കന്റ് ക്ലാസ്സിൽ കയറി. ദൗർഭാഗ്യം എന്ന് പറയട്ടെ, യാത്രാമദ്ധ്യേ  കപ്പലിന്റെ അവർ സഞ്ചരിച്ചിരുന്ന സെക്കന്റ് ക്ലാസ്സിൽ വസൂരിയുണ്ട് എന്നൊരു ആശങ്ക പരന്നു. സെക്കന്റ് ക്ലാസ്സിലെ യാത്രക്കാരയെല്ലാം ക്വല്ലലമ്പുറിനടുത്ത്   ക്വറണ്ടൈനായി പിടിച്ചിട്ടു.  മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ആ സമയത്തു വാപ്പ  സിംഗപ്പൂർ തുറമുഖത്തിൽ നാഗപ്പട്ടണത്തിൽ നിന്ന് വന്ന എല്ലാ കപ്പലുകളുടെയും ഫസ്റ്റ് ക്ലാസ് കംപാർട്മെന്റുകൾ അരിച്ചുപെറുക്കി. നാഗപട്ടണത്ത്  നിന്ന്  വരുന്ന തന്റെ പുതിയപെണ്ണായ പാത്തുമ്മ എന്ന പണിക്കർ സുന്ദരിയെ തിരഞ്ഞു കാണാതെ നിരാശനായ വാപ്പ തിരിച്ചുപോയി. ക്വറണ്ടൈൻ  കഴിഞ്ഞു സിംഗപ്പൂരിലെ   ബ്രിട്ടീഷ് നേവിയിൽ ജോലി ചെയ്യുന്ന വാപ്പയെ അന്വേഷിച്ചു നാൽവർ സംഘം അവിടെ തിരഞ്ഞു നടന്നു.  ഉമ്മായ്ക്കും തനിയ്ക്കും വേണ്ടി പുത്തനായി വാപ്പ  താമസത്തിനെടുത്ത വീട്ടിൽ  കുറച്ചേറെ കഷ്ടപ്പെട്ട്  നാലുപേർ എത്തിച്ചേർന്നു. വാപ്പ കതകു തുറന്നപ്പോൾ വളരെ കഷ്ട്ടപെട്ടിട്ടാണ് തന്റെ ഭാര്യയുടെ അമ്മാവന്മാരുടെയടുത്തു  സംയമനം കാത്തത് എന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. കാസിം പണിക്കർ മാമ കുറച്ചു നാൾ അവിടെ ജോലിചെയ്ത് കുറെ സമ്പാദിച്ചതായും അതിൽ ഉപ്പുപ്പാ സന്തുഷ്ടനായതുമായി ഞാൻ കേട്ടിട്ടുണ്ട്. ഇബ്രാഹിം വല്യ മാമ അവിടെ കുറച്ചുനാൾ  ജോലി ചെയ്തിട്ട് നാട്ടിലേക്കു പോയപ്പോൾ നമ്മളുടെ കഥാനായകൻ ഇലക്ട്രിക്ക്  ഫയൽവാൻ സിംഗപ്പൂരിൽ നല്ലതുപോലെ കസറി.  സിംഗപ്പൂരിൽ ഗുസ്തി മത്സരങ്ങളിൽ പങ്കുചേരുകയും അതിലെല്ലാം  ബഹുകേമം  വിജയിക്കുകയും ചെയ്ത ഫയൽവാൻ നേടിയെടുത്ത സമ്മാനകാശെല്ലാം മലായയിൽ തീർത്തിട്ടു വെറും കയ്യോടെ നാട്ടിൽ തിരിച്ചെത്തി. ഉറങ്ങിയെന്നു കരുതി കണ്ണടച്ചപ്പോൾ ഐനു ചോദിച്ചു "പിന്നെന്തുണ്ടായി ?". ശുഭം . 

പിന്കുറിപ്പ് : ഈ കഥകളിൽ എന്തെങ്കിലും വശപിശകുകൾ ഉണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം എനിക്കും ഈ കഥകൾ ആധികാരികമായി എനിക്ക് പറഞ്ഞു തന്ന എന്റെ റൂഹിന്റെ  പങ്കാളിയായ എന്റെ വലിയുമ്മ  പാത്തുമ്മ ഉമ്മയ്ക്കും മാത്രമാണ്.


Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ