ഹോർത്തൂസ് മലബാറിക്കസ് (അൽത്താഫ് )



മുച്ചുണ്ടിയും മിശ്കാലും കുറ്റിച്ചിറയിലൊഴുകും അറബിക്കാറ്റും 
ബേപ്പൂരിൽ കാണാത്ത ഉരുക്കളും 
കല്ലായിലെ പൊങ്ങുതടികളും 
ബീച്ചിലെ  സാഗരവും ജനസാഗരവും 
വല്യങ്ങാടിയും പട്ടുതെരുവും ഗുജറാത്തികളും 
തളിയും അഴകൊടിയും സാമൂതിരി പെരുമയും 
കാപ്പാടു തേടിയ ഗാമയുടെ  അഭിശപ്ത കാൽപ്പാടുകളും 
 
ചാലിയാറിനെ  നെഞ്ചോട് ചേർക്കും മലനിരകളും 
ഏറനാടൻ ശൗര്യവും പന്തുകളിയും 
മലപ്പുറത്തെ സഹായി മനുഷ്യരും  ഗൃഹസമുച്ചയങ്ങളും 
മിനാരങ്ങളിലെ പച്ചവെളിച്ചങ്ങളൂം 
തലയിൽകെട്ടിയ ഉറുമാലുകളും കള്ളിത്തുണികളും കറുത്ത പർദ്ദകളും 
കടലുണ്ടിപ്പുഴവക്കത്തെ കൊടപ്പനക്കൽ തങ്ങൾ  പാരമ്പര്യവും 
നിളമണൽത്തീരവും നിളയുടെ വലിപ്പച്ചെറുപ്പങ്ങളിൽ മുങ്ങിനിവർന്നപ്പോഴും 
പൊന്നാനിയിൽ കേട്ട മഖ്‌ദൂമിന്റെ അനീതിക്കെതിരെയുള്ള യുദ്ധാഹ്വാനവും 
ഗുരുവും വായുവും കൃഷ്ണചൈതന്യം നിറച്ച ക്ഷേത്രനഗരിയും 
കുന്തിപ്പുഴയുടെ നൈർമല്യവും 
പാലൂര്കോട്ടയിലും പൂഞ്ചോലയിലും മീന്മുട്ടികളിലും ജലതർപ്പണം 
 
ഒമ്പതുവളവുകൾ ചുഴറ്റി ലക്കിടിയിൽ നിന്ന് താഴോട്ടുനോക്കി ഞെളിയുന്നതും 
കുറുമ്പൊലക്കോട്ടയിലെ മേഘങ്ങളും മുട്ടിലിലെ ആഴങ്ങളും 
കുങ്കിച്ചിറയും പഴശ്ശികഥകളും 
തിരുനെല്ലിയിലെ പാപനാശിനിയും ഗുഹികയും 
കാളിന്ദിമധ്യത്തിൽ അറിഞ്ഞ നിർവ്രതിയും 
അറബിക്കടലിനോട് പിണങ്ങി കാവേരിയിലേക്കോളൊഴുകും കബിനിയുടെ കൊഞ്ഞണവും
ബാവലിയിൽ കബിനിയുടെ ആറു മുടികൾ കടന്നു കണ്ട ദൈവകയ്പ്പാടും പ്രേതമുടിയും  
 
കുറ്റിയാടിയോടുള്ള പ്രത്യേക ഒരിഷ്ടവും ജാനകിക്കാടും തെങ്ങിൻ തോപ്പുകളും
ലോകനാർക്കാവിലെ  വീരാളിപ്പട്ടും നാദാപുരത്തെ പള്ളിയിലെ  ചന്ദനക്കുടവും ഇരിങ്ങലിലെ കുഞ്ഞാലികിസ്സകളും 
മയ്യഴിയിളെ 'ഇന്ധനങ്ങൾക്കായുള്ള'  തിക്കിത്തിരക്കുകളും തമിഴ്  പോസ്റ്ററുകളും 
തലശ്ശേരിയിലെ വീടകകങ്ങളിലെ അപ്പത്തരങ്ങളും രുചിപ്പെരുമകളും 
അറക്കൽ കെട്ടിലെ ചില്ലിട്ട ബീവിമാരും വുളു-ഹവ്‌ളുകളും തൂക്കുവിളക്കുകളും 
കൊട്ടിയൂരിലെ അകത്തമ്പലത്തിലെ കുളിർമയും  ജലതീർത്ഥവും 
പയ്യാമ്പലത്തെ മാർക്സിസ്ററ് ശവകുടീരങ്ങളും വിപ്ലവമുറങ്ങുന്ന ചുവപ്പുകോട്ടകളും 
പയ്യന്നൂർ കോളേജിലെ പ്രണയക്കാറ്റും 
പറശ്ശിനിയിലെ മുത്തപ്പന്റെ തെളിയാ പ്രവചനങ്ങളും 
തെയ്യങ്ങളുടെ അരുളപ്പാടുകളും ആക്രോശങ്ങളും വെള്ളാട്ടങ്ങളും 
പഴയങ്ങാടിയിലെ കനാലുകളും കവിയായി കായലും 
മാടായിപാറയിൽ വീശും മനം മയക്കും കാറ്റും ചെങ്കല്ലിൽ കൊത്തിയ പ്രഹേളികകളും
ഏഴിമലയുടെ നഷ്ടപ്രതാപത്തെപറ്റി  വിലപിക്കുന്ന എട്ടിക്കുളത്തുകാരും 
മാട്ടൂലിലെ കാറ്റാടിമരത്തണലിൽ ചാറ്റലിൽ  ഏഴിമലയും കടലും വളപട്ടണം പുഴയും 
 
ബേക്കലിലും ചന്ദ്രഗിരിയിലും കടൽകാറ്റിൽ  സംഗമിക്കും സപ്തഭാഷകളും 
തടാകമദ്ധ്യേ വാഴും അനന്തപദ്മനാഭസ്വാമിയിലൂടെ അനന്തപുരിയിലേക്കുള്ള വഴി തേടിയപ്പോഴും 
മനംനിറഞ്ഞു ഭക്തർക്കായി  മൂന്നു ഭാഷകളിൽ പ്രാർത്ഥിക്കുന്ന തുളുവ തന്ത്രിയും 
മധൂരിലെ സുസ്മേരവദനനായ ഗണപതിയും 
മൈപ്പാടി കൊട്ടാരത്തിൽ ഊരും പേരും ചോദിക്കാതെ  എനിക്ക് ദേവീപ്പൊരുളും മൂലദുർഗദർശനവും  തന്ന രാജപുരോഹിതനും 
തളങ്കരയിലെ മാലിക് ദിനാറിൻ പാദചിഹ്നങ്ങളും ബ്യാരിയും 
നന്മ നിറഞ്ഞ ഏട്ടന്മാരുടെയും ഏച്ചിമാരുടെയും അതിമോഹങ്ങളില്ലാത്ത സ്നേഹവും 
കിഴക്കൻ മലകളിലെ കഠിനാധ്വാനത്തിന്റെ കുടിയേറ്റ കഥകളും 
കോയ-കേയിമാരുടെ കച്ചവടപോരിഷയും  മരുമക്കത്തായ വീടുകളും 
തടിമച്ചുകളാൽ തീർത്ത കോലായികളിൽ ദിക്‌റാകളാലും നാമജപങ്ങളാലും മുഖരിതമാകും ഇരുനിലവീടുകളും 


മലബാർ !
ഒരായുഷ്കാലം  മുഴുവൻ  നിന്നെ  പ്രണയിച്ചാലും 
'ആടെ' 'ഈടെ' 'ഓൻ' 'ഇയ്യ്‌  ''ഇജ്ജ്' എത്ര അനുകരിച്ചാലും 
മൂർഖനേക്കാൾ വിഷമുള്ള കൊല്ലംകാരൻ  
വെറും വരുത്തൻ !
സർവ്വവും ത്യജിച്ചു നിന്നിലലിയാൻ വെമ്പി 
നിന്നെ അഷ്ടദിക്കുകളിലൂടെയും പുണർന്ന
വെറും യാത്രക്കാരൻ 
മലബാർ കാണാൻ വന്ന സഞ്ചാരി 

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ