ഭാഗധേയം (അൽത്താഫ് )


അനന്തപുരയിലെ തുളുവ പൂജാരി ചോദിച്ചു. "എന്താണ് ഇച്ഛ?", "മനസ്സമാധാനം" (റാഹത്ത് എന്ന് ഞാൻ  വിളിക്കുന്ന എന്തോ ഒന്ന്). "തേടുക, (അലഞ്ഞു) തേടുക, സ്വാമി അനുഗ്രഹിക്കട്ടെ" എന്ന് ഉരുവിട്ട്  തലയിലേക്ക് തീർത്ഥം തളിച്ചു. അനന്തപുര ക്ഷേത്രത്തിന്റെ  മുന്നിലെ സ്ഥലം മുസ്ലിം ലീഗ് MLA സ്ഥാപിച്ച  ഫ്‌ളഡ്‌ലൈറ്റ് വിളക്കിന്റെ കീഴിൽ  സഹോദരസമാനനായ എന്റെ പ്രിയ  ശകടത്തിനോട് ചോദിച്ചു, "ഇനി എങ്ങോട്ടു". തുളുനാട്ടിലൂടെ അവൻ ഉരുണ്ടുരുണ്ടു എത്തിയത് മൈപാടി കൊട്ടാരത്തിന്റെ മുന്നിൽ. അവിടെയും അലഞ്ഞുതിരിഞ്ഞു ഒരു വാതിൽക്കൽ പോയി മുട്ടി. വാതിൽ  തുറന്ന ബ്രഹ്മക്ഷത്രിയ പൂജാരി എന്നെ ഒന്ന് നോക്കി. തുളുകലർന്ന മലയാളത്തിൽ ചോദിച്ചു, :"എവിടുന്നാ? ".  "ഞാൻ കോഴിക്കോട്ടുന്നു വരുന്നു". പിന്നെ ഒന്നും ചോദിക്കാതെ അവിടുത്തെ   മൂലദുർഗയുടെയും പ്രതിഷ്ഠയില്ലാത്ത മറ്റു രണ്ടു ശക്തികളുടെയും വർണനയോടൊപ്പം തുളുനാട് ഭരിച്ച കന്നഡ കദംബ വംശത്തിന്റെ കഥകൾ പറഞ്ഞു തന്നു എന്നെ യാത്രയാക്കിയപ്പോൾ ഇങ്ങനെ പറഞ്ഞു, "താങ്കളുടെ മുന്നിൽ എനിക്ക് വാതിൽ കൊട്ടിയടക്കാൻ  സാധിച്ചില്ല. ഇവിടെ ചുറ്റിനുമുള്ളവർക്കു പോലും ഈ സന്നിധാനത്തിലേക്കു വരാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല, ആ ഭാഗ്യം അവരുടെ ഭാഗധേയത്തിലില്ല"

"ഭാഗ്യം, ഭാഗധേയം?". പരമശിവന്റെ പാമ്പിനെപ്പോലെ പൊക്കിൾക്കൊടിയാൽ ചുറ്റപ്പെട്ട  പ്രീ മച്ചൂർ ആയി പിറന്നു വീണ  എന്നെ തേൻ തൊടിയിപ്പിക്കാനോ ബാങ്ക് കൊടുപ്പിക്കാനോ വിട്ടുകൊടുക്കാതെ നെഞ്ചോടു ചേർത്ത്   എടുത്തുകൊണ്ട് കുട്ടികളുടെ ആശുപത്രിയിലെക്കു ഓടാൻ വാപ്പിച്ചയ്ക്കും  പെരിയമാമിക്കും തോന്നിയതും  എന്റെ വാപ്പി  സ്വന്തം  പൂർവ വിദ്യാർത്ഥിയായ കേന്ദ്രിയ വിദ്യാലയ അധ്യാപകൻ ഹരി സാറിനെ   കായംകുളം സെൻട്രൽ ഹോട്ടലിൽ വെച്ച്  കണ്ടുമുട്ടുന്നതും,  എന്റെ ഉമ്മി ഒരു പത്രത്തിൽ ഐഐടിയിലെ  ആ പുതിയ കോഴ്‌സിനെപ്പറ്റിയുള്ള  വാർത്ത കാണുന്നതും,  ഐഐടി ഡോംസിലെ ബുള്ളറ്റിൻ ബോർഡിൽ ആ പോസ്റ്റർ ഞാൻ കാണുന്നതും, ഓളുടെ ഇമ്മയും എന്റെ ഉമ്മിയും മാട്രിമോണി സൈറ്റിൽ  (പ്രൊഫൈൽ മാച്ച്  ആയി) കണ്ടുമുട്ടുന്നതും ഓൾക്ക്  ബിമൽ സർ വാട്സാപ്പിൽ വെറുതെ അയച്ച റിക്രൂട്ട്മെന്റ് പരസ്യവും, കല്യാണത്തിന്റെ തൊട്ടുമുന്നെ നോട്ടു നിരോധിച്ചതും,  ജക്കസാന്ദ്രയിൽ  ആ രാത്രി പിണങ്ങിയതും, ഊരും പേരും  മുഖവും ഒരു ചുക്കുവുമറിയാത്ത  അപരിചിതന്റെ  ആ ഫോൺ കോളും,ഉഡുപ്പിക്കും മല്പേക്കും  പോകാൻ നിൽകുമ്പോൾ കണ്ട ചുവന്ന വരയും രോഹിണി നാളും, സബ ഖമറിന്റെ ഒരു അപൂർവ്വ പാകിസ്താനി സീരിയലിലെ  അർത്ഥമറിഞ്ഞപ്പോൾ  മനസ്സിലുടക്കിയ ആ പാട്ടും , ഇന്ന് വരെ യാത്രകളിൽ കണ്ട ഓരോ പുതിയ  മനുഷ്യനും സ്ഥലവും..  എല്ലാം എല്ലാം എന്റെ ഭാഗ്യധേയത്തിലെ ഭാഗ്യങ്ങൾ ആണ് എന്ന് തിരിച്ചറിയാൻ പിന്നെയും എത്രയോ അലച്ചിൽ വേണ്ടി വന്നു.   

തേടുന്നതെന്തന്നറിയാത്ത മനുജന്‌  അലയുക തന്നെ  ഭാഗധേയം. അതിലാണ് ഭാഗ്യം. എന്നതല്ലാതെന്ത്  ഭാഗധേയം.?  

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ