പിണർമരത്തണലിൽ (അൽത്താഫ് )
ഇന്നവിടെ ആ പിണറുങ്കായമരമില്ല പുളിമരവുമില്ല . ആ പ്ലാവോ മൂവാണ്ടനോ താമ്പോരിയോ അമ്പഴമോ നാരകമോ ചക്കരക്കൊല്ലിയോ ആഞ്ഞിലിയോ പേരയോ ചാമ്പയോ സിമന്റ് തറയോ എരുത്തിലോ ഉണ്ടോ എന്നെനിക്കറിയില്ല. വെള്ള ചൂരൽക്കസേരയിൽ വാപ്പയുമില്ല. തട്ടൂടിയിൽ ഉമ്മയുമില്ല. ഇതൊരു വെറും ഓർമ്മയെഴുത്താണ് . അതിന്റെ എല്ലാ പരിമിതികളുമുണ്ടാവും.
ഇടവപ്പാതിയിൽ ആടിയുലയുന്ന ഒരു തേക്കുമരമുണ്ട് മൂത്താന്റെ വിള വീട്ടിന്റെ കിഴക്കേത്ത്. അത് വീഴുമോ എന്ന് ഭയന്ന് ഞാൻ ഉമ്മയുടെ മുറിയിലെ ജനാലയിലെ തടികമ്പികൾ പിടിച്ച് കൊണ്ട് നോക്കുമ്പോൾ അരികിൽ ഒരു ആഞ്ഞിലിമരം കാണും. അസ്സുട്ടനും സഹായിയായ ഞാനും വാപ്പയറിയാതെയോ അറിഞ്ഞോ പെറുക്കി കൂട്ടി വിൽക്കാൻ പോയ പറങ്കണ്ടി തരുന്ന കശുവണ്ടിമരവും കാണും. ചക്കയെ വെല്ലും രുചിയുള്ള ആഞ്ഞിലിയുടെ ചക്ക കിട്ടാൻ മലബാറിൽ വന്നിട്ട് ഞാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്
കിഴക്കേത്തെ സിമന്റ് തറയുടെ മേൽ പടർന്നു പന്തലിച്ചു കിടക്കുന്ന താമ്പോരിമാവിന്റെ പഴുക്കാത്ത പച്ചമാങ്ങകൾ മുറിച്ചു മുളകുപൊടിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് കൊണ്ട് കുഴച്ച് ഷെറീനാത്തയോടെയും ഷിയാപ്പച്ചിയുടെയും കൂടെ ഇരുന്നു കിഴക്കേ പടിയിൽ ഞങ്ങൾ ചെറുമക്കൾ ഇരുന്നു കഴിച്ചതായും ഓർക്കുന്നു. ആ സിമന്റ് തറയിൽ ഓടി അടിച്ചു വീണു എത്രയോ തവണ കാൽ പൊട്ടിയതായും. കൊയ്ത്തു കഴിഞ്ഞു നെല്ല് കൊണ്ടിട്ടു മെതിക്കാനും ഉണക്കാനും കെട്ടിയതായിരുന്നു ആ സിമന്റ് തറ. പശുക്കളും കാളകളും ഇല്ലാതായിട്ടും തെക്കേത്തുള്ള എരുത്തലിൽ നിന്ന് എനിക്ക് അന്ന് ചാണകം മണക്കാറുണ്ട്. വീട്ടിലെ വേലക്കാരി പെണ്ണുങ്ങളോട് മാത്രം തോന്നുന്ന ഉമ്മയുടെ സ്നേഹത്തിന്റെയും അന്യരോടുള്ള മമതയുടെയും കിസ്സകൾ കേട്ടിരിക്കുമ്പോൾ കിഴക്കൻ കാറ്റിൽ തടി ജനാലയിലൂടെ വന്നണയുന്ന തൂവാനത്തിനോളം പ്രണയാർദ്രത ഞാൻ ഇപ്പോഴും അനുഭവിച്ചിട്ടില്ല. നല്ല കാറ്റിൽ വന്നു കൊട്ടിയടക്കുന്ന തടിയുടെ ജനാലപ്പാളികളുണ്ടാക്കുന്ന ഒരു നിമിഷത്തെ ഇരുട്ടു തരുന്ന ആ ഒരു സുഖം ഒന്ന് വേറെ തന്നെയായിരുന്നു.
ഉമ്മറത്തെ കരിമ്പൻ തല്ലിയ ചൂരൽക്കസേരയിൽ ഇരിക്കുന്ന വാപ്പയുടെ മലായ/സിംഗപ്പൂർ കഥകൾ കേട്ടിരിക്കുമ്പോൾ പനയന്നാർകാവിലെ സ്കൂൾ കുട്ടികൾ പിണറുങ്കായ മരത്തിന്റെ ചുവട്ടിൽ വന്നിട്ടുണ്ടാകും. നല്ല മഞ്ഞ ഓറഞ്ച് നിറത്തിലുള്ള പഴുത്ത പിണർപ്പഴത്തിന്റെ പുളിപ്പും മധുരവും നിറഞ്ഞ മാംസളമായ ഉള്ളു കഴിച്ച് കൊണ്ട് കുട്ടികൾ പോകുമ്പോൾ അവർ മറ്റു കുട്ടികളോട് അതിന്റെ മേന്മ പറയുമായിരുന്നു. നല്ലൊരു പുളിമരമുണ്ടായിരുന്നു മുറ്റത്ത്. അത് കാരണം വീട്ടിലെ മുറ്റമടിക്കുന്ന പെണ്ണുങ്ങൾക്ക് ഉണ്ടാവുന്ന തലവേദന മാറ്റാൻ ഉമ്മ തന്നെ അതിന്റെ തല വെട്ടിമാറ്റാൻ ഉത്തരവിറക്കി. ഉമ്മയുടെ ഭാഷയിൽ "ആ ബലാ മുസീബത്ത് പുളി നല്ല മുറ്റം പുഴുപ്പിക്കുന്നു" എന്നാണ്.
വാഴകൾക്കിടയിൽ ഒളിച്ചു നില്കുന്ന ഇരുമ്പിപ്പുളി മരത്തിൽ പച്ചയിൽ നിന്നു നിറം മാറി മഞ്ഞയായി പിന്നെ ഓറഞ്ച് നിറത്തിൽ പഴുത്ത് തൂങ്ങി നക്ഷത്രപുളികൾ നില്കുന്നതിനടുത്തു കുടമ്പുളികളും വടക്കൻ പുളിയും ഞങ്ങളും ഇവിടെ ഉണ്ടെന്നു ഹാജർ അറിയിക്കുമായിരുന്നു. തവിടു നിറത്തിലെ തോടിനുള്ളിൽ പഴുത്ത വടക്കൻ പുളിയിൽ പഞ്ചസാര ചേർത്ത് കോരി തിന്നുന്ന നിമിഷം അണ്ടകടാഹത്തിലിത്ര രുചി വേറെ ഉണ്ടോ എന്ന് ഞാൻ കരുതിയിട്ടുണ്ട്.
മൂത്താൻറെവിള അടുക്കളപ്പുറത്ത് ഉമ്മ അട്ടി അട്ടിക്കായി കാലാകാലങ്ങളായി പരുവപ്പെടുത്തി പാകപ്പെടുത്തിയ നല്ല മീൻകറി ചട്ടികൾ ഉൾപ്പടെ ഉള്ള മൺപാത്രങ്ങൾ ഉണക്കാൻ വെച്ചിട്ടുണ്ടാകും. കൊച്ചാപ്പമാരുടെ നീളൻ ടീ-ഷർട്ട് ഇട്ടു നമ്മളുടെ മൂന്നുവയസ്സുകാരൻ കുഞ്ഞുവില്ലൻ ശ്യാമ സുന്ദരൻ
ബീവിയപ്പച്ചിയുടെ തൗകുട്ടൻ അപ്പോൾ പാത്തും പതുങ്ങിയും ഓരോ ചട്ടിയെടുത്ത് വടക്കേ വീടിൻറെ അടുക്കളപ്പുറത്തുള്ള നീളം വെക്കാത്ത ചരിഞ്ഞു വല്യ ശാഖകളുള്ള പേരയുടെ കീഴെ കൊണ്ട് പോയി സ്വരുക്കൂട്ടി വെച്ചിട്ടുണ്ടാവും. തന്റെ കുസൃതികളുടെ എല്ലാം പ്രഥമ ശത്രുവായ ഉമ്മയോടുള്ള അരിശം പേരയുടെ താഴെ ആ മൺപാത്രങ്ങൾ ഗണപതിക്കുള്ള തേങ്ങയെ പ്പോലെ തല്ലിപൊട്ടിച്ച് ഒന്നുമറിയാത്തപോലെ മൂത്തന്റെ വിളയിലേക്കു അവൻ തിരിച്ചുപോകും. പഴുത്താൽ വെള്ളപേര കിട്ടുന്ന ആ ഉയരം വെക്കാത്ത പേരയുടെ കൊമ്പുകളിൽ നിന്ന് ഞാനും അഖിലയും അസ്സൂട്ടനുമൊക്കെ സ്റ്റേജ് ഷോസും പ്രസംഗങ്ങളും നടത്തുമായിരുന്നു. ഏറ്റവും കൂടുതൽ മണ്ണപ്പം ചുട്ടതും വാപ്പയും ഉമ്മയും കുട്ടികളും കളിച്ചതും മരച്ചീനിയില കൊണ്ട് മാലയുണ്ടാക്കിയതും പച്ചില പാമ്പു കളിച്ചതും പൊട്ടനും ചട്ടിയും സെറ്റും കളിച്ചതും എല്ലാം കൂടുതൽ ആ പേരത്തണലില്ലായിരുന്നു. മൂത്താന്റെവിള മുറ്റത്തെ ചുവന്നപൂക്കളുള്ള തെറ്റിയുടെ അടുത്തുള്ള കവുങ്ങിൽ ഒരാണി അടച്ചിട്ടുണ്ടാവും. അതിൽ കൊളുത്തിയ കണ്ണാടിയിൽ ശ്രദ്ധിച്ചു നോക്കി വാപ്പ തന്റെ സുന്ദരൻ താടി വെട്ടിമിനുക്കാറുണ്ടായിരുന്നു.
എന്നെപ്പോലെ ചെറിയ പ്രായത്തിൽ തന്നെ പ്രമേഹരോഗിയായ വാപ്പ ഇടയ്ക്കിടയ്ക്ക് പറിച്ച് നുണയുന്ന ചക്കരക്കൊല്ലി ഇലകൾ പടർന്നു കയറുന്ന ഒരു പേരയുണ്ട് പിണറുങ്കായ മരത്തിന്റെ അടുത്ത്. അതിന്റെ പേരക്ക പഴുത്താൽ നല്ല ചുവക്കുമായിരുന്നു. അതിന്റെ താഴെ ഒരു കാട്ടുനാരകമുണ്ടായിരുന്നു. വീട്ടിൽ ഇടയ്ക്കിടയ്ക്ക് വരുന്ന ഒസ്സാൻ കാക്കയോടും ഒസ്സാത്തികളോടും കടയിൽ ഒഴിവാക്കാൻ വെച്ച തലമുടിയുടെ ചാക്കുകൾ കൊണ്ടുവരാൻ ഉമ്മ പറയുമായിരുന്നു. മുടിയവിശിഷ്ടങ്ങൾ വളമായിട്ടാൽ നല്ല കായ്ക്കുന്ന നാട്ടുനാരകമാക്കി അതിനെ മാറ്റാമെന്ന് ഉമ്മാന്റെ കൃഷി ശാസ്ത്രം
പിണറിന്റെ മുന്നിൽ ഒത്തനടുക്ക് ഒരു പനയുണ്ടായിരുന്നു. നല്ല മുള്ളുള്ള പനയോലകൾ വലിച്ചിട്ടു ആ പനയോലത്തണ്ടു വെട്ടി ശരിയാക്കി എടുക്കുന്ന ഒരുതരം തുടുപ്പുകൾ വീട്ടിൽ പത്തിരി മാവ് കുഴക്കാനും മറ്റും ഉപയോഗിക്കാറുണ്ടായിരുന്നു. ആ തുടുപ്പുകളുടെ തല്ലും തലോടലും ആവോളം കിട്ടി വളർന്നവരാണ് ഞാനും അസ്സൂട്ടനും. പിണറിന്റെയും മുറ്റത്തിന്റെയും തെക്കുഭാഗത്ത് നല്ല കായ്‌ഫലമുള്ള ഒരു പ്ലാവുണ്ട്. അതിന്റെ പ്ലാവിലകൾ കുമ്പിൾ കുത്തിയ ഇലക്കരണ്ടികൾ കൊണ്ട് നല്ല തേങ്ങാപ്പാൽ ചേർത്ത പൊടിയരിക്കഞ്ഞി ഉമ്മ ഞങ്ങൾക്ക് കോരിത്തരുമ്പോൾ അമ്പഴത്തിന്റെയോ കിളിച്ചുണ്ടൻ പച്ചമാങ്ങയുടെയോ വീട്ടിലിട്ട അച്ചാറിന്റെ ഒരു സ്വല്പം ചാർ ഉമ്മ ഞങ്ങളുടെ നാക്കിൽ തൊടീക്കും. അപ്പോൾ കണ്ണടച്ച് തുറക്കുമ്പോഴത്തേക്കു ഉമ്മയുടെ കഥകളിലെ മലക്കുകളും മുർസലീങ്ങളും ഔലിയാക്കളും ഇബ്ലീസുൾപ്പെടുന്ന ജിന്നുകളും ഞങ്ങളുടെ ചുറ്റിനും കഥാപാത്രങ്ങളായി നിറയും
കന്നുകാലികൾക്കായുള്ള എരുത്തിലിന്റെ സമീപമുള്ള സാമിയുടെ മുറി എനിക്കെപ്പോഴും ഒരു അപസർപ്പകകഥ പോലെ ആയിരുന്നു. തെക്കൻ തമിഴ്‌നാട്ടിൽ നിന്നു വാപ്പയുടെ അടുത്ത് പണിക്കായി വന്ന ആരോഗ്യസാമി എന്ന സാമി പിന്നെ മൂത്താന്റെ വിളയിലെ ആൺപിള്ളേരുടെ ഇഷ്ട തോഴനും വാപ്പയ്ക്ക് ഒരു കാര്യസ്ഥനും പോലെ ആയിരുന്നു. വാപ്പയുടെ മുണ്ടകൻ വയലുകളിലും അയ്യങ്ങളിലും കണ്ടങ്ങളിലും എല്ലുമുറിയെ പണിയെടുത്ത സാമി എല്ലാവര്ക്കും പ്രിയങ്കരനായിരുന്നു. പക്ഷെ ഏതോ ഒരുദിവസം സാമി നാട്ടിലേക്ക് ആദ്യമായി പോകാൻ ഒരുങ്ങിയപ്പോൾ മൂത്താൻറെ വിളക്കാർ അറിഞ്ഞിരുന്നില്ല തങ്ങളുടെ സാമി തിരിച്ചു വരില്ല എന്ന്. തൊട്ടി ഏറായത്തിൽ നിന്നു നോക്കുമ്പോൾ ഒരു സ്ഥിരം കാഴ്ചയുണ്ടായിരുന്നു. വിറകുപുരയുടെ അടുത്തുള്ള അടുപ്പിന്റെ അടുത്തിരിക്കുന്ന ഉമ്മ. കിഴക്കേത്തെ വിറകുപുരയിൽ നിറയുന്ന ഓലയും മടലും ഉൾപ്പെടുന്ന പൊത്താനിൽ നിന്ന് കത്തിച്ചുണ്ടാക്കുന്ന ചോറിനും കറികൾക്കും വിറകുതീയുടെ ചുവയുള്ള തിളപ്പിച്ചാറിയ വെള്ളത്തിനുമുള്ള രുചി ഒരു പാരഗണിലും റഹ്മത്തിലും ഏതു അസാധ്യ ഹോട്ടലിലും കിട്ടില്ല.
കിണറ്റിങ്കരയിലെ ചാമ്പമര ചുവട്ടിലെ കുളിമുറിയിൽ വാപ്പയ്ക്ക് കുളിക്കാനുള്ള ചൂടുവെള്ളം തിളപ്പിക്കാനുള്ള അടുപ്പു കല്ലുകളുള്ള വാപ്പയുടെ പഴയ കുളിമുറിയും അതിന്റെ ഭിത്തിക്കപ്പുറം മറ്റുള്ളവർക്കായുള്ള കുളിമുറിയും. മുകളിൽ ഓടിട്ട ആ കുളിമുറികളിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വെള്ളം കോരിയൊഴിച്ച ഒരു ബാല്യം. വീട്ടിൽ ഉമ്മയുടെ സഹായി നഫീസത്ത കുളിക്കുമ്പോൾ മുളക് കലക്കിയ വെള്ളം അവരുടെ പുറത്തു എറിഞ്ഞൊഴിച്ച ബാല്യം. മുഴുവൻകാളകളായി കിണറ്റിൻ കരയിൽ കിടന്നോടിയ ബാല്യം. ഇപ്പോഴും എവിടെങ്കിലും കപ്പിയും കയറുമുള്ള കിണറുകൾ കണ്ടാൽ അതിൽ നിന്ന് വെള്ളം കോരി ആവോളം തലയിലൂടെ ഒഴിക്കണം എന്ന ആഗ്രഹം കൊണ്ട് നടക്കുന്ന ഒരുത്തനു വീട്ടിനകത്ത് കുളിക്കുക ഒരു ശിക്ഷ തന്നെ.
ഇപ്പോഴും കായ്ക്കുന്ന ബ്ലാത്തി മരത്തിന്റെയും പിണർ പുളി മരങ്ങൾക്കും കൂഴയും വരിക്കയും പ്ലാവുകൾക്കും താമ്പൊരി കിളിച്ചുണ്ടൻ മാവുകൾക്കുമിടയിൽ ഒരിക്കലും കായ്ക്കാത്ത ഒരു മൂവാണ്ടൻ മാവുണ്ടായിരുന്നു. ഉമ്മ പറയുന്നത് അതിനു കണ്ണ് വീണിട്ടുണ്ടായിരുന്നു എന്നാണ്. അച്ചാറിടാൻ മാത്രമുപകാരമുള്ള അമ്പഴങ്ങാ തരുന്ന അമ്പഴം പോലും തെറ്റാതെ കായ്ക്കുമായിരുന്നു. മൂത്താന്റെ വിള വീട്ടിലോട്ടു സ്വാഗതം ചെയ്യവണ്ണം മുന്നിൽ നിൽക്കുന്ന വാകമരത്തിന്റെ ചുവട്ടിൽ മാസങ്ങളോളം അതിന്റെ വിത്തുകളടങ്ങിയ നീളൻ തകിടുകളോടൊപ്പം പെയ്തുതീർന്നു വീഴുന്ന ചുവന്ന വാകപുഷ്പങ്ങളുണ്ടാക്കിയ ചുവന്ന പരവതാനിയിലൂടെ നടന്നു വേണം ചൂരൽ കസേരയിൽ വാപ്പ ഇരിക്കുന്ന കോലായിലേക്ക് വരാൻ. അന്നത്തെ ഞങ്ങളെ പോലത്തെ കുട്ടികൾ രത്നങ്ങളെ പോലെ സൂക്ഷിച്ചു വെക്കാൻ കൊതിക്കുന്ന മഞ്ചാടിയുടെ മരം അയ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്തുണ്ടായിരുന്നു. അതിന്റെ കീഴിൽ ധാരാളമുണ്ടാവുന്ന നറുനീണ്ടിയുടെ കിഴങ്ങു തിളപ്പിച്ച് എത്ര നോക്കിയിട്ടും കടയിൽ കിട്ടുന്നപോലത്തെ നന്നാറി സര്ബത് ഉണ്ടാവാറില്ലായിരുന്നു
മൂത്താന്റെ വിള അയ്യത്തിന്റെ തെക്കേ അതിരിടുന്ന കല്ലട ജലസേചന പ്രോജക്ടിന്റെ കനാലിൽ വെള്ളം ഒഴുകി കണ്ടതായി എനിക്ക് വല്യ ഓർമയില്ല. പക്ഷെ അങ്ങനെ പറഞ്ഞുകൊണ്ട് ഉമ്മയോട് ചോദിച്ചാൽ പറയും, "നീ ജനിച്ച വര്ഷം (എൺപത്തേഴു) ഉണക്കു കാരണവും അതീവ വരൾച്ചയും ചൂടും കാരണവും അയ്യത്തെ കുറെ മരങ്ങൾ ഉണങ്ങി വീണിരുന്നു" എന്ന്. അത് കേട്ടപ്പോൾ കണ്ടകശനി ജന്മക്കാരനായ ഈയുള്ളവൻ പിന്നെ ഈ കനാല് എന്തിനാ എന്ന് ചോദിച്ചില്ല. ആ കനാലിനരികിൽ ഒരു പരുത്തിപഞ്ഞി മരവും കുറെ ആവണക്കും നിറയെ പാമ്പിൻ പൊത്തുകളും ഉണ്ടായിരുന്നു. കിഴക്കൻ അരികിൽ ഉയർന്നു നിൽക്കുന്ന മലബാറിലധികം കണ്ടുവരാത്ത ആഞ്ഞിലികൾ തരുന്ന ആഞ്ഞിലിച്ചക്ക ഇന്നും കൊതിക്കാറുണ്ട്. പറമ്പിൽ വളർത്തിയ ഗ്രാമ്പു , സർവ്വസുഗന്ധി, മൾബറി, പലതരം വാഴകൾക്കിടയിൽ ഇല്ലാത്തതെന്താണ് എന്ന് ഇന്നും ഓർത്തെടുക്കാൻ പറ്റില്ല. ഇടയ്ക്കിടയ്ക്ക് അയ്യത്ത് വാപ്പ മരച്ചീനി/കാപ്പ/പൂള കൃഷി ഇടാറുണ്ടായിരുന്നു. അതായിരുന്നു എന്റെ ഓർമയിലെ അവസാനത്തെ കൃഷി. അഞ്ചു വീടുകളുള്ള മൂത്താന്റെ വിള അയ്യത്ത് എപ്പോഴും വീട് പണി നടക്കുന്നതിനാൽ ഒരു കിണർതൊടിയും അതിനുള്ളിൽ വെള്ളവും കാണും. വാപ്പയുടെ മരച്ചീനി കൃഷിക്ക് തുരങ്കം വെക്കുന്ന കര്ഷകശത്രു എലികളെ വാപ്പ എലിപ്പെട്ടി വെച്ച് പിടിച്ച് ആ തൊടിയിലെ വെള്ളത്തിൽ മരണശിക്ഷ കൊടുക്കുമ്പോൾ ഞാനുമുണ്ടായിരുന്നു. ഒരു പാവം കർഷകനല്ലേ എന്റെ വാപ്പ, പൊറുത്താള!
എല്ലാ മാസത്തിലെയും വിശേഷദിവസമായ തേങ്ങാ ഇടീൽ മഹാമഹാം അടുത്തെത്തിയാൽ പിന്നെ സിമന്റ് തറയിലും അടുത്തും എല്ലാ പറമ്പുകളിലെയും തേങ്ങ കൊണ്ട് നിറയും. വാപ്പ പത്രമെടുത്തൽ ആദ്യം നോക്കുന്നത് കൊല്ലത്തെയും ആലപ്പുഴയിലെയും വെളിച്ചെണ്ണ വിപണി നിലവാരമായിരുന്നു. അന്ന് വരുന്ന തേങ്ങാ വ്യാപാരിയും തെങ്ങിൽ കയറുന്ന മൂപ്പരും സഹായികളും ചേർന്ന് നടത്തുന്ന തേങ്ങാ പൊതിക്കലുമുണ്ടാവും. അവിടെ തന്നെ ചെറുമക്കൾക്കായിട്ടുള്ള കരിക്കുകൾ കൂട്ടിയിട്ടുണ്ടാവും. എന്നാലും വാപ്പയുടെ മടിയിൽ പോയി സ്നേഹത്തോടെ പ്രത്യേകമായി പൊതിച്ച കുറെ എണ്ണതേങ്ങകൾ ചോദിച്ചു വാങ്ങിയില്ലേൽ എന്തോ പോലെയാണ് ആ പൊതിച്ച തേങ്ങയുടെ മൂന്ന് കണ്ണുകളിൽ ഒന്നിൽ സുഷിരമുണ്ടാക്കി ദ്വാരമിട്ടു ഊറികുടിച്ച മധുര തേങ്ങാ വെള്ളത്തിന്റെ രുചി ഒരു ടെൻഡർ കോക്കനട്ടു പുഡ്ഡിങ്ങും തരില്ല. അതിൽ എന്റെ അല്പം പിശുക്ക് ഉള്ള വാപ്പയുടെ അളവറ്റ സ്നേഹമുണ്ട്.
കുറച്ച് നാൾ മുന്നേ ഒരു തുലാവർഷ രാത്രി നൗഷാദ് മാമായുടെ വീട്ടിൽ നിന്ന് അവരുടെ സ്‌കൂട്ടറിൽ ഒറ്റയ്ക്ക് കന്നേറ്റി പള്ളി കടന്നു മൂത്താന്റെ വിള പുരയിടത്തിലേക്കു വന്നുകൊണ്ടിരിക്കുമ്പോൾ ഒരു തണുത്ത ഇളംകാറ്റ് ഒഴുകുന്നുണ്ടായിരുന്നു. ആ ഇളം കാറ്റിൽ അഭൂതപൂർവമായ ഒരു ഓജസ്സും ചൈതന്യവും എനിക്ക് അനുഭവഭേദ്യം ആയി. പിണറില്ലാത്ത ആ പിണർമരത്തണലിൽ ഇവരുടെയെല്ലാം സ്നേഹ ആലിംഗനങ്ങൾ എന്നെ തേടി വരുന്നുണ്ടായിരുന്നു.
സ്വർഗം എവിടെ എന്ന് ചോദിച്ചാൽ ഞാൻ പറയും.. ആ പിണർമരത്തണലിൽ

Comments
Post a Comment