പ്രണയസംഗമം (അൽത്താഫ് )
നദിയേ, നീ എത്ര ഒളിഞ്ഞുമറഞ്ഞൊഴുകിയാലും നിന്റെ ആത്യന്തികലക്ഷ്യം ഞാനായിരിക്കും
കടലേ, ഞാൻ ഒഴുകും,
കാടിനേയും മേടിനെയും പുൽകും,
മലകളിലും പാറകളിലും തലതല്ലിച്ചാവും
മണൽത്തിട്ടകളിൽ പിരിഞ്ഞൊഴുകും
മരുഭൂമിയിൽ സ്വയം ഇല്ലാതായാലും
നിന്നിലെത്താതെയിരിക്കാൻ ശ്രമിക്കും
നദിയേ, ഞാൻ നിന്റെ ശാശ്വതപ്രണയമാണ്
എന്തിനു നീ കണ്ട കാട്ടിലും മേട്ടിലും പാറയിലും മലയിലും
മണൽത്തിട്ടകളിലും മരുഭൂമിയിൽ വരെയും പ്രണയം തേടുന്നു?
കടലേ, ഞാൻ നീയല്ലാതെ സർവ്വതിനേയും പ്രണയിക്കും പരാജയപ്പെടും
നീ ആരെന്നു അറിയാഞ്ഞിട്ടു പോലും ഒരായുഷ്കാലം നിനക്കായി നോയമ്പെടുത്ത് ലോകരുമായി പോരടിച്ചിട്ടു നിന്നെ വരിച്ചപ്പോൾ
എന്നോ ഒരിക്കൽ ഞാൻ വഴിമാറിയൊഴുകിയെന്നു നീ സ്വയം നിരീച്ചപ്പോൾ
നീ എന്റെ പ്രണയത്തെ ചോദ്യം ചെയ്തപ്പോൾ
ഞാനും ഇല്ലാതായി എന്നിലെ നീയും ഇല്ലാതായി
കടലേ, ഞാനെത്ര കുത്തിയൊഴുകിയാലും
ഒരിക്കൽ നിന്നെ തേടിയെത്തുമ്പോൾ അലയില്ലാ കായലാവും അപ്പോൾ വേണമെങ്കിൽ നിനക്കെന്റെ ഭൂതകാല പ്രളയങ്ങളെയും തെറ്റുകുറ്റങ്ങളെയും എണ്ണിപ്പറയാം
അല്ലെങ്കിൽ നിനക്ക് എന്റെ കരകളിൽനിന്നൊഴുകിയെത്തിയ നന്മകളെയും തിരിച്ചറിവുകളെയും എന്നോടൊപ്പം സ്വീകരിക്കാം
നമ്മുടെ പ്രണയസംഗമത്തിൽ

Comments
Post a Comment