വിളക്കുമാടം-അല്‍ത്താഫ്
“മാഷേ, ഇങ്ങള്‍ വരണേ, എന്റെ പേങ്ങളൂട്ടീന്റെ മംഗലത്തിന്”. നല്ല കുച്ചിരിപല്ലുകള്‍ വിരിച്ചുകാട്ടി ചിരിക്കുന്ന ആ നീളം കുറഞ്ഞ ഇരുപത്തൊന്നുകാരനെ, പ്രകാശം പരത്തുന്ന ചെറുപ്പക്കാരനെ കാണാന്‍ നല്ല ചേലായിരുന്നു. ഒരു വിളക്കുമാടം പോലെ അവന്റെ നിഷ്കളങ്കമായ ചിരി ചുറ്റുപാടും പ്രകാശം പരത്തികൊണ്ടിരുന്നു.
“മാഷെ, അല്പം
ധൃതിയുണ്ട് ട്ടോ, വീട്ടില്‍ ഒന്‍പതിന് മുന്നേ കയറിയില്ലെങ്കില്‍, അമ്മ സീനാക്കും” “ഇങ്ങള്‍
നിരീക്കണ പോലെ എന്റമ്മ കണിശക്കാരിയൊന്നുമല്ല കേട്ടോ, ഓര്ക്കു പേടിയാണ് ഞാന്‍ അച്ഛനെ
പോലെ വല്ലോം ആയിപ്പോയാലോ. സത്യം പറയാല്ലോ എന്റെ അമ്മ സ്മെല്‍ ടെസ്റ്റ്
ഒക്കെ നടത്താറുണ്ട്”. അച്ഛമ്മയും കുടുംബക്കാരും ഒത്തിരി ലാളിച്ചു
വഷളാക്കിയ അവന്റെ അച്ഛന്‍ അവന്റെ അമ്മയെ വല്ലാത്ത ഒരു ദുരിതപര്‍വത്തിലോട്ടാണ്
വലതുകാല്‍ മുന്തിച്ചു കൊണ്ടുപോയതു. കല്യാണം കഴിഞ്ഞ ഉടന്‍ തന്നെ അമ്മ അവനെ പ്രസവിച്ചു.
ഓരോരോ വയസ്സിനുള്ളില്‍ അവന്റെ രണ്ടു പെങ്ങന്മാര്‍ ഉണ്ടായി. അടുപ്പിച്ചുള്ള മൂന്ന്
പ്രസവങ്ങള്‍ അമ്മയെ തളര്ത്തികഴിഞ്ഞിരുന്നു. അതിനിടെ അച്ചന്‍ അവര്‍ താമസിച്ചിരുന്ന അത്യാവശ്യം
നല്ല അടച്ചുറപ്പ് ഉള്ള തറവാട് വീട് പൊളിച്ചിട്ട് ഒരു ഓലമേഞ്ഞ ഷെഡ്ഡിലേക്ക് അവരെ താമസം മാറ്റി. അവനു
മൂന്ന് വയസ്സും ഇളയത്തുങ്ങള്‍ക്കും രണ്ടും ഒന്നും വയസ്സുള്ളപ്പോള്‍ അവന്റെ അച്ചന്‍
കടുത്ത കുടി കാരണം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. മൂന്ന് മാസം വീട്ടിന്റെ അകത്തിരിക്കേണ്ട കാലയളവ് കഴിഞ്ഞ ഉടന്‍ അമ്മ പ്രസവിച്ച സ്ത്രീകള്‍ക്ക്
വയത് ഇടുന്ന പോലത്തെ വീട്ടു ജോലിക്ക് പോയി തുടങ്ങിയപ്പോള്‍ അച്ഛമ്മയും ആ അഞ്ചു
വയറുകള്‍ നിറക്കാനുള്ള തത്രപ്പാടില്‍ പണിക്കിറങ്ങി. ആ ഓലമേഞ്ഞവീട്ടില്‍ അപ്പോള്‍
വെറും മൂന്നര വയസ്സുള്ള അവന്‍ അനിയത്തിമാര്‍ക്കു അച്ചനും അമ്മയുമായി.അവന്‍ ഇളയപെങ്ങന്മാരെ
എടുത്തുകൊണ്ടു നടക്കുകയും അവര്‍ക്ക് കാവല്‍ നില്‍ക്കുകയും ചെയ്തു.
പഠിക്കുന്നതിനിടയില്‍ നന്നേ ചെറുപ്പം മുതല്‍ തന്നെ അവന്‍ കല്‍പ്പണിക്കും വീടുപണിക്കും പടവിനും പോയിത്തുടങ്ങി. അങ്ങനെ അവന്‍ അവന്റെ അമ്മക്ക് ഒരു കൈതാങ്ങായി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവന്റെ ആദ്യത്തെ പെങ്ങള്‍ പ്ലസ് ടു പഠിത്തം പോലും തീര്‍ക്കാതെ കാമുകനുമായി ഒളിച്ചോടാന്‍ തീരുമാനിച്ചപ്പോള്‍ അവന്‍ വേദന മറക്കാന്‍ കുടിച്ചു മരിക്കാന്‍ തീരുമാനിച്ചു. പക്ഷെ അവള്‍ അമ്പലത്തില്‍ വെച്ചു കല്യാണം കഴിച്ചു എന്നുകൂടി അറിഞ്ഞപ്പോള്‍ അവന്റെ ബാക്കിയുണ്ടായിരുന്ന ബോധം കൂടി പോയി, എന്നാലും അവന്‍ ഒളിഞ്ഞും പാത്തും പെങ്ങളുടെ വിശേഷങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ചു ജോലി ഒന്നുമില്ലായിരുന്ന അളിയനെ ഗള്‍ഫില്‍ നല്ലോരവസരത്തിനായി അയച്ചു. അളിയന്‍ ഇല്ലാത്ത അവസരം നോക്കി പെങ്ങളെ ദേഹോപദ്രവംചെയ്യാന്‍ നോക്കിയ അമ്മായിഅപ്പനെ മുഖത്തൊന്നു കൊടുത്തു കൊണ്ട് പെങ്ങളെ അവന്‍ വീട്ടിലേക്കു തിരിച്ചു കൊണ്ടുവന്നു. രണ്ടാമത്തെ പെങ്ങളെ ഒരു നെറ്റ്‌വര്‍ക്ക് എന്ജിനിയരെ കൊണ്ട് കല്യാണം ഉറപ്പിച്ചു നീണ്ടരണ്ടു വര്ഷം രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കാന്‍ സമയം കൊടുത്തതിനു ശേഷം ഈ വരുന്ന മെയ് ഒന്നിന് അവരുടെ കല്യാണം തീരുമാനിച്ചു. ആ വേളയില്‍ എന്നെ അവന്‍ കാണുമ്പോള്‍ മനസ്സ് നിറഞ്ഞു ചിരിച്ചുകൊണ്ട് ആ ആങ്ങളവിളക്കുമാടം അവര്ത്തിച്ചു- “മാഷേ, ഇങ്ങള്‍ വരണേ, എന്റെ പേങ്ങളൂട്ടീന്റെ മംഗലത്തിന്”
Comments
Post a Comment