രസ-തൈരുവടകൾ
പടിഞ്ഞാറേ കോട്ടയിലെ വെങ്കടേഷ് ഭവനിലെ ബോർഡിൽ അടയ്- -അവിയലിനു താഴെ തൈര് വടയും റവ കേസരിയും കണ്ടിറങ്ങിയ അവൻ അടുത്തുള്ള ഒരു ചെറിയ കടയിലെ രസവട കഴിക്കാനായി പോകാൻ തിടുക്കമായിരുന്നു. അവന്റെ പരേതനായ മുത്തശ്ശന്റെ തിമിരം നിറഞ്ഞിട്ടും തീക്ഷണവും തിളക്കവുമുള്ള വെള്ളാരം കണ്ണ് പോലെയുള്ള കണ്ണുകളുള്ളതും അദ്ദേഹത്തിന്റെ പോലെ ഗൗരവം നിറഞ്ഞ മുഖത്തോട് അതീവ സാമ്യവും ഉള്ള തീരെ സംസാരിക്കാത്ത പൂണൂലിട്ട ഒരു "താത്താ" നടത്തുന്ന ചെറിയ ഒരു ഇഡലി ദോശ കട. രുചിയിൽ പ്രത്യേകിച്ച് ഒരു അസാധാരണത്വം ഒന്നുമില്ലാത്തതുമായ ആ രസവടയോ ഇഡ്ഡലി-സാമ്പാറോ ഓർഡർ ചെയ്യുമ്പോൾ അവൻ എന്തോ ആ വൃദ്ധ തമിഴ് ബ്രാഹ്മണന്റെ മുഖത്ത് നോക്കാൻ മടിച്ചു. ചിരഞ്ജിവി സൗഭാഗ്യവതിയാം ആശംസിക്കപ്പെടുന്ന ദമ്പതികളുടെ പേര് എഴുതപ്പെട്ട കല്യാണങ്ങളിൽ കൊടുക്കപ്പെടുന്ന ഒരുതരം തുണിസഞ്ചി കയ്യിൽ തൂക്കി ഒരു ഷർട്ട് വലിച്ചു കയറ്റി അവിടെ നിന്ന് ഇറങ്ങുന്ന ആ താത്താവിനെ ഓരോ പ്രാവശ്യം അവൻ ഒരു ഭയഭക്തിയോടെ നോക്കി. പദ്മനാഭദർശനത്തിനുള്ള കസവുമുണ്ടുകളും പൂജാസാമഗ്രികളും വിൽക്കുന്ന കടകൾ നിറഞ്ഞ ആ കോട്ടയ്ക്കകം തെരുവിലെ വെള്ളം നിറച്ച കലങ്ങളും മാവുകലങ്ങളും കൊണ്ട് നിറഞ്ഞ ആ അഗ്രഹാരം വീടുപോലത്തെ അകത്തിലോട്ടു തുറന്ന വാതിലുള്ള അനന്തശയനത്തിലെ പദ്മനാഭന്റെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞ ആ കടയിൽ ചായ സമോവറിനു മുന്നിൽ തെരുവിനെ നിസ്സംഗതയോടെ നോക്കുന്ന ആ തീക്ഷണമായ തിമിരമുള്ള കണ്ണുകളെ നോക്കി മധുരമില്ലാത്ത ചായയോ ഇഡ്ഡലിയോ ദോശയോ രസവടയോ വേണം എന്ന് പോലും പറയാൻ അവൻ സ്വരം പൊങ്ങാറില്ലായിരുന്നു.ആ കണ്ണുകൾക്ക് അത്രയ്ക്ക് തീക്ഷണതയായിരുന്നു. എന്നിട്ടും ഓരോ പ്രാതലിനും സന്ധ്യക്കും ഓരോ ഭക്ഷണനേരവും മുടങ്ങാതെ അവിടെ തന്നെ അവൻ പോയിക്കൊണ്ടിരുന്നു . ആ താത്താ അവനെ നോക്കുന്ന ആ തീക്ഷണമായ നോട്ടത്തിനു വേണ്ടി പോകുന്നത് പോലെ. അങ്ങനെ ആ താത്ത വരുന്നത് വരെ ആ കടയിൽ കയറാൻ അവൻ കാത്തിരുന്നത് അതിനടുത്തുള്ള വെങ്കടേഷ് ഭവനിലായിരുന്നു. അവിടുത്തെ തൈര് വട കഴിച്ചു താത്താവുടെ കടയിലേക്ക് പോകാനുള്ള തിടുക്കത്തിൽ കഴുകാതെ ഇറങ്ങിയ അവന്റെ ഒത്തിരിവളർന്ന മീശയിൽ പറ്റിപ്പിടിച്ച തൈര് വട കണ്ടു അടുത്തുള്ള കോവിലിൽ തൊഴുതിറങ്ങിയ ഒരമ്മ പറഞ്ഞു, "(മ)ക്കളേ, മോന്റെ മീശയിൽ എന്തരോ പറ്റിപ്പിടിച്ചിരിക്കുന്നു". മധ്യവയസ്കന്റെ അശ്രദ്ധയിൽ ഇളിഭ്യനായ അവൻ തലകുനിച്ചു ഒരു നന്ദി പോലും പറയാതെ കണ്ണുകൊടുക്കാതെ മുന്നോട്ടു പോയപ്പോൾ ആയമ്മ പറഞ്ഞു, "മോന്റെ അതേ പ്രായമുള്ള ഒരു മകനെനിക്കുമുണ്ട്. അതുകൊണ്ടു ഒന്നും തോന്നല്ലേ മോനെ". പൊടുന്നനെ പെയ്ത മഴയിൽ തന്റെ ബാഗ് തുറന്നപ്പോൾ അവൻ കണ്ട അവനറിയാതെ അവന്റമ്മ വെച്ച കുടപോൽ നെഞ്ചിലമർന്ന കരുതലറിഞ്ഞു കരഞ്ഞ അവന്റെ കണ്ണുകൾ രസവട തേടി അയലത്തെ ചായസമോവറിലേക്കു ഒളിക്കണ്ണെറിഞ്ഞു. അവന്റെ കലശലായ വയർപുണ്ണും വായ്-പുണ്ണും താങ്ങാത്ത എരിവേറിയ സാമ്പാറിനും ചട്ണിക്കും രസവടയ്ക്കുമായി.
Comments
Post a Comment