ആകാശം (അൽത്താഫ് )
കിഴക്കൻ കോഴിക്കോടൻ കാറ്റിൽ ഒന്നറിയാതെ കണ്ണടച്ചപ്പോൾ ഉമ്മാന്റെ (വലിയുമ്മ) റൂഹ് വന്നു . "എടാ ചേക്കോറെ , അല്ലേലും നിനക്ക് നിന്റെ വാപ്പയെ മതി. നിന്നെ പോറ്റി വളർത്തിയ എന്നെ എന്തിനാ? " . ഉമ്മ സത്യം പറഞ്ഞതായിരുന്നു. വെറുക്കപ്പെട്ട 'മായാ-നഗരത്തിൽ ' നിന്ന് മൂത്തന്റെവിള-യിലേക്കു ഓടിയണയുമ്പോൾ കൊലായിലിരിക്കുന്ന വാപ്പായെ മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. നല്ല അത്തർ മണമുള്ള വാപ്പായെ ഞാൻ കെട്ടിപ്പുണർന്നു തുരുതുരാ ഉമ്മ വെക്കുമ്പോൾ അടുക്കളയിൽ ഗൾഫ് കൊച്ചാപ്പമാർ കൊണ്ടുവരുന്ന മിക്സിയിൽ 'അടിച്ചു കലക്കിയ' മീൻകറി തയ്യാറാക്കുന്ന ഉമ്മ ഇപ്പോൾ റൂഹായി പറഞ്ഞത് പോലെ തന്നെ പറയുമായിരുന്നു. മൂത്തുമ്മ ഉണ്ടാക്കുന്ന മൊരിഞ്ഞ പഴംപൊരിയും സുഖിയനും കൊതിച്ചു തെക്കോട്ടു ഓടുന്നതിനു മുന്നേ വഴിപാട് പോലെ ഞാൻ ഉമ്മായെ കെട്ടിപിടിക്കുമ്പോൾ ആ പണിക്കർ സുന്ദരി മുഖം വെട്ടിക്കുമായിരുന്നു.
ഇടവപ്പാതി തൂവാനം തുളുമ്പുന്ന കിഴക്കേ മുറിയിൽ മരപ്പട്ടി വിഹരിക്കുന്ന തട്ടുമ്പുറത്തിനു താഴെ തട്ടൂടിയിൽ ഉമ്മയെ കെട്ടിപിടിച്ചോണ്ടു ഞാൻ ചോദിച്ചു. " ഈ അള്ളാഹു എവിടെയാ? ". .ഉമ്മ പറഞ്ഞു "അത് ഏഴാൻ ആകാശത്തിനു മേലെ" . ഞാൻ ചോദിച്ചു "ഉമ്മാ , നമ്മൾ എപ്പോഴാ അല്ലാഹുവിനെ കാണുന്നെ ?" "അത് സുബർക്കത്തിൽ വെച്ച് " ഉമ്മ തടി കച്ചരവ കൊണ്ട് പുറം മാന്തി കൊണ്ട് തുടർന്ന്
" ഒരിക്കൽ ഞാനും നീയും മരിക്കും ഖബറിൽ അടക്കപെടും. ഖബറിൽ നിന്ന് ഒരിക്കൽ മഹ്ശറയിലേക്കു പോകും. അവിടെ നമ്മുടെ ഇടത്തും വലത്തും ഉള്ള മലക്കുകൾ (റഖീബും അതീത്തും ആണ് കക്ഷി ഉദ്ദേശിച്ചത് ) നമ്മുടെ നല്ല കാര്യത്തിന്റെയും ചീത്ത കാര്യത്തിന്റെയും കണക്കു പറയും "
ഞാൻ ഇടയ്ക്കു കയറി ചോദിച്ചു "ആരാ ഈ മലക്കുകൾ? " "ഒന്ന് പോയിനെടാ,ആ മലക്കുകൾക്കാണ് നിന്റെ കാര്യത്തിൽ തെറ്റിയത് " ഉമ്മ ചിരിച്ചു . ഞാനും പൊട്ടനെ പോലെ ചിരിച്ചു.
"നല്ല കാര്യം ചെയ്തവർ പുല്ലു പോലെ സിറാത് പാലം കടന്നു സുബർക്കത്തിൽ എത്തും. ചീത്ത കാര്യം ചെയ്തവർ സിറാത് പാലം കടക്കാൻ പറ്റാതെ തെന്നി താഴെ നരകത്തിലോട്ട് വീഴും. അവിടെ തീയിൽ കിടന്നു കരിഞ്ഞു സ്വന്തം തിന്മകളെയൊക്കെ തൗബ ചൊല്ലി പറഞ്ഞു കരിച്ചു അവർ അവസാനം സുബർക്കത്തിൽ എത്തും"
:"അപ്പോൾ നമ്മൾ എല്ലാവരും സുബർക്കത്തിൽ എത്തുമല്ലേ ഉമ്മാ? ".ചന്ദനാദി എണ്ണയിൽ കുളിച്ച ഉമ്മ ഉറങ്ങി കഴിഞ്ഞിരുന്നു. എട്ടു മക്കളെ ഊട്ടിയ മുലകളെയും കെട്ടി പിടിച്ചു ഇബ്രാഹിം പണിക്കറുടെ സീമന്ത പുത്രിയുടെ നഫ്‌സും സിഫത്തും ഞാൻ എന്റെ ഉള്ളിലേക്കെടുക്കുന്നുണ്ടായിരുന്നു.
എന്തായിരുന്നു ആ നല്ല കാര്യം എന്ന് ഞാൻ ചോദിയ്ക്കാൻ മറന്നു.. അടുക്കള പുറത്തു വരുന്ന വിധവകൾക്കും ഒസ്സാൻ പെണ്ണുങ്ങൾക്കും മരക്കാത്തി പെണ്ണുങ്ങൾക്കും കയ്യിൽ കിട്ടുന്ന എന്തും എടുത്തു കൊടുക്കുന്ന ഉമ്മയുടെ അന്യ-സ്നേഹത്തെയും സമ്പന്നരായ മക്കൾ സമ്മാനിക്കുന്ന ആയിരങ്ങൾ പത്തിന്റെയും ഇരുപതിന്റെയും രൂപ നോട്ടുകളായി തരണം എന്ന് നിഷ്കർഷിക്കുന്ന കരുതലിനെയും കൊതിയും നുണയും പറയുന്നതിനിടയിൽ തങ്ങളുടെ ആകുലതകൾ പങ്കു വെക്കുന്ന വേലക്കാരി പെണ്ണുങ്ങളുടെയും അയൽക്കാരികളുടെയും കഥകൾ കേട്ട് ചിരിച്ചു കൊഞ്ഞണം കുത്തുന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ഉമ്മയുടെ അയൽ-സ്നേഹത്തിനെയും മനസ്സിലാക്കാൻ കന്നേറ്റി പാലവും കഴിഞ്ഞു കന്നേറ്റി കബറിസ്ഥാൻ കാണുമ്പോൾ വാപ്പയ്ക്കുള്ള സലാമിന്റെ കൂടെ ഉമ്മയ്ക്കും സലാം കൊടുക്കണ്ട സമയമായി എന്ന തിരിച്ചറിവ് വന്ന നിമിഷം വരെ കാക്കേണ്ടി വന്നു. വാപ്പായെ മാത്രം സ്നേഹിച്ച എന്നിലുള്ളിൽ ഉമ്മായുടെ സ്വന്തം റൂഹിന്റെ വലിയ ഒരംശം കുടിയിരിക്കുമ്പോൾ " ഉമ്മാ! നിങ്ങളെ ഞാൻ എങ്ങനെ മറക്കും "

Comments
Post a Comment