ഭൂമി(അൽത്താഫ് )
മൂത്താപ്പയുടെ വീടിന്റെ കല്ലിടീൽ ആയിരുന്നു. മഹല്ല് ജമാഅത്തു പള്ളിയിലെ ഖബർ കുഴിക്കുന്ന ജബ്ബാറിക്ക ആയിരുന്നു വീടിനു വാനം തോണ്ടാന് വന്നത്. തറവാട്ടിലെ ഊണ്-മേശയിൽ വല്ല്യാപ്പയ്ക്ക് (വാപ്പാക്ക് ) സമീപം വിയർപ്പിലും ചെളിയിലും കുളിച്ചു സിങ്കപ്പൂർ പിഞ്ഞാണത്തിൽ നെയ്‌ച്ചോറും പോത്ത് കറിയും കുഴച്ചുരുട്ടി ഉരുളകളാക്കുന്ന ജബ്ബാറിക്കയെ നോക്കി എട്ടു വയസ്സുകാരനായ ഞാൻ അറച്ചു നിന്നു. ഇതുകണ്ട വാപ്പ എന്നോട് ജബ്ബാറിക്കയുടെ പിഞ്ഞാണം കയ്യിൽ എടുക്കാനും കഴുകാനും ആജ്ഞാപിച്ചു. വിരിഞ്ഞ നെറ്റിത്തടത്തിലെ ആഴമുള്ള നിസ്കാരതഴമ്പിനും പുരുഷസൗന്ദര്യം വരിഞ്ഞൊഴുകുന്ന ഒത്ത താടിയുടെയും ഇടയിൽ എന്നോടെന്നും കാരുണ്യവാനായ പൊന്നു വാപ്പായുടെ കണ്ണുകളുടെ ആദ്യമായി കണ്ട രൂക്ഷതയിൽ ഞാനൊരു നിമിഷം ഇല്ലാതായി. എന്റെ കളിക്കൂട്ടുകാരായ ജബ്ബാറിക്കയുടെ കറുത്ത ഏഴഴകുള്ള മകൾ സാബിറയും പള്ളിയിലെ ഖത്തീബിന്റെ കണ്ണുകൾ ഉയർത്താത്ത മകൾ മാരിയത്തും ഒസ്സാൻവീട്ടിലെ യതീം-മോനായ നിയാസും നിൽക്കുന്ന ഭൂമിയും ജബ്ബാറിക്ക കുഴിക്കുന്ന ആറടി ഭൂമിയും എല്ലാമൊന്ന് ആണെന്ന് എവിടെയോ എനിക്ക് വെള്ളിടി കൊണ്ടു.

Comments
Post a Comment