ജലം (അൽത്താഫ് )
ജനിച്ചു 20 മാസങ്ങൾക്കുള്ളിൽ തൊട്ടരികിൽ പുതുതായി കണ്ട പഞ്ഞിക്കെട്ടിനെ നോക്കി മൂത്തോൻ അമ്പരന്നു കാണും. ഗർഭാശയജലത്തിൽ ഒരുമിച്ചു നീന്താൻ ഈ ഇളയോൻ ഉണ്ടായിരുന്നോ ആവോ! ഒരേ റൂഹിൽ നിന്ന് പകുത്ത ഇരട്ടകളെപ്പോലെ മൂത്തോനും ഇളയോനും ഒരേപോലത്തെ കുപ്പായങ്ങളിട്ടു വളർന്നു. എന്നാൽ ഇളയോൻ മൂത്തോനേ അല്ലായിരുന്നു . വീട്ടുമുറ്റത്തു വെച്ച് കണ്ണിലേക്കു തെറിച്ചു കയറിയ തടികഷണത്തിന്റെ കരട് എടുത്തു മാറ്റാൻ ബെൻസീഗർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഇമവെട്ടാതെ കണ്ണ് തുറന്നു കിടന്നു അവൻ. വീട്ടിലെ ജനാലയിലെ പടി അവന്റെ ലോലമായ കുഞ്ഞു ചെവിക്കുള്ളിൽ കുത്തി കയറിയപ്പോളും അവൻ കടിച്ചുപിടിച്ചു കരയാതെ നോക്കി. അന്നത്തെ കോളിവുഡ് താരമായ പ്രഭുദേവയെ അനുകരിച്ചും കക്ഷിയെ വെല്ലും വിധം ശരീരത്തെ ഒടിച്ചും നിവർത്തിയും അസാമാന്യ ബ്രേക്ക്-ഡാൻസുകൾ കളിക്കുമ്പോൾ അവന്റെ മുഖത്തു ഗൗരവഭാവം മാത്രം. വിരുന്നു വന്ന ഏതോ ബന്ധുവിന് മുന്നിൽ അറം-പറ്റിയത് പോലെ അവസാനവട്ടം ആ ബ്രേക്ക് ഡാൻസ് കളിച്ചു കൊണ്ട് കുത്തിമറിഞ്ഞു അപകടപ്പെടുമ്പോഴും അവന്റെ മുഖത്ത് വീരരസം മാത്രം.
ഒരു തോന്നലിൽ പറമ്പിലെ തെങ്ങിന്റെ മേൽ കയറിയിരുന്നു ഞെളിഞ്ഞുചിരിക്കുമ്പോഴും, KSRTC ഓർഡിനറി ബസ്സിൽ നിന്ന് ചെളിക്കുണ്ടിലേക്കു എടുത്തുചാടി വെള്ളയും വെള്ളയുമിട്ടിരുന്ന ഒരു പാവം നാട്ടുകാരനെ ചെളിയിലാഴ്ത്തുമ്പോഴും പിന്നെ അയാൾ ഹംകീങ്ങളെ ഹിമാറുകളെ എന്നോ അതിലും മൂർച്ചയുള്ള എന്തോ ഒന്ന് അവരെ വിളിക്കുമ്പോൾ കൊഞ്ഞണം കുത്തുമ്പോഴും, തന്റെ രണ്ടു പ്രിയസുഹ്രത്തുക്കൾക്കുമൊപ്പം കർത്താവിനു ഏറ്റവും പ്രിയപ്പെട്ട കന്യാസ്ത്രീ അമ്മമാരുടെ തട്ടത്തിനടിയിൽ എന്തെന്നറിയാനുള്ള അതീവ ആകാംക്ഷക്ക് ഉത്തരം കിട്ടാൻ വേണ്ടി ഒളിഞ്ഞുപോയി ആ തട്ടം വലിച്ചൂരുമ്പോഴും അതിനു ശേഷം കൈത്തണ്ട മുതൽ കൈമുട്ട് വരെ അടികൊണ്ടു ഞങ്ങളെ കണ്ണുരുട്ടി നോക്കുമ്പോഴും അവനെന്ന കുസൃതികുറുമ്പൻ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.
കൊല്ലത്തെ ഒരാശുപത്രിയിൽ അഡ്മിറ്റ് ആയ മൂത്താപ്പായെ കാണാൻ പോയി അവർ.. അപ്പോൾ ഏതോ ബില്ലടയ്ക്കാൻ ചില്ലറ വേണ്ടിവന്നപ്പോൾ ഇളയോൻ തന്റെ കുഞ്ഞിക്കീശയിൽ എന്തെങ്കിലും ബുദ്ധിമുട്ടിൽ ഉപകരിക്കാൻ വേണ്ടി കരുതി വെച്ചിരുന്ന് പൈസ എടുത്തുകൊടുത്തപ്പോൾ മുതിർന്നവർ അവന്റെ കരുതലിനെ പുകഴ്ത്തി. അപ്പോൾ വെറും വർത്തമാനക്കാരനായ മൂത്തവൻ അസൂയയോടെ പല്ലുകൾ കടിച്ചമർത്തി. വളരുമ്പോൾ ഇളയോനിൽ കണ്ടത് ആരിലും കാണാത്ത ഒരു വ്യക്തത ആയിരുന്നു. പത്തുപതിമൂന്നു വയസ്സെത്തിയപ്പോൾ തന്നെ അവൻ സ്വന്തം സ്വപ്ങ്ങളെന്തെന്നു മനസ്സിലുറപ്പിച്ചു. പത്താം ക്ലാസ് പരീക്ഷകളുടെ ക്ഷീണം തീരുന്നതിനു മുന്നേ തന്നെ വെക്കേഷൻ വേണ്ടെന്നു വെച്ച് ബ്രിഡ്ജ് കോഴ്സിന് പോകണം എന്ന് നിർബന്ധം പിടിക്കുമ്പോളും കുടുംബത്തെ വിട്ട് ഏറ്റവും നല്ല പരിശീലനം കിട്ടുന്ന കോച്ചിങ് ഫാക്ടറിയുടെ അടുത്ത് തന്നെ നിന്ന് പഠിക്കണം എന്ന് ശഠിക്കുമ്പോഴും ഇന്ന വിഷയങ്ങളും പരീക്ഷകളും മാത്രമേ എഴുതുകയുള്ളു എന്ന് അടിവരയിട്ടു പ്രഖ്യാപിക്കുമ്പോഴും അവനിലെ വ്യക്തത മൂത്തോനെ അത്ഭുതപ്പെടുത്തി.അർദ്ധരാത്രി വരെ പഠിക്കുന്ന അവൻ വാരാന്ത്യത്തിൽ കോട്ടയത്തേക്കുള്ള ആദ്യത്തെ പാസ്സന്ജർ ട്രെയിനും കോട്ടയത്തു നിന്ന പാലായ്ക്കുള്ള ആദ്യ-ബസ്സും കിട്ടാനുള്ള തത്രപ്പാടിൽ സുബ്ഹിക്ക് മുന്നേ എഴുന്നേൽക്കുമായിരുന്നു. പെരുമഴയുള്ള കറണ്ടില്ലാത്ത ഒരുരാത്രിയിൽ മെഴുകുതിരിവെട്ടത്തിൽ പഠിച്ചിരിക്കെ അവൻ ഉറങ്ങിപ്പോയി.അന്ന് അവനിരുന്ന മേശ കത്തിപോയെങ്കിലും അവർ അവന്റെ നേടാനുള്ള കത്തൽ ഒരിക്കൽ കൂടി കണ്ടറിഞ്ഞു.
ഇന്ത്യയിലെ മികച്ച സാങ്കേതികസ്ഥാപനങ്ങളിലൊന്നിൽ മൂത്തോന്റെ വിനയാന്വിതനായ അനിയനായി വന്നുചേർന്ന ഇളയോൻ പിന്നെ എമ്പാടും അനുയായികളും വ്യക്തി-പ്രഭാവവും ഉള്ള നേതാവും ഭാരവാഹിയുമായി. മൂത്തോൻ അങ്ങനെ ഇളയോന്റെ ഏട്ടനായി അറിയപ്പെട്ടു. തിരക്കേറിയ ഒരു മഹാനഗരത്തിൽ സമനിലതെറ്റിയ ഒരു അസുരജന്മം തന്റെ മേൽ നാശം വിതച്ചപ്പോൾ മൂത്തോൻ വിറങ്ങലടിച്ചു കേണു. .ശരീരമാസകലം മുറിവേറ്റപ്പെട്ടു അതിലേറെ മനസ്സിന് മുറിവേൽക്കപ്പെട്ട അവനുമേൽ വേനൽ-മഴയായി പെയ്തു ഇളയോൻ പറന്നു വന്നു. തോളോടു തോൾ ചേർത്തു പിടിച്ചു അവനെ വീട്ടിൽ സസുരക്ഷിതം എത്തിച്ചിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരിക്കൽ പോലും "അന്ന് എന്താ നടന്നത്?" എന്നോ "അതിനു നീ എന്താ കാട്ടിയതു? എന്നോ ഒരിക്കൽപ്പോലും ഇളയോൻ ചോദിച്ചില്ല. മറ്റുള്ളവർ അത് മാത്രം ചോദിച്ചപ്പോഴും. മൂത്തോൻ ബുദ്ധിമുട്ടിൽ അകപ്പെടുന്ന ഓരോ നിമിഷത്തിലും നിനക്കാതെ വരുന്ന കനിവിന്റെ മഴപോലെ അവൻ പെയ്തുകൊണ്ടിരുന്നു ദുർബലനായ മൂത്തോനെ തന്റെ അരികിലേക്ക് ചേർത്തുനിർത്തി അവനു വേണ്ടി ഏതു വില്ലന്റെയും മല്ലന്റെയും മുന്നിലും ഇളയോൻ നെഞ്ച് വിരിച്ചുനിന്നു
ഗർഭാശയജലത്തിൽ തൊട്ടുരുമ്മി ഇരട്ടകളെപ്പോലെ വളർന്ന അവർക്കിടയിൽ വൻകടലുകളും (ചൈനീസ് )വന്മതിലും ഉയർന്നു. കുടുംബക്ഷേമത്തിനും മെച്ചപ്പെട്ട ഭാവിക്കുവേണ്ടിയും മലായയിലേക്കുപ്പോയ വല്യാപ്പയെപ്പോലെയും ഗൾഫിലേക്ക് ചേക്കേറിയ രണ്ടാം തലമുറയെപ്പോലെയും അവൻ കടൽ കടക്കാൻ തീരുമാനിച്ചപ്പോൾ മൂത്തോൻ മുഖത്തു സന്തോഷമല്ലാതെ യാതൊന്നും കാണിച്ചില്ല. പക്ഷെ അവനു തന്റെ എന്തോ ഒന്ന് നഷ്ടപ്പെടാൻ പോകുന്നുവെന്നു ഒരു ഉൾവിളി തോന്നി. എന്നാൽ അത് വെറും സ്വാർത്ഥത ആണ് എന്ന് മനസ്സിലാക്കി അവനത് ഉള്ളിലൊതുക്കി. പ്രിയജനങ്ങൾക്കകലെ ഉദയസൂര്യന്റെ നാട്ടിൽ അവരുടെ വായിൽ കൊള്ളാത്ത ഭാഷയും അവരുടെ യാന്ത്രികമായ പ്രവർത്തന സംസകാരവും സ്വാംശീകരിച്ചു പൊരുതി നിൽക്കുന്ന ഇളയോനിൽ നിന്ന് ഹജ്ജ് തീർത്ഥാടകന് കൊതിച്ചു കിട്ടുന്ന സംസം ജലം പോലെ പ്രതീക്ഷയുടെ ജലകണങ്ങൾ ഇപ്പോഴും ഒഴുകിയെത്തുന്നു "ഇക്ക്ക്കാ||"

Comments
Post a Comment