സ്നേഹപാശങ്ങൾ (അൽത്താഫ് )
ആമുഖം: ഈ കഥ സ്നേഹപാശങ്ങളെ പറ്റിയാണ്. ബന്ധങ്ങളെ പറ്റി സ്വന്തമായി വിശാലമായ ഒരു നിർവചനം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഇത് വായിക്കാവൂ. പിന്നെ ഒരു മുന്നറിയിപ്പ് കൂടി . യാഥാസ്ഥിക മുസ്ലിം കുടുംബങ്ങളിൽ നിഷിദ്ധമായ ഒരു പദം ഈയുള്ളവൻ ഇവിടെ അവിടെയൊക്കെ ഉപയോഗിക്കുന്നുണ്ട്.. പൊറുത്തു തരണം. ആ പദം ഒന്ന് വാക്യത്തിൽ പ്രയോഗിച്ചു ഒരു തത്വചിന്ത കൂടി പങ്കുവെക്കുന്നു. "പ്രണയം ഒരു കുറ്റമല്ല. അത് ദൈവദത്തമായ ഒരു നല്ലകാര്യമാണ്. പ്രണയിക്കുന്നവർ അതീവ ഭാഗ്യശാലികളാണ്". പിന്നെ ഒരു കാര്യം കൂടി. ഈ കഥ ഒത്തിരി പേരെ പറ്റി ആണെങ്കിലും അറിയാതെയോ അല്ലാതെയോ ഇതിൽ മൂന്നുപേർക്ക് ചുറ്റും കാമറ സൂം ചെയ്യപ്പെടും.
അസ്സു ജനിച്ചു രണ്ടു മാസം കഴിഞ്ഞാണ് മൂത്താപ്പക്കും മൂത്തുമ്മയ്ക്കും അഖിലാച്ചി ഉണ്ടാവുന്നത്. മൂത്തുമ്മയ്ക്കു മുലപ്പാൽ അല്പം കുറവായതിനാൽ ഉമ്മി അഖിലാച്ചിക്കു മുലയൂട്ടി. അങ്ങനെ എനിക്കും അസ്സുവിനും അഖിലാച്ചി പാൽപെങ്ങളായി. മൂത്തുമ്മയും ഉമ്മിയും മൂത്താന്റെ വിളയിലെ ആദ്യ മരുമകൾമാരായി വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും "എടേ" എന്ന് വിളിക്കുന്ന സുഹൃത്തുക്കൾ ആയിരുന്നു. എങ്കിലും മൂത്ത മരുമകളായ ജുനൈദ മൂത്തുമ്മയെക്കാണി വയസ്സിൽ മൂത്തവരായിട്ടും ഉമ്മി 'ചേട്ടത്തി' എന്നേ മറ്റുള്ളവർക്കു മുന്നിൽ വിളിക്കുകയുള്ളായിരുന്നു. ബുള്ളറ്റിൽ ഞങ്ങളെയും ഉമ്മിയെയും വെച്ച് വാപ്പിച്ചയും ചേതക് / വെസ്പ- സ്കൂട്ടറിൽ ആച്ചിക്കയെയും അഖിലാച്ചിയെയും മൂത്തുമ്മയെയും കൂട്ടി മൂത്താപ്പയും ഞങ്ങളെല്ലാം ഒരുമിച്ചു ബീച്ചിലും സിനിമക്കും പോയതായി നല്ല ഓർമ്മകൾ. .അസ്സുവും പാൽ-പെങ്ങളായ അഖിലയും ഒപ്പിച്ച കുറുമ്പുകളെ പറ്റി എഴുതാൻ ഒരു നോവലിനുള്ള വകയുണ്ട്. മൂത്താന്റെ വിളയിലെ ബോബനും മോളിയും ആയിരുന്നു ഇരുവർ.
പടച്ചോനെ കാത്തോളീ! മൂത്താപ്പ മൂത്തുമ്മയെ നിക്കാഹ് ചെയ്യുമ്പോൾ അത് സ്നേഹത്തിലും ഇഷ്ടത്തിലും അധിഷ്ഠിതമായിരുന്നു. ഈ കല്യാണം നടത്താൻ ചുക്കാൻ പിടിക്കാൻ മൂത്താപ്പയുടെ ഉറ്റസുഹൃത് പോലെ ആയിരുന്ന വാപ്പിച്ചയുണ്ടായിരുന്നു.. എന്തോ എനിക്ക് മൂത്താപ്പ നെടുമുടി വേണുവിനെപ്പോലെയും മൂത്തുമ്മ ശാന്തികൃഷ്ണയെ പോലെയും തോന്നുമായിരുന്നു. വീട്ടിന്റെ ഉമ്മറത്തിരുന്നു കർക്കശക്കാരനായ മൂത്താപ്പ "ജുനീ" എന്ന് വിളിക്കുമ്പോൾ "ദാ വല്ലിക്ക വിളിക്കുന്നു , മോനേ ഡാ, നോക്കിയിട്ടു വരട്ടെ" എന്ന് പറഞ്ഞു ചിരിക്കുമ്പോൾ ആ വിളികളിലും ചിരികളിലും കുഞ്ഞായിരുന്ന ഞാൻ ആദ്യമായി പ്രണയം കണ്ടു. വിവാഹശേഷം മൂത്താപ്പയും മൂത്തുമ്മയും സ്വപ്നിങ്ങൾ ഒരുമിച്ചു കണ്ടു തുടങ്ങി.. തറവാട്ടിലെ തെക്കേപുരയിൽ നിന്ന് പടിഞ്ഞാറ്റ വീട്ടിലേക്കും പിന്നെ അവിടെ നിന്ന് മൂത്താന്റെ വിളയിലെ മഞ്ചാടി മരം നിന്ന തെക്കു-പടിഞ്ഞാറുകോണിലെ വീട്ടിലേക്കു മാറുമ്പോഴും. ടെലെഫോൺസിൽ നിന്നും പോളിടെക്‌നിക്കിലേക്കും അവിടെ നിന്നു ടീ.കേ.എം കോളേജിൽ നിന്ന് എഞ്ചിനീയർ ആയും പിന്നെ ഒരു വിജയിച്ച ഗൾഫ്‌കാരനും ഇന്നൊരു നല്ല വ്യവസായി ആയും മൂത്താപ്പ വളരുന്നതിന് പിന്നിൽ വാപ്പയെപ്പോലെ ചിട്ടയുടെയും അച്ചടക്കത്തിന്റെയും പര്യായമായ മൂത്താപ്പയുടെ നിശ്ചയദാർഢ്യം മാത്രമല്ല . അതിൽ മൂത്തുമ്മയും മൂത്താപ്പയും തമ്മിലുള്ള അകമഴിഞ്ഞ സ്നേഹവും ഒരു വല്യ പ്രേരക-ശക്തി ആണെന്ന് ഈയുള്ളവൻ (കൈ വിറച്ചുകൊണ്ട് ) രേഖപെടുത്തുന്നു.
അത്തരത്തിലുള്ള ഒരു പ്രണയകഥ പിന്നെ തുടങ്ങുന്നത് ചവറ ഗവണ്മെന്റ് കോളേജിന്റെ വരാന്തയിലാണ്. വാപിച്ചയുടെ കൂടെ എക്സാം ഇൻവിജിലേറ്റർ ആയി പോയ ഷുക്കൂർ കൊച്ചാപ്പ അവിടെ വെച്ച് മഞ്ജു കൊച്ചുമ്മയെ കാണുമ്പോഴാണ് തനിയാവർത്തനമുണ്ടാവുന്നതു.. ദോഷം പറയല്ലല്ലോ, വീട്ടുകാർ വഴി വന്ന ഒരു കല്യാണ ആലോചനയുടെ പെണ്ണ് കാണലായിരുന്നു അത് .. പ്രണയാധിഷ്ഠിത വിവാഹബന്ധങ്ങളിൽ സ്നേഹം ഊട്ടിയുറപ്പിക്കപ്പെടുന്നത് എങ്ങനെ എന്ന് ഞാൻ കുട്ടിക്കാലത്തേ അറിഞ്ഞു,
മൂത്താപ്പാക്ക് അഖിലാച്ചി കണ്ണിലെ കൃഷ്ണമണിയും കരളിന്റെ കഷണവും പോലെ ആയിരുന്നു. ആ പുത്രീസ്‌നേഹം കണ്ടു വളർന്ന മൂത്താന്റെ വിളയിലെ ആൺ-പിറന്നോനായ എനിക്ക് അവിടുത്തെ മൂന്നാം തലമുറയിലെ പെൺകുട്ടികളോട് അസൂയ തോന്നുമായിരുന്നു. പിന്നീട് സർവാഭൂഷിതയായ വധുവായി വിടവാങ്ങുന്ന മാളുവിനെ കെട്ടിപ്പിടിച്ചു ഹൃദയം പൊട്ടുന്ന മാതിരി കരയുന്ന ബഷീർ കൊച്ചാപ്പയെയെയും കുഞ്ഞു ഹിബായുടെ അടുത്തു "മോളെ , വാപ്പി നിനക്കു പേർഷ്യയിൽ നിന്ന് 1000 കുഞ്ഞു ചുരിദാറുകൾ വാങ്ങിക്കാൻ പോട്ടേ" എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു വിങ്ങലോടെ എയർപോർട്ടിലേക്ക് യാത്രയാകുന്ന ജബ്ബാർ കൊച്ചാപ്പയെയും ഏതു സുഖത്തിലും ദു:ഖത്തിലും തന്റെ രണ്ടു പെൺമക്കളെ തന്നോട് ചേർത്ത് പിടിച്ചു അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ഷുക്കൂർ കൊച്ചാപ്പയെയും കാണുമ്പോൾ എനിക്ക് യാതൊരു അമ്പരപ്പും തോന്നിയില്ല.
പടിഞ്ഞാറ്റയിലെ അകം-മുറിയിൽ തുലാവർഷത്തിലെ കൂറ്റൻ ഇടിയും മിന്നലും കേട്ട് പേടിച്ചു ഞാനും അഖിലയും മൂത്തുമ്മായുടെ മടിയിൽ ശരണം തേടുമ്പോൾ മൂത്തുമ്മ എന്റെ തലതടവി പറയും -"ഒന്നൂല്ലെടാ മോനെ". നല്ല മൊരിഞ്ഞ മഞ്ഞ പഴംപൊരിയും സുഖിയനും പിന്നെ കൊല്ലത്തെ ആബിദ മാമിയിൽ നിന്ന് പഠിച്ചതോ സ്വന്തം റിസെർച്ചിൽ നിന്നോ അതിവിദഗ്ദ്ദമായി ഉണ്ടാക്കുന്ന പുതിയ പലഹാരങ്ങളുടെയും നൂറ്റാണ്ടുകൾ പഴക്കമുള്ള ചീനച്ചട്ടിയിൽ ഉണ്ടാക്കുന്ന രസത്തിന്റെയും മീൻ-പൊരിച്ചതിന്റെയും മണമടിച്ചു അടുക്കളപ്പുറത്തു എത്തുന്ന എന്നെ "ഡാ അത്താവേ, നീ (പിന്നെയും) വന്നോടാ" എന്ന് പറഞ്ഞു നിറഞ്ഞു ചിരിച്ചു സ്വീകരിക്കുമായിരുന്നു എന്റെ മൂത്തുമ്മ. വടക്കുംതല കിഴക്കു ഗ്രാമത്തിലെ മൂത്താന്റെ വിള വീട്ടിന് ചുറ്റിനുമുള്ള ഏല്ലാം കുടുംബക്കാരും ഒന്നുങ്കിൽ മൂത്താപ്പയുടെയോ (അതായതു എന്റേതും) അല്ലേൽ മൂത്തുമ്മായുടെയോ ബന്ധുക്കളായിരുന്നു. മൂത്തുമ്മായുടെ മകനെന്ന തെറ്റിദ്ധരിപ്പിച്ചു കിട്ടിയിട്ടുണ്ട് എത്രയോ വീട്ടുകാരുടെ സ്നേഹം. .
ചില വൈകുന്നേരങ്ങളിൽ ചെട്ടിയത്ത് വല്യമരത്തണലിലെ തിണ്ണയിൽ ഇരിക്കുന്ന മൂത്താപ്പ ആച്ചിക്കയുടെയും അഖിലയുടെയും കൂടെ കളിച്ചുകൊണ്ട് ഓടിവരുന്ന എന്നെ വിളിക്കും.. " ഡാ അത്താവേ, ഇവിടെ വന്നിരിക്കടാ", "മാമീ! ജുനീ! അത്താവിനു പുഴുങ്ങിയ ചേമ്പും മുളകു ചമ്മന്തിയും കൊടുക്ക്, അല്ലെ വേണ്ട ഉച്ചക്കത്ത മരച്ചീനി കുഴച്ചതും നല്ല മുളകുകറിയും ഉണ്ടാവില്ലേ? " . രുചികൾ അമ്മമാർ പെൺമക്കൾക്ക് താവഴിയായി കൊടുക്കുന്നു എന്ന് പഴമൊഴി.. മൂത്താന്റെ വിളയിലെ തറവാട്ടു തിണ്ണമേൽ ഇരുന്നു സ്വന്തം ഉമ്മയുടെ കൂടെ വർത്തമാനങ്ങൾ പറഞ്ഞു മുറുക്കുന്ന മൂത്താപ്പക്ക് അതേ പോലെ തന്നെ ചെട്ടിയത്ത് ഉമ്മയോടും മാതൃസ്നേഹമുണ്ടായിരുന്നു.
മൂത്താന്റെ വിളയിലെ ഉമ്മായിൽ നിന്ന് എട്ടു മക്കൾക്കു പൈതൃക സ്വത്തായി കിട്ടിയത് നട്ടെല്ലിലെ L4-L 5 ലിലുള്ള സ്പോണ്ടിലോസിസ് ആയിരുന്നു. അത് എന്റെ വാപിച്ചായ്ക്കു കിട്ടിബോധിച്ചപ്പോൾ മൂത്താന്റെ വിളയിലെ ഞങ്ങളുടെ വീട്ടിൽ വാപ്പി മാസങ്ങളോളം ബെഡ്-റെസ്റ്റിൽ ആയി. അതുകൊണ്ടു മാർക്സിസ്റ്റ് രക്തസാക്ഷിയായിയായ കൊട്ടാരക്കരയിലെ മജീദ് ചെച്ചയുടെ മകളുടെ വിവാഹത്തിനായി വർക്കലയ്ക്ക് പോകാൻ ഷഫീഖിക്കയും ഞാനും നിയുക്തരായി. എന്റെ ബാല്യത്തിലെ ആരാധ്യപുരുഷനും റോൾമോഡലും തറവാട്ടിലെ മൂത്ത ആൺപിറന്നോനും ആയ ഷഫീകിക്കയുടെ ഹീറോ ബൈക്കിന്റെ പുറകിൽ ലോങ്ങ്-റൈഡ് മോഹിച്ചു കയറിയ ഞാൻ അമിതാവേശത്തിൽ കാൽ സൈലന്സറിൽ വെച്ചു. പിന്നെ വെയിറ്റും പ്ലാസ്റ്ററും ഇട്ടു ഞാൻ വാപിച്ചയുടെ അതെ ബെഡിൽ കിടന്നു, ഒന്നൊന്നര മാസം.. വാപിച്ചയുടെ ഉപദേശങ്ങളും കേട്ട് ബഷീറിന്റെ സമ്പൂർണ കൃതികളും വായിച്ചും ഉമ്മിയുടെയും ഉമ്മയുടെയും ഭക്ഷണത്തിലൂടെയുള്ള സ്നേഹവും കിട്ടി കൊഴുക്കുന്നതല്ലാതെ എനിക്ക് എഴുന്നേൽക്കാൻ യാതൊരു പ്ലാനും ഇല്ലായിരുന്നു. ഇടയ്ക്കു ഇടയ്ക്കു എന്നെ കാണാൻ വരുന്ന ചെട്ടിയത്തുമ്മ ഒരു ദിവസം രസകരമായ ഒരു കഥ പറഞ്ഞു തന്നു. ഏതോ രാജാവിന്റെയോ പ്രവാചകന്റെയോ. കഥ പറഞ്ഞോണ്ട് എന്നെ മൂത്രം ഒഴിപ്പിക്കാൻ വേണ്ടി ചെട്ടിയത്തുമ്മ എന്റെ കൈ സ്വന്തം തോളേലിട്ടു എന്നെ എഴുന്നേൽപ്പിച്ചു ഏന്തി ഏന്തി ബാത്‌റൂമിൽ കൊണ്ട് പോയി. അവിടെ നിന്ന് കഥ തുടർന്നു പറഞ്ഞുകൊണ്ടിരുന്ന ചെട്ടിയത്തുമ്മയുടെ സ്നേഹത്തിൽ ചാലിച്ച വിവരണവും കേട്ട് ഞാൻ തലയാട്ടികൊണ്ടു നടന്നു.. അങ്ങനെ ചെട്ടിയത്തുമ്മയുടെ തോളിൽ കയ്യിട്ടു നടന്നു നടന്നു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ. ചെട്ടിയത്ത് അയ്യം എത്തിക്കഴിഞ്ഞിരുന്നു.. "അയ്യോ സ്കൂളിൽ പോകണം" എന്ന നിരാശയുണ്ടായിരുന്നെങ്കിലും എന്റെ അംഗവൈകല്യം മാറ്റിത്തന്ന ചെട്ടിയത്തുമ്മയെ കെട്ടിപ്പിടിച്ചു കൊടുത്തു ഞാൻ ഒരു സുന്ദര ഉമ്മ.
വര്ഷങ്ങള്ക്കു ശേഷം കുറ്റിവട്ടത്തു ബസ് ഇറങ്ങി മൂത്തന്റെവിളയിലേക്കു ഓടുന്ന വഴിയിൽ കനാൽ കടക്കുമ്പോൾ തന്നെ അവിടെ ചെട്ടിയത്തുമ്മ കാത്തിരിക്കുന്നുണ്ടാവും. അടുക്കളയിലുള്ള എന്തെങ്കിലുമെടുത്തു എന്നെ ഊട്ടി,വിശേഷങ്ങൾ എല്ലാം ആരാഞ്ഞു, എന്റെ നെറ്റിയിൽ ഒരു പൊന്നുമ്മ തന്നിട്ടേ ചെട്ടിയത്തുമ്മ എന്നെ മൂത്തന്റെ വിളയിലേക്ക് പോകാൻ അനുവദിക്കാറുള്ളായിരുന്നു. മുപ്പതു വയസ്സ് വരെ പഠിച്ചിട്ടും തീരാത്ത എന്നോട് ചെട്ടിയത്തുമ്മ പറയുമായിരുന്നു, " എന്റെ മോൻ പഠിച്ചു പഠിച്ചു വല്യ ആളായിട്ടു ഈ ഉമ്മായ്ക്ക് എന്നാ ഒരു കസവുതുണിയും മുറുക്കാനും വാങ്ങിച്ചു തരുന്നേ?". ഞാൻ 2017ൽ അമേരിക്കയിലുള്ള സമയത്തു റെസ്‌നി ചേട്ടത്തി എന്നോട് ആ വാർത്ത അറിയിക്കുമ്പോൾ ബോസ്റ്റൺ നദിയെ നോക്കി തരിച്ചു നിന്ന എന്റെ കണ്ണ് നിറഞ്ഞോ ഇല്ലയോ എന്ന് പോലും ഞാൻ അറിഞ്ഞില്ല. കുറ്റിവട്ടം പള്ളിയുടെ ഖബറിസ്ഥാനിൽ ചെട്ടിയത്തുമ്മയുടെ ഖബറിങ്ങൽ പോലും ഇന്നേവരെ പോകാൻ പറ്റാത്ത ഈ നന്ദികെട്ട അത്താവിനു ആ വാങ്ങിച്ചുകൊടുക്കാത്ത കസവുതുണിയും മുറുക്കാനും ഒരു നെരിപ്പാണ്.
-----
അങ്ങനെയൊക്കെയാണ് സ്‌നേഹപാശങ്ങൾ! മൂത്താന്റെ വിളയിലെ ഉമ്മയെ വെല്ലും വിധം എനിക്ക് സ്നേഹം തന്ന ചെട്ടിയത്തുമ്മയും ആരുമറിയാതെ ഉള്ളിൽ ഞാനെന്നും സ്നേഹിച്ചിട്ടു മാത്രമുള്ള ജുനൈദാ മൂത്തുമ്മയും പാൽ-പെങ്ങളായ അഖിലയും ആ സ്നേഹപാശത്തിൽ ഞാനുമായി ബന്ധിതരാണെന്നു പറഞ്ഞാൽ പലർക്കും മനസ്സിലാകില്ല.. അനർഹമായി കിട്ടുന്ന സ്നേഹത്തിനു മധുരം കൂടുതലാണ്. .അതിലുപരി എവിടെയോ കേട്ടത്-"സ്നേഹത്തിൽ നിയമങ്ങളില്ല. "


👍
ReplyDelete