മൗത്ത്


മൗത്തിനും ഹയാത്തിനും ഉടമസ്ഥനാണ് റബ്ബെന്നു വിശ്വാസം. മരണവാർത്ത അറിയുമ്പോൾ അറബിയിൽ "നാഥാ!, നിന്നിൽ നിന്ന് വന്നു, നിന്നിലേക്ക്  തന്നെ തിരിച്ചുപോകുന്നു"  എന്ന് ആത്മഗതം പോലെ പറയുമ്പോൾ മൗത്ത് ഈ ദുനിയാവിൽ ഒരു ഹ്രസ്വ താമസം  കഴിഞ്ഞുള്ള  ഒരു തിരിച്ചുപോക്ക് മാത്രം ആണെന്ന് തോന്നാറുണ്ടായിരുന്നു .മരിക്കുന്നതിന് മുന്നേ റൂഹിനെ പിടിക്കാൻ മലക്കായ അസ്‌റാഈൽ  (യമരാജൻ വരുന്നതുപോലെ) വരുമെന്ന് പഠിപ്പിക്കപ്പെട്ട എനിക്ക് ഇടിമിന്നലുകളിലും ചിലപ്പോൾ അപകടങ്ങൾ തലനാരിഴക്ക് ഒഴിഞ്ഞുപോകുമ്പോഴും പനിച്ചോ മറ്റോ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുമ്പോളും അസ്‌റാഈൽ  അടുത്തെങ്ങാനും വന്നതുപോലെ തോന്നാറുണ്ട്.. 

എപ്പോഴും മരണചിന്ത   നിലനിർത്തണമെന്ന്  പ്രത്യേകം പറഞ്ഞു   തരേണ്ട ആവശ്യമില്ലായിരുന്നു. ഞാൻ  ഒന്നും ഒന്നൊന്നര ക്ലാസ് മുതൽ അഞ്ചാം തരാം വരെ പഠിച്ച കന്നേറ്റി മഹല്ല്  ജമാഅത്തിന്റെ (KMJLPS)  മദ്രസ്സയിലെ  ഉസ്താദുമാർ അടുത്തുള്ള  ഏതെങ്കിലും വീടുകളിൽ മരണമുണ്ടെങ്കിൽചിലപ്പോൾ  മയ്യത്തു കാണിക്കാൻ ഞങ്ങൾ മദ്രസ്സ കുട്ടികളെ കൊണ്ടുപോകാറുണ്ടായിരുന്നു. അവിടെ ഉസ്താദ് ഓതുന്ന ദുആ ഭയത്തോടെ കേട്ട് ചേർത്തു് വെച്ച കുഴിഞ്ഞ  കൈപ്പത്തികൾ അവസാനം മുഖത്ത് തടവി ആമീൻ കൂറുമ്പോൾ  ഒരു പ്രത്യേക ആശ്വാസം തോന്നാറുണ്ടായിരുന്നു.  ആദ്യമായി ഹിഫ്ള് (കാണാപ്പാഠം ) പഠിപ്പിച്ച വല്യ സൂറത്ത് സൂറത്തുൽ യാസീൻ ആയിരുന്നു. യാസീൻ ഓതിയാൽ മരിച്ച വ്യക്തിക്കുള്ള ബര്സഖിലേക്കുള്ള ഗമനം എളുപ്പമാക്കപ്പെടുമെന്നു ഒരു പ്രബലവിശ്വാസം.  മറ്റേതിനെക്കാണിലും   മയ്യത്ത് നിസ്കാരത്തിലെ ദുആ പ്രത്യേകം പഠിപ്പിക്കുമായിരുന്നു. വെള്ളിയാഴ്ച് ജുമുഅ നമസ്കാരം കഴിഞ്ഞാൽ  പരിചയമില്ലാത്തവരാണെങ്കിൽ പോലും  മയ്യത്ത് നിസ്കാരത്തിനു സംഘടിക്കാൻ  ഇമാം അഭ്യർത്‌ഥിച്ചാൽ ആരും മയ്യത്തു നിസ്കാരം ഒഴിവാക്കില്ലായിരുന്നു. 

ഊദോ കുന്തിരിക്കമോ ചന്ദനത്തിരിയോ  പുകയ്ക്കപ്പെടുന്ന  മരണവീടുകളിൽ കഫൻ പൊതിയപ്പെട്ട മയ്യത്തിന് സമീപം കിതാബുകൾ കൈയ്യിലേന്തി മുന്നോട്ടും പുറകോട്ടും ആടിക്കൊണ്ടു ഓതുന്ന  ദറസുകളിലെ  വെള്ളവസ്ത്രധാരികളായ കുട്ടികൾകിടയിൽ യാസീന്റെ മറന്നുപോയ  ചില ഭാഗങ്ങൾ  ഓർത്തെടുക്കാൻ ഞാൻ ഇപ്പോഴും കഷ്ടപ്പെടാറുണ്ട്‌.  "തുർജഊൻ" വരുമ്പോളത്തേക്കു  അതുവരെ വൃഥാ അധരവ്യായായം ചെയ്ത ഞാൻ കുഴഞ്ഞിട്ടുണ്ടാവും.  കൂട്ടിക്കാലത്തു കല്യാണവീടുകളെക്കാണിൽ മരണവീടുകളിലാണ്  പോയിട്ടുള്ളത് എന്നാണ്  ഓർമ്മ. എന്താണെന്ന്  അറിയില്ല, മരണവാർത്തകൾ എന്നെ വല്ലാതെ ബാധിക്കാറില്ലയായിരുന്നു . ഈയിടെ "കഠിന കഠോരമീ അണ്ഡകടാഹം " സിനിമയിലെ   "യാ  റബ്ബേ !" എന്ന ഗാനം ആദ്യമായി കേട്ട  മുതൽ തന്നെ എന്നെ വല്ലാതെ വേട്ടയാടിത്തുടങ്ങി. അത് ലൂപിൽ കേട്ട് കൊണ്ടിരുന്നപ്പോൾ ഞാൻ സ്വയം ചോദിച്ചു, "ആ  വരികളിൽ പറഞ്ഞത് പോലെഏതെങ്കിലും മരണങ്ങൾ  എന്നെ ബാധിച്ചിട്ടുണ്ടോ?"  

ചില മരണങ്ങൾ അത്തരത്തിലുള്ളതായിരുന്നു. 

കുഞ്ഞുന്നാളിൽ ഒരു റമദാൻമാസത്തിൽ മൂത്താന്റെ വിളയിലെ ഞങ്ങളുടെ വീട്ടിൽ  വെച്ച് മണക്കൽ  തൈക്കാവിൽ നിന്നുള്ള ഖുർആൻ പാരായണം  കേട്ടുകൊണ്ട് ഇടയത്താഴത്തിനു വേണ്ടി എഴുന്നേറ്റു  ഉറക്കം തൂങ്ങുന്ന ഞാൻ ഇടയിൽ ഒരു "ലാഇലാഹ ഇല്ലല്ലാഹ് " കേട്ട് ഒരിക്കൽ കൂടി ഉണർന്നു. തറവാട്ടിന്റെ വടക്കേ ഇടവഴിയിലൂടെ കുറച്ചു മുതിർന്നവർ ഒരു ചെറിയ പൊതി പോലെ എന്തോ ഉയർത്തിക്കൊണ്ടു ശഹാദത് ചൊല്ലി  കടന്നു പോവുന്നത് ഞാൻ കണ്ട് . വടക്കേലെ അലിയാരിക്കയുടെ മൂത്തമകൾക്കു ചാപിള്ളയായിരുന്നു എന്ന് പിന്നെ കേട്ടറിഞ്ഞു. 

കോഴിക്കോട് കൊടുവള്ളിയിൽ എന്റെ പ്രിയസുഹൃത്ത് ജാഫറിക്കയുടെ ഹന്ന മോളായിരിന്നു  രണ്ടാമത്തെ ഓർമ്മ.  ജനിച്ച മുതൽ മിണ്ടാതെയും അനങ്ങാതെയും ഒരു ചെറിയ കുഞ്ഞു പോലെ വളരാതെ വളർന്ന  ആ മോളെ ഇക്കയും ഇത്താത്തയും ഒരു കുറവ് വരുത്താതെ നോക്കി. ഓട്ടോ ഡ്രൈവർ ആയ ജാഫറിക്കയുടെ മുക്കിലങ്ങാടിയിലെ  വീട്ടിലെ  ഏക A/C റൂമിൽ പ്രത്യേകം കൈവരികളാൽ തയ്യാറാക്കപ്പെട്ട കട്ടിലിൽ ഇക്ക ഹന്ന മോളെ ഓരോ ദിവസവും ഊട്ടി കുളിപ്പിച്ച് ഒരുക്കി കിടത്തുമായിരുന്നു. എന്നെങ്കിലും  "ഓൾ ഓരെ  "ഉപ്പ' , "ഇമ്മാ" എന്ന് വിളിക്കും"  എന്ന്  റബ്ബിൽ വിശ്വാസം അർപ്പിച്ചു പ്രതീക്ഷയിൽ  അവർ കാത്തിരുന്നു . ഏഴോളം വർഷങ്ങൾക്കു ശേഷം ആ വീട്ടിലെ ഹാളിലെ കട്ടിലിൽ ഹന്നമോളുടെ കഫൻ പൊതിഞ്ഞ കുഞ്ഞു മയ്യത്തിന് പിറകിൽ നിന്ന് മയ്യത്തു നമസ്കരിച്ചു സലാം വീട്ടുമ്പോൾ  അവിടെ എവിടെയോ ഏതോ ഒരു ദുഷ്ടജന്മം  പറയുന്നുണ്ടായിരുന്നു -"ഓരുടെ  ഭാരമിറങ്ങി" എന്ന്. ഒരിക്കൽ ഇത്താത്തയുടെ കയ്യിൽ നിന്ന് കുഞ്ഞനെ എടുക്കുമ്പോൾ എന്റെ കൈകളിൽ മനപ്പൂർവ്വമല്ലാതെ എല്ലുകൾ അമർന്നു ആ മോൾ  കരഞ്ഞപ്പോൾ അവർ ഒരുസിംഹിനിയെ പോലെ ഗർജ്ജിച്ചു. കുഞ്ഞനെ എന്നിൽ നിന്നു ഉടൻ തന്നെ തിരിച്ചു വാങ്ങിയ അവർ പറഞ്ഞു "ഓളെ ഇങ്ങനെ  നോവിക്കല്ലേ, അൽത്താഫ്‌ക്ക".  ആ കുഞ്ഞുമോളുടെ മയ്യത്തു ജാഫറിക്കയും മുതിർന്നവരും  പള്ളിലോട്ടു കൊണ്ട് പോകുമ്പോൾ "മോളെ!  ഒരായുഷ്കാലം മുഴുവൻ  ഇനിയും നിന്നെ ഞാൻ പൊന്നുപോലെ നോക്കില്ലായിരുന്നോ " എന്ന് പറയുന്നത് പോലെ നിറകണ്ണുകളോടെ ഇത്താത്ത  തന്റെ മകളെ മനസ്സില്ലാ മനസ്സോടെ ഖബറിസ്ഥാനിലേക്കു വിട്ടുകൊടുക്കുണ്ടായിരുന്നു  

പതിനാലാം വയസ്സിൽ കായംകുളം ചെറിയാത്തെ വാടകവീട്ടിന്റെ  ടെറസിൽ നിൽക്കുമ്പോഴാണ് ഒരു ജനാസ പോകുന്നത് ഞാൻ കണ്ടത്.  മൂത്താന്റെ വിളയിലെ വാപ്പയെ കണ്ടിട്ട് തിരിച്ചു വന്ന എന്റെ ഉള്ളിൽ അപ്പോൾ ഒരു ചോദ്യം ഉയർന്നു. അപ്പോൾ തന്നെ എഴുപതടുത്ത വാപ്പയ്ക്കും മരണമുണ്ടാവില്ലേ?. ആ ഭയത്തിലാണ് പിന്നീടുള്ള വർഷങ്ങൾ കടന്നു പോയത്. ഓരോ സന്ദര്ശനത്തിലും മുസാഫാത് ചെയ്യുമ്പോഴും ഞാൻ വാപ്പായുടെ മരണം ഭയന്നു.  2007ൽ കൊല്ലം  ശങ്കേഴ്‌സിൽ വാപ്പയെ കാണാനായി ഞാൻ പോകുന്നതിനു  മുന്നേ തന്നെ എന്നിൽ ഒരു  പൊറുതികേട് തുടങ്ങിയിട്ടുണ്ടായിരുന്നു. മക്കളെല്ലാവരും ആശുപത്രിയിൽ നിന്നുകൊണ്ട്  മാറിമാറി നോക്കി കൊണ്ടിരിക്കപ്പെട്ട  വാപ്പ  അപ്പോഴത്തേക്കു അത്യാസന്ന നിലയിൽ നിന്ന് തിരിച്ചുവന്നിരുന്നു. ചെറുതായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ആ ദിവസത്തെ സന്ദർശകരിൽ അവസാനമായി വന്നത് ചെട്ടിയത്തുകാർ  ആയിരുന്നു. വാപ്പയ്ക്ക് സുഖമായി എന്നുറപ്പാക്കി വാപ്പിച്ച  ഐഐടിയിൽ നല്ലോണം അറ്റന്റൻസ്  കുറവുണ്ടായിരുന്ന എനിക്കു എമർജൻസി ക്വോട്ടയിൽ അന്നത്തെ ചെന്നൈ മെയിലിൽ സീറ്റ്  ബുക്ക് ചെയ്‌തിരുന്നു . റൊട്ടേഷനിൽ  അന്ന് ഭക്ഷണം കോരിക്കൊടുത്തത് ഉമ്മിയായിരുന്നു. സന്തുഷ്ടനായി അത് കഴിച്ചു വാപ്പ എന്നെ പരിചയം ഉള്ളത് പോലെ നോക്കുന്നുണ്ടായിരുന്നു. വാപ്പയ്ക്ക് ഓര്മ കുറഞ്ഞു കുറഞ്ഞു ആരിഫ അപ്പച്ചി  മാത്രമുള്ള കാലഘട്ടത്തേക്കു ചുരുങ്ങിയിട്ടുണ്ടായിരുന്നു. വാപ്പ " ആരിഫ" എന്നോ "പാത്തുമ്മ" എന്നോ വിളിക്കുന്നുണ്ടായിരുന്നു. അപ്പോൾ എന്നെ ഓർക്കാൻ  വഴിയില്ല. അൽഷിമേഴ്‌സ് വന്നവർ ചിരിക്കുന്ന പോലെ വാപ്പ  ഒരു ചിരി ചിരിച്ചു.. ആ നിറഞ്ഞ ചിരി. ഇറങ്ങുമ്പോൾ വാപ്പയെ കെട്ടിപിടിച്ചു ഉമ്മ വെക്കുമ്പോൾ പരിചയമില്ലെങ്കിലും  വാപ്പ എതിർത്തില്ല. ഞാൻ സലാം ചൊല്ലിയപ്പോൾ തീരെ നിരീക്കാതെ വാപ്പ സലാം മടക്കി. നിറഞ്ഞ മനസ്സുമായി ഇറങ്ങുമ്പോൾ വാപ്പ എന്നോട് എപ്പോഴും പറയുന്ന വചനം അപ്പോൾ പറയുന്നത് പോലെ എനിക്ക് തോന്നി." നീ എന്നും നമസ്കാരം മുറുക്കിപ്പിടിക്കുക".

മംസാലി മാമയുടെ മകൻ നീയാസ്സിക്ക  എന്നെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെന്നൈ മെയിലിൽ കയറ്റി വിട്ടു.. ഞാൻ നിർവൃതിയോടെ ഉറങ്ങി. അതിന്റെ ഇടയിൽ ഫോൺ സ്വിച്ച് ഓഫ് ആയി പോയിരുന്നു. ഐഐടിയിലെ താമ്രപര്ണി ഹോസ്റ്റലിൽ എത്തി ചേർന്ന് വാപ്പിച്ചായെ വിളിച്ചപ്പോൾ വാപ്പി ഒന്നും പറഞ്ഞില്ല.. ഞാൻ ചോദിച്ചു "വാപ്പയ്ക്ക് സുഖമല്ലേ", അപ്പോൾ വാപ്പിച്ച പറഞ്ഞു -"ആഹ് ". ഒരു കുടുംബസുഹൃത് ഇങ്ങോട്ടു വിളിച്ചു എന്റെ കാര്യവിവരങ്ങൾ ചോദിച്ചു" മോനെ, നീ ക്ലാസ്സിൽ പോയോ" എന്നൊക്കെ.   

കുറെ നേരം കഴിഞ്ഞു നൗഷാദ് മാമ എന്നെ വിളിച്ച് പറഞ്ഞു." മോനെ ഡാ, നിന്നോട് എല്ലാവരും ഒളിപ്പിച്ചു വെച്ചേക്കുവാ, നമ്മുടെ വാപ്പ പോയടാ!, നിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതു കൊണ്ട് നിന്നെ ആർക്കും അറിയിക്കാൻ കഴിഞ്ഞില്ല. നിന്റെ ചെന്നൈ മെയിൽ കോട്ടയത്തു എത്തുന്നതിനു മുന്നേ തന്നെ വാപ്പ നമ്മളെ വിട്ടുപിരിഞ്ഞിട്ടുണ്ടായിരുന്നു " . ആ നശിച്ച ഫോൺ എടുത്തു ചുമരിലേക്കെറിഞ്ഞു ഞാൻ ആ ഹോസ്റ്റൽ മുഴുവൻ കേൾക്കുന്ന മാതിരി കൂവി കരഞ്ഞു, "എന്റെ പൊന്നു വാപ്പാ!!" കരച്ചിൽ കേട്ട് ഓടി വന്ന നീരജ് സിങ്ങും വിഷ്ണു വാരിയരും കാര്യമറിഞ്ഞു, ചത്ത പോലെ ഇരുന്ന എന്നെ, മദ്രാസ് സെൻട്രലിൽ നിന്ന് ആലപ്പി എക്സ്പ്രസ്സിൽ  - കയറ്റിവിട്ടു. ജനറൽ കംപാർട്മെന്റിൽ ഉയരത്തിലുള്ള ലഗ്ഗേജ് കാരൃറിൽ കിടന്നു ട്രെയിൻ ഇറങ്ങുമ്പോൾ നൗഷാദ് മാമ സ്റ്റേഷനിൽ ഉണ്ടായിരുന്നു. 

കന്നേറ്റി പാലം കഴിഞ്ഞു താഴോട്ടിറങ്ങി മാമ എന്നെ ഒരു കമ്പു നാട്ടിയ  കുറച്ചു നനഞ്ഞ മണ്ണിന്റെ മുന്നിൽ നിർത്തിയിട്ടു പറഞ്ഞു. "ഇപ്പോൾ വാപ്പ ഇവിടെയാണ്". ഒന്നും മിണ്ടാതെ സ്തബ്ധനായി നിൽക്കുന്ന എന്നെക്കൊണ്ടു  മാമ ഫാതിഹയും മൂന്ന് കുൽ -സൂറത്തും ഓതിപ്പിച്ച്  ദുആ ഇരന്നു  അമീൻ കൂറിപ്പിച്ചു. പിന്നെ  എന്നെ ചാരത്തേക്കണച്ച് വീട്ടിലെത്തിച്ചു. ഗൾഫിൽ  നിന്ന് ഓടി വന്ന ജബ്ബാർ കൊച്ചപ്പയ്ക്കും എന്നെപ്പോലെ വാപ്പയുടെ മയ്യത്ത് കാണാൻ പറ്റിയില്ല എന്ന് ഞാൻ കേട്ടു . ഇളയ അപ്പച്ചിമാർ വാപ്പയുടെ മരണം താങ്ങാൻ പറ്റാതെ ICUവിൽ നിന്ന നഴ്‌സിനോട് ദേഷ്യപ്പെട്ടു കയർത്തു എന്നും ഞാൻ കേട്ടു. 

സന്തൂക്ക്‌  ഉയർന്നു പോയ മൂത്താന്റെവിള വീട്ടിൽ സന്ദർശകർ നിറഞ്ഞതുകൊണ്ടോ  വാപ്പയോ  (വാപ്പയുടെ റൂഹോ )ഇല്ലാത്ത ആദ്യത്തെ ദിവസമായത് കൊണ്ടാണോ എന്നറിയില്ല. അവിടെ നിന്ന് ഞാൻ ഇറങ്ങി ഓടി ഡ്രൈവിംഗ് തീരെ പ്രാക്ടീസ് ഇല്ലാത്ത ഞാൻ വാപ്പിയുടെ ഐറ്റൺ എടുത്തോണ്ട് ഓടിക്കാനറിയാതെ കന്നേറ്റി പള്ളിയുടെ വാതിൽക്കൽ വരെ ഉരുട്ടി എത്തിച്ചു. അവിടെ വാപ്പയുടെ ഖബറിന്റെ  മേലുള്ള നനഞ്ഞ മണ്ണ് വാരിയടുത്ത ആകാശത്തേക്ക് നോക്കി റബ്ബിനോട് കേണു, "എന്റെ ജീവിതത്തിലെ ഒരു കാലഘട്ടവും  സന്തോഷങ്ങളും  എന്റെ വാപ്പയുടെ കൂടെ പോയല്ലൊ, അല്ലാഹുവെ". അത് സത്യമായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ വിജയങ്ങളും വാപ്പയുടെ ഉമ്മ കിട്ടാൻ വേണ്ടിയുള്ള കാരണങ്ങളായിരുന്നു" . 

വര്ഷങ്ങള്ക്കു ശേഷം ഉമ്മയുടെ മരണവാർത്ത എന്നെ വാപ്പിച്ച  വിളിച്ചു പറയുമ്പോഴും കോഴിക്കോട് നിന്ന് മൂത്താന്റെ വിളയിലേക്ക്  കൊടുവള്ളിയിലെ ജാഫറിക്ക ഓടിക്കുന്ന കാറിന്റെ  പുറകിൽ ഷീജ അപ്പച്ചി എന്നെ കെട്ടിപിടിച്ചുകൊണ്ടു  " നമ്മുടെ ഉമ്മ പോയല്ലോടാ   അൽത്താഫെ" എന്ന് പറഞ്ഞോണ്ട് വിതുമ്പിക്കരയുമ്പോളും  ഞാൻ കരഞ്ഞില്ല (ഇനി കരഞ്ഞിട്ടുണ്ടെങ്കിൽ അത് അഭിനയമായിരിക്കാം)..  വാപ്പയ്ക്കും ഉമ്മയ്ക്കും  വയസ്സാൻ കാലത്തുണ്ടായ  ഷീജാപ്പച്ചി ഈ ദുനിയാവിൽ തികഞ്ഞ യത്തീമായതിന്റെ വേദനയിൽ കരഞ്ഞു കരഞ്ഞു 350 കിലോമീറ്റർ താണ്ടുമ്പോഴും  വാപ്പയുടെപ്പോലെ ഉമ്മയുടെ മയ്യത്തും എനിക്ക് കാണാൻ കഴിഞ്ഞില്ലാലോ എന്ന് ഒരു വിഷമത്തോടെ മനസ്സിലാക്കുമ്പോഴും ഒന്നു കരയാൻ പോലും തോന്നാതെ ഞാൻ നിർവികാരനായി ഇരുന്നു. വാപ്പയുടെ മരണം ഭയന്നു വളർന്ന ഞാൻ ഉമ്മയുടെ മരണം വളരെ മുന്നേ തന്നെ മുൻകൂട്ടിക്കണ്ടു മനസ്സിൽ  സ്വീകരിച്ചു കഴിഞ്ഞിരുന്നു.

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ