വായു (അൽത്താഫ്)
പച്ചയും ചുവപ്പും കല്ലുകൾ കൊണ്ടുള്ള വല്യ മൂക്കുത്തിയും ആപ്പിൾകവിളുകളും ലളിതാ പദ്മിനി രാഗിണി- അക്കന്മാരെ (തിരുവതാംകൂർ സഹോദരിമാർ) ഓർമിപ്പിക്കുന്ന ആഢ്യ സൗന്ദര്യം ഒഴുകുന്ന അമ്മോയിയെ നോക്കി ഞാൻ ഒന്ന് ചിന്തിച്ചു, അതീവ സുന്ദരിയായ എന്റെ അമ്മോയി നഫീസാ ബീവി ഉമ്മാളിനെ എങ്ങനെ കറുത്ത് കുറിയ എന്റെ അത്തോയി ശാഹുൽ ഹമീദ് റാവുത്തറിന് കിട്ടി?. ഇതിന്റെ ഉത്തരം പിന്നെ മൂത്താന്റെ വിളയിലെ അപ്പച്ചിമാരുടെ അടുത്ത് നിന്ന് എനിക്ക് കിട്ടി. ഉമ്മിയുടെ കല്യാണം കഴിഞ്ഞും എന്നെയും അസ്സുവിനെയും കാണാനും കൈ നിറയെ കൈനീട്ടവും ഹൽവയും കൊണ്ട് വരുന്ന അത്തോയിയുടെ കിസ്സകൾ. വാണിയമ്പാടിയും മദ്രാസും വരെ പടർന്നു കിടക്കുന്ന തോൽവ്യാപാര ലോകത്തെ മിടുക്കനായ ബിസിനസ്കാരനായ ശാഹുൽ ഹമീദ് റാവുത്തർ മുസ്ലിം സ്ട്രീറ്റിലെ ഏറ്റവും സുന്ദരിയായ നഫീസ ബീവിയെ നിക്കാഹ് ചെയ്തു കൊട്ടാരക്കര നഗരമധ്യത്തിലെ മലമുകളിലെ തോൽക്കട വീട്ടിൽ ഒരു റാണിയായി വാഴ്ത്തി.
തോൽ-ഗോഡൗണിലെ ഉപ്പുതേക്കപ്പെടുന്ന ആട്ടിൻ -മാട്ടിൻ തോലുകളിൽ നിന്നും ഉപ്പിറങ്ങി തോൽകട പുളിവിള വീട്ടിലെ കിണറുകളെല്ലാം ഉപ്പെടുത്തപ്പോഴും അമ്മോയിയുടെ മധുരസൗന്ദര്യം കൂടിക്കൊണ്ടിരുന്നു. ഇത്ര ശോഭ പിന്നെ കണ്ടത് അമ്മോയിയുടെ (മൂത്ത മകൻ രായന്റെ അത്രെയും പ്രായമുള്ള) സ്വന്തം ഇളയ സഹോദരി സുബൈദാ ഉമ്മാമക്ക് മാത്രമായിരുന്നു. എന്റെ ഉമ്മി സുബൈദ ഉമ്മാമയെ ഓരോ തവണ കെട്ടി പുണരുമ്പോളും അമ്മോയിയെ തിരയുന്നുണ്ടായിരുന്നു.
കൊതിയൂറുന്ന നെയ്യ് മണക്കുന്ന ഉപ്പുമാവും ഇഞ്ചിയും കാരറ്റ് കഷണങ്ങളും തൂകിയ തുമ്പപൂ ഇഡ്ഡലിയും വറുത്തരച്ച അസാധ്യ നെയ്മീൻ കറിയും എനിക്ക് വാരി തരുമ്പോൾ അമ്മോയി MGR-ന്റെയും ജയലളിതയുടെയും കരുണാനിധിയുടെയും കഥകൾ വാതോരാതേ പറയുമായിരുന്നു. അത്തോയി പാടുന്ന "ഓടി വിളൈയാട് പാപ്പാ" ഓർക്കാറുണ്ടായിരുന്നു. പാണ്ടിനാട്ടിൽ നിന്ന് ആര്യങ്കാവു ചുരം താണ്ടി കേരം തിങ്ങിയ കൊല്ലം നാട്ടിൽ വ്യാപാരം ചെയ്യാൻ വന്നു കുടിയേറുമ്പോളും വണിക റാവുത്തർമാർക്കു ശരീരം ഇവിടെയും ഹൃദയം ചുരത്തിനപ്പുറത്തു തമിഴകത്തും ആയിരുന്നു. മക്കൾ രായനോടും അരുമ സുൽഫിക്കറിനോടും പേടിച്ചു പേടിച്ചു സംസാരിക്കുമ്പോളും തീരെ ലാളിക്കാത്ത ജൗഹറയയെയും ഫസീലയെയും നസീറയെയും ഫാസിയെയും ശകാരിക്കുമ്പോളും അമ്മോയ്ക്കു തമിഴ് വേണം.. പക്ഷെ എന്നോട് അച്ചടി മലയാളം മാത്രം. ഞാൻ മേത്തൻ ആയതു കൊണ്ടോ എന്തോ?
തിരുവനന്തപുരത്തെ ചെസ്ററ് ആശുപത്രിയിൽ പോയിട്ട് പ്ലാനറ്റോറിയത്തിൽ ഞങ്ങൾക്കൊപ്പം ആകാശവിസ്മയങ്ങൾ വീക്ഷിക്കുമ്പോൾ അമ്മോയി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. തന്നെ അകമഴിഞ്ഞ് സ്നേഹിച്ച അത്തോയി കിടന്നു മരിച്ച അതെ മുറിയിൽ അമ്മോയിയുടെ ഇൻഹലേഴ്‌സ് നിറഞ്ഞു . .അത്തോയി സമ്പാദിച്ചു കൂട്ടിയ കോടികൾ വിലമതിക്കുന്ന സ്വത്തുവകകൾ ഒന്നും അമ്മോയി ആ ഫെബ്രുവരി ഉച്ചക്ക് ശ്വാസം തേടുമ്പോൾ ഉപകരിച്ചില്ല.
എന്തൊക്കെയോ വിശേഷങ്ങൾ പറയാൻ അമ്മോയിയെ കാണാൻ വേണ്ടി ധൃതികൂട്ടി വന്ന ഉമ്മി തോൽക്കട താഴെ വീട്ടിൽ ടാർപോളിൻ കണ്ടപ്പോൾ അമ്പരന്നു. താഴോട്ട് നോക്കി നിൽക്കുന്ന വാപ്പിയെ കണ്ടു ഉമ്മി ആർത്തുകരഞ്ഞോണ്ട് ആ വീട്ടിലേക്കു ഓടികയറി . വെള്ളം നിറച്ച സ്റ്റീൽ പാത്രങ്ങളിൽ നാട്ടിയ തടി കട്ടിലിൽ ശ്വാസം നിലച്ച അമ്മോയിയുടെ ആ സുന്ദരവദനത്തിൽ ചേതനയും ഒരു നേരിയ ചിരിയും ഞാൻ അപ്പോഴും കണ്ടു. അമ്മോയിയെ ഏന്തി പോകുന്ന സന്തൂക്കിൽ എന്റെ തമിഴ് പാതിയും പോകുന്നുണ്ടായിരുന്നു.

Comments
Post a Comment