അഗ്നി (അൽത്താഫ്)





തന്റെ കുഞ്ഞുവായയിൽ ഈരേഴു പതിനാലുലോകം വാഴും മൂലരൂപത്തിൽ  ദർശനം കൊടുക്കുമ്പോൾ  കണ്ണൻ യശോദയെ വിളിച്ചു. "തായേ യശോദേ!"  കുരുക്ഷേത്ര യുദ്ധത്തിന് മുന്നോടിയായ് സ്വന്തത്തെ  തന്നെ കൗരവർക്കും പാണ്ഡവർക്കും പകുത്തു കൊടുത്ത, അസീമം എന്ന് വ്യാഖ്യാനിക്കപ്പെടാവുന്ന 16008 പേരെ വരിച്ച, സർവ്വലോകർക്കും സ്നേഹം പകർന്നു കൊടുത്തിട്ടും തന്റെ ഖജനാവിൽ പിന്നെയും സ്നേഹം ബാക്കി വെച്ച കണ്ണന് ദേവകിക്കും യശോദയ്ക്കും ഇടയിൽ വ്യത്യാസം ഇല്ലായിരുന്നു എന്നാണ്  ഐതീഹ്യം., ഇതെന്ത്,കൃഷ്ണവർണനയോ? ഇടയ്ക്കു കയറി പറഞ്ഞത് നന്നായി..കഥ ഒരു യശോദയെ പറ്റി ആണ്. 

ഗോകുലത്തിലെ യശോദയെപ്പോലെ അവന്റെ യശോദ അവരുടെ ചിന്തകളാൽ കടഞ്ഞ അഗ്നി അവന് പകർന്നു കൊടുത്തു. ഉലകമാകുന്ന സര്ക്കസ് കൂടാരത്തിൽ ഓടിത്തളർന്നു കുഴഞ്ഞു വീണ ആ  ദുര്ബലനെ അവന്റെ യശോദ തട്ടിയെഴുന്നേല്പിച്ചു പറഞ്ഞു-" മോനെ! നിനക്കെന്തൊക്കെ നേടാനിരിക്കുന്നു. ഞങ്ങളെല്ലാം ഇല്ലേ  നിനക്ക്" . ഒരു തവണയല്ല. എണ്ണമറ്റ പ്രാവശ്യം. പക്ഷെ പുതു സന്തോഷങ്ങളും  സ്വാർത്ഥതകളും വന്നപ്പോൾ  അവൻ അവരെ മറന്നു.. അവന്റെ ജീവിതത്തിൽ സങ്കീര്ണതകൾ തിരിച്ചു വരുമ്പോഴൊക്ക അവൻ യശോദാമ്മയുടെ  സ്നേഹത്തിനും പിന്തുണക്കും വേണ്ടി തിരിച്ചു ചെന്നു. അപ്പോഴും ദേവകി നന്ദനെ യശോദ കൈവിട്ടില്ല..

പ്രിയമുള്ളവരുടെ ഇടയിൽ സ്വതസിദ്ധമായ തുറന്നു പറച്ചിലുകൾക്കിടയിൽ ഒരിക്കലവർ ഒരു ആത്മഗതം പറഞ്ഞു. "നന്മ ചെയ്യുന്നവർ , അവർ ഇനി ആരായാലും, സ്വർഗ്ഗാവകാശികൾ ആകില്ലേ? " ആ പാവത്തിനെ ചിലർ  സർവ്വസമക്ഷം കൊത്തിപ്പറിക്കുമ്പോൾ അവൻ ബുദ്ധിപൂർവം മൗനം വരിച്ചു. ഇങ്ങനെ ഓരോ തുറന്നു പറച്ചിലുകൾക്കും ശേഷം 'തിരുത്തൽവാദി', 'നിഷേധി'  അതിനുമപ്പുറമുള്ള വിശേഷണങ്ങളും അവരുടെ മേൽ ചാർത്തപ്പെടുമ്പോളൊക്കെ അവൻ ചിലതൊക്കെ ഓർത്തെടുത്തു. ദുഃഖപർവങ്ങളിൽ തൂവെള്ള പ്രാർത്ഥനാകുപ്പായത്തിൽ  ഒതുക്കിവെച്ച ആ വട്ട മുഖത്തിൽ നിന്നും ആരും കാണാതെ ഒഴുകുന്ന കണ്ണീർചാലുകളും,  സന്തുഷ്ട നിമിഷങ്ങളിൽ സ്സ്തുതികളും,  പരമകാരുണ്യവാനിലേക്കു പ്രവഹിക്കുമ്പോൾ അവരുടെ ചാരത്തു കുഞ്ഞായ അവൻ  ഉണ്ടായിരുന്നു. . പ്രാർത്ഥനാമഗ്നയായ ആ മാതാവിന്റെ മടിയിൽ അവൻ  ദൈവചൈതന്യം തിരിച്ചറിഞ്ഞു. എത്ര ദൂരത്തു നിന്നായാലും നില്കാതെ വരുന്ന ഫോൺ വിളികളിൽ അവർ എന്നും പലരൂപത്തിൽ  ഒരേകാര്യം ആവർത്തിച്ചു, " മോനെ ഡാ, നമ്മൾക്ക് എപ്പോഴും  പടച്ചോൻ ഉണ്ടെടാ". വര്ഷങ്ങളോളം തുടർന്ന ആ തെറാപ്പി അവരുടെ പാതി ശ്രവണ ശക്തി കവർന്നു.  അവരുൾപ്പെടുന്ന കൂട്ടരെ വെറുക്കുന്നെന്നു പാടെ വിശ്വസിക്കപ്പെടുന്ന ദേശിയ കക്ഷിയുടെ ചിഹ്നത്തിൽ വോട്ടു ചെയ്തത്  എന്തിനാണു  എന്നു  ചോദിച്ചപ്പോൾ  അവർ പറഞ്ഞു, " അവരിലും നന്മയില്ലെ മോനെ, അവർക്കും നല്ലകാര്യങ്ങൾ  ചെയ്യാൻ മനസ്സ് ഉണ്ടായാലോ ".

ദൈവം തമ്പുരാന്റെ ഒരു ക്രൂര പരീക്ഷണത്തിന്  വിധിക്കപ്പെട്ടു  മനസ്സുലഞ്ഞ ഒരു പാവം പൊട്ടി പെണ്ണിന് ഐശ്വര്യലക്ഷ്മിയും വാഗ്‌സരസ്വതിയും സംഹാരദുർഗയും എല്ലാം ചേർന്ന അവന്റെ യശോദ ആശ്രയവും ആശ്വാസവും  ആയി മാറി.. കരിമ്പൻതല്ലിയ  ചൂരൽക്കസേരയിൽ ഇരുന്നു വരകളിലും വാക്കുകളിലും കാവ്യം സൃഷ്ടിക്കുമ്പോഴും താൻ ജന്മം നൽകിയ കുഞ്ഞു  ശ്യാമ-ശ്വേതവർണ്ണൻമ്മാരുടെ  മുഖങ്ങളിൽ കരിമഷി കൊണ്ട് ചിത്രകല ചെയ്യുമ്പോഴും അവരെ അവൻ കൗതുകത്തോടെ  വീക്ഷിച്ചു.. ചന്തമില്ലാതെ ജനിച്ച അവനു ചന്തം മനസ്സിനാണെന്നു എന്ന് ചന്തമേറിയ  യശോദാമ്മ പറഞ്ഞു കൊടുത്തു..

കുരുന്നുകൾക്കു  ജ്ഞാനദായിനിയാവുമ്പോഴും  ദോഷൈകദൃക്കുൾക്കും  അനീതികൾക്കും എതിരെ   രൗദ്രരൂപം ധരിക്കാൻ വിവശയാക്കപ്പെടുമ്പോഴും അവനെ പോലുള്ളവർക്ക് കനിവായി മാറുമ്പോഴും അവരുടെ മസ്തിഷ്കത്തിലെ നാഡീകോശങ്ങൾ ഉരസി സ്ഫുരണങ്ങൾ ഉണ്ടാവുന്നുന്നുണ്ടായിരുന്നു. അപ്രതീക്ഷമായി വരുന്ന മിന്നൽ പോലെ ആ സ്ഫുരണങ്ങൾ അവരെ കൃഷ്ണമണികൾ നിലച്ചു പോകുന്ന ചെറുമരണങ്ങളിലേക്കു കൊണ്ടുപോയി. അണഞ്ഞെന്നു തോന്നിപ്പിച്ചു പിന്നെ ആളി കത്തുന്ന തീക്കനലിനെ പോലെ അവർ അവന്റെ ജീവിത-ചക്രങ്ങളിലെ ശീതകാലങ്ങളിൽ    വിഷാദനാശിനിയായി അണയാതെ നിന്നു. 

തീ ഇല്ലാതെ  തിരിയുമില്ല. യശോദയില്ലാതെ കണ്ണനുമില്ല.

പിന്‍കുറിപ്പ്: കയ്യാലപ്പുറത്തെ  തേങ്ങയാകുമോ? 



Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ