ഉപകാരം (അൽത്താഫ് )
രാവിലെ ധൃതിയിൽ വണ്ടി ഓടിച്ചുക്കൊണ്ടിരുന്ന എന്റെ കണ്ണിൽ വഴിയരികിൽ ഒരു സാരി ഉടുത്തു മക്കനയിട്ട മധ്യവയസ്കയായ സ്ത്രീ കാണപ്പെട്ടു. ബസ് സ്റ്റോപ്പിൽ വിവശയായി അവർ കൈകൾ കാട്ടിയിട്ടും രണ്ടു ഓട്ടോകളെങ്കിലും നിർത്താതെ പോകുന്നത് ഞാൻ കണ്ടു. ഞാൻ വണ്ടി നിർത്തി. ആ ഇത്താത്ത പറഞ്ഞു "മോൻ എന്നെ ആ ടൗണിൽ ഇറക്കിയാൽ മതി". ഫോണിൽ ആരോ വിളിച്ചപ്പോൾ "ഞാൻ 5 മിനുട്ടിൽ അവിടെ എത്തും, ബേജാറാകേണ്ട" എന്ന് പറയുന്നത് കേട്ടു. ലക്ഷ്യസ്ഥാനത്തു എത്തിച്ചേർന്നപ്പോൾ ആ ഇത്താത്ത ഇറങ്ങിയ ഉടൻ എന്തോ പറയാൻ വേണ്ടി നിന്നു. "എന്താ ഇത്താത്ത?". എന്ന് ആരാഞ്ഞപ്പോൾ അവർ മനസ്സ് നിറഞ്ഞതു പോലെ ഉരുവിട്ടു
"മോനെ, അള്ളാഹു നിനക്ക് എല്ലാ ആയുരാരോഗ്യസൗഖ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ! മോന്റെ കുടുംബത്തിനും ജോലിയിലും പടച്ചോൻ സകലവിധ ആഫിയത്തും നൽകട്ടെ.! ദുന്യാവും ആഖിറവും നല്ലതാക്കട്ടെ!!
ഞാൻ തരിച്ചിരുന്നു പോയി. ചിരിക്കാൻ പോലും പറ്റാതെ കണ്ണുകൾ കൊണ്ട് അവർക്ക് നന്ദി പറഞ്ഞു.. അമീൻ പറഞ്ഞു തീരുന്നതിനുളിൽ ഞാൻ കരഞ്ഞു.. കുടുകുട കരഞ്ഞു. ആരും കാണാതെ. പ്രത്യേകിച്ച് ഒന്നും ചെയ്തു കൊടുക്കാതെ തന്നെ എന്നെ ദുആകളിൽ ഉൾപ്പെടുത്തിയ ആ ഇത്താത്തയുടെ പ്രാർത്ഥന എന്നെ ഒന്ന് ഉലച്ചു . ഇതേ വരെ ഒരുക്കലും കാണാത്ത ഇനി ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത വേറെ ഒരു ജില്ലയിലെ ഒരു ഗ്രാമത്തിലെ ആ ഇത്താത്തയുടെ ഹൃദയവിശാലത ആ പ്രാർത്ഥനയിൽ ഞാനറിഞ്ഞു.
വര്ഷങ്ങള്ക്കു മുന്നേ,ജബ്ബാർ കൊച്ചാപ്പയുടെ പുരവാസ്തോലി കഴിഞ്ഞിട്ടേ ഉള്ളായിരുന്നു . മൂത്താന്റെവിളയിലെ കൊച്ചാപ്പയുടെ പുതിയ വീട്ടിൽ പുതിയ ഫ്രിഡ്ജിൽ അയൽവാസി ഇത്താത്ത കൊണ്ട് വന്ന കുറെ ഭക്ഷണ പദാർത്ഥങ്ങൾ കയറ്റി വെക്കുന്ന സാജിദ കൊച്ചുമ്മയോടു ചെറിയ പയ്യനായിരുന്ന ഞാൻ ചൊദിച്ചു. "കൊച്ചുമ്മാ! കൊച്ചാപ്പ ഗൾഫിൽ നിന്ന് കൊണ്ട് വന്ന ഈ മുന്തിയ ഫ്രിഡ്ജിൽ എന്തിനാ ഇതൊക്കെ നിറച്ചുവെച്ചു കേടാക്കുന്നതു?". കൊച്ചുമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. " ഡേയ് അൽത്താഫേ, ഇതൊക്കെ ഒരു ചേതമില്ലാത്ത ഉപകാരം അല്ലെ"
അതെ,ചേതമില്ലാത്ത ഉപകാരം.
Comments
Post a Comment