നൂർ (അൽത്താഫ് )

പഠിക്കാൻ മിടുക്കിയും നല്ല രസത്തിൽ വർത്തമാനവും പറയുന്ന കൊച്ചക്കായെക്കാണിലും അധികം മിണ്ടാത്ത എന്നാൽ  ചോദിക്കുന്ന എന്തും ചെയ്തു തരുന്ന അണ്ണനെക്കാണിലും കുട്ടിക്കാലത്തു എന്റെ കണ്ണിൽ ഉടക്കുന്നതു അക്കയുടെ മുഖമായിരുന്നു,  എന്നെ സമ്മതിച്ചോളാം അക്കയുടെ മുഖത്തിൽ  ഒരു അപൂർവ നൂർ (പ്രകാശം) ഉണ്ടായിരുന്നു. ദൂരെ നിന്നു എന്നെ നോക്കി ചിരിച്ചു കുശലാന്വേഷണം പറയുന്ന അക്കയെ മറ്റു രണ്ടുപേരടത്രെയും അടുത്തറിഞ്ഞിട്ടില്ല.  അതീവ മിടുക്കിയും അടുക്കും ചിട്ടയോടും ടൈം ടേബിൾ ഒക്കെ ഉണ്ടാക്കി പഠിക്കുന്ന കൊച്ചക്ക എനിക്ക്  പഠിക്കാൻ നല്ല പ്രചോദനം തന്നിരുന്നു. എന്നെ കുട്ടിക്കാലത്തു മത്സരങ്ങൾക്കൊക്കെ കൊണ്ടുപോകുന്ന അണ്ണൻ ഒരു കവിയും സാഹിത്യകാരനുമാണെന്ന് അന്ന് തന്നെ ഞാൻ  മനസ്സിലാക്കി . കൊട്ടാരക്കരയിൽ എത്തിയാലുടൻ മൂത്തുമ്മ ഓരോ മണിക്കൂറും ഞങ്ങളെ സ്നേഹത്തോടെ ഊട്ടുന്ന ദോശയും ഇഡ്ഡലിയും അസാധ്യ സാമ്പാറും ചമ്മന്തിയും നെയ് പോലെ ഉരുകുന്ന മഞ്ഞനിറത്തിലുള്ള മരച്ചീനി കുഴച്ചതും  വറുത്തരച്ച നെയ്‌മീൻ കറിയും  മൂത്തുമ്മായുടെ പ്രത്യേക ബിരിയാണികളും  മൂത്താപ്പ കാഞ്ഞിരോട്ട് കായലിൽ നിന്ന് കൊണ്ടുവരുന്ന കരിമീനും അണ്ണാച്ചിയുടെ കടയിൽ നിന്ന് കൊണ്ടുവരുന്ന ബൂന്ദിയും മിച്ചറും പോറ്റി ഹോട്ടലിലിൽ നിന്നുള്ള മസാലദോശയും   ഇടവിട്ട് ഇടവിട്ട്  കഴിച്ചു  എനിക്കും അസ്സുവിനും ഭക്ഷണമല്ലാതെ വേറെ ഒന്നും കാണാറില്ലായിരുന്നു. 

അടിയുറച്ച മാർക്സിസ്റ്റുകാരാണ് ആ വീട്ടിലുള്ളവർ. അഭിഭാഷകനും തീപ്പൊരി മാർക്സിസ്റ്റ്  നേതാവുമായ മജീദ് ചെച്ചയെ ശത്രുക്കൾ ഒളിഞ്ഞു വെട്ടി കൊലപ്പെടുത്തുമ്പോൾ ചെച്ചയുടെയും ഫാർസ ചിന്നമ്മായുടെയും മകളായ മിനിയക്ക കൈകുഞ്ഞു ആയിരുന്നു. . അതെ പാരമ്പര്യത്തിൽ വളർന്ന അക്കായ്ക്കു ഒരു വക്കീൽ ആകാന് ആഗ്രഹമുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അക്ക ഒരുപകാരം  ഇല്ലാത്ത പോളി ഡിപ്ലോമ എടുത്തു.  അക്കയ്ക്കു കല്യാണത്തിന് സമയമായപ്പോൾ വളരെ വ്യത്യസ്തമായ ഒരു ആലോചന വന്നു. ആലോചന വന്നത് കട്ടയിൽ എന്നറിയപ്പെടുന്ന  വിലയന്തൂർ നിന്ന്. മച്ചാൻ ജമാഅത്ത്-ഇ-ഇസ്ലാമി അനുഭാവമുള്ള ഒരാളായിരുന്നു. മച്ചാൻ സമ്മാനിച്ച "നബിവചനങ്ങളിന്റെ " കയ്യെഴുത്ത് പ്രതി  ഈയ്യടുത്തു വരെ മൂത്തന്റെ വിളയിലെ തറവാട്ട് വീട്ടിന്റെ സന്ദർശകമുറിയിൽ ഉണ്ടായിരുന്നു. മൂത്ത മൈനിയുടെ ആഡംബരകല്യാണത്തിനു ശേഷം നടന്ന അക്കയുടെ കല്യാണം ലളിതമായിരുന്നു. നിക്കാഹിനു ശേഷം ആരും കാണാതെ  സ്റ്റേജിൽ നിന്ന് മാറി മച്ചാൻ അക്കയെ താലികെട്ടി. മച്ചാൻ വന്നതിനു ശേഷം ആ വീട്ടിൽ കൂടുതൽ തഖ്‌വയും ആരാധനയും വന്നു ചേർന്നു. കൊച്ചക്കയ്‌ക്ക്‌  ഡിഗ്രി ആദ്യവർഷം തന്നെ മച്ചാൻ സ്റ്റെതെസ്കോപ്പ് കൊടുത്തപ്പോൾ ഞാൻ അവിടെ  ഉണ്ടായിരുന്നു. എനിക്ക് പത്താം ക്ലാസ് പരീക്ഷയിൽ കുഴപ്പമില്ലാത്ത മാർക്ക് കിട്ടിയപ്പോൾ മച്ചാൻ തോളിൽ തട്ടി അഭിനന്ദിച്ചു സിവിൽ സർവീസിൽ പോകാൻ പ്രേരിപ്പിച്ചു. പ്രവാസത്തിനു ശേഷം മലപ്പുറത്തെ ജില്ലാ ആശുപത്രിയിൽ  സർക്കാർ സർവീസിൽ തിരിച്ചു പ്രവേശിക്കാൻ വന്നപ്പോൾ അവർക്കു  രണ്ടാമത്തെ മോനുണ്ടായി കഴിഞ്ഞിരുന്നു. 

ഒരു തണുപ്പുള്ള രാത്രിയിൽ അന്ന് രാവിലെ ഉള്ള  പതിനൊന്നാം  ക്ലാസ് കെമിസ്ട്രി പരീക്ഷക്കായ് ഞാൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.  സമയം രണ്ടരയായപ്പോൾ ഒരു ലാൻഡ്‌ലൈൻ കാൾ കേട്ട് ഞാൻ ഞെട്ടി. എടുത്തപ്പോൾ അങ്ങേത്തലക്കൽ മൂത്താപ്പ. വാപ്പിക്കു ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ "നല്ല ഉറക്കത്തിലാണ് വാപ്പിച്ച" എന്ന് പറഞ്ഞ എന്നോട് "ഫോൺ കൊടുക്കാനല്ലേ ഞാൻ പറഞ്ഞതു" എന്ന് മൂത്താപ്പ ചൂടായി. പേടിച്ചു വാപ്പിച്ചയെ വിളിച്ചുണർത്തി ഫോൺ കൊടുത്തപ്പോൾ വാപ്പിച്ചയുടെ മുഖത്ത് ഒരു നടുക്കം വന്നത് പോലെ  എനിക്ക് തോന്നി. ഉമ്മി വിവരം കേട്ടിട്ട് ദീവാനിൽ കിടന്നു നെഞ്ചിടിച്ച് കരയുന്നതു ഞാൻ കണ്ടു.   രാവിലെ പരീക്ഷ ഉള്ള എന്നോട് വാപിച്ച രണ്ടു ജോഡി തുണികൾ എടുത്തുവെക്കാനും യാത്രക്ക് ഒരുങ്ങാനും പറഞ്ഞു. കൊട്ടാരക്കരയിൽ നിന്ന് വന്ന വണ്ടിയിൽ പുറകിൽ മൂത്ത മാമിയുമുണ്ടായിരുന്നു. തൃപ്പുണിത്തുറയിൽ നിർത്തി കൊച്ചക്കയെ കൂട്ടാൻ ചെന്നപ്പോൾ  കൊച്ചക്ക ചോദിച്ചു "ഇപ്പൊ അക്കായ്ക്കു വല്യ കുഴപ്പമൊന്നുമില്ലല്ലോ, ചെച്ചാ ". മലപ്പുറത്ത് എത്തിയപ്പോൾ കൊച്ചക്ക ആർത്തു കരഞ്ഞോണ്ട് അവിടെ മോഹാലസ്യപ്പെട്ടു കിടക്കുന്ന അക്കയെയും അക്കയുടെ അടുത്തു ഒന്നും അറിയാതെ കമഴ്ന്നു കളിക്കുന്ന ഇളയകുഞ്ഞിനെയും ചേർത്തു പിടിച്ചു . നാലു വയസ്സുകാരനായ മൂത്തവൻ അവിടെ നിന്ന് എന്തന്ന്  മനസ്സിലാകാതെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. കുഴഞ്ഞു വീണ അക്കയെയും മക്കളെയും കൊണ്ട് ഞങ്ങൾ തെക്കോട്ടു പോകുമ്പോൾ അക്ക ഒരിക്കൽ പോലും ജലപാനം പോലും നടത്തിയില്ല. ശീതികരിച്ച മൊബൈൽ മോർച്ചറിയിൽ  കൊണ്ടുവന്ന  തണുത്തുറച്ച മച്ചാന്റെ മയ്യത്തിന്റെ ഗ്ലാസ് കൂടിന്റെ മേലെ കണ്ടും നില്ക്കാൻ പോലും പറ്റാത്ത രീതിയിൽ കരയുന്ന മച്ചാൻറെ ഉമ്മയുടെ രോദനവും  ഒന്നവസാനമായിട്ടു മച്ചാനെ കാണിക്കാൻ കൊടുവന്നപ്പോൾ പിന്നെയും മോഹാലസ്യപ്പെട്ട വീണ അക്കയെയും ഞാൻ കണ്ടു. 

മൂന്നാം പാത്തിഹാ കഴിഞ്ഞു അക്ക വീട്ടിൽ തിരിച്ചുവന്നു. വീട്ടിൽ വിധവയായി തിരിച്ചു വന്ന തന്റെ സീമന്തപുത്രിയുടെ അരികിൽ മൂത്താപ്പ നിയന്ത്രണം വിട്ടു കരഞ്ഞു. ഞങ്ങൾക്ക് അത് താങ്ങാൻ പറ്റുന്നതല്ലായിരുന്നു. ഇദ്ദ തുടങ്ങിയത് മുതൽ ഞങ്ങൾ അക്കയെ കണ്ടില്ല. 128 ദിവസം കഴിഞ്ഞു ഞങ്ങൾ അക്കയെ കണ്ടപ്പോൾ അക്ക ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ BA ഹിസ്റ്ററി തുടങ്ങിയിരുന്നു. PSC തയ്യാറെടുപ്പുകളും. ഇളയ കുഞ്ഞിന്റെ നഖം മുറിച്ചുകൊണ്ടു പഠിച്ച കാര്യങ്ങൾ വാതോരാതെ  പറയുമ്പോഴും മൂത്തവന്റെ അത്തായെ പറ്റിയുള്ള ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്കു ഉത്തരം തരുമ്പോഴും അക്കയുടെ മുഖത്ത് ആ നൂർ ഞാൻ പിന്നെയും കണ്ടു. സ്ത്രീ പ്രകാശം പരത്തുന്ന ഒരു തീനാളമായി എനിക്കു തോന്നി. വനം വകുപ്പിൽ ജോലി വാങ്ങിച്ച അക്ക തന്റെ അസഹ്യമായ ആസ്ത്മ വകവെക്കാതെ കർമനിരതയായി ജോലി  നോക്കി.. മരണം അടുത്ത് വരുമ്പോൾ ഒരു റൂഹാനി കിളി നമുക്ക് ചുറ്റും പറക്കുമത്രെ, മരിക്കുന്നതിന് കുറച്ചു മാസങ്ങൾക്കു മുന്നേ തന്നെ മച്ചാൻ പള്ളിക്കാട്ടിനടുത്ത് തന്റെ കുടുംബത്തിനായിഒരു ഭൂമി വാങ്ങിച്ചിട്ടു .  അക്ക അവിടെ തങ്ങൾക്കായി ഒരു വീട് പണികഴിപ്പിച്ചു.  അക്കയുടെ മക്കൾ കോളേജിലും.. പടച്ചോന്റെ ദിവ്യമാം കാരുണ്യത്തിൽ ആ  വീട്ടിൽ ഇന്ന് സന്തോഷങ്ങൾ മാത്രം.

സംന്തോഷങ്ങളുടെ ഒരു കാലഘട്ടത്തിൽ നിന്ന് ദുരിതകയത്തിലോട്ട് തള്ളിവിടപ്പെട്ടപ്പോളും അവിടെ ഒരപൂർവ നൂർ പ്രഭചൊരിഞ്ഞു നിന്നു . തേജസ്വിയായ എന്റെ അക്കയുടെ മുഖത്തിൽ നിന്നോ ഞങ്ങൾക്ക് സംന്തോഷങ്ങളുടെ ഹ്രസ്വമെങ്കിളും ഒരു കൊച്ചു കാലഘട്ടം സമ്മാനിച്ച മച്ചാന്റെ ഓർമകളിൽ നിന്നോ.

പിന്കുറിപ്പ്‌: ഈ ദുരിതപർവ്വത്തിൽ  യാതൊരുത്തരത്തിലും അവർക്ക് ഉപകരിക്കാത്തവനായിരുന്നു ഈയുള്ളവനെന്നു വേദനയോടു എഴുതിച്ചേർക്കുന്നു. 


Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ