മന്ത്രം (അൽത്താഫ് )
വായനശാലയിൽ കണ്ടുമുട്ടിയത് മുതൽ പുസ്തകങ്ങൾ ചർച്ച ചെയ്യുന്ന കൂട്ടുകാരായി 'ഓനും' ഞാനും. ഒരിക്കൽ ഒരു യാത്രാമദ്ധ്യേ ഓൻ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. മനസ്സില്ലാ മനസ്സോടെ ഓന്റെ വീട്ടിന്റെ മുന്നിലെത്തിയ ഞാൻ ശങ്കിച്ച് നിന്നു. "ഞാൻ ചായയിട്ടിട്ടു വരാം" എന്ന് പറഞ്ഞു ഓൻ ഉള്ളോട്ടു പോയി. ഓൻ അറിയാതെ വാതിൽ ചാരിയിട്ടുണ്ടായിരുന്നു. വാതിൽ തള്ളിത്തുറന്നപ്പോൾ കാറ്റോ ശക്തമായ എന്തോ എന്നെ തള്ളി പോകുന്നത് പോലെ എനിക്ക് തോന്നി. ഇരുണ്ടു മൂടിയ ആ വീട്ടിൽ എനിക്ക് വല്ലാത്ത ഒരു ബർക്കത്തില്ലായ്മ തോന്നി. "ഇങ്ങള് കസാലയിൽ ഇരുന്നോളി, അവിടെ എന്തെകിലും വായിക്കാൻ ഉണ്ടാകും. ഞാൻ എന്തെകിലും കടി ഉണ്ടാക്കട്ടെ ". "വേണ്ട "എന്ന് പറയാൻ പോലും എന്റെ നാവുയർന്നില്ല. എനിക്ക് ശ്വാസം മുട്ടുന്നതായി തോന്നി തുടങ്ങി. അടുക്കളയിൽ നിന്ന് അവനെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..പൊറുതികേട് കൂടുന്നതിനാൽ എന്റെ മൂളലുകൾ കുറഞ്ഞു കൊണ്ടിരുന്നു. എനിക്ക് ആ അന്തരീക്ഷം അസഹ്യമായി മാറി കൊണ്ടിരുന്നു. അവസാനം ഞാൻ അവിടെ നിന്ന് ഇറങ്ങി ഓടി. എവിടേക്കെന്നറിയാതെ . പുറകിൽ ഓന്റെ "ഇക്കാ" വിളികൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു.. ഓടി ഓടി ഞാൻ ഒരു കലുങ്ക് വക്കിൽ ഇരുന്നു. ഏറനാടൻ കാറ്റ് വിയർത്തു കുളിച്ച എന്റെ നെറ്റിത്തടത്തിൽ വന്നടിക്കുമ്പോൾ വല്ലാത്ത ഒരാശ്വാസം എനിക്ക് തോന്നി. ഓൻ പിന്നെയും പിന്നെയും മൊബൈലിൽ വിളിക്കുന്നത് കണ്ടു അവസാനം "എനിക്ക് കലശലായ വയറ്റുനോക്കാണ്. ഞാൻ പിന്നെ വിളിക്കാം " എന്ന് കള്ളം പറഞ്ഞു,
പിന്നെ പലപ്പോഴായും ഓനെയും ഓന്റെ പെങ്ങന്മാരെയും ഞാൻ കണ്ടു. അവരുടെ കഥകൾ ഞാൻ പതിയെ അറിഞ്ഞു തുടങ്ങി. ഓന്റെ ഉപ്പാമ്മയ്ക്ക് ആകെ രണ്ടു ആൺമക്കൾ.. അതിൽ മൂത്തവനായ ഓന്റെ ഉപ്പാക്ക് താത്പര്യമില്ലാതെയാണ് ഓന്റെ ഉമ്മയെ നിക്കാഹ് ചെയ്യേണ്ടി വന്നത്. സാമ്പത്തികമായി പുറകിൽ നിൽക്കുന്ന കുടുംബത്തിൽ നിന്ന് വന്ന ഉമ്മയുടെ ജീവിതം ആ വീട്ടിൽ ദുസ്സഹമായിരുന്നു, നാല് വർഷങ്ങൾ മുന്നേ ഒരു ദിവസം മക്കൾ മൂന്നുപേരും ചെറുമക്കളോടൊപ്പം കൊലായിയിൽ ഇരിക്കുന്ന സമയത്തു ഒരു നിലവിളി കേട്ടു. ഓടിച്ചെല്ലുമ്പോൾ അവർ തങ്ങളുടെ മുന്നിൽ ഉമ്മയുടെ ചുറ്റിനും തീ പടരുന്നതായി കണ്ടു. അടുക്കളമുറ്റത്തെ മാഞ്ചോട്ടിൽ കരിയിലകൾ അടിച്ചു വാരി കത്തിക്കുകയായിരുന്നു ഓന്റെ ഉമ്മ. തങ്ങളുടെ പൊന്നുമ്മ കത്തുന്നത് കണ്ടു മൂന്നു മക്കളും അന്ധാളിച്ചു നിന്നു. എങ്ങനെയൊക്കെയോ അവർ ഉമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു.
പതിനേഴാം വയസ്സ് മുതൽ 31 വര്ഷം അവഗണനയും ഗാർഹിക പീഡനവും സഹിച്ച ഓന്റെ ഉമ്മ സ്വയം തിരഞ്ഞടുത്തതാണെന്ന് ആ മരണമെന്ന് പരക്കെ അഭ്യൂഹമുണ്ടായി. .മക്കളെ ഒരു നിലക്ക് എത്തിക്കാൻ വേണ്ടി അവർ കാത്തിരുന്നതുപോലെ. ഉമ്മ മരിച്ചു ദിവസങ്ങൾക്കകം തന്നെ ഓന്റെ ഉപ്പ പുതിയ കല്യാണം കഴിച്ചു. ഓന്റെ ഉപ്പയുടെ നിക്കാഹ് സംബന്ധിക്കാൻ ഓൻ പോയില്ല. ഉപ്പയുടെ നിക്കാഹ് ദിവസം ഓന്റെ ഉപ്പാമ്മ ഓനോട് വാതോരാതെ ഓന്റെ ഉമ്മയുടെ ഗുണഗണങ്ങൾ പറഞ്ഞു വാനോളം പുകഴ്ത്തി. 31 വര്ഷം കേൾക്കാത്ത ഗുണഗണങ്ങൾ.
വര്ഷങ്ങള്ക്കു ശേഷം എന്തോ നേടിയതിന്റെ സന്തോഷത്തിൽ ഞാൻ ഓനെ കെട്ടിപ്പിടിച്ചപ്പോൾ ഓൻ എന്നോട് ഒരു പ്രത്യേക അഭ്യർത്ഥന പറഞ്ഞു. "എന്റെ ചെവിയിൽ എന്തെങ്കിലും മന്ത്രിക്കുമോ?". ആദ്യം അമ്പരന്ന എനിക്ക് എന്ത് മന്ത്രിക്കണം എന്ന് ഒരുപിടിയും കിട്ടിയില്ല. അപ്പോൾ അവന്റെ പെങ്ങന്മാർ ഇടക്കെപ്പോഴാ ഓനെ വിളിക്കുന്ന ഒരു പേര് ഓര്മ വന്നു.. ഞാൻ ഓന്റെ ചെവിയിൽ മൂന്നു തവണ ദീർഘ നിശ്വാസത്തോടെ മന്ത്രിച്ചു , "കുഞ്ഞോനേ! കുഞ്ഞോനേ! കുഞ്ഞോനേ!" പൊടുന്നനെ എന്നിൽ നിന്ന് മാറി നിന്ന ഓൻ നിറഞ്ഞ കണ്ണുകളായി എന്നെ നോക്കുന്നുണ്ടായിരുന്നു.
വര്ഷങ്ങള്ക്കു മുന്നേ ആ മാഞ്ചോട്ടിൽ ഓന്റെ ഉമ്മ ഓനെ തന്റെ മടിയിൽ കിടത്തി മുടിയിഴകൾ കോതിമാറ്റി നെറ്റിയിൽ തടവി ഓന്റെ ചെവിയിൽ മന്ത്രിക്കുമായിരുന്നു "എന്റെ കുഞ്ഞോനേ! "
.png)
Comments
Post a Comment