അഭിശപ്തൻ

ഈ ഒരു കഥയിൽ അതിശയോക്തി ഉണ്ടോ എന്ന് തോന്നിയേക്കാം. പക്ഷെ ഇതിൽ   ആവോളം വേദനയും ദുഖവുമുണ്ടാവും. .

അനുഗ്രഹീതനായി ജനിച്ച പാറിപറക്കുന്ന ചിത്രശലഭത്തേപോലെയുള്ള  അവനു വർണാഭമായ ഒരു പൂന്തോട്ടത്തിലെ പോലെ  ഒഴുകിനടക്കാൻ പറ്റിയ  ഒത്തിരി നല്ലവരായ മനുഷ്യരുള്ള ഒരു ഗ്രാമമുണ്ടായിരുന്നു. പരുഷമെന്നു തോന്നുന്ന ഭാഷയിലായിരുന്നെങ്കിലും അവർ സ്നേഹവും കാരുണ്യവും നിറഞ്ഞവരായിരുന്നു. അവനെ അവർ സ്നേഹം കൊണ്ട് പൊതിഞ്ഞു. അവരവരുടെ കുടുംബങ്ങളിലെ അംഗം പോലെ അവനെ കൊണ്ടുനടന്നു. അവൻ പ്രാതലൊരിടത്തും ഊണൊരിടത്തും കഴിച്ചു.  മാവിലെറിയാൻ ശ്രമിച്ചു ക്രിക്കറ്റ് കളിയിൽ ബാറ്റു പിടിക്കാനറിയാതെ ആണെങ്കിലും ഉത്സാഹിച്ചു കളിച്ചു പട്ടിയേറെറിഞ്ഞും  കെട്ടുവള്ളങ്ങളിലെ സായിപ്പുമാരെയും മദാമ്മമാരെയും ടാറ്റ കാണിച്ചും ഉടുക്കാനറിയാത്ത മുണ്ടും ചുരുട്ടിപ്പിടിച്ചു പള്ളിയിലേക്ക് നിസ്കരിക്കരിക്കാനോടിയും ഓണത്തിന്  ബൺ-കടി മത്സരത്തിലും  വെള്ളംകുടി മത്സരാത്തിലും  തോറ്റും കാവിലെ  അമ്പലത്തിലെ ഉത്സവത്തിനു നൃത്തം ചവുട്ടിയും കവലയിൽ പ്രസംഗിച്ചും കുളത്തിലും കായലിലും നീന്താൻ പേടിച്ച് പരാജയപ്പെട്ടും   കല്യാണങ്ങൾക്കും പുരാവസ്‌തോലികൾക്കും ആണ്ടുകൾക്കും ഭക്ഷണം വിളമ്പിയും അവൻ പാറിപ്പറന്നു നടന്നു.

പക്ഷെ ജീവിതം എന്ന അവനറിയാ  പരീക്ഷയിൽ  ജയിക്കാനായി മികച്ചതെന്തോ വാഗ്ദാനം ചെയ്തു അവനെ ഒരു കൂട്ടിലടച്ചു. ചുറ്റിനും അപരിചിതരെ കണ്ടു അവൻ അമ്പരന്നു. അളവറ്റ സ്നേഹത്തിന്റെ വാതായനങ്ങൾ അടഞ്ഞുപോകുന്നത് കണ്ടു അവൻ ഭയന്നു. ആ ജയിലിലെ ഉണക്കചപ്പാത്തിയും കഴിച്ചു അവനു നേരത്തെ കിട്ടിക്കൊണ്ടിരുന്ന വിഭവസമൃദ്ധമായ സ്നേഹസദ്യയോർത്ത് അവൻ വിതുമ്പി. ഏകാന്തത അവനെ കാർന്നു തിന്നു തുടങ്ങിയിരുന്നു. പുസ്തകങ്ങളെ മാത്രം സ്നേഹിക്കാൻ വിധിക്കപ്പെട്ട അവൻ അതിലേക്കൊതുങ്ങി. മനുഷ്യരെയും സ്നേഹസ്പര്ശങ്ങളെയും അവൻ  കൊതിച്ചു. അവൻ ആ ചെറു നഗരത്തിലെ ആ ജയിലറയിൽ ഇരുന്നു "ചുറ്റിനുമു ള്ളവർ ഇത്ര സന്തുഷ്ടരായതെങ്ങനെ" എന്ന് അത്ഭുതപെട്ടു. പുസ്തകങ്ങളിലും പഠനമത്സരങ്ങളിലും മാത്രം ഒതുങ്ങിയ വല്യ പ്രാസംഗികനും നേതാവുമെന്നൊക്കെ സ്വയം കരുതിയ അവൻ പന്ത് കളിക്കുന്ന, അടിയിടുന്ന,  ബൈക്കിൽ ചീറിപ്പായുന്ന, ഡാൻസിനും പാട്ടിനും സമയം കണ്ടെത്തുന്ന സമപ്രായക്കാരെ കാണുമ്പോൾ  അവൻ സ്വയം മിടുക്കനാണെന്നു തന്നെത്താൻ പറഞ്ഞു ആശ്വസിച്ചു  അവനു  അവരോടു അൽപാൽപം അസൂയ തോന്നി തുടങ്ങിക്കഴിഞ്ഞിരുന്നു. അവനു എന്തോ നഷ്ടപ്പെടുന്നതായി തോന്നി തുടങ്ങി അവൻ കൂട്ടുകാരുണ്ടാവണം എന്ന് കൊതിച്ചു   പക്ഷെ അവൻ കണ്ടത്തിയ കൂട്ടുകാർ  പരീക്ഷയിൽ പ്രതീക്ഷിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും  മാത്രം സംസാരിക്കുന്നവർ മാത്രമായിരുന്നു. അവൻ റാങ്ക് എന്ന ഫിനിഷിങ് പോയിന്റ് ഉന്നം വെച്ചു നല്ല പന്തയക്കുതിരയായി ഓടി തുടങ്ങി. അവനു മൽസരങ്ങൾ  ഹരമായി തുടങ്ങി. അതിനായി അവൻ അധ്യാപകരുടെ അരുമശിഷ്യനായി മാറിത്തുടങ്ങി. പന്തയക്കുതിരയ്ക്കു അവന്റെ യജമാനരോടും പരിശീലകരോടും മാത്രമല്ലെ സ്നേഹം പാടൂ. അങ്ങനെ ആ പന്തയക്കുതിര ഓടിയോടി. എല്ലാവരും സന്തുഷ്ടർ.  .

അങ്ങനെ  അവന്റെ പതിനഞ്ചാം വയസ്സിൽ അവനു  അറിയാതെ ഒരു പരീക്ഷയിൽ നൂറു മാർക്ക്  നഷ്ടപ്പെട്ടു.   വല്ലാതെ തകർന്നു നിൽക്കുമ്പോളാണ്  ആ വിരൂപനായ ക്ഷണിക്കാത്ത അതിഥി  അവനെ ആദ്യമായി കാണാൻ  വരുന്നത്. ഉത്സാഹിയായ അവൻ പെട്ടെന്ന് ക്ഷീണിതനായി. ഭക്ഷണത്തിലോ പഠിത്തത്തിലോ തീരെ  താത്പര്യമില്ലാതെ വെറുതെ മയങ്ങി മയങ്ങി കിടന്നു. മിക്കവാറും ഉറങ്ങും അല്ലേൽ അലസമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. എഴുതാൻ ഒരു പരീക്ഷ കൂടി ഉണ്ടായിരുന്ന അവനിൽ നിന്ന്  ആ അതിഥിയെ താത്കാലികമായി പുറം തെള്ളിയത്  അവനോടു പ്രത്യേക സ്നേഹം ഉണ്ടായിരുന്ന ഒരച്ഛൻപെങ്ങളാണ്.

പിന്നെയും ഉൽസാഹപാരമ്യത്തിലെത്തിയ അവനെ രണ്ടു വര്ഷങ്ങള്ക്കു ശേഷം അതേ അതിഥി കൂടുതൽ നാൾ കാണാനായി വന്നു. ഒരു വർഷക്കാലത്തേക്ക് ആ അതിഥി അവനിൽ നിന്ന്  ഇറങ്ങാൻ ഉദ്ദേശമില്ലാതെ കയറിയിരുന്നു. എല്ലാത്തിലും നിന്നും അവൻ ഉൾവലിഞ്ഞു. അവന്റെ പുസ്തകങ്ങൾ അവനു അപരിചിതരായി. എന്നാൽ പിന്നെയും ഉത്സാഹിയായി അവൻ പഠിച്ചു തുടങ്ങിയപ്പോൾ അവനു നേരത്തെ ബോർ അടിച്ചതായിരുന്നു എന്ന് മറ്റുള്ളവർ കണക്കാക്കി.   എന്നാൽ അവന്റെ ജീവിതയാത്രയുടെ ദിശ തീരുമാനിക്കേണ്ട പരീക്ഷകളിലെല്ലാം അവൻ പിന്നിലായി, ഒരു മഹാനഗരത്തിൽ  പഠിക്കാൻ പോയ അവൻ ആ നഗരത്തിലെ  സബര്ബൻ ട്രെയിനുകളിലെ സാധാരണക്കാരെ വീക്ഷിച്ചും കണ്ണിമാറ ലൈബ്രറിയുടെ അകങ്ങളിൽ പുസ്തകങ്ങളിൽ  അമർന്നും തികഞ്ഞ യാഥാസ്ഥികനായ അവൻ അവന്റെ ചുറ്റിലുമുള്ള അവനെ ഉപദ്രവിക്കുന്ന ചില മനുഷ്യരിൽ നിന്നും  അവനു  ഇഷ്ടപ്പെടാത്ത സാഹചര്യത്തിൽ നിന്നും   രക്ഷപ്പെട്ടു. അവനെന്നും ഒളിച്ചോടാനായിരുന്നു ഇഷ്ടം .

എന്നാൽ അവൻ അവനു മികച്ച പഠനസാഹചര്യങ്ങളൊരുക്കുന്ന ഒരു പുതിയ മികച്ച കലാലയത്തിൽ  പ്രവേശനം നേടി വളരെ ശക്തമായി  തിരിച്ചുവന്നു. പിന്നെയും പുത്തൻ ഉത്സാഹത്തിൽ പഠിച്ചുതുടങ്ങിയ അവൻ ഒന്ന് നിവർന്നു  ഉയർന്നുവന്നപ്പോഴത്തേക്കും പഴയ അതിഥി ആ വില്ലൻ-ചിരിയോടെ അവന്റെ ഉള്ളിലേക്ക് പ്രതികാരബുദ്ധിയോടെ വന്നു ചേർന്നു. ഇത്തവണ അതിഥി അവനെ പൂർണ്ണമായി കിടത്തി.  ശരവേഗത്തിൽ തൊടുത്തുവിടുന്ന സംശയചോദ്യങ്ങൾ നിറയ്ക്കുന്ന അവനെ ക്ലാസ്സിൽ  കാണാതായി. കൂട്ടുകാരില്ലാത്ത മത്സരക്കുതിരയായ അവനെ ആരും അന്വേഷിച്ചില്ല. എല്ലാ ചോദ്യത്തിനുമുത്തരം പറയാൻ ശ്രമിക്കുന്ന അമിതോത്സാഹിയായ, കോളേജിലെത്തിയിട്ടു പോലും അധ്യാപകരുടെ അരുമയാകാൻ നോക്കുന്ന അവനെ ആർക്കും ഇഷ്ടമല്ലായിരുന്നു. അവൻ  ഹോസ്റ്റലിൽ ഒഴിഞ്ഞ റൂമുകളിലും ടെറസിലും   ഒളിച്ചു തുടങ്ങി. അവനു പരിചിതരെ കാണുന്നത് എന്തോ അലര്ജി പോലെ ആയി. അവൻ  അവന്റെ അതിഥിയുടെ കാണിച്ചുകൂട്ടലുകളുമൊന്നും മനസ്സിലാകാതെ അവനറിയാവുന്ന കതകുകളെല്ലാം മുട്ടി.ആർക്കും  ഉത്തരവും  ഉപായവുമില്ലായിരുന്നു. അവൻ തീരുമാനിച്ചു.  അവനറിയാവുന്ന ഉത്തരം കണ്ടെത്തി. ഏഴുനിലകളുള്ള തീപ്പട്ടി കൂടു പോലത്തെ  അപാർട്മെന്റ് ഹോസ്റ്റലുകളുടെ മുകളിൽ പോയി നിന്നപ്പോൾ അവനു  ആ ഉയരങ്ങൾ ഭയപ്പെടുത്തുന്നതായി തോന്നി. സ്നേഹത്തിന്റെ വാതായനങ്ങൾ തേടിയ അവൻ ഹതാശനായി ഏകാന്തതയിലേക്കു ഉൾവലിഞ്ഞു.  

ഒരു വല്യ പരീക്ഷയുടെ തലേന്ന് അവൻ മൂന്നു കടലുകൾ ചേരുന്ന മുനമ്പ് നഗരത്തിലേക്കു ഉദ്ദേശിച്ചു ടിക്കറ്റ് എടുത്തു. തെക്കൻ ട്രെയിനുകൾ തുടങ്ങുന്ന ആ മഹാനഗരത്തിന്റെ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുമ്പോൾ മനസ്സ് തളർന്ന അവനു ട്രെയിൻ മാറിപോയിരുന്നു. ജനറൽ കംപാർട്മെന്റിന് അരികിൽ ഇരിക്കുന്ന ഒരാൾക്കു വിക്രതമായി താടിവെച്ച കുഞ്ഞു മുഖമുള്ള മലയാളച്ചുവയിലെ  ഇംഗ്ലീഷ് കലർന്ന തമിഴ് പറയുന്ന അവനെ കണ്ടപ്പോൾ ചെറുതായി സംശയം തോന്നി. എവിടേക്കാണ് നിന്റെ യാത്രയെന്ന ചോദ്യത്തിന് അവനു ആദ്യം ഉത്തരമില്ലായിരുന്നു. . കുട്ടിക്കാലത്തു വിവേകാനന്ദപുരത്തും വിവേകാനന്ദപാറയിലും ശാന്തി കിട്ടാൻ വരുന്ന വിദേശിയരെ കണ്ടിട്ടുള്ള അവൻ  ആ മുനമ്പുനഗരത്തിന്റെ പേരാണ് പറഞ്ഞത്. അപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ കഥ പറഞ്ഞു. ജനിച്ചതു മുതൽ  15 വയസ്സ് വരെ സംസാരശേഷിയില്ലായിരുന്ന ദരിദ്രകുടുബത്തിൽ നിന്നുള്ള അദ്ദേഹം സ്വപ്രയത്നത്തിൽ വൈകല്യത്തിനോട് പോരടിച്ചു സംസാരിക്കാൻ  കഴിവ് നേടി അവൻ അപ്പോൾ  പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് പഠിച്ച് മികച്ച ഒരു എന്റർപ്രെനുർ ആയ കഥ. അപ്പോഴാണ് അവനു  ആ വെള്ളിടി കൊണ്ടത്.  അദ്ദേഹത്തിനോട് നന്ദി പോലും പറയാതെ  ഒരു സ്റ്റേഷനിൽ  ഇറങ്ങി. അവിടെ വെച്ച് ഒരു ഉത്തരേന്ത്യൻ റെയിൽവേ പോലീസുകാരൻ ഐ ഡി കാർഡ് ചോദിച്ചു. പേര് കണ്ടു താടിയും കണ്ടു അവനെ  പോലീസ് ഓഫീസിൽ കൊണ്ടുപോയി കുറെ ചോദ്യം ചോദിച്ചു. സൂപ്പര്ഫാസ്റ് ട്രെയിനിൽ എന്തിനാ കയറിയത് എന്നും ചോദിച്ചു. അവന്റെ ചേർച്ചയില്ലാത്ത ഉത്തരങ്ങൾ കേട്ടും ഇന്റെർരോഗഷൻ മോഡിലോട്ട്  പോയി. ഒന്നും വ്യക്തമായി പറയാൻ പറ്റാതെ അവൻ അവന്റെ ഇൻസ്റ്റിറ്റ്യൂട്ട്  ഐ ഡി കാർഡ് കാണിച്ചു. അത് കണ്ടപ്പോൾ  അയാൾ അല്പം അയഞ്ഞു. പക്ഷെ അവന്റെ കയ്യിലുള്ള ഏതാണ്ടെല്ലാ  പൈസയും സൂപ്പര്ഫാസ്റ് വണ്ടിയിൽ മാറി കയറിയതിനുള്ള  ഫൈനായി അയാൾ വാങ്ങിച്ചു. തിരിച്ചു മഹാനഗരത്തിലേക്കു രാവിലെ വരെ  ഒരു ട്രെയിൻ പോലുമില്ലാത്ത കാരണം അവൻ ബസ് സ്റ്റാൻഡിലൊട്ടു നടന്നു. ഗ്രാമീണ തൊഴിലാളികളെ നിറച്ച് മഹാനഗരത്തിലേക്കു പോകുന്ന പ്രൈവറ്റ് മിനിബസിൽ ഇടിച്ചു കുത്തി മഹാനഗരത്തിന്റെ മൊഫ്യൂസിൽ സ്റ്റാൻഡിൽ എത്തിയപ്പോൾ അവസാനത്തെ ബസിനുള്ള ടിക്കറ്റിന്റെ പൈസ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു ഒരു ചേച്ചി നടത്തുന്ന ഇഡ്ഡലി കട നോക്കി ഉമിനീരിറക്കി അവൻ ജീവിതത്തിൽ ആദ്യമായി സർക്കാർ പൈപ്പിലെ വെള്ളം ആവുന്നോളം കോരികുടിച്ചു. തിരിച്ചു രാവിലെ പരീക്ഷ ഹാളിനു പുറത്തു സഹപാഠികൾ ചോദിച്ചു, " നീ എവിടെ ആയിരുന്നു".

അവന്റെ അതിഥി പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ ഓരോ തവണയും അവന്റെ ജീവിതം താറുമാറായിക്കൊണ്ടിരിന്നു.  നിരീക്കാത്ത നിമിഷം   അവനെ കാണാൻ വരുന്ന അതിഥിയെ കൊണ്ട്  പൊറുതിമുട്ടി അവസാനം അവർ  അവസാനത്തെ ഉപായം തേടി. അതിനുള്ളിൽ തന്നെ അവനെല്ലാം നഷ്ടപ്പെട്ടിരുന്നു. അതിഥിയെ അവനിൽ നിന്ന് അകറ്റാൻ പരിഹാരം കണ്ടെത്തതാണ് വന്ന ദൈവദൂതൻ  പലകളറുകളിലുള്ള വൃത്തകണികകൾ നിറഞ്ഞ ഒരു കുഞ്ഞിപ്പെട്ടി കൊടുത്തു. അതിന്റെ കളർ വൈവിധ്യം  കൂടിയും കുറഞ്ഞും കൊണ്ടിരിക്കുമ്പോൾ അവൻ ഗാഡനിദ്രയിലേക്കു ആണ്ടു കഴിഞ്ഞിരുന്നു. നീണ്ട ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ അവനു പഴയപ്പോലെയൊക്കെ ചെറുതായി തോന്നി തുടങ്ങി. ഉറങ്ങിപ്പോയ രണ്ടാഴ്ച്ച കഴിഞ്ഞു കണ്ണാടിയിൽ നോക്കിയ അവൻ ശരിക്കും ഞെട്ടി പോയി. നല്ല മെലിഞ്ഞു സുന്ദരനെന്നു സ്വയം വിശ്വസിച്ചിരുന്ന അവൻ അവനു പോലും തിരിച്ചറിയാൻ പറ്റാതെ നല്ല തടിച്ചു വീർത്തിരുന്നു. ആ  കണ്ണാടി പൊട്ടിക്കണം എന്ന് വരെ തോന്നി അവനു. അവൻ പൊട്ടിക്കരഞ്ഞു. അതൊരു തുടക്കം മാത്രമായിരുന്നു. 

ലഘുവിരാമമെടുത്തുവന്ന  ലോകത്തിലേക്ക് തിരിച്ചുപോയ അവൻ എല്ലാം തിരിച്ചു പിടിക്കണം എന്ന തീരുമാനത്തിലാണ് പോയതെങ്കിലും അവനു ഒന്നും എളുപ്പമല്ലായിരുന്നു. വല്യ വല്യ കാര്യങ്ങൾ പറയുന്ന  എല്ലാവരും അവനെ അവജ്ഞയോടെ നോക്കി. അവനു അപ്പോൾ തീരെ കൂട്ടുകാർ  ഇല്ലാതായി. ജാതിഭ്രഷ്ട് , അധഃകൃതൻ എന്നതെല്ലാം എന്താണെന്നു അവൻ അപ്പോൾ സ്വജീവിതത്തിൽ തന്നെ അനുഭവിച്ചറിഞ്ഞു. തടിച്ചു വീർത്തു ആകാരരൂപം നഷ്ടപെട്ട അവനെ നോക്കി അന്ന് വരെ ചിരിച്ച മുഖങ്ങൾ മാറിപ്പോയി തുടങ്ങി.  ലൈബ്രറിയുടെ ഒഴിഞ്ഞ കോണിലും തൊഴിലാളികളുടെ കാന്റീൻ ടേബിളുകളിലും ഒളിഞ്ഞു മാറി ഇരുന്ന അവൻ   ഒരു ബാച്ചിലും ഗ്രൂപ്പിലും ആഘോഷത്തിലും പെടാതെ  നിഴലിനെ തോഴനാക്കി. ആശ്വാസവിളികളോ സ്നേഹാന്വേഷണങ്ങളോ അവനെ തേടിയെത്തിയില്ല. അവന്റെ സ്ഥിരതയില്ലായ്മ കാരണം പറഞ്ഞു സഹപാഠികളും അധ്യാപകരും അവനെ എല്ലാത്തിൽ നിന്നും ഒഴിവാക്കി. ആർക്കും വേണ്ടാത്തവനായി മാറിയ അനുഗ്രഹീതൻ അങ്ങനെ സെർട്ടിഫൈഡ് അഭിശപ്തനായി. അവൻ ഏറ്റവും സ്നേഹിച്ച ഗുരുക്കന്മാർ പോലും അവനെ ഒഴിവാക്കി തുടങ്ങി. സെക്യൂരിറ്റി ചേട്ടന്മാരും മെസ്സിലെയും ഓഫീസുകളിലെയും  ചേച്ചിമാരും  അവനെ പോലെ ആർക്കും വേണ്ടാത്ത പാവം  മനുഷ്യരും അവനെ കൂടെ കൂട്ടി.

എന്നാൽ അവൻ പൊരുതി തനിക്കു നഷ്ടപ്പെട്ട പലതും നേടി.  ഏതു നിമിഷവും തന്റെ കണ്മുന്നിൽ ആ വെറുക്കപ്പെട്ട അതിഥി ക്ഷണിക്കാതെ വന്നുകയറും എന്നുള്ള ഭയം അവന്റെ മനസ്സിൽ ആഴത്തിൽ ഇറങ്ങി. ഉയർന്ന സ്ഥാനമാനങ്ങളും വിദേശപഠനസ്വപ്നങ്ങളും അവന്റെ കയ്യെത്താത്ത വെറും കിനാക്കൾ മാത്രം  ആണെന്ന് അവൻ മനസിലാക്കി.  അവന്റെ ആഗ്രഹം  നിലനിൽപ്പ്  മാത്രമായി. അടുത്ത ദിവസത്തെ പ്രഭാതം കണ്ണുതുറന്നു കാണാൻ പറ്റുമെന്നതും ഒന്നെഴുന്നേറ്റു നിന്ന് ഒരു ദിവസം ജീവിച്ചു തീർക്കണം എന്നുമുള്ള  വല്യസ്വപ്നം.  ഒത്തിരി കുറ്റങ്ങളും കുറവുകളും ഒന്ന് കേൾക്കാതെ ഓരോ ദിവസവും  കഴിഞ്ഞു പോകണം  എന്ന അതിമോഹം. "അനുഗ്രഹീത"നായ അവന്റെ വാതിൽക്കൽ ആ അതിഥി എന്നും എപ്പോഴും ഒരവസരം ഇടിച്ചുകയറാനായി കാത്തു നില്കുന്നത് കൊണ്ട് അവനു ഓരോ നല്ലദിവസവും ഈശ്വരകടാക്ഷമായിരുന്നു. മരണാനന്തരം നിദ്രയാണെങ്കിൽ ഈ അതിഥി അവനെ അതിനായി പലവട്ടം പരിശീലിപ്പിച്ചു കഴിഞ്ഞിരുന്നു. 

 ഈ നിമിഷവും ആ അതിഥിയുടെ കാലൊച്ചകൾ  "അനുഗ്രഹീത"നായ അഭിശപ്തൻ  പേടിയോടെ കാതോർത്തിരിക്കുന്നു.  


Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ