സർബത്ത് (അൽത്താഫ് )

 

മണക്കൽ തൈക്കാവ് പള്ളിയിലെ പുല്ലിന്റെ പായയിൽ ളുഹറിനും അസറിനും നെറ്റിത്തടം ഉരച്ചുരച്ചു തഴമ്പുണ്ടാക്കാനുള്ള തത്രപ്പാടിൽ ഓടുന്നയിടയിൽ കായൽക്കരയിൽ നിന്ന് ഒരു വിളിവരും ,"ഡാ മോനേ!, ഷാജിയുടെ മോനേ ". ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഒരു പോളിയെസ്റ്റർ സാരിയുടുത്തു തലയിൽ ഒരു ഓയിൽ കവിണിയുമിട്ടു സൈനാപ്പച്ചി ചിരിക്കുന്നുണ്ടാകും. വികലാംഗാനായ മുസ്‍ലിയാരായ ഭർത്താവിനോടൊപ്പം നടത്തുന്ന   മണക്കൽ കടവിലെ മുറുക്കാൻ കടയുടെ മുന്നിൽ നിന്ന് എന്നെ കൈകൾ നീട്ടി വിളിക്കുന്നുണ്ടാവും. അപ്പോൾ , "എന്താ അപ്പച്ചി" എന്ന് വിളിച്ചു ഞാൻ ചെല്ലമ്പോഴേക്ക്  നല്ല പുറംപണിയെടുത്തു തഴമ്പിച്ച കൈ കൊണ്ട് എനിക്ക് ഒരു  ചെറുനാരങ്ങാ പിഴിഞ്ഞ് അതിൽ നല്ല നാടൻ നറുനീണ്ടി സർബത് ചേർത്ത് വീട്ടിൽ നിന്ന്  മൺകലത്തിൽ കൊണ്ടുവന്ന  ഓരുവെള്ളം കലരാത്ത തണുത്ത വെള്ളം കലക്കി തരുന്ന സർബത് ആവോളം രസിച്ചു കുടിച്ചു വേലിയിൽ അയ്യത്തിലോട്ടു ഓടാനൊരുങ്ങുമ്പോളെക്ക് സൈനാപ്പച്ചി എന്നെ വാരിപുണർന്നു തലയിൽ മുത്തം തന്നിട്ടുണ്ടാവും. വാപ്പിയുടെ മൂത്താപ്പയുടെ മകളായിരുന്നു സൈനാപ്പച്ചി. നല്ല  എണ്ണകറുപ്പുള്ള നല്ല മെലിഞ്ഞ സൈനാപ്പച്ചിയുടെ മുറുക്കിച്ചുവന്ന ചുണ്ടുകളിൽ വെറ്റിലയുടെയോ ചുണ്ണാമ്പിന്റെയോ മണത്തേക്കാൾ പിതൃതുല്യനായ വാപ്പായോടും  സഹോദരസമാനനായ  വാപ്പിയോടുമുള്ള അകമഴിഞ്ഞ സ്നേഹമായിരുന്നു.ആദ്യം എനിക്ക് തോന്നിയിരുന്നത് . പിന്നെ പിന്നെ എനിക്ക് കിട്ടിയ  ഓരോ സര്ബത്തിലും ആ മുറുക്കിചെവച്ച മുത്തങ്ങളിലും  ഒരു മകനോടുള്ള സ്നേഹം തിരിച്ചറിഞ്ഞു,

സൈനാപ്പച്ചിയുടെ മകളുടെ മകളായ  റജുല എന്റെ മദ്രസാ സഹപാഠിയായിരുന്നു. ബന്ധം കൊണ്ട് എന്റെ ഒരു വകയിലെ  പെങ്ങളുടെ മോളായ  അവൾ ഉസ്താദിന്റെ മുന്നിലും ഓത്തുപള്ളിയിലേക്ക് പോകുന്ന വഴിയിലും കളിയാക്കിചിരിച്ചു  എന്നെ "കൊച്ചാപ്പാ" എന്നാണ്  വിളിക്കുക.. ഒന്നാമതേ മദ്രസയിൽ പ്രായം കൊണ്ട്  മൂത്താപ്പ ആയ എനിക്ക് ഈ വിളി കേട്ട് ഭ്രാന്ത്  പിടിക്കും. അവളുടെ പിറകിൽ  തല്ലാൻ ഓടിച്ചു അവസാനം അവൾ സൈനാപ്പച്ചിയുടെ പിറകിൽ ഒളിക്കുമ്പോൾ സൈനാപ്പച്ചി പറയും, " ഡീ നീ എന്തിനാ എന്റെ മോനെ വിറളി പിടിപ്പിക്കുന്നത്" . റജുല പത്തിൽ പഠിത്തം നിർത്തി കല്യാണം കഴിച്ചു.  രണ്ടു കുട്ടികളുമായി നാട്ടിലോട്ടു വരുന്ന വഴി അവളൊരിക്കൽ   കോളേജിൽ പഠിക്കുന്ന എന്നെ  കണ്ടപ്പോൾ എന്റെ ആ ബാല്യകാലസഖി  ചിരിച്ചതുമില്ല കളിയാക്കിയതുമില്ല. കരുനാഗപ്പള്ളി സ്റ്റാൻഡിൽ ഗിഫ്റ്റു റാപ്പ്  ചെയ്ത വല്യ ഒരു പൊതിയുമായി നിൽക്കുന്ന സൈനാപ്പച്ചിയെ ഞാൻ ഒരിക്കൽ കണ്ടപ്പോൾ  അവർ എന്നോട് പറഞ്ഞു, "എന്റെ കൊച്ചുമോൾക്കാണ്. എന്തോ ബർത്തഡേയോ മറ്റുമാണ്. നിനക്കറിയില്ലേ, ശൂരനാട് കെട്ടിച്ചവളുടെ ". നാടുമാറിയ എന്നോട് പരിഭവം പറഞ്ഞു. "ഷാജിയുടെ മോനെ, നീ എന്താ അങ്ങോട്ടൊന്നും വരാത്തെ?". നെറ്റി മുന്നോട്ടു കാണിച്ച എന്നെ കെട്ടിപ്പിടിച്ചു തന്നു ഒരു മുത്തം കൂടി.         

ഒരിക്കൽ വളരെ ദൗര്ഭാഗ്യകരമായ ഒരു സംഭവവികാസം ആ കുടുംബത്തിൽ ഉണ്ടായപ്പോൾ തളർന്നുപോയ സൈനാപ്പച്ചിയുടെ വീട്ടിൽ ഞാൻ ചെന്നപ്പോൾ, "ഷാജിയുടെ മോൻ വന്നോ" എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചപ്പോൾ ആ കരുത്തുറ്റ സ്ത്രീയുടെ ചിരിയിൽ ഒരു കുറവും വന്നില്ല.. പിന്നീട് സൈനാപ്പച്ചിക്ക് കടുത്ത അർബുദം ബാധിച്ചു വേദന കടിച്ചമർത്തി ജീവിച്ച  അവസാനനാളുകളൊന്നിൽ എന്നെ കണ്ടപ്പോൾ വാരിപ്പുണർന്നു തന്ന മുത്തത്തിനു ആ സര്ബത്തിന്റെ മധുരം എന്നുമുള്ളതുപോലെ എനിക്ക് തോന്നി.   

      

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ