പഞ്ചാബിന്റെ മനുഷ്യർ (അൽത്താഫ്‌)

വിദേശവാസഭാഗ്യം അമേരിക്കയിലായിരുന്നു. വാഷിങ്ടണിലേക്കുള്ള ദിവസേനയുള്ള യാത്രയ്ക്കായി വിർജീനിയയിലെ ആർലിംഗ്ടൺ ടൌൺ തെരഞ്ഞെടുത്തപ്പോൾ ഭാര്യ ലബീബ താൻ പഠിച്ച  ആപ്പ് ഡിസൈൻ പരിജ്ഞാനത്തിന്റെ പുറത്തു ഹ്രസ്വകാല അതിഥികൾക്കായുള്ള  എയർബീഎൻബി  എന്ന പ്ലാറ്റഫോം ഉപയോഗിച്ച് ബിൽ  എന്ന് പേരുള്ള വെള്ളക്കാരന്റെ  വീടിന്റെ മുകൾനിലയിൽ ഒരു റൂം കുറെ നാളുകൾക്കായി ബുക്ക് ചെയ്തു.

വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ച ബിൽ ഇന്ത്യയെയും ഇന്ത്യക്കാരെയും പുകഴ്ത്തിക്കൊണ്ടു വീട് കാണിച്ചു തരുമ്പോൾ എല്ലാ ഇടത്തും. "ശബ്ദമുണ്ടാക്കരുത്" എന്നും "വാച്ച് യുവർ സ്റ്റെപ്" എന്നും വെടുപ്പില്ലാത്ത കയ്യക്ഷരത്തിൽ എഴുതിയിരിക്കുന്നത്  ഞാൻ കണ്ടു.  ന്യൂ ഇംഗ്ലണ്ട് ശൈലിയിൽ 
തടികൊ

ണ്ടുണ്ടാക്കിയ  ആ ഇരുനില വീട്ടിന്റെ മാടിയിലൂടെ നടക്കുമ്പോൾ തന്നെ കുട്ടിക്കാലത്ത് മൂത്തന്റെവിള  വീടിന്റെ മുകളിൽ മരപ്പട്ടി ഓടുന്ന പോലെ ശബ്ദമുണ്ടാവുമായിരുന്നു. ഒരു ദിവസം 
രാവിലെ ഏഴു മണിക്ക് ഇന്ത്യയിൽ  നിന്ന് ഒരു സ്‌കൈപ്‌ വീഡിയോ കാൾ ഉണ്ടായി. 
സംസാരിക്കുന്നതിനിടയിൽ ആരോ പുറകിൽ വന്നത് പോലെ എന്നെനിക്കു തോന്നി. തിരിഞ്ഞു നോക്കുന്നതിനു മുന്നേ തന്നെ എന്റെ ലാപ്ടോപ്പ് തറയിൽ വീണു കഴിഞ്ഞിരുന്നു. എന്നെ പിടിച്ചു വലിച്ചു മാറ്റിയ ഒരു ഭീകര സത്വം ഭിത്തിയിൽ അക്ഷരാർത്ഥത്തിൽ എന്നെ തേച്ചു ഒട്ടിച്ചു. ശ്വാസം പറ്റാത്തവണ്ണം എന്റെ കഴുത്തു ഞെരിച്ചു എന്നെ ഭിത്തിയിൽ ചേർത്ത് നിർത്തി മുകളിലേക്ക് അയാൾ ഉയർത്തികൊണ്ടുപോയപ്പോൾ എന്റെ കാലുകൾ നിലത്തു എത്താൻ വെമ്പുന്നുണ്ടായിരുന്നു.  "എടാ ഇന്ത്യൻ പട്ടി/പന്നി/... , നീ എന്റെ ഉറക്കം നശിപ്പിക്കുമല്ലേ, നിന്നെ ഇന്ന് ഞാൻ തീർത്തു തരാം" എന്നൊക്കെ ഇംഗ്ലീഷിൽ തെറിപ്പൂരം നടത്തി ആ അസുരജന്മം എന്നെ കഴുത്തു ഞെരിച്ച് മൃതപ്രായനാക്കി കതകു കൊട്ടിയടച്ച് പുറത്തേക്കു പോയി. അത് ബില്ലായിരുന്നു.  
ഞാൻ ലബീബയെ അയാളുടെ വൈഫൈയിൽ നിന്ന് തന്നെ വാട്സാപ്പ് കാളിൽ വിളിച്ച് കാര്യം ധരിപ്പിച്ചു. കയ്യിൽ കിട്ടിയതെല്ലാം എടുത്തു ഓടുന്ന തിടുക്കത്തിനിടയിൽ ഡോളറുകളും കാർഡുകളും പെട്ടികൾക്കുള്ളിൽ പെട്ടുപോയി. കുറെ ശ്രമങ്ങൾക്ക് ശേഷം ലബീബ ചെറിഡാൽ ടൗണിൽ ഒരു ആർബിൻബ് താമസസൗകര്യം തൽക്ഷണം തന്നെ ബുക്ക് ചെയ്ത്തിട്ടു. ഇന്റർനെറ്റ് സൗകര്യം ആ വീട്ടിൽ നിന്ന് ഇറങ്ങിയാൽ ഉണ്ടാവാത്ത കാരണം പുതിയ ഹോസ്റ്റിൻറെ അഡ്രസ്സും ഫോൺ നമ്പറുമെല്ലാം കുറിച്ചുവെക്കാൻ അവൾ എന്നെ പ്രത്യേകം ഓർമിപ്പിച്ചു. അവിടെ നിന്ന് ഇറങ്ങി ഓടാൻ നിൽക്കുന്ന സമയം പിന്നെയും കതകു നോബ് കറങ്ങുന്നതു  കണ്ടു എനിക്ക് ഹാർട്ട് അറ്റാക്ക് വന്നത് പോലെ തോന്നി . കയ്യിൽ കിട്ടിയ ട്രോളി എന്റെ മുന്നിൽ പരിചയെ പോലെ ചുഴറ്റി ഞാൻ നിൽക്കുമ്പോൾ ബിൽ വീണ്ടും  പ്രത്യക്ഷനായി.  "സുഖമല്ലേ, പിന്നീടു ഉറങ്ങിയോ, കഴിച്ചോ" എന്നൊക്കെ ചോദിച്ചു. "ഞാൻ പോവുവാ" എന്ന് ഞാൻ പേടിച്ചു പേടിച്ചു പറഞ്ഞു. "അയ്യോ !ഇതെന്തൊക്കെയാ പറയുന്നത് , ഇത്ര പെട്ടെന്ന്  പോവുകയോ, ഇവിടെ നിക്കൂന്നെ".. ഒരു ഗുളികപാത്രം എടുത്തു ബിൽ പറഞ്ഞു " എനിക്ക് മനസ്സിന് മേലാ, ഉറക്കം തെറ്റിയാൽ എന്നെ പിടിച്ചാൽ കിട്ടില്ല". ഞാൻ ശഠിച്ചു, " എനിക്ക് പോകണം എന്റെ ബാക്കി പൈസ തിരിച്ചു വേണം". അയാൾ ചിരിച്ചോണ്ട് പറഞ്ഞു, "ഒരു ചില്ലികാശു പോലും എന്റെ കയ്യിൽ നിന്ന് കിട്ടുകയില്ല" 
കുറച്ചു നേരം  കഴിഞ്ഞു കിട്ടിയതെല്ലാം പെട്ടികളിലാക്കി ഞാൻ അവിടെ നിന്നിറങ്ങിയോടി ഒരു കടയുടെ മുന്നിലെത്തി. ഇന്ത്യയിലൂടെ ഒഴുകി പാകിസ്താനിലെത്തുന്ന രാവി നദിയുടെ പേരിലുള്ള ഒരു ദേശി ഭക്ഷണശാല. അവിടെ കയറി സൽവാർ കമീസിലും പത്താൻ സ്യുട്ടിലും നിൽക്കുന്ന ഇന്ത്യക്കാരെ പോലെ തോന്നിക്കുന്ന മനുഷ്യരോട് ഞാൻ ചോദിച്ചു "ഇച്ചര വെള്ളം തരുവോ" . എന്നെ വെള്ളം കുടിപ്പിച്ചിട്ടു അതിൽ മുതിർന്ന കഷണ്ടിയുള്ള ഒരാൾ ചോദിച്ചു " മോന് കുറച്ച് കഴിക്കാൻ എന്തെങ്കിലും എടുക്കട്ടേ?" ഒരു പറാത്തക്കു  വരെ  അഞ്ചും പത്തും ഡോളർ വില വരുന്ന അമേരിക്കയിൽ ഞാൻ പറഞ്ഞു , " ഒന്നും വേണ്ട പാജി , ഭായ് സാബ്, എന്നെ ഈ അഡ്രസ്സിലൊന്നെത്തിക്കാൻ ഒരു ടാക്സി വിളിച്ചു തന്നാൽ മതി". "അതൊക്കെ ചെയ്തു തരാം മോനെ, നീ എന്തെങ്കിലും കഴിക്കു,  അനിയാ. നീ പേടിക്കുന്നതെന്താ എന്താന്നറിയാം. ഞങ്ങൾ പൈസ ചോദിക്കൂല്ല.. നീ കഴിച്ചിട്ടേ നമ്മൾ ഇനി സംസാരിക്കുകയുള്ളൂ." അവർ തന്ന പറാത്തയും ബിരിയാണിയും കഴിച്ച ശേഷം ഞാൻ എന്റെ അനുഭവം പറഞ്ഞു. "ആ ഗോരക്ക് (വെള്ളക്കാരന്) ഇത്രയ്ക്കു ധൈര്യമോ, നമുക്ക്  പോലീസിൽ പരാതി കൊടുക്കാം ,പറ്റൂവാണേൽ  രണ്ടു തല്ലും കൊടുക്കാം ". ഞാൻ കൈകൂപ്പി പറഞ്ഞു, "വേണ്ട പാജി, ഒരു ബലാ മുസീബത്തും വേണ്ട, ബരായെ മെഹെർബാനീ, ഒരു ടാക്സി അറേഞ്ച് ചെയ്യുമോ ഈ അഡ്രസിലേക്കു".  "അതിനെന്താ മോനെ, പാ റഹീം! നമ്മളുടെ പുതിയ  ആ ചെറുക്കൻ ആ ഫൈസലിനെ  വിളിക്കൂ"

ഞാൻ ഫൈസലിന്റെ ക്യാബിൽ കയറുമ്പോൾ അവരോടു എന്റെ ഉറുദു പേര് ആദ്യമായി അവരോടു  പറഞ്ഞു. പിന്നെ നീണ്ട  സലാം പറഞ്ഞപ്പോൾ അവർ ഒന്ന് അമ്പരന്നു, " ഇന്ത്യയിൽ ഷാരൂഖാനെ പോലെ ഉറുദു പേരുള്ള വേറെ ചിലർ ഉണ്ടല്ലേ "അപാര സുന്ദരനായ ഫൈസൽ  തന്റെ കഥകൾ പറയുമ്പോൾ ഞാൻ എന്റെ ഹാൻഡ്ബാഗിലെ ചില്ലറ ഡോളറും പെന്നിയും  എണ്ണുകയായിരുന്നു. ഫൈസലിന്റെ കഥകൾ എല്ലാം ഗ്രീൻ കാർഡ് കിട്ടാൻ വേണ്ടി നിക്കാഹ് ചെയ്ത  പാകിസ്താനിലെ അവന്റെ സ്വന്തം മൂത്താപ്പയുടെ മകളായ അമേരിക്കൻ സിറ്റിസനായ ഭാര്യയെ പറ്റിയായിരുന്നു. "ഹാൻ ജി" എന്നു പറഞ്ഞു പറഞ്ഞു പുതിയ താമസ സ്ഥലത്ത് എത്തിയപ്പോൾ എന്റെ കയ്യിൽ അയാൾക്ക് കൊടുക്കാനുള്ള പൈസ ഇല്ല എന്ന് ഞാൻ  മനസ്സിലാക്കി. പെട്ടി തുറക്കാൻ സാവകാശം ചോദിച്ചപ്പോൾ വെള്ളാരം കണ്ണുള്ള ഫൈസൽ എന്റെ തോളിൽ തട്ടിയിട്ട് "ഫിർ കഭി, പിന്നീട് എപ്പോഴെങ്കിലും" 

കതകുകൊട്ടിയപ്പോൾ പഗഡി കെട്ടിയ ഹർപാൽ സിങ്ങും ഗുൽഷൻ കൗറും."അനിയൻ ഒന്നും പറയണ്ട, ഭാര്യ ബുക്ക്  ചെയ്യുമ്പോൾ എല്ലാ കഥകളും പറഞ്ഞിരുന്നു". കുറെ നേരം എന്നെ നിർബന്ധിച്ചു ഉറക്കിയിട്ടു എഴുന്നേൽപ്പിച്ച്  തങ്ങളുടെ പേരക്കുട്ടിയുടെ ബർത്ത്ഡേ കേക്കും പിസ്സയും പറാത്തയും കറികളും (പൈസ വാങ്ങിക്കാതെ) ഊട്ടിയിട്ടു അവർ എന്നോട്  അവരുടെ എല്ലാ കുടുംബകഥകളെല്ലാം പറഞ്ഞു തന്നു. പിന്നീടുള്ള ദിവസങ്ങളിൽ എന്നെ ഇടക്കിടയ്ക്ക് കാർപെന്ററിയും പ്ലംബിങ്ങും പഠിപ്പിച്ചു അവർ. 

ഒരു കത്തിവെച്ചു രണ്ടു പുതിയ രാജ്യങ്ങൾക്കിടയിൽ അവരെ കണ്ടം തുണ്ടം വെട്ടിമുറിച്ചിട്ടും ലോകത്തിലെ ഏറ്റവും വല്യ മനുഷ്യകുരുതിയായ ബ്രിട്ടീഷ് നിർമിത "ഇന്ത്യ പാക് വിഭജനത്തിന്റെ" നിസ്സഹായ ഇരകളാക്കപ്പെട്ടിട്ടും ഈ ജനത ചിരിച്ചോണ്ട് നമ്മളെ സ്വീകരിക്കുന്നു- പഞ്ചാബിലെ  ഈ നല്ല  മനുഷ്യർ .

അല്ലേൽ അങ്ങനെ പറഞ്ഞു നിർത്തുന്നില്ല... പാരിൽ വസിക്കും  എണ്ണൂറു കോടിയുടെ ഇടയിലെ ഈ നല്ല മനുഷ്യർ.

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ