അവർ (അൽത്താഫ് )
![]() |
| PC: Arakkal Kettu |
അനിശ്ചിതത്വത്തിന്റെ കാലയളവായിരുന്നു. സ്വന്തം ബാങ്ക് അക്കൗണ്ടിൽ വരുമാനം വരുന്നത് നിലച്ചിട്ട് രണ്ടു മാസമായിരുന്നു. ഭാര്യയുടെ കാര്യപ്പെട്ട കോർപ്പറേറ്റ് വേതനത്തിന്റെ പച്ചയിൽ ബാംഗ്ലൂരിലെ ജീവിതത്തിൽ നാളെയെ പറ്റിയുള്ള വേവലാതിയിൽ കഴിയുന്ന ആ വേളയിൽ പിറ്റേ ദിവസം പുതിയ ഒരു നാട്ടിലോട്ട് പുതിയ ഒരു താത്കാലിക ജോലിക്കായി പോകണമായിരുന്നു. കുറെയേറെ നേട്ടങ്ങളും അതിലേറെ നഷ്ടങ്ങളുമുണ്ടാക്കാവുന്ന ആ തീരുമാനത്തിലേക്കെത്തുന്നതിനു മുൻപേ ഉണ്ടായേക്കാവുന്ന മനോവ്യാപാരങ്ങളിൽ ഏർപ്പെട്ടു കൊണ്ട് ഭാര്യാസമേതനായി കോറമംഗള ഫോറം മാളിന്റെ മുന്നിലൂടെ നടന്നു പോകുകയായിരുന്നു. ഞങ്ങളുടെ മുൻപിൽ മൂന്നു തിരുനങ്കകൾ / അറൈവണികൾ വന്നു നിന്നു. എന്നത്തെപോലെയും ഞാൻ അന്നും ഭയന്നു. ഭാര്യയുടെ മുന്നിൽ എന്നെ നാണം കെടുത്തുമോ എന്ന് ഭയന്ന് കയ്യിലുള്ള 50 രൂപ എടുത്ത് കൊടുത്തു ഞാൻ തടി തപ്പാൻ തുടങ്ങിയപ്പോൾ അതിലൊരാൾ തന്റെ കയ്യിലുള്ള 25 പൈസ നാണയം കയ്യിലെടുത്തുകൊണ്ടു പറഞ്ഞു. "രാസാ, ആ മണിവാലറ്റ് ഒന്ന് കാണിക്കൂ, ഇത് ഐശ്വര്യമുള്ള നാണയത്തുട്ടാണ്. ഇത് വാലറ്റിൽ വെച്ചാൽ .സകല ഐശ്വര്യങ്ങളും സമാധാനവും നിങ്ങൾക്കുണ്ടാവും". അപ്പോഴത്തെ മാനസിക അവസ്ഥയിൽ ഞാൻ ഒന്നും ചിന്തിക്കാതെ എന്റെ വാലറ്റ് ഞാൻ അവർക്കു തുറന്നു കാണിച്ചു കൊടുത്തു. 25 പൈസ തുട്ടു വയ്ക്കാനെന്ന വ്യാജേന ഒരു ഇളിച്ച വായനായി നിൽക്കുന്ന എന്റെ തുറന്ന വാലറ്റിൽ നിന്ന് ആകെ ഉണ്ടായിരുന്ന 500 രൂപ നോട്ടു തട്ടിപ്പറിച്ചിട്ടു അവിടെ അവർ ആ തുട്ടു വെച്ചു. "എന്താ നിങ്ങൾ കാണിക്കുന്നേ?" എന്ന് ഞാൻ തികച്ചു ചോദിക്കുന്നതിനു മുൻപ് തന്നെ അവർ മൂന്ന് പേരും അവിടെ നിന്ന് ഓടി രക്ഷപെട്ടിരുന്നു. വായ പൊളിച്ചു നിൽക്കുന്ന എന്നെ നോക്കി നിസ്സഹായയായ ഭാര്യ നേടിവീർപ്പിട്ടിട്ടുണ്ടാവും. അന്ന് ഒത്തിരി വിഷമിച്ചെങ്കിലും എനിക്ക് അവരെ ശപിക്കാൻ കഴിയില്ലായിരുന്നു.
വര്ഷങ്ങള്ക്കു ശേഷം നാട്ടിൽ നിന്ന് വണ്ടിയോടിച്ച് കോഴിക്കോട്ടേക്ക് വന്നു കൊണ്ടിരിക്കുമ്പോൾ ഏറ്റുമാനൂരും പെരുമ്പാവൂരും മണിക്കൂറുകളോളം നിന്ന് പോയത് കാരണം തൃശ്ശൂർ കടന്നു പോകാൻ വീട്ടുകാർ സമ്മതിച്ചില്ല. അവിടെ നിൽക്കണമോ വേണ്ടയോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോളാണ് ഒരു കോഫീ ഷോപ്പിൽ വെച്ച് ഒരു അധ്യാപക സുഹൃത്തിനെ കാണാൻ വഴിയുണ്ടായത്. കക്ഷിയോടൊപ്പം എന്നെ കാണാൻ വന്ന ഒരു പയ്യൻ അവന്റെ പേര് ഫിർദോസ്സ് എന്ന് പരിചയപ്പെടുത്തി കൊണ്ട് എന്നോട് സംസാരിക്കാൻ തുടങ്ങി. കോഫീ ഷോപ്പിൽ നിന്ന് സുഹൃത്ത് എന്തോ ധൃതി പിടിച്ച് പുറത്തു പോയെങ്കിലും അവൻ എന്നോട് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അടുത്തത്തെക്കു വന്നിരുന്നപ്പോൾ അവനിൽ നിന്ന് പുകവലികാരണമോ മറ്റോ അതീവമായ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. എത്രയോ ദിവസം ഉറങ്ങാത്തതുപോലെയോ ഏതോ ലഹരിക്കടിമപെട്ടത് പോലെയോ ആയിരുന്നെങ്കിലും ഫിർദോസ്സ് പറഞ്ഞ കഥ ഒരു വല്ലാത്ത കഥയായിരുന്നു. കഥകേട്ട് നന്ദി പറഞ്ഞിറങ്ങുമ്പോൾ അവനെ അവിടെ ഒന്നും കണ്ടില്ല. മൊബൈലിലെ മണിവാലറ്റ് പണിമുടക്കുന്നതിനാൽ ഒരു എടിഎം അന്വേഷിച്ച് തൃശ്ശൂരിലെ ആ ഊടുവഴികളിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ നിരത്തുകളിൽ ആരുമില്ലെങ്കിലും ഞാൻ എന്തിനെയോ ഭയന്നു. സെക്യൂരിറ്റി ഇല്ലാതിരുന്ന ഒരു ഏടിഎമ്മിനുള്ളിൽ നിന്ന് റ്റെല്ലേറില് കാർഡ് ഇട്ടപ്പോൾ പിറകിൽ നിന്ന് ഒരു സ്വരം കേട്ട് ഞാൻ പരിഭ്രാന്തനായി. " മാഷേ, എനിക്കും കുറച്ച് തരൂ , ഒത്തിരി ഉണ്ടാക്കുന്നതല്ലേ". പിറകിൽ ഫിർദോസ്സ് ആയിരുന്നു. അവന്റെ പുറകിൽ വില്ലൻ പരിവേഷത്തിൽ ഒരു താടിക്കാരൻ. ഞാൻ ചോദിച്ചു , "നീ എന്താ ചെയ്യുന്നേ, ഞാൻ പോലീസിനെ വിളിക്കും" അവൻ ഒരു തെറിയും പറഞ്ഞില്ല, പക്ഷെ എന്റെ കണ്ണുകളിൽ തുറിച്ചു നോക്കി പറഞ്ഞു, "5000 എങ്കിലും വേണം, ഒത്തിരി ഉണ്ടാക്കുന്നതല്ലേ".അതീവസമ്മർദ്ദത്തിലും ചിലപ്പോൾ നമ്മൾക്കു കിട്ടുന്ന ഒരു സംയമനമുണ്ട്. ഞാൻ അപ്പോൾ തന്നെ 100 ഡയല് ചെയ്തു കഴിഞ്ഞിരുന്നു.. ഫോൺ ഓൺ കാൾ ആണ് എന്ന് കാണിച്ചുകൊണ്ട് അവരോടു ഞാൻ പറഞ്ഞു, "പൊലീസിന് എന്റെ ലൊക്കേഷൻ ഇപ്പൊൾ തന്നെ കിട്ടി കാണും". കൂടാതെ ഞാൻ മിന്നി തെളിയുന്ന സിസിടിവി കാമറയിലേക്കു ചൂണ്ടിക്കാണിച്ച് അവരോടു പറഞ്ഞു, "നിങ്ങളെ എന്തായാലും അവർ കണ്ടിട്ടുണ്ടാവും".. ഞാൻ ഒന്ന് എറിഞ്ഞു നോക്കിയത് ഇത്ര ഫലവത്താകും എന്ന് ഞാൻ ഒട്ടും കരുതിയില്ല.അവർ അവിടുന്ന് പോയിരുന്നു.
അവർ ഇനിയും തിരിച്ചു വന്നേക്കാമെന്നു ഭയന്ന് ഞാൻ നടക്കുമ്പോൾ നല്ല ഇടിയോടെയും മിന്നലോടെയും മഴ പെയ്യുന്നുണ്ടായിരുന്നു. കൊടും മഴയിലും നനഞ്ഞു നടക്കുമ്പോൾ ഞാൻ കരയുന്നുണ്ടായിരുന്നു. എനിക്ക് പോലീസിനെ വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അപ്പോൾ അവൻ പറഞ്ഞ അവന്റെ കഥ എന്റെ മുന്നിൽ അഭ്രപാളിയിൽ പോലെ തെളിഞ്ഞു കണ്ടു. അനാഥനായി പിറന്ന അവനെ ജനിപ്പിച്ചവർ എവിടെയോ കൊണ്ട് തള്ളി. കുട്ടികളുറപ്പായും ഉണ്ടാവില്ല എന്ന് കരുതിയ ഏതോ ദമ്പതികൾ അവനെ ദത്തെടുത്ത്.വളർത്തി. പക്ഷെ ഉടൻ തന്നെ അവർക്കു സ്വന്തം മക്കളുണ്ടായി. അപ്പോൾ അവൻ അവർക്കു വേണ്ടാത്തവനും വീട്ടിലെ വേലക്കാരനുമായി.ഓരോ ചെറിയ തെറ്റിനും അവനെ നഗ്നനാക്കി തെങ്ങിൽ കെട്ടി ഈർക്കിലും പപ്പടംകുത്തിയും കൊണ്ട് വരഞ്ഞു പോലും അവർ ശിക്ഷിച്ചപ്പോൾ അവരുടെ സ്വന്തം കുഞ്ഞുങ്ങൾ അവനെ നോക്കി കൈകൊട്ടി ചിരിച്ചു.ആയിടെയാണ് അവനിലെ സ്ത്രീ എന്ന സ്വത്വബോധം അവൻ തിരിച്ചറിയുന്നത്. അവനിലെ സ്ത്രീത്വം വളരുന്നതിനെ കൈകാര്യം ചെയ്യാൻ പറ്റാതെ അവൻ പല തവണ ആ വീട്ടിൽ നിന്ന് ഒളിച്ചോടി. അവസാനം അവൻ തെരുവിലെ അന്തേവാസി ആയി. സമൂഹം അവനെ അകറ്റിയപ്പോൾ ട്രാൻസ്‌ജൻഡറുകളുടെ കൂട്ടായ്മ അവനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. രണ്ടു ലിംഗങ്ങൾക്കിടയിൽ പെട്ട് സ്വന്തം സ്വത്വമെന്തന്നറിയാതെ വേദനിക്കുന്ന അവനു ഏതെങ്കിലും ഒരു കര എത്തണമെന്ന ആഗ്രഹത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമായി വന്നു. ലക്ഷക്കണക്കിന് രൂപ വേണ്ടിവരുന്ന ആ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കാൻ അവൻ എന്തിനും തയ്യാറായി. അവനോടു നീതികേടു കാണിച്ച സമൂഹത്തിന്റെ നീതിന്യായ വ്യവസ്ഥയെ അവനു പുല്ലുവിലയായിരുന്നു. സ്വന്തം സ്വത്വം നേടിയെടുക്കാനുള്ള, അവന്റെ ഉള്ളിലുള്ള എന്തിനോ സ്വാതന്ത്ര്യം പ്രദാനം ചെയ്യാനുള്ള അവന്റെ ലക്‌ഷ്യം ഏതു മാർഗത്തിനെയും സാധൂകരിക്കുന്നതായിരുന്നു. അന്ന് ഒത്തിരി വിഷമിച്ചെങ്കിലും എനിക്ക് അവരെ ശപിക്കാൻ കഴിയില്ലായിരുന്നു.

Comments
Post a Comment