
എന്റെ കഥാസരിത്സാഗരം വറ്റി തുടങ്ങിയിരിക്കുന്നു. കൊടുംവേനൽ സൂര്യന്റെ താപത്തിലോ ജീവിതകാലാവസ്ഥാ വ്യതിയാനങ്ങൾ കാരണമോ എന്നറിയില്ല. എഴുത്തൊഴുക്കു നിലക്കുന്നതിനു മുൻപേ രണ്ടുകഥകൾ എഴുതി തീർക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നു. ഇതു രണ്ടും എഴുതാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്തെന്നു വെച്ചാൽ ഇത് രണ്ടും ഞാൻ തൊട്ടറിഞ്ഞ ജീവിതങ്ങളാണ്. ഞാൻ അറിയാതെ എത്തപ്പെട്ട ജീവിതങ്ങളായിരുന്നു. നമ്മളുടെ ചുറ്റിലുള്ള സാധാരണ മനുഷ്യരുടെ അതിജീവനത്തിൻറെയും കഥകൾ മാത്രമല്ലായിരുന്നു. ദൈവം/ വിധി/ പ്രകൃതി ഇത്യാദിയുടെ വികൃതികൾ എന്റെ കൺമുന്നിൽ ഉറിഞ്ഞാടുന്നതോ അതോ ഉരിത്തിരിയുന്നതോ ആയ വേളകളായിരുന്നു അത് രണ്ടും.
ഇതാദ്യ ഭാഗം, വല്ലാത്ത കുറെ ദിവസങ്ങളായിരുന്നു അത് . എനിക്ക് ഒരു പ്രത്യേക അടുപ്പം തോന്നുന്ന ആ സ്ഥലത്തിലേക്കു യാത്ര തുടങ്ങുമ്പോൾ എന്തിലേക്കാണ് ഞാൻ പോകുന്നതെന്ന് എനിക്ക് ഊഹിക്കാൻ പോലുമാവുന്നില്ലായിരുന്നു. പോകുന്ന വഴിയിൽ വെച്ച് എന്റെ പെട്രോൾ വണ്ടിയിൽ പമ്പിലെ പയ്യൻ അറിയാതെ ഡീസൽ അടിച്ചുകയറ്റിയതിനാൽ വഴിയിലും വർഷോപ്പിലും മണിക്കൂറുകളോളം ഞാൻ പെട്ടുപോയി കിടന്നപ്പോൾ പോകണ്ടാ എന്ന് തീരുമാനിച്ചിരുന്നു ഞാൻ. വർഷോപ്പിലെ അപരിചിതനായ ഒരു മെക്കാനിക്കാണ് എന്റെ തീരുമാനത്തെ തിരുത്തിയത് - "നീ എന്തിനാണോ പോകാൻ തീരുമാനിച്ചത് അതിനു തന്നെ പോകണം". വണ്ടി എപ്പോഴാണ് പണി തരുന്നത് എന്ന് ഭയന്ന് ഭയന്നു ഉദ്ധിഷ്ടസ്ഥാനത്തിൽ ഏതാണ്ട് എത്താറായിരുന്നു. അപ്പോൾ ആ സ്ഥലത്തെ എന്റെ വളരെ സഹായിയായ ഒരു ചങ്ങാതിയുടെ മൂത്തമ്മ എന്നെ വിളിച്ചു. അവരുടെ രാഷ്ട്രീയ പാർട്ടിയുടെ ബിരിയാണി ചലഞ്ചിന് ഉദാരമായി സംഭാവന ചെയ്യണം എന്ന് പറഞ്ഞു കൊണ്ടാണ് അവർ വിളിച്ചത്. അതിനിടയിൽ അവർ എന്റെ ചങ്ങാതിയുടെ മംഗലം ഉറപ്പിച്ച കാര്യം എന്നോട് പറഞ്ഞു. കണ്ടോസാരവും മിട്ടായി കൊടുക്കാനുമുള്ള ദിവസവും തീരുമാനിച്ചതിനുള്ള മധുരമായി ആ ചങ്ങാതിയെ കാണാൻ വേണ്ടി അപ്പോൾ അവനുണ്ടായിരുന്ന അവന്റെ ഉമ്മാമയുടെ വീട്ടിൽ എത്തിയപ്പോൾ ആ വീടിന്റെ അരികിൽ കുറെ കാടുപിടിച്ച ഒരു പറമ്പിൽ ഒരു ഒറ്റപ്പെട്ട ഖബർ ഞാൻ കാണുന്നത്. ഇലപ്പടർപ്പുകൾക്കിടയിൽ ഉയർത്തപ്പെട്ട ആ ഖബറിനു ചുറ്റിനും വേറെ ഒരു ഖബറും ഞാൻ കണ്ടില്ല. അവിടെയുള്ളവരുടെ കുശലാന്വേഷണത്തിനിടയിൽ ഞാൻ ആ ഖബറിനെ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു. ആ ഖബറിലെ അന്തേവാസി എന്നോട് എന്തോ പറയുന്ന പോലെ തോന്നി.
"ജീവിതയാത്രയിൽ എന്നും ഏകാന്തപഥികനായുള്ള ഈയുള്ളവന് എന്തേ, ഉടയോനെ, ബർസഖിലും ഏകനാക്കിടും ഈ വിശാല ഖബർ? മിണ്ടാനും പറയാനും ഉണ്ടാവില്ലേ എനിക്കുമൊരു പൂതി. ഖബറിസ്ഥാനിലെ കുടുംബക്കാർക്കിടയിൽ ഇണകൾക്കിടയിൽ ഏകനാം ഈ ഖബറിൽ ഞാൻ ഒറ്റക്കാണ് റബ്ബേ".
ഞാൻ ഒത്തിരി നേരം അവിടെ നിന്ന് പോയി. അവിടെ നിന്ന് ചങ്ങാതിയെ അന്യസംസ്ഥാനത്തിലെ ജോലി സ്ഥലത്തേക്ക് കയറ്റി വിടാൻ കൊണ്ട് പോകുന്നതിന് മുൻപേ അടുത്തിടെ മഞ്ഞപിത്തം ബാധിച്ച അവന്റെ ഉപ്പയുടെ രോഗാന്വേഷണം നടത്താൻ അവന്റെ വീട്ടിൽ പോയപ്പോൾ. അവന്റെ ഉപ്പയും ഇമ്മയുമുൾപ്പടുന്ന കുടുംബം വളരെ സന്തോഷത്തിലായിരുന്നു. മൂത്തോളുടെ മരണം വരെ ഉണ്ടാകാം എന്ന് ഡോക്ടർമാർ സാധ്യത പറഞ്ഞ രണ്ടാമത്തെ പ്രസവത്തിനു ശേഷമുണ്ടായ ബുദ്ധിമുട്ടുകൾ എല്ലാം മാറിയിരുന്നു. അവളെ മരണവാതില്കൽ വരെ എത്തിച്ചു ദുനിയാവിലേക്കു അവളുടെ പ്രതീക്ഷയായ വന്ന അവളുടെ കുഞ്ഞിമോൾ എന്റെ കയ്യിൽ ഇരുന്നു കളിച്ചപ്പോൾ അവരെല്ലാവരും ആ വീട്ടിലെ മൂത്തോനായ എന്റെ ചങ്ങാതിയുടെ കല്യാണം ഉറപ്പിച്ചതിന്റെ സന്തോഷം എന്നോട് പങ്കു വെക്കുകയായിരുന്നു. എന്നോട് പറഞ്ഞിട്ടില്ലെങ്കിലും അവിടുത്തെ ഇളയോനെ ഗൾഫിലേക്ക് അയച്ചതുമായി ബന്ധപ്പെട്ടു ഏറ്റെടുക്കേണ്ട വന്ന ഒരു വലിയ കടം വീടപ്പെട്ടു എന്നതും അവിടെ എല്ലാവര്ക്കും ഒരു ആശ്വാസമായിരുന്നു. അവന്റെ ഉമ്മ സ്നേഹത്തോടെ വിളമ്പിത്തന്ന മത്തൻ പായസത്തിന്റെയും കട്ടൻ കാപ്പിയും പുതിയ രുചി നുണഞ്ഞു കൊണ്ട് ഞാൻ ഇളയവളുടെ പഠനമികവുകളെയും സ്‌കൗട്ടിലെ കഴിവുകളെയും പരന്ന വായനയെയും എടുത്ത് പറഞ്ഞപ്പോൾ വടക്കൻ മലബാറിലെ ഒരു യാഥാസ്ഥിക കുടുംബത്തിലെ ആ പാവം ഉപ്പയുടെയും ഉമ്മയുടെയും മുഖത്ത് ഞാൻ ഒരു റാഹത്ത് കണ്ടു. ആ ഉപ്പയുടെ മഞ്ഞപിത്തത്തിന്റെ ബുദ്ധിമുട്ടുകൾ അദ്ദേഹം മറന്നത് പോലെ. ചങ്ങാതിയെ കയറ്റി വിടാൻ പോയപ്പോൾ അവൻ ഒരു കാര്യം പറഞ്ഞു, "അസുഖം കാരണം ഉപ്പാക്ക് എന്തോ ഒരു മരണ ചിന്തയുണ്ടായിരിക്കുന്നതുപോലെ. അവരെന്നോട് ഒരു കാര്യം പറഞ്ഞു, 'ഇനി എന്തെങ്കിലും എനിക്ക് വന്നു പോയാലും നീ ബേജാറാവണ്ട. ഞാൻ കടങ്ങൾ ഒന്നുമുണ്ടാക്കി വെച്ചിട്ടില്ല". അസുഖം കൂടിയപ്പോൾ ചിന്തിച്ചതായിരിക്കും എന്ന് ഞാനും അവനും സമാധാനിച്ചു.
അവനെ കയറ്റി വിട്ടു നിമിഷങ്ങൾക്കകം എനിക്ക് അവന്റെ തുരുതുരാ കാളുകൾ വന്നു കൊണ്ടിരുന്നു. അവൻ പറഞ്ഞു.- "ഇക്കാ, അവൻ പോയി"..എനിക്ക് ഒന്നും മനസ്സിലായില്ല. .ഒന്നും തിരിച്ചു ചോദിയ്ക്കാൻ പറ്റാത്ത ഞാൻ അവൻ പറയാതെ പറഞ്ഞു കേട്ടത് മറ്റൊന്നായിരുന്നു "എന്റെ അനിയൻ, ഇളയവൻ, അറേബിയയിലെ അവൻ ജോലി ചെയ്യുന്ന നഗരത്തിൽ ആകസ്മികമായി മരിച്ചിരുക്കുന്നു.. ഇക്കാ.. എന്റെ ഒരേ ഒരു അനിയൻ മരിച്ചിരിക്കുന്നു. എന്റെ ഒരേ ഒരു കൈത്താങ്ങു അറ്റുപോയിരിക്കുന്നു " . മണിക്കൂറുകൾക്കു മുൻപേ എല്ലാവരെയും കൈകാട്ടി ചിരിച്ചുകൊണ്ട് സലാം പറഞ്ഞു ഞാൻ ഇറങ്ങി വന്ന എന്റെ ചങ്ങാതിയുടെ വീട്ടിലേക്കു ഞാൻ തിരിച്ച് ചെന്നപ്പോൾ അതൊരു മരണവീടായി മാറിയിരുന്നു. പൗരപ്രമുഖനായ അവന്റെ ഉപ്പയുടെ ആ വീട്ടിൽ ഒരു നാടുമൊത്തം ഇളകി എത്തിയിരുന്നു. അവരുടെ 20 ഓളം സഹോദരങ്ങളുടെ മക്കളും ചെറുമക്കളും നാട്ടുകാരും അയൽക്കാരും ആ വീട്ടിന്റെ ഉള്ളിലും പുറത്തും നിറച്ചു തന്റെ കണ്ണിലുണ്ണിയായിരുന്ന ഇളയ മകനെ ഓർത്തു ഒന്ന് പൊട്ടിക്കരയാൻ പോലും ആ ഉമ്മയെ അനുവദിക്കാതെ, നടുക്കത്തിൽ നിൽക്കുന്ന പെങ്ങന്മാർക്കു തമ്മിൽ സംസാരിക്കാൻ പോലും സമ്മതം കൊടുക്കാതെ, മഞ്ഞപിത്തം മൂർച്ഛിച്ച ഉപ്പയുടെ മാനസികാവസ്ഥയെ താളം തെറ്റിക്കുന്ന വണ്ണം മരണവിവരം തിരക്കികൊണ്ടു ജനസാമാന്യവും കുടുംബക്കാരും ആ വീട്ടിൽ നിലകൊണ്ടു.. സന്തൂക്കോ മയ്യത്തോ വരാത്ത വീട്ടിൽ വന്നവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. വരുന്നവർക്കുള്ള ആഹാരം വിളമ്പലുകലും ചായകൊടുക്കലുകളും ഒരു സത്കാര മത്സരമാക്കി മാറ്റിയ കുടുംബക്കാരുടെ ഇടയിലും ഒരാഴ്ച്ചയോളം സ്‌പീക്കറും മൈക്കിലൂടെയും നിലക്കാതെ പ്രവഹിച്ച ദുആകളുടെയും യാസീന്റെയും ഇടയിലും ആ അഞ്ചുപേരടങ്ങുന്ന കുടുംബം നടക്കുന്ന മയ്യത്തുകൾ പോലെ ആയി. ആ അഞ്ചുപേരെയും ഒന്ന് ശ്വസിക്കാൻ പോലും അനുവദിക്കാതെ, ഒന്നു കരയാൻ പോലും അനുവദിക്കാതെ അവരെല്ലാം മരണം ഒരാഘോഷമാക്കി മാറ്റി. എന്റെ ചങ്ങാതി മയ്യത്തില്ലാത്ത ആ മരണവീടിന്റെ ഉമ്മറത്ത് മരണമറിഞ്ഞു വരുന്നവരുടെ അനുശോചനം സ്വീകരിച്ചും അവരെ മുസാബത്തു ചെയ്തും ഒരു ജീവച്ഛവം പോലെ കൈ കൈകൂപ്പി സ്വീകരിച്ചു നിന്നു. ഇളയവൻ വരുത്തി വെച്ച എന്തെങ്കിലും കടങ്ങളുണ്ടെങ്കിൽ മയ്യത്ത് അടയ്ക്കുന്നതിന് മുൻപേ ഉപ്പയും മൂത്തോനും ഏറ്റെടുക്കുന്നു വന്നു എന്ന് അതിനിടെ ഉറപ്പാക്കുന്നുണ്ടായിരുന്നു . പക്ഷെ അവന്റെ കടങ്ങൾ എല്ലാം എപ്പോഴേ വീടപെട്ടിരുന്നു.
അപ്പോൾ അറേബ്യൻ മണലാരണ്യത്തിലെവിടെയോ ഉള്ള ഏതോ ഒരു മലയുടെ താഴെ നാട്ടിലേക്കു കൊണ്ട് പോകാൻ പറ്റാത്ത അന്യനാട്ടുകാരുടെ മയ്യത്തുകൾ മറമാടുന്ന ആ വിശാല ഖബറിസ്ഥാനിൽ അകലെയുള്ള അയൽവാസി ഖബറുകളിൽ നിന്ന് വിദൂരമായി ഇളയവന്റെ മയ്യത്ത് അടക്കപ്പെട്ടു. അവിടെ ആ ഖബറിൽ അവൻ ഒറ്റയ്ക്ക് അന്തിയുറങ്ങി തുടങ്ങി. താൻ ജനിച്ചുവളർന്ന തന്റെ നാട്ടിലെ പ്രിയപെട്ടവരും കുടുംബക്കാരും ഒത്തുചേരേണ്ട മഹല്ല് കബറിസ്ഥാനിൽ നിന്ന് ദൂരെ കടലുകൾ അകലെ ആ അറേബ്യൻ മരുഭൂമിയിലെ മഴപെയ്യാ മരപെയ്യാ മണ്ണിനടിയിൽ അവൻ വെമ്പിയിട്ടുണ്ടാവും. ഏട്ടന്റെ കല്യാണത്തിന് വേണ്ടി അവന്റെ ഉമ്മ എടുത്ത് വെച്ച അത്തർ പൂശിയ പുതുകുപ്പായത്തിനെയും അവനെ ഒരു തവണ പോലും നേരിൽ കാണാത്ത അവന്റെ പെങ്ങളുടെ പൊടിക്കുഞ്ഞിനെയും മെഡലുകളും അവാർഡുകളും നേടിക്കൊണ്ടുവരുന്ന അവന്റെ ഏറ്റവും വല്യ പ്രതീക്ഷയായ ഇളയ പെങ്ങളെയും ഒരിക്കലെങ്കിലും വാരിപുണരാൻ അവൻ വെമ്പുന്നുണ്ടായിരുന്നു. ഒരാഴ്ചയോളം കാലം ആ വീട്ടിൽ നിർത്താതെ പ്രവഹിച്ച വെള്ളക്കുപ്പായങ്ങളിലെ ഉസ്താദുമാരുടെയും പാവം ദർസ് വിദ്യാര്തഥികളുടെയും ദുആകളുടെ ഇടയിൽ ഞാൻ റബ്ബിനോടു ഒന്ന് മാത്രമേ ദുആ ഇരന്നുള്ളൂ - റബ്ബേ! ആ പാവത്തിനു, സ്വന്തക്കാർക്ക് വേണ്ടി പ്രവാസം സ്വീകരിച്ചു അങ്ങകലെ അറേബ്യൻ താഴ്വരയിൽ ഒന്നും മിണ്ടാനും പറയാനും ആരുമില്ലാത്ത, ആരും അടുത്തില്ലാത്ത ഒറ്റക്കായി പോയ ആ പാവത്തിന്, തുണയാകണേ പൊന്നു തമ്പുരാനെ!
Comments
Post a Comment