അനുരാഗം
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വിദ്യാര്ഥികളെക്കൊണ്ട്
നിറഞ്ഞ ആ കടൽത്തീരത്തെ കൺവെൻഷൻ സെന്ററിൽ വെച്ച് അവർ കണ്ടുമുട്ടി. വായാടിയായ അവന്റെ
നിർത്താത്ത സംസാരത്തിന്റെ ഇടയിൽ അന്ന് ആദ്യമായി പരിചയപ്പെട്ട സുഹൃത്ത് സ്വന്തം
ഊരും പേരും പറഞ്ഞു. "ഞാൻ കോഴിക്കോട് തിരുവമ്പാടി ആണ്. നിങ്ങളുടെ ലീഗിന്റെ
മോയിൻകുട്ടി ഹാജിയാണ് ഞങ്ങളുടെ എം എൽ എ ". അവൻ തിരിച്ചു ചോദിച്ചു "അതെങ്ങനെയാ ആ പാര്‍ട്ടി
എന്റേതാകുന്നത് ?". ഡോക്ടറും
കളക്ടറും ആകുന്ന സ്വപ്നങ്ങൾ പങ്കുവെച്ചു വർത്തമാനം പറഞ്ഞ അവര്‍ ആ കടൽ തീരത്തു കൂടെ നടന്നു . നടന്ന് നടന്നു അവർക്കു പിരിയേണ്ട
നിമിഷം അടുത്തു. അവന്റെ കയ്യിൽ തന്റെ അഡ്രസ് മാത്രം സമ്മാനിച്ചു ആ സുഹൃത്ത്
വിടപറഞ്ഞു. വീട്ടിലോട്ടുള്ള യാത്രയിൽ അവന്റെ കയ്യിൽ ആ അഡ്രസ്സും മനസ്സിൽ
സ്വപ്നങ്ങളും മുറുകെ പിടിക്കപ്പെട്ടു. വീട്ടിലെത്തി അവൻ നേരെ ഓടിയത് പോസ്റ്റ്
ഓഫീസിലേക്കായിരുന്നു. കിട്ടാവുന്ന നീല ഇൻലന്റുകളെല്ലാം സ്വരൂപിച്ച് അവൻ അന്ന് മുതൽ
എഴുതി തുടങ്ങി. അവനറിയാത്ത മലബാറിലെ ഏതോ ഒരു മലയോരഗ്രാമത്തിലെ ആ അഡ്രസ്സിലേക്കു
ഓരോ ദിവസവും ഇന്ലന്ഡ് കത്തുകൾ
അയക്കപ്പെട്ടു. സ്നേഹത്തിൽ ചാലിച്ച
ഉമിനീര് കൊണ്ട് ഓരോ ഇൻലണ്ടും ഒട്ടിക്കപ്പെട്ടു. ഫോണുകളില്ലാത്ത ആ കാലത്തു അവനോരോ
ദിവസവും തന്റെ പോസ്റ്റബോക്സ് ചികഞ്ഞു നോക്കി. പോസ്റ്മാൻ വരാൻ കൊതിച്ചു.
പത്താം ക്ലാസ്സിലെ സ്വന്തം സഹപാഠിസുഹൃത്തുകൾക്ക് അവൻ ക്ലാസ്സിൽ ഇരുന്നു എഴുതുന്ന
അവന്റെ കത്തുകൾ ഒരു നല്ല വിനോദമായി മാറി. പോസ്റ്റ് ഓഫീസിൽ വരെ പോയി അവൻ തനിക്കു കത്തുകള്‍
ഉണ്ടോ എന്ന് ചോദിച്ചു തുടങ്ങി. അവന്റെ ഇൻലന്റുകളുടെ ഒഴുക്ക് തുടർന്നു. നിരാശയാല്‍ ഒട്ടിക്കപ്പെട്ട മറുപടിയര്‍ഹിക്കാത്ത ഇൻലന്റുകൾ.
കലാലയത്തിലെ പല
വകുപ്പുകളിലുള്ള കുട്ടികള്‍ ഒരുമിച്ചു ചേരുന്ന ഗണിത സ്ടാടിസ്ടിക്സ് ക്ലാസുകളിലാണ് അവന്‍ അവളെ ആദ്യമായി കാണുന്നത്. പുസ്തകങ്ങള്‍ നിറച്ച ഭീമന്‍ബാഗ് പുറകില്‍ തൂക്കി
അല്പം കൂനോടെ നടക്കുന്ന അവള്‍. ഇടയ്ക്കിടയ്ക്ക് പറയുന്ന “നേക്ക്”, “നോക്ക്” ,” ”എന്‍ ആത്തിലെ“,
“അത്തിമ്ബേര്‍” “കറുമം” “അപചാരം” എന്നീ വാക്കുകള്‍
കൊണ്ട് അവള്‍ പട്ടത്തിയാണെന്നു അവള്‍ അവനെ എപ്പോഴും ഓര്‍മ്മപ്പെടുത്തുമായിരുന്നു. ആദ്യം അവള്‍ മത്സരിച്ചു പഠിക്കുന്ന അവന്റെ
പഠനരഹസ്യം അറിയാന്‍ പിറകില്‍ കൂടിയതാണ് എന്ന് കരുതപ്പെട്ടു. എന്നാല്‍ കലാലയ-പാതയിലെ പിന്നീടുള്ള അവരുടെ സംഭാഷണങ്ങള്‍ ഗണിത-ഫിസിക്സ് എന്നിവയില്‍ നിന്ന് മാറിത്തുടങ്ങി. ഒരിക്കല്‍ അവള്‍ പറഞ്ഞു. “ ഞാന്‍ എന്റെ കല്യാണത്തിന് ഭരതനാട്യനര്‍ത്തകികള്‍ ഇടുന്ന മാതിരിയുള്ള ആഭരണങ്ങള്‍ ചൂടി ഒന്‍പതുമുഴം
കാഞ്ചീപുരം മടിസാരമുടുത്തു എന്റെ അപ്പാവുടെ
മടിയിലിരിക്കും. ഓ.. ഞാന്‍ മറന്നുപോയി,
അതിനു മുന്‍പേ എന്റെ അപ്പാ കാശിയാത്രയ്ക്ക് പോകാന്‍ ഒരുങ്ങി നില്‍കുന്ന അവരെപ്പോയി
ഗൃഹസ്ഥത്തിന്റെ മേന്മകള്‍ പറഞ്ഞു മാനസാന്തരപ്പെടുത്തി ബ്രഹ്മച്ചര്യം ത്യാഗം
ചെയ്യിപ്പിച്ചു പിന്തിരിപ്പിച്ചു കൊണ്ടുവരണം.
കെട്ടിമേളവും താലികെട്ടും കഴിഞ്ഞാല്‍
ഞാനും അവരും നലങ്ക് കളിക്കും. അപ്പോള്‍ ഞങ്ങളുടെ തലയില്‍ അപ്പളം പൊട്ടിക്കും.
പിന്നെ മാമിമാര്‍ ‘സീതാകല്യാണ വൈഭോഗമേ’ പാടിക്കൊണ്ട് ഞങ്ങളെ ഊഞ്ഞാലാട്ടും. എല്ലാവരും കൂടി എന്നെയും അവരെയും
ഉയര്‍ത്തിപിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും പൂമാലയിടീക്കാന്‍ പറയും .“.അവന്‍
ഇടയ്ക്കു കയറി ചോദിച്ചു, “എന്കൂടെ നലങ്ക് കളിക്കുന്നോ”.
പേടിച്ചു പേടിച്ചു ചോദിച്ച ആ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞില്ല. കാല്‍വിരലുകള്‍ കൊണ്ട് കളംവരച്ചു ചിരിച്ചിട്ട്
അവര്‍ രണ്ടുപേരും അവരവരുടെ വകുപ്പുകളിലേക്ക്
പിരിഞ്ഞു.
സ്വന്തത്തെ കണ്ണാടിയില്‍
മെലിഞ്ഞുകണ്ടു ശീലിച്ച അവൻ തടിച്ചു
വീർത്തതിന് ശേഷം പൊതു ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയും സുന്ദരികളും സുന്ദരന്മാരുമായ അവന്റെ
സഹപാഠികളുടെയിൽ നിന്ന് കുതറിമാറിയും അവന്റെ സ്വർഗമായ ആ ലൈബ്രറിയുടെ അകത്തളങ്ങളിലെ വായനാ
ഇടങ്ങളിൽ അഭയം കണ്ടു . അങ്ങനെ ഒരിക്കല്‍ ലൈബ്രറിയില്‍ ലാപ്ടോപ്പിൽ ചൂഴ്ന്നുനോക്കിയിരിക്കുമ്പോൾ ഒരു
സ്ത്രീശബ്ദം. അവിടെ വെച്ച് അവനോടു അതുവരെ
സ്ത്രീജനകളാരും സംസാരിച്ചു
കേട്ടിട്ടില്ല. കണ്ണുകളുയർത്തിയപ്പോൾ ഒരു
പെൺകുട്ടി . നീളൻ കൈയുള്ള അഴകുള്ള ചുരിദാറുകളിൽ വന്നിരുന്ന നല്ല നീളമുള്ള ഒഴുകുന്ന
ചുരുണ്ട മുടിയുള്ള ആ കൃഷ്ണവർണ്ണയായ പെൺകുട്ടിയെ ഞാൻ അതിനു മുന്‍പേ ഇടയ്ക്കിടയ്ക്ക്
കാണാറുണ്ടായിരുന്നു. സംശയനിവാരണവും പഠിപ്പിക്കലിലുമൊക്കെ
തുടങ്ങിയ ആ സൗഹ്രദത്തിൽ രണ്ടുപേർ കൂടിയുണ്ടായിരുന്നു. അധികം ആരോടും മിണ്ടാത്ത
ഒത്തിരി സ്നേഹമുള്ള ഒരു കുഞ്ഞനിയനും
ഒത്തിരി നാണക്കാരിയായ ഒരു ഗവേഷണവിദ്യാര്ഥിനി-ചേച്ചിയും ചേർന്ന ആ സൗഹൃദക്കൂട്ടം
അവനു വലിയ ഒരു ആശ്വാസമായിരുന്നു. യാഥാസ്ഥികകുടുംബങ്ങളിൽ നിന്നുവന്ന പഴഞ്ചന്മാരായ
ആ നാലുപേർ ഒരർത്ഥത്തിൽ സോഷ്യൽ ഔട്കാസ്റ്റുകളായിരുന്നു. അതുകൊണ്ടു സർവകലാശാലയിലെ പൊതു ഇടങ്ങളിൽ നിന്നും
ആഘോഷങ്ങളിൽ നിന്നും മറ്റുള്ളവരില്‍ നിന്നും വിട്ടുമാറി അവർ നാലുപേരും ഭക്ഷണശാലകളിലും ക്ലാസ്സ്‌മുറികളിലും ലൈബ്രറിയുടെ
ചുറ്റിലും ഒത്തുകൂടി. സ്കോളര്‍ചേച്ചിയുടെ കുഞ്ചന്‍ നമ്പ്യാർ ഫലിതഹാസ്യങ്ങളിൽ
ചിരിച്ചും കുഞ്ഞനിയന്റെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും പറ്റിയുള്ള നിരാശാപ്രസ്ഥാവനകളിൽ
അനുശോചനം രേഖപ്പെടുത്തിയും അവന്റെ നിലക്കാത്ത വായാടിത്തരത്തെ സഹിച്ചും ആ സൗഹൃദം
വളർന്നപ്പോൾ എന്നും ആ പെൺകുട്ടി മൗനം
പൂണ്ടു. ഒറ്റക്കാക്കപ്പെട്ട പാവങ്ങളായ ആ നൽവർസംഘം ഒരുമിച്ച് കൂടും നിമിഷങ്ങൾ അവര്‍ക്ക്
തങ്ങളുടെ വിരസമായ കലയാലയജീവിതത്തിലെ ഇടമഴകളായിരുന്നു. എന്നാൽ അതിനിടയിലും അവന്റെ
വീട്ടിൽ ഒരു ക്ഷണക്കത്ത് എത്തി. ആ പെൺകുട്ടിയുടെ ചേച്ചിയുടെ കല്യാണക്ഷണക്കത്തായിരുന്നു
അത്. ഒരു നീണ്ടയാത്രക്കിടയിൽ അവസരം കിട്ടിയപ്പോൾ സകുടുംബം കല്യാണത്തലേന്നു അവന്‍ അവളുടെ വീട്ടിൽ കല്യാണാശംസകളുമായി
എത്തിയപ്പോള്‍ അവളും അവളുടെ വീട്ടുകാരും അമ്പരന്നു. ആ കല്യാണവീട്ടിൽ എത്തുന്ന ആദ്യത്തെ അതിഥി അവനായിരുന്നു. എന്നാൽ അവിടെ
നിന്ന് കഥ മാറിയൊഴുകി തുടങ്ങി. ആ സൗഹൃദ കൂട്ടായ്മയ്ക്ക് വെളിയിലുള്ള അവളുടെ
ക്ഷണങ്ങളും ഫോണ്‍വിളികളും കൂടിത്തുടങ്ങി. മറ്റു രണ്ടുപേരെ ഒഴിവാക്കുന്ന പോലെ. ആ
അന്യസംസ്ഥാനനഗരത്തിൽ സദ്യപ്രേമികളായ അവര്‍ ഓണമാഘോഷിക്കാനും വിഷുവാഘോഷിക്കാനും മുന്തിയ വെജിറ്റെറിയന്‍ ഹോട്ടലുകളില്‍ പോകുമ്പോൾ അവൾ നല്ല മുല്ലപ്പൂ കൊണ്ട്
മുടിയഴകായി കെട്ടുകയും സ്വർണമാലയും വളകളും
കൊണ്ട് ആഭൂഷിതയുമായിരുന്നു. എല്ലായ്പ്പോഴും കഴിക്കാൻ ഒരുമിച്ച് പോകുമ്പോൾ
അവളായിരുന്നു പൈസ കൊടുത്തിരുന്നത്. എന്നാൽ ഒരു സന്ധ്യക്ക് ആ മരങ്ങള്‍ ഓരം ചേര്‍ന്ന
കലാലയപാതയിലൂടെ നടക്കുമ്പോൾ അവൻ അറിയാതെ താഴോട്ട്
അവളെ നോക്കിയപ്പോള്‍ മരച്ചില്ലകളിലൂടെ ഊർന്നിറങ്ങുന്ന
വെണ്ണിലാവിൽ അവൻ അവളുടെ കണ്ണുകൾ കണ്ടു. നല്ല വലിപ്പമുള്ള അവളുടെ ആ വലിയ കണ്ണുകളിൽ
അവൻ അന്ന് സ്നേഹം മാത്രമല്ല കണ്ടത്. അവനന്നു വരെ ശ്രദ്ധിക്കാത്തതോ കാണാത്തതോ ആയ അവളുടെ
നിതംബങ്ങൾക്കും ഇടറുന്ന തൊണ്ടയനങ്ങുന്ന കഴുത്തിനും ചുവപ്പേറിയ ചുണ്ടിനും തീക്ഷണാക്ഷികൾക്കും
മേലെ നിലാവ് വീണപ്പോൾ അവൻ ഭയന്നു. ആ കണ്ണുകൾക്കു മേലെയുള്ള നെറ്റിയിലെചന്ദനക്കുറിയെ
അവന്‍ ഭയന്നു. അവന്റെയും അവളുടെയും പേരിനെ ഭയന്നു. സമൂഹത്തെ, സമുദായത്തെ
കുടുംബങ്ങളെ അവന്‍ ഭയന്നു. ആ
ദുഃഖപർവ്വത്തിൽ അവന്റെ ജീവിതമരുഭൂമിയിൽ സ്നേഹത്തിന്റെ അപൂർവ നീരുറവയായ ആ
പെൺകുട്ടിയെ ഒറ്റയ്ക്കാക്കി അവൻ ഓടി. ഓടിയോടി ആ ഭീരു അവന്റെ സ്വാര്‍ത്ഥതകളുടെ ദന്തഗോപുരമാളികയിലേക്കു
ഓടിയൊളിച്ചു. പിന്നീടൊരിക്കലും അവള്‍ അവനെ കണ്ടില്ല. . .
തിരക്കേറിയ
കോളേജ് ക്യാന്റീനിന്റെ വാതിൽക്കൽ വെച്ചാണ് ആ മുഖവും ആ സ്വരവും ആ പേരും ആദ്യമായി
അവൻ കേൾക്കുന്നത്. "നിങ്ങളുടെ പഠനപശ്ചാത്തലം കൊള്ളാലോ. എനിക്ക് എംബിഎ കഴിഞ്ഞു
സിവിൽ സർവീസ് ഒന്ന് പയറ്റണം. ഞാൻ നിങ്ങളെ കാണുന്നുണ്ട്. കാണേണ്ട ആൾക്കാരാണ്
നമ്മൾ". അവര്‍ രണ്ടുപേരും ഒരു ഐച്ചിക വിഷയം ഒരുമിച്ചു പഠിക്കുന്നുണ്ടായിരുന്നു.
ആ വിഷയത്തിന്റെ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കിടയിൽ അവനു ആ സാമീപ്യവും
സ്നേഹവും ഒരു ശീലമായി. ഈമെയിലുകൾ
തുടർച്ചയായി അങ്ങോട്ടും ഇങ്ങോട്ടും
അയക്കപ്പെട്ടു, അവന് ആ
ദിവസങ്ങളില്‍ വേറെ യാതൊന്നിലും താൽപര്യമില്ലായിരുന്നു. ക്ലാസ്സുകളിൽ അവന്റെ ശ്രദ്ധ
സ്വപ്നലോകത്തിലേക്കു പോയിത്തുടങ്ങിക്കഴിഞ്ഞിരുന്നു. ഒരു പ്രഗല്‍ഭ ഡീൻ പഠിപ്പിക്കുന്ന ക്ലാസ്സിൽ
ഇരിക്കുമ്പോൾ ജനലിലൂടെ അപ്പുറത്തുള്ള പൂന്തോട്ടത്തിലെ ഒരു പനിനീര്‍പ്പൂവിനു ചുറ്റിനും
പാറിനക്കുന്ന ചിത്രശലഭത്തെ അവന്‍ നോക്കിയിരുന്നതിനു അവനെ അദ്ദേഹം ക്ലാസില്‍ നിന്ന്
നിഷ്കരുണം പുറത്താക്കി. മലയോരകർണ്ണാടകത്തിലെ
ഒരു കാട്ടിലോട്ടുള്ളതും അരുവിയിലേക്കുള്ളതുമായ ട്രിപ്പിൽ അവൻ മറ്റൊരാളെ സ്നേഹം കൊണ്ടെങ്ങനെ വീർപ്പുമുട്ടിക്കാമെന്ന് പഠിച്ചു.
അവന്റെ സ്നേഹം ഒരു ബുദ്ധിമുട്ടായി മാറാന്‍ തുടങ്ങി. വീണ്ടും വിളിക്കാനുള്ള,
വീണ്ടും മെയിലയ്ക്കാനുള്ള, വീണ്ടും ഒന്ന് കാണാനുള്ള, വീണ്ടും സുഖവിവരങ്ങൾ
അന്വേഷിക്കാനുള്ള അവന്റെ തീരാ വാഞ്ഛയ്ക്ക് തെറാപ്പി ആവശ്യമായി വന്നു.
പാലക്കാരത്തിയായ അവന്റെ സുഹൃത്തായ ഒരു ചേച്ചിയുടെയും ചേട്ടായിയുടെയുടെയും
സഹായത്തോടെ അവൻ ആ നിലയില്ലാക്കയത്തിൽ
നിന്ന് എങ്ങനെയോ രക്ഷപെട്ടു. ആ
സ്നേഹമയിയായ ദമ്പതികളുടെ ഉപദേശനിർദ്ദേശങ്ങളിലൂടെ സാധാരണ അവസ്ഥയിലെത്തിയ അവൻ
ദൈവത്തോട് ഒന്ന് മാത്രം മുട്ടിപ്പായി പ്രാർത്ഥിച്ചു, " സ്നേഹം കൊണ്ട് പരീക്ഷിക്കല്ലേ. തമ്പുരാനെ
"
തന്റെ വരണ്ടുണങ്ങിയ വിരസപാതകളില്‍ ഇടയ്ക്കിടയ്ക്ക് അവന്റെ മുന്നില്‍
പ്രത്യക്ഷപ്പെടുന്ന ഒരു ചേലുകാണാന്‍ അവന്‍ ഒളിക്കണ്ണ് എറിയുമായിരുന്നു. പതിനാലാം രാവുദിച്ചതുപോലെ ഒപ്പനയ്ക്ക് പുതുമണവാട്ടിയായി
ഇരുത്താന്‍ കഴിയുവോണമഴകുള്ള അവന്റെ സ്വപ്നങ്ങളിലെ ആ രൂപം അവന്റെ മുന്നിലൂടെ മിന്നിമായുമ്പോള്‍ അവന്‍ എപ്പോഴത്തെയും
പോലെ തലചായ്ച്ചു ഒഴിഞ്ഞുമാറി പോകുമായിരുന്നു. മാസങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ വഴിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍
അന്നേ വരെ അവള്‍ക്കു അപരിചിതനായ അവന്‍ ഇല്ലാത്ത
ധൈര്യം സംഭരിച്ചങ്ങു ചോദിച്ചു. “താങ്കളുടെ സ്വന്തം സ്ഥലം ഒത്തിരി പോരിഷപ്പെട്ടതാണല്ലോ” ആ ആദ്യസമാഗമസംഭാഷണത്തിനു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അവളുടെ ഗ്രാമത്തിന്റെ
അടുത്തുകൂടി അവന്‍ പോയിരുന്നു. അതൊരു
തുടക്കം മാത്രമായിരുന്നു. പിന്നീടവര്‍ വാതോരാതെ സംസാരിച്ചു. ഇസ്ലാമിനെപ്പറ്റി, ഈമാനെപ്പറ്റി, അല്ലാഹുവിനെ പറ്റി, സൂഫികളെ
പറ്റി, സ്നേഹത്തെ പറ്റി, മലബാറിനെ പറ്റി, മലബാറിന്റെ സ്നേഹത്തിന്റെയും
സൗഹൃദത്തിന്റെയും കിസ്സകളെ പറ്റി, കോഴിക്കോടിനെ പറ്റി. ഒരേപോലെ ചിന്തിക്കുന്നവരായിരുന്നു അവര്‍ രണ്ടു
പേരും. ഓരോ നാട്ടില്പോയിവരക്കത്തിലും അവള്‍
സ്വയം ഉണ്ടാക്കിയ ചട്ടിപത്തിരിയും അപ്പത്തരങ്ങളും കൊണ്ട് വന്നു അവനു കൊടുത്തു. .
തീര്‍ത്തും ഒറ്റപ്പെട്ടു പോയ ആ കാലയളവില്‍ അവളുടെ സാമീപ്യവും നിഷ്കളങ്കവുമായ സ്നേഹവും അവനു
വല്ലാത്ത ഒരാശ്വാസമായിരുന്നു.. ഒരിക്കല്‍ മലബാറിലെ ആ നഗരത്തില്‍ ഒരു പരീക്ഷ എഴുതാന്‍ വന്നപ്പോള്‍ അവള്‍ അവളുടെ
സ്കൂള്‍കാല സഹപാഠിയായ ഫായിസിനെ അവനുള്ള സഹായിയായി അയച്ചു. ഫായിസ് മികച്ച ആതിതേയനായിരുന്നു.
അവളുടെ എല്ലാ ബന്ധു വീട്ടുകളിലും ഫായിസ് അവനെ അവളുടെ നിര്‍ദേശമനുസ്സരിച്ചു കൊണ്ടുപോയി
കാണിച്ചു. പോളിയോ ബാധിച്ചിട്ടു കാല്‍കള്‍ തളര്‍ന്നു
പോയിട്ടും സാക്ഷരത പ്രവര്‍ത്തകയായി
പൊരുതിയ വീരവനിത റാബിയയെ കുട്ടിക്കാലത്ത് തോളത്തെടുത്തു കൊണ്ട് സ്കൂളില്‍ പോകാന്‍
സഹായിച്ച ഒരമ്മായി ഉണ്ടായിരുന്നു അവള്‍ക്ക്. അവളെ ആദ്യമായി കണ്ട ദിവസത്തിനു വെറും
2-3 മാസങ്ങള്‍ക്ക് ശേഷം അവന്‍ അവളെ അവസാനമായി കണ്ടു. പിന്നീടൊരിക്കലും കാണില്ല
എന്ന് അവന്‍ ഒരിക്കലും കരുതിയില്ല. എന്നാല്‍ അവളുമായുള്ള സംവാദങ്ങളും ചര്‍ച്ചകളും ഫോണുകളിലും മെയിലുകളിലും നില്‍ക്കാതെ തുടര്‍ന്നു.
ഒരിക്കല്‍ വയനാട് ചുരം ഇറങ്ങവെ ശര്ദ്ധിച്ചവശനായി അടിവാരത്ത് യാത്ര നിര്‍ത്തിയ അവന്‍
അവളുടെ നിര്‍ദേശം അനുസരിച്ച് അവളുടെ വീട്ടില്‍ വിശ്രമിക്കാന്‍ പോയപ്പോള്‍ അവളുടെ
വീട്ടുകാരുടെ സ്നേഹസത്കാരത്തില്‍ അവന്‍ അത്ഭുതപെട്ടുപോയി.
മലബാറുകാര്‍ അങ്ങനെയാണ് എന്ന് പിന്നീട് അവനു മനസ്സിലായി. അവളുടെ ഇമ്മ അവനോട് അപ്പോള്‍
അവളുടെ കല്യാണകാര്യത്തെ പറ്റി ആകുലയായി വിഷമം പറയുന്നുണ്ടായിരുന്നു. നമസ്കാരത്തിലെ അത്തഹിയ്യാത്തില്‍ ചമ്രം പിടഞ്ഞിരിക്കാന്‍ കഷ്ടപ്പെടുന്ന അവനെ സസൂക്ഷമം
വീക്ഷിച്ചുകൊണ്ടിരുന്ന അവളുടെ എഴട്ട് വയസ്സുള്ള അനിയന്‍ അതങ്ങ് പറഞ്ഞു, “തടി കാരണം
ചമ്രം പിടഞ്ഞിരിക്കാന്‍ പറ്റുന്നില്ല അല്ലെ! ഇങ്ങളെ കാണാന്‍ നല്ല മുതുക്കനെപ്പോലെയാണല്ലോ.
ഇത്താത്ത പറഞ്ഞപ്പോള്‍ ഞാന്‍ കരുതി. നിങ്ങള്‍ ഫായിസ്-ക്കാനെപ്പോലെ ഒരു ചെറിയ ചെക്കനായിരിക്കുമെന്ന്”.
പിന്നീട് ഒരിക്കല്‍ അവളുടെ ഇമ്മ ഉമ്രയ്ക്കു
പോകുന്ന വിവരം പറയാന്‍ വിളിച്ചപോഴും അവളുടെ
കല്യാണക്കാര്യം പറഞ്ഞു പിന്നെയും ആകുലയായി. കാലം കഴിഞ്ഞു കല്യാണം കഴിക്കാന്‍ അവന്‍
പെണ്ണ് അന്വേഷിച്ചു തുടങ്ങിയപ്പോള്‍ അവന്‍
അച്ചന്‍പെങ്ങളോട് ഇക്കാര്യം പറയാന്‍ ഒന്ന് ശ്രമിച്ചു. അച്ഛന്‍ പെങ്ങള്‍ അന്വേഷിച്ചു
പറഞ്ഞു. “അത് നടക്കാന്‍ സാധ്യത ഇല്ല, ഗള്‍ഫില്‍ ഡ്രൈവര്‍ അല്ലെ, അവളുടെ ഉപ്പ
എന്നറിയിച്ചപ്പോള്‍ ...... ”. അവന്റെ മനസ്സില്‍ അവളുടെ അനിയന്‍ പറഞ്ഞ വാക്കുകള്‍ അന്നും
മുള്ളുപോലെ കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ അവനെത്തേടിവന്ന അവളുടെ
ഒരു അസാധാരണ മെയിലിന്റെ അവസാനത്തെ വരി അവനെ ഒരു
തീരുമാനത്തിലേക്കെത്തിച്ചു. “നിങ്ങള്‍ എന്നും എന്റെ ഒരു സ്നേഹമയിയായ
ജ്യേഷ്ഠസഹോദരനയിരിക്കും”. പിന്നീടുള്ള ടെലിഫോണ്‍ സംഭാഷണങ്ങളില്‍ അവന്‍ അവന്റെ പെണ്ണ്-
അന്വേഷണങ്ങളെ പറ്റി വാതോരാതെ പറഞ്ഞപ്പോള്‍ അവള്‍ മൂളികേള്‍ക്കുന്നതായി തോന്നി. പിന്നീടു ആ സംഭാഷണങ്ങളും എന്നന്നേക്കും നിലച്ചു.
പ്രണയവും അനുരാഗങ്ങളും..

Comments
Post a Comment