രണ്ടു കഥകൾ (ഭാഗം രണ്ട് )





രണ്ടാം ഭാഗം ആരംഭിക്കുന്നത് ഒരു ആശുപത്രിയുടെ ഓ.പി. പ്രതീക്ഷാ മുറിയിലായിരുന്നു ബോറടിച്ചപ്പോൾ ഞാൻ എന്റെ ലാപ്ടോപ്പ് നോക്കി തുടങ്ങി. "നിങ്ങളും റൂമി ഫാൻ ആണോ" ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൻ എന്റെ ഡെസ്ക്ടോപ്പ് ബാക്ക് ഗ്രൗണ്ടിലെ ചിന്താ ശകലം ഉറക്കെ വായിക്കുന്നുണ്ടായിരുന്നു. മെവ്ലാനാ ജലാലുദ്ധീൻ റൂമിയുടെ വരികളായിരുന്ന് അത്- "നിങ്ങൾ തേടുന്നത് നിങ്ങളെ തേടി വരും". ആശുപത്രി വരാന്തയിൽ എന്നെക്കാൾ വാതോരാതെ സംസാരിക്കുന്ന അവന്റെ വർത്തമാനത്തിലും സ്നേഹപ്രകടനങ്ങളിലും മുഴുകി എന്റെ സമയം പോകുന്നത് ഞാൻ കണ്ടില്ല.അപ്പോൾ അവന്റെ ഏതൊക്കെയോ കസിൻസ് തുടരെ തുടരെ അവനെ ഫോൺ വിളിക്കുന്നുണ്ടായിരുന്നു. എന്റെ സ്ഥാപനത്തിൽ പഠിക്കാൻ പറ്റിയില്ലെങ്കിലും ഒരു ഇന്റേൺഷിപ് എങ്കിലും ചെയ്യണം എന്ന് എന്നോട് ആഗ്രഹം പറഞ്ഞ അവൻ നിശ്ചയദാർഢ്യത്തോടെ ആവർത്തിച്ചു."എനിക്കു ഒത്തിരി പഠിക്കണം. ഇങ്ങളെ പോലെ റിസർച്ച് ചെയ്യണം. എനിക്കും ഒരധ്യാപകനാകണം". എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് പറഞ്ഞോളൂ എന്ന് പറഞ്ഞു എന്റെ കാർഡ് അവനു കൊടുത്തു പോകുമ്പോൾ എനിക്കൊരു കാര്യം മാത്രം മനസ്സിലുടക്കി. അവന്റെ നിർത്താത്ത സംസാരത്തിൽ ജീവിതത്തിൽ എന്തെങ്കിലും വലിയതെന്തെകിലും നേടാനുള്ള അതിയായ ഉത്സാഹവുണ്ടായിരുന്നെങ്കിലും സംസാരത്തിൽ ചില പൊരുത്തക്കേടുകളുണ്ടായിരുന്നു. വിഷയങ്ങൾ മാറിമറിയുന്നുണ്ടായിരുന്നു. ഓരോ ഫോൺ വിളികൾ വരുമ്പോളും അവൻ അതിപ്രസരത്തിലായി പോകാറുണ്ടായിരുന്നു. എന്റെ അസുഖങ്ങളെയും വിഷമങ്ങളെയും കേട്ടു എന്നെ ആശ്വസിപ്പിക്കുമ്പോൾ അവൻ ഒരു പത്തൊൻപതുകാരൻ പറയാത്ത ഉപദേശനിർദ്ദേശങ്ങളായിരുന്നു എന്റെ മുന്നിൽ വെച്ചുതന്നിരുന്നത് 

പിന്നീട് ഇന്റേൺഷിപ് ചർച്ച ചെയ്യാൻ അവനെന്നെ കണ്ടപ്പോൾ ഞങ്ങൾ യാത്രയിലുടനീളം സംസാരിച്ചു. ഞാൻ ധൈര്യം സംഭരിച്ചു അതങ്ങു നേരിട്ട് ചോദിച്ചു, "എന്താണ് നിന്റെ സംസാരത്തിലീ പൊരുത്തക്കേട്". അവനൊന്നും മറച്ചില്ല. "അത് കഴിഞ്ഞ നവംബറിന് ശേഷം ഇങ്ങനെയാണ്.. ഇത്രയെങ്കിലും ആയില്ലേ " "നവംബറിൽ എന്തുണ്ടായി?" "അത് എയർപോർട്ടിൽ നിന്ന് ഞങ്ങൾ തിരിച്ചു വന്നപ്പോൾ അപകടത്തിൽ പെട്ടു. ഞങ്ങളുടെ ഉമ്മ ഞങ്ങളെയെല്ലാം വിട്ടു പോയ ആ നശിച്ച ദിവസം" കൂടുതൽ ആരാഞ്ഞപ്പോൾ അവൻ അപേക്ഷിച്ചു. "ദയവു ചെയ്തു അതിനെ പറ്റി എന്നോടു ചോദിക്കരുതു". അവന്റെ മൂഡ്‌ ആകെ മാറിയിരുന്നു. അവൻ എന്റെ ഒരു ചോദ്യത്തിന് മാത്രം ഉത്തരം പറഞ്ഞു. ആ "ഞങ്ങൾ" ആരൊക്കെ ആയിരുന്നു എന്ന്. അവരുടെ ഉമ്മയ്ക്ക് മൂന്ന് മക്കളായിരുന്നു. യച്ചു എന്ന അവൻ (19), മച്ചുവും (14) കുഞ്ഞനും(7). വേറെ ഒന്നും പറയാതെ എങ്ങനെയൊക്കെ എന്നോട് വിടപറഞ്ഞു യച്ചു നടന്നു പോയി.

അവനിൽ തളംകെട്ടിയ സങ്കടകടലിന്റെ ആഴവും പരപ്പും അറിയാതെ എനിക്ക് സ്വൈര്യം വന്നില്ല. പല സംഭാഷണങ്ങളിലും അവൻ ഒന്നും വിട്ടു പറഞ്ഞില്ല. പിന്നീടൊരിക്കൽ അവനെ വിളിച്ചപ്പോൾ അവൻ കൊച്ചിയിലെ ഒരു നല്ല ചിലവേറിയ അമ്യൂസ്മെന്റ് പാർക്കിന്റെ വെളിയിലായിരുന്നു. റൈഡ്സ് ഒക്കെ എങ്ങനെ ഉണ്ട് എന്ന് ഞാൻ ചോദിച്ചപ്പോൾ അവന്റെ അമ്മോൻമാരുടെ എട്ടോളം പെൺമക്കൾക്ക് സെക്യൂരിറ്റി ആയിട്ട് പോയതാണ് എന്നും പാർക്കിന്റെ വെളിയിൽ നിൽക്കാനുള്ള പൈസ മാത്രമേ അവന്റെ കയ്യിൽ കൊടുത്തുവിട്ടിട്ടുള്ളു എന്ന് അവൻ പറഞ്ഞു, പിന്നീടൊരിക്കൽ വിളിച്ചപ്പോൾ അവൻ ഒന്ന് തേങ്ങി. മനസ്സമാധാനത്തിനായി സ്വന്തം ഉമ്മവീട്ടിൽ പാർക്കാൻ പോയപ്പോൾ അവന്റെ അമ്മായി ഒരു വല്ലാത്ത പ്രൊപോസൽ അവന്റെ മുന്നിൽ വെച്ചു. ഒഴിവുള്ളപ്പോളെല്ലാം അമ്മോന്റെ മീൻകടയിൽ സഹായത്തിനു നിന്നാൽ അവനു പഠനസഹായം ചെയ്യാം എന്ന്. കോളേജിൽ സ്കോളര്ഷിപ്പിൽ ഒരു ഫീസും കൊടുക്കാതെ പഠിക്കുന്ന അവൻ കിട്ടുന്ന സമയമെല്ലാം പിജി എൻട്രൻസിനു വേണ്ടി മത്സരിച്ചു തയ്യാറെടുക്കുന്നുണ്ടായിരുന്നു. സ്വന്തം ചെലവിനായി അടുത്തുള്ള സ്കൂൾ കൂട്ടികൾക്കു റ്റിയൂഷൻ എടുക്കുന്ന, ബാക്കി സമയം ഉമ്മയും വാപ്പയും പോലെ സ്വന്തം അനിയന്മാരെ നോക്കുന്ന അവനു അവന്റെ അമ്മാവന്റെ കടയിൽ മീൻ വിൽക്കുന്നതിൽ മടിയില്ലായിരുന്നു. പക്ഷെ അവനു അവന്റെ ഉമ്മ ഉണ്ടായിരുന്നെങ്കിൽ ആ നിർദ്ദേശം കേൾക്കണ്ടി വരില്ലായിരുന്നു എന്നുറപ്പുണ്ടായിരുന്നു. 

റമദാൻ തുടങ്ങിയ സമയം ഞാൻ അവനെ വിളിച്ചു."നിന്റെ വീട്ടിൽ ഒന്ന് നോമ്പ് കാണാനും നോമ്പ് തുറക്കാനും വരട്ടെ." അതെന്താ "ഈ നോമ്പ് കാണുക" . കൊല്ലം ഭാഗത്തെ ആ മാമൂലിനെ പറ്റി മലബാറിലുള്ള അവൻ കേട്ടിട്ടുണ്ടായിരുന്നില്ല . "ഇങ്ങള് വന്നോളി, മഗ്‌രിബിന്‌ മുന്നേ വരണേ. വല്ലീമ്മയും ഞാനും എന്റെ അനിയന്മാരും മാത്രമേ ഉള്ളൂട്ടോ. വലുതായിട്ടൊന്നും പ്രതീക്ഷിക്കരുതേ". "നിങ്ങളെല്ലാരും അവിടെ ഉണ്ടായാൽ മതി" എന്ന് ഞാൻ നിഷ്കർഷിച്ചു. ഞങ്ങൾ കൊല്ലത്തുകാർക്കു നോമ്പ് ആദ്യ ദിനങ്ങളിൽ ഒരു മാമൂലുണ്ട്. കുറേ തണ്ണിമത്തനുകളും മുന്തിരിയും ഓറഞ്ചും ആപ്പിളും പൈനാപ്പിളും ഈന്തപ്പഴവും നിറച്ച സഞ്ചികളുമായി ബന്ധു വീടുകളിൽ പോയി നോമ്പ് തുറക്കുന്നതിനു മുൻപേ തന്നെ കണ്ടു ഇറങ്ങുന്നതിനു നോമ്പ് കാണൽ എന്ന് പറഞ്ഞു വരുന്നു. യച്ചുവിന്റെ വീട്ടിൽ ചെന്നപ്പോൾ എന്റെ ഈ മാമൂൽ കണ്ടു അവരെല്ലാം ഞെട്ടി. ഇനി മേലാൽ സാധനങ്ങളുമായി ഇങ്ങനെ വന്നു പോകരുത് എന്ന് പറഞ്ഞു അവർ എന്നെ വഴക്കു പറയുന്നതിനിടയിൽ ഞാൻ അവരുടെ ഇടയിലെ ആ ആ ചെറിയ പയ്യനെ ശ്രദ്ധിച്ചു. എന്റെ മകളോട് നല്ല രൂപ സാദ്രശ്യം തോന്നിക്കുന്ന യച്ചുവിന്റെ കുഞ്ഞനെ ഞാൻ കണ്ടു. നല്ല ഓമനത്തമുള്ള അവനോടു സംസാരിക്കാൻ ഞാൻ കൊതിച്ചു ഞാൻ യച്ചുവിനോടും വല്ലീമ്മയോടും അനുവാദം ചോദിച്ചു. അവനു വേണ്ടി കൊണ്ടുവന്ന വിമാനത്തിന്റെ ചേർത്തുവെക്കേണ്ട പാർട്സിന്റെ ഒരു മോഡലിന്റെ ഭാഗങ്ങൾ അവൻ നിമിഷങ്ങൾ കൊണ്ട് ചേർത്ത് വെക്കാൻ നോക്കിത്തുടങ്ങി. ആ പ്ലെയ്നിന്റെ രൂപരേഖ ഞാൻ കാണിച്ച് കൊടുത്തപ്പോൾ അവൻ നിമിഷനേരം കൊണ്ട് അതിനെ അസംബിൾ ചെയ്തു. ഓരോ പ്രാവശ്യം തിരിച്ചു മറിച്ചു ഞാൻ ഡിസ്‌ബൻഡ്ൽ ചെയ്തിട്ടും അവൻ അത് പഴയതു പോലെ ആക്കിക്കൊണ്ടിരുന്നു. കുറച്ചുസമയം കൊണ്ട് തന്നെ യച്ചുവിനെക്കാൾ അവന്റെ അനിയന്മാർ എന്റെ സുഹൃത്തുക്കളായി മാറി. 

ഇറങ്ങാൻ മുതിർന്ന ഞാൻ കുഞ്ഞന് ഒരു മുത്തം കൊടുത്തോട്ടേ എന്ന് അനുവാദം ചോദിച്ചപ്പോൾ അവർ മറിച്ചൊന്നും പറഞ്ഞില്ല. 4 മാസങ്ങൾക്കു മുന്നേ സ്വന്തം ഉമ്മയെ തന്റെ കണ്മുന്നിൽ വെച്ച് നഷ്ടപെട്ട ആ കുഞ്ഞുമോന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ടു അവനെ കെട്ടിപ്പുണരുമ്പോൾ എന്റെ കണ്ണുകൾ കലങ്ങിയിട്ടുണ്ടായിരുന്നു. എന്റെ കൈ പിടിച്ചിട്ടു അവൻ ചോദിച്ചു, "നമ്മൾക്ക് അമ്മായിന്റെ വീട്ടിൽ പോയാല്ലോ". ഞാൻ അതെ എന്ന് പറഞ്ഞപ്പോൾ ആരും മറുത്തു പറഞ്ഞില്ല. "ഞങ്ങളുടെ ഉമ്മയുടെ കൂടെ പോകണ്ട ഒരാൾ അവിടെ ഉണ്ടായിരുന്നു. പക്ഷെ അള്ളാഹു കക്ഷിയെ റിട്ടേൺ അടിച്ചുവിട്ടു. പക്ഷെ ആൾ ഇപ്പൊൾ അവിടെയും അല്ല ഇവിടെയും അല്ല" എനിക്കൊന്നും മനസ്സിലായില്ല.വണ്ടിയിൽ കയറിയപ്പോൾ കുഞ്ഞൻ മുൻ സീറ്റിൽ തന്നെ കയറി സീറ്റ് ബെൽറ്റ് ഇട്ടു മിണ്ടാതെ ഇരുന്നു. സീറ്റ് ബെൽറ്റ് ഇടാനുള്ള ആ കുഞ്ഞു മോന്റെ ശുഷ്‌കാന്തി കണ്ടു ഞാൻ അമ്പരന്നപ്പോൾ വല്ലീമ്മ പറഞ്ഞു. "അവൻ അനുഭവിച്ചതു വെച്ചുനോക്കിയാൽ ആരും സീറ്റ് ബെൽട് ഇട്ടു പോകും " .
പോകുന്ന വഴിയിൽ വല്ലീമ്മ ആ കഥ മുഴുവനും പറഞ്ഞു. വല്ലീമ്മയുടെ മൂന്ന് മക്കളുടെ ഏതാണ്ട് എല്ലാ ചെറുമക്കളും ചേർന്ന് ഇപ്പറഞ്ഞ അമ്മായിയെ ഗൾഫിലേക്ക് അയക്കാൻ കരിപ്പൂർ എയർപോർട്ടിൽ കൊണ്ടുവിടാൻ പോയതായിരുന്നു. തിരിച്ചു വരുമ്പോൾ യച്ചുവിന്റെ ഉമ്മ മാത്രമേ മുതിർന്നതായി ഉണ്ടായിരുന്നുള്ളു. കുട്ടികളെല്ലവരും നിർബന്ധിച്ചപ്പോൾ അവർ താത്പര്യമില്ലാതെ അവരുടെ കൂടെ വന്നതായിരുന്നു. ചുരം കയറുന്നതിനിടയിൽ ചുരത്തിന്റെ ഏതോ ഒരു ഉയർന്ന വളവിൽ നിയന്ത്രണം വിട്ടു വണ്ടി താഴേക്ക് മറിഞ്ഞു.നാവിഗേറ്റർ സീറ്റിലിരുന്ന ആൾ സീറ്റ് ബെൽറ്റ് ഇടാത്തതിനാൽ ആ സൈഡിലെ എയർബാഗ് വികസിച്ചില്ല. ആ സൈഡിൽ ഇരുന്ന യച്ചുവും യച്ചുവിന്റെ ഉമ്മയും അമ്മായിയുടെ മോളുമൊഴികെ ബാക്കി എല്ലാവരും എങ്ങനെ ഒക്കെയോ രക്ഷപെട്ടു. മലയുടെ ഉയരങ്ങളിൽ നിന്ന് പറന്നു വന്ന കുഞ്ഞനെ ആരോ കൈകളിൽ വെച്ച് താഴെ എത്തിച്ചതുപോലെ ഒരു പോറലുപോലുമില്ലാതെ രക്ഷപെടുത്തിയപ്പോൾ .കുഞ്ഞനും മച്ചുവിനും വേണ്ടി അവസാനനിമിഷം സീറ്റ് മാറിയ ഉമ്മക്കും പാത്തുവെന്ന പേരുള്ള അമ്മായിയുടെ മകൾക്കും വല്ലാത്ത പരുക്കകളുണ്ടായി. ഉമ്മ തൽക്ഷണം മരിച്ചു. പാത്തുവിന്റെ നട്ടെല്ലൊടിഞ്ഞു. മാസങ്ങളോളം കോമയിലും ഐസിയുവിലും കഴിഞ്ഞ പാത്തു വീട്ടിൽ ഒരു അഡ്ജസ്റ്റബിൾ ബെഡിൽ കഴിഞ്ഞു വരുന്നു. പിന്നെ ഏറ്റവും കൂടുതൽ പരുക്കുകളും ട്രോമയും മനസികാസ്വാസ്ഥ്യവുമുണ്ടായത് യച്ചുവിനായിരുന്നു. അവനു സാധാരണപോലെ ആകാൻ ഇപ്പോഴും ആയിട്ടില്ല.

 പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ഞങ്ങൾ അമ്മായിയുടെയും പാത്തുവിന്റെയും വീട്ടിലെത്തി. ആ ചെറിയ ക്വർട്ടേഴ്‌സ് വീട്ടിൽ എത്തിയപ്പോൾ നോമ്പുതുറക്കടികളൊത്തിരി തന്നു സത്ക്കരിക്കാൻ നോക്കിയ അവിടുത്തെ മുതിർന്നവരോടു അധികം വർത്തമാനം പറയാതെ ഞാൻ പാത്തു എവിടെ എന്ന് ആരാഞ്ഞു.ഒരു വീൽ ചെയർ അരികിലുണ്ടായിരുന്ന ഓർത്തോപീഡിക് ബെഡിലെ പാഡിൽ കറക്കി തട്ടം നേരെയാക്കി വേദന സഹിച്ചു അവൾ നേരെ ഇരുന്നു. "യച്ചു പറഞ്ഞ ആ മാഷ് താങ്കൾ ആണല്ലേ" . ഞാൻ തലയാട്ടി ചുറ്റിനുമൊന്നു കണ്ണ് പായിച്ചു. വളരെയേറെ ഇംഗ്ലീഷ് ക്ലാസിക് പുസ്തകങ്ങൾ. അതിനിടയിൽ എ.പി ജെ അബ്ദുൽ കലാമിന്റെ 'വിങ്‌സ് ഓഫ് ഫയർ'. "അത് എന്റെ ഡോക്ടർ തന്നതാണ്. ഡോക്ടർ പറയുന്നത് ഞാൻ ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്ന് അഗ്നിചിറകുകളുമായി ഉയർന്നു പൊന്തിയവളായിരുന്നു എന്നാണ്. ഇപ്പോൾ ഒന്ന് ഈ ബെഡിൽ നിന്ന് പൊന്തിയാൽ തന്നെ അത് വലിയ കാര്യം പോലെയാണ് ". നാസയിൽ എയ്റോസ്പേസ് എഞ്ചിനീയർ ആകാൻ സ്വപ്നം കണ്ടു വളർന്ന അവൾക്കു അവളുടെ സ്വപ്‌നങ്ങൾ വല്ലാത്ത ഊർജ്ജം കൊടുക്കുന്നതായി ഞാൻ കണ്ടു. എപിജെയെയും കല്പന ചാവ്‌ളയെയും മനസ്സിൽ പ്രതിഷ്ഠിച്ച അവൾക്കു നട്ടെല്ലൊടിഞ്ഞു പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത ആ അവസ്തയിലും തോൽക്കാൻ മടിയായിരുന്നു അവളുടെ മുഖത്തു വല്ലാത്ത ഒരു തേജസ്സു ഞാൻ കണ്ടു. എന്റെ കയ്യിലുണ്ടായിരുന്ന "ട്യുസ്‌ഡേസ് വിത്ത് മോറി" അവൾക്കും സമ്മാനിച്ചു ഞാൻ ഇറങ്ങുമ്പോൾ അവൾ പുറകിൽ നിന്ന് എന്നെ വിളിച്ച്, " നാസയിലോ ഇസ്രോയിലോ വെച്ച് കാണാം മാഷെ"

 യച്ചുവിന്റെ വീട്ടിൽ എത്തിയപ്പോൾ നടുവത്തവൻ മച്ചു എന്നെ നിർബന്ധിച്ചു  "ഇന്ന് ഞങ്ങളുടെ കൂടെ ഇവിടെ കിടന്നിട്ടു അത്താഴവും മുത്താഴവും കഴിച്ചിട്ടു സുബ്ഹിക്ക് ശേഷം പോകാം" . മൂവരിലും എന്നോട് ഏറ്റവും കുറഞ്ഞു സംസാരിച്ച അവന്റെ ആ സ്നേഹം എന്നെ വല്ലാതെ പിടിച്ച് കുലുക്കി. യച്ചു താൻ ഉണ്ടാക്കിയ കുഞ്ഞിപത്തലും ഇറച്ചിപ്പിടിയും ബിരിയാണിയും അവന്റെ ഉമ്മയുടെ റെസിപിയായ ഒരു ചില്ലി ചിക്കനും എന്നെ കൊണ്ട് നിർബന്ധിച്ചു കഴിപ്പിച്ചു.. മച്ചു തയ്യാറാക്കിയ ജ്യുസുകളും നോമ്പുതുറക്കടികളും എന്നെ കഴിപ്പിക്കുന്നുണ്ടായിരുന്നു. കുഞ്ഞൻ പറഞ്ഞു, " ഞാനുമുണ്ടായിരുന്നു ഇതൊക്കെ ഉണ്ടാക്കാൻ". വല്ലിയുമ്മ പറഞ്ഞു, " അതെ മോനെ, ഈ മൂന്ന് കുഞ്ഞുങ്ങളും കൂടിയാണ് ഇന്ന് എല്ലാം ഉണ്ടാക്കിയത്" അവർ കോഴിക്കോട്ടുകാരെപ്പോലെ മേശ നിറച്ചിരുന്നു. രാത്രി യച്ചു കുഞ്ഞനെ അടുത്തുകിടത്തി ഉറക്കുന്നുണ്ടായിരുന്നു. ഉമ്മ പാടിയിരുന്ന താരാട്ടുപാട്ടു ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ പാടി അവനെ ചേർത്തുപിടിച്ച് ഉറങ്ങിയെന്നുറപ്പിച്ചു എന്റടുത്ത് വന്നു. "ഇങ്ങള് ഉറങ്ങിക്കോളൂ. ഇടയത്താഴത്തിനു എഴുന്നേൽക്കേണ്ടതല്ലേ". മച്ചു വന്നു എന്നെ വിളിച്ചെഴുന്നേൽപ്പിക്കുമ്പോൾ ഞാൻ യച്ചുവിനോട് കുഞ്ഞനെ ഒന്ന് കാണാൻ അനുവാദം ചോദിച്ചു. മൂവരുടെയും സുന്ദരിയായ ആ ഉമ്മയുടെ ചിത്രങ്ങൾ ചുവരുകളിൽ നിറയെ പതിച്ച ആ മുറിയിൽ അവന്റെ ഉമ്മയുടെ സ്നേഹം നിറഞ്ഞു നില്ക്കുന്നതു പോലെ എനിക്ക് തോന്നി. കുഞ്ഞന്റെ നെറുകയിൽ ഒരു പൊന്നുമ്മ കൊടുത്തിട്ടു ഇറങ്ങുമ്പോൾ അവൻ ഉറക്കത്തിൽ ചിരിക്കുന്നുണ്ടായിരുന്നു. സ്വപ്നങ്ങളിൽ അവൻ തന്റെ ഉമ്മയെ കാണുന്നത് പോലെ. തിരിച്ചു വണ്ടിയോടിക്കുമ്പോൾ ഞാൻ റബ്ബിനോട് ഒന്ന് മാത്രം പ്രാർത്ഥിച്ചു. "റബ്ബേ! എനിക്കെന്തു പറ്റിയാലും, എന്റെ മകൾക്കു എപ്പോഴും അവളുടെ ഉമ്മായുടെ തണൽ കൊടുക്കണേ പടച്ചോനെ" . ഉപ്പയില്ലാത്ത യതീം മക്കളെക്കാൾ ദുര്യോഗം ചെറുപ്രായത്തിൽ ഉമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കാണെന്നു ആ ദിവസം എന്നെ പഠിപ്പിച്ചു. യച്ചുവിന്റെ കുഞ്ഞനും ഏട്ടന്മാർക്കും നഷ്ടപ്പെട്ട സ്വർഗ്ഗം ഇനി ഏതു ജന്നത്തുൽ ഫിർദോസ്സിലും കിട്ടില്ല എന്ന് എനിക്കുറപ്പായിരുന്നു. നിഷ്‌കളങ്കമായി ചിരിക്കുന്ന ആ കുഞ്ഞന്റെ കണ്ണുകളിൽ ഒരപൂർവ്വ പ്രതീക്ഷ ഞാൻ വായിച്ചെടുത്തിരുന്നു- എന്നെങ്കിലും പടച്ചോൻ അവന്റെ ഉമ്മയെ അവന്റെ മുന്നിൽ തിരിച്ചു കൊണ്ട് വരുമെന്ന പ്രതീക്ഷ . 

ചിലർക്ക് സ്വർഗ്ഗം ഉമ്മയുടെ കാൽക്കലാണ്. ചിലർക്ക് ഉമ്മ തന്നെയാണ് അവരുടെ സ്വർഗ്ഗം. . . .

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ