Posts

Showing posts from May, 2024

ആദ്യമഴ

Image
കുട്ടിക്കാലത്ത്  മൂത്താന്റെവിളയിലെ ഉമ്മയുടെ മുറിയുടെ തടി ജനാലയുടെ കമ്പികളിൽ പിടിച്ചുനിന്ന് ഇടവപ്പാതിയിൽ  കിഴക്കൻ അതിരിലെ ആഞ്ഞിലികളും കശുമാവും തേക്കും ആടിയുലയുന്നത് കണ്ടു കണ്ണും മനസ്സും കുളിരുകോരി ഇടവപ്പാതിയുടെ തൂവാനത്തിൽ മുഖം നനച്ചു ഒരു മയിലിനെപ്പോലെ പീലിവിടർത്തി  നൃത്തം ചവുട്ടുന്ന ബാലനിൽ നിന്ന്. ഇന്ന്  അസഹ്യമായ കൊടും വേനലിൽ മനസ്സും മെയ്യും വിയർത്തു വറ്റി "ഒരു ചാറ്റലെങ്കിലും പെയ്യിക്കണേ, പൊന്നു തമ്പുരാനേ"  എന്ന് കരഞ്ഞുപറഞ്ഞു ദുആ ഇരന്നു കിട്ടുന്ന ഈ   മഴയുണ്ടല്ലോ. തലയുടെ തൊട്ടുമുകളിൽ  നിർത്തപ്പെട്ട മഹ്ശറയിലെ  (പാപങ്ങളെ കരിയിക്കുന്ന) പരലോകസുര്യന്റെ ചൂടിനെ തണുപ്പിക്കാൻ അവൻ പെയ്യിക്കുന്ന കാരുണ്യവർഷം തന്നെയാണീ ആദ്യമഴ.   പടച്ചോൻ നന്ദികെട്ട  അവന്റെ പടപ്പുകളിൽ നിന്ന് ഇനിയും മുഖം തിരിച്ചിട്ടില്ല എന്ന് അരുൾപ്പെടുന്നത് പോലെ. 

മാരനും മാരിയും (അൽത്താഫ്‌)

Image
കാത്തിരുന്നു കാത്തിരുന്നു കാണും    മഴമേഘമാരനെ പുൽകാൻ വെമ്പിനിൽക്കും സഹ്യാദ്രിയാം പുതുക്കപ്പെണ്ണേ! നിൻ നിത്യഹരിതസൗന്ദര്യമെല്ലാം   അവൻ വിരിയിക്കും നാണമലരല്ലോ    അവന്റെ പ്രണയമായി പെയ്തിറങ്ങും   മാരിയില്ലാതെ അവളില്ലാതെയായി    മഴയില്ലാതെ മലയില്ലാതെയായി   മലയാളവുമില്ലാതെയായി    അവനില്ലാ വിരഹത്തിൽ    വെണ്ണീറായി വിണ്ടുകീറിടുമെന്നു ഭയന്നുവരണ്ടു      അവൻ കൊടുമ്പിരികൊണ്ടുപെയ്യും    രോഷപ്പേമാരിയിൽ   ഊളിയിട്ടില്ലാതായാലും    ഇടവവാതിൽക്കൽ മാരനെ കാത്തിരിക്കും      പ്രണയിനി സഹ്യാദ്രിപെണ്ണ് അവൾ       

(അ)പരിചിതമുഖം (അൽത്താഫ് )

Image
തെളിനീരൊഴുകുന്ന കുറുംബ്രനാടൻ പുഴയുടെ പ്രതലത്തിലെ തന്റെ പ്രതിഫലനത്തിൽ അവൻ തന്റെ അരികിലായി ആ അപരിചിത മുഖത്തെ ആദ്യമായി കണ്ടു. അപരിചിത മുഖം അവന്റെ  തോളോട് തോൾ ചേർന്നിരിന്നു. കണ്ണീരൊപ്പി. തോളിൽ തട്ടി. ചേർത്ത് പിടിച്ചു. ഒറ്റപ്പെട്ടു കാണപ്പെട്ട അവനെ അപരിചിതമുഖം സ്വന്തം കുടുംബക്കാർക്ക് പരിചയപ്പെടുത്തി കൊടുത്തു. അന്നമൂട്ടി സത്കരിച്ച് അപരിചിതമുഖം അവനോടു ആവർത്തിച്ചു, "എന്റെ മാതാപിതാക്കൾ നിന്റെയും മാതാപിതാക്കൾ പോലെ കരുതിക്കോളൂ. എന്റെ പെങ്ങന്മാർ നിന്റെയും  പെങ്ങന്മാർ"."അവരോർത്തരും ഇന്നലെയും നിന്നെപ്പറ്റി അന്വേഷിച്ചിരുന്നു" "ഇങ്ങട് വരുമ്പോൾ ഒന്ന് വീട്ടിലോട്ടു വരൂട്ടോ" "എന്തിഷ്ടമാണെന്നോ അവർക്കു നിന്നെ".  അവനിൽ നിന്ന് സമ്മാനങ്ങൾ ഒഴുകി. സഹായങ്ങൾ ഒഴുകി.  അപരിചിതമുഖം  പിന്നെയും കദനകഥകൾ പറഞ്ഞുകൊണ്ടിരുന്നു, "നമ്മുടെ പെങ്ങൾ പഠിക്കാൻ ബഹുമിടുക്കിയാണ്. പക്ഷെ എങ്ങനെ പഠിപ്പിക്കാനാണ്? ", "നമ്മുടെ ഉപ്പ പറഞ്ഞു. നീ അവരുടെ  ജനിക്കാതെ പോയ മകനാണ് എന്ന്",എല്ലാത്തിലും കയറി ഇടപെടുന്ന  കുടുംബക്കാരെയും ബന്ധുക്കളെയും കൊണ്ട് ഞങ്ങൾ വലഞ്ഞിരിക്കുകയാണ്", പതിയെ പതിയെ...

മുഖം (അൽത്താഫ് )

Image
അരങ്ങുകളിലെല്ലാം ആടി തിമിർത്ത് കൊണ്ടിരുന്നു അവൻ.  തിരശ്ശീലകളിൽ  നിറഞ്ഞാടുന്ന  അവനോടുള്ള ആരാധന മൂത്ത്‌ സദസ്സുകളിൽ നിന്നോടിയെത്തി അവനെ നോട്ടുമാലകൾ കൊണ്ട് ഹാരാർപ്പണം ചെയ്യുന്ന  ഒരു ആരാധകനുണ്ടായിരുന്നു.  ഗ്രീൻ റൂമുകളിൽ തന്നെ തികഞ്ഞ ആരാധനയോടെ നോക്കി നിൽക്കുന്ന ആരാധകന്റെ സ്നേഹ-ഭക്തികളിൽ  ധന്യനായി ഒരിക്കൽ വരുംവരായ്കൾ  തീരെ  ചിന്തിക്കാതെ അവൻ തന്റെ പൊയ്‌മുഖം അങ്ങ് അഴിച്ചു വെച്ചു.  അവൻ  തന്റെ അരുമയായ  ആരാധകനെ മുഖം മൂടിയില്ലാതെ തന്റെ സ്വത്വത്തെ പരിചയപ്പെടുത്തി  തൽക്ഷണം ആരാധകന്റെ മുഖമുകുരത്തിൽ  മിന്നിമാഞ്ഞു തെളിഞ്ഞു വന്ന നവരസങ്ങളിൽ അവസാനത്തെ സ്ഥായിഭാവം  ബീഭത്സം മാത്രം,