(അ)പരിചിതമുഖം (അൽത്താഫ് )
തെളിനീരൊഴുകുന്ന കുറുംബ്രനാടൻ പുഴയുടെ പ്രതലത്തിലെ തന്റെ പ്രതിഫലനത്തിൽ അവൻ തന്റെ അരികിലായി ആ അപരിചിത മുഖത്തെ ആദ്യമായി കണ്ടു. അപരിചിത മുഖം അവന്റെ തോളോട് തോൾ ചേർന്നിരിന്നു. കണ്ണീരൊപ്പി. തോളിൽ തട്ടി. ചേർത്ത് പിടിച്ചു. ഒറ്റപ്പെട്ടു കാണപ്പെട്ട അവനെ അപരിചിതമുഖം സ്വന്തം കുടുംബക്കാർക്ക് പരിചയപ്പെടുത്തി കൊടുത്തു. അന്നമൂട്ടി സത്കരിച്ച് അപരിചിതമുഖം അവനോടു ആവർത്തിച്ചു, "എന്റെ മാതാപിതാക്കൾ നിന്റെയും മാതാപിതാക്കൾ പോലെ കരുതിക്കോളൂ. എന്റെ പെങ്ങന്മാർ നിന്റെയും പെങ്ങന്മാർ"."അവരോർത്തരും ഇന്നലെയും നിന്നെപ്പറ്റി അന്വേഷിച്ചിരുന്നു" "ഇങ്ങട് വരുമ്പോൾ ഒന്ന് വീട്ടിലോട്ടു വരൂട്ടോ" "എന്തിഷ്ടമാണെന്നോ അവർക്കു നിന്നെ". അവനിൽ നിന്ന് സമ്മാനങ്ങൾ ഒഴുകി. സഹായങ്ങൾ ഒഴുകി. അപരിചിതമുഖം പിന്നെയും കദനകഥകൾ പറഞ്ഞുകൊണ്ടിരുന്നു, "നമ്മുടെ പെങ്ങൾ പഠിക്കാൻ ബഹുമിടുക്കിയാണ്. പക്ഷെ എങ്ങനെ പഠിപ്പിക്കാനാണ്? ", "നമ്മുടെ ഉപ്പ പറഞ്ഞു. നീ അവരുടെ ജനിക്കാതെ പോയ മകനാണ് എന്ന്",എല്ലാത്തിലും കയറി ഇടപെടുന്ന കുടുംബക്കാരെയും ബന്ധുക്കളെയും കൊണ്ട് ഞങ്ങൾ വലഞ്ഞിരിക്കുകയാണ്", പതിയെ പതിയെ അവൻ അവർക്കു പലപ്പോഴും ഒരുകൈസഹായമായി മാറിക്കൊണ്ടിരുന്നു. ബുദ്ധിമുട്ടുള്ളപ്പോളെപ്പോഴും അപരിചിതമുഖം അവനെ തേടി വന്നു, "എന്റെ കൂടെയുണ്ടാവണം എപ്പോഴും".
കുടുസ്സു മാനസികാവസ്ഥകളുള്ളവരും അന്ധവിശ്വാസികളുമായ ഒരു പ്രദേശത്തിലെ കുടുസ്സു വീടുകളിൽ കാലഹരണപെട്ട മാമൂലുകളും കീഴ്വഴക്കങ്ങളും നിയമസംഹിതയായി കൊണ്ട് നടക്കുന്ന ഇത്തരം കുടുംബങ്ങളിലെ ഉള്ളിലിരിപ്പുകളും അവരുടെ "വന്നൊളി, ഇരുന്നോളി, തിന്നോളി", "കുത്തിരിക്കിൻ" പ്രയോഗപ്രഹസനങ്ങളും "മേശ നിറക്കൽ"എന്ന മാമൂൽ കാണിച്ചുകൂട്ടലുകളും തമ്മിൽ വലിയ ചേർച്ച ഒന്നുമില്ല എന്നും മനസ്സിലാക്കാൻ അവനു ഒന്നിരുന്നു ചിന്തിക്കേണ്ടതേ ഉണ്ടായിരുന്നോളു. അപരിചിതമുഖം ഫോണിൽ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന ആതിഥേയരുടെ നിരന്തരമായ സ്നേഹാന്വേഷണങ്ങളുടെയും പുകഴ്ത്തലുകളുടെയും അവനെത്തേടി പാർസലായി എത്തിക്കൊണ്ടിരുന്ന ബീഫും നെയ്യപ്പങ്ങളുടെയും ഇടയിൽ അവനു ഈ തിരിച്ചറിവ് വ്യക്തമായി ഉള്ളിലൊട്ടെടുക്കാൻ അപ്പോഴത്തേക്കു വൈകിയിരുന്നു. അന്നൊരിക്കൽ അവരുടെ അതിഥിസൽക്കാരങ്ങൾ ഏറ്റുവാങ്ങിവന്ന അവനോട് അപരിചിതമുഖം അതങ്ങു വ്യക്തമായി പറഞ്ഞു. "സാമ്പത്തികമായുള്ള സഹായങ്ങൾ മാത്രം. അതും.അയച്ചു തന്നാൽ മതി "
ഇടുങ്ങിയ ചിന്താഗതികളുമായി ജീവിക്കുമ്പോളും പൊള്ളയായ ഈ മാമൂൽ പറച്ചിലുകളിക്കിടയിൽ അവന്റെ മനസ്സിൽ ഓടിയെത്തിയത് അവനെന്നും മനുഷ്യത്തമില്ലാത്തവരെന്നു കരുതിയ ഒരു നാട്ടുകാരായിരുന്നു. കുടിച്ച സര്ബത്തിനു പൈസ കൊടുത്തതിനു ശേഷം കടയുടെ തണലിനു അവനു അവകാശമില്ല എന്ന് പറഞ്ഞ ആ നാട്ടിലെ ഒരു ചെറിയ അനുഭവത്തെ അവൻ വല്ലാതെ പെരുപ്പിച്ചു കാണിക്കാറുണ്ടായിരുന്നു. പൈസ കൊടുക്കാൻ ഇല്ലാത്തതിന് ചെരുപ്പും വാച്ചും അഴിച്ചുവെക്കാൻ പറയുന്ന കടക്കാരുള്ളതെന്നു അവൻ പറഞ്ഞു പരത്തിയ ഒരു നാടിന്റെ കഥ. " ഞങ്ങളോട് വഴി ചോദിച്ചാൽ വഴി തെറ്റിച്ചു പറയുമ്പോളുണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ" എന്ന് ഒരിക്കൽ ആ നഗരത്തിന്റെ ഒരു പ്രമുഖ സ്റ്റാച്യുവിന്റെ മുന്നിൽ തമാശ രൂപേണ പറഞ്ഞ ഒരു വാചകത്തെ ഒരു നാട്ടിന്റെ തന്നെ മുഖമുദ്രയായി അവൻ അധിഷേപിക്കുമായിരുന്നു. പക്ഷെ അവൻ കഥയുടെ മറുപുറം കാണാൻ മറന്നിരുന്നു.
മദ്രാസിൽ നിന്ന് തെക്കൻ മുനമ്പ് വഴി കറങ്ങി നാട്ടിൽ എത്തുന്ന ഒരു ബസ്സിൽ യാത്ര ചെയ്തു വന്നു സംസ്ഥാന അതിർത്തിയിൽ എത്തിയപ്പോൾ കേരളത്തിന്റെ സ്വന്തം ഉത്സവമായ ഹർത്താൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബസ് തൊഴിലാളികൾ കയ്യൊഴിഞ്ഞപ്പോൾ നട്ടം തിരിഞ്ഞു കുഴിത്തുറയ് എന്ന റെയിൽവേ സ്റ്റേഷൻ വരെ എത്തുന്നതിൽ നേതൃത്വം കൊടുത്തത് അയൽ ജില്ലയിലെ ആദ്യമായി കാണുന്ന ഒരു പരിചിതമുഖമാണ്. കാത്തു കാത്തു കിട്ടിയ കന്യാകുമാരി കൊല്ലം പാസ്സന്ജരിൽ .അദ്ദേഹത്തിന്റെ സഹായ സഹകരണത്തിൽ . .സീറ്റു കിട്ടി യാത്ര ചെയ്യുമ്പോൾ ആ നല്ല ആതിഥേയന്റെ ജില്ലക്കാരെ അവൻ ആവുവോളം കളിയാക്കുന്നുണ്ടായിരുന്നു. അത് കേട്ട് കക്ഷി ചിരിക്കുന്നുണ്ടായിരുന്നു. അവിടെ ഇന്റേൺഷിപ് ചെയ്യുന്ന കാലത്ത് തലസ്ഥാന നഗരിയിലെ ഒരു ഡോക്ടർ സുഹൃത്ത് വഴി തരപ്പെട്ട ഒരു താമസൗകര്യത്തിൽ നിൽക്കുമ്പോൾ അവനെ ഈ പരിചിതമുഖം വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊരിക്കൽ ആ ഹോസ്റ്റലിലെ പുതുതായി കോൺക്രീറ്റ് ചെയ്ത ഒരു വാഷ് ബേസിനിൽ വെള്ളമൊഴിച്ച് നാശമാക്കി എന്ന് അതിന്റെ മുതലാളി പറഞ്ഞപ്പോൾ പ്രതികൂല സംസാരം തീരെ കേട്ട് പഴകാത്ത അവൻ അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു. അപ്പോൾ രായ്ക്കുരാമാനം ആ പരിചിതമുഖം സഹായങ്ങൾ എത്തിച്ചു. പുതിയ ഒരു താമസ സൗകര്യം തയ്യാറാക്കിയതും അവിടുത്തെ അഡ്വാൻസ് സ്വന്തം കയ്യിൽ നിന്ന് എടുത്ത് കൊടുത്തതും ആ പരിചിത മുഖമായിരുന്നു. പിന്നെ എത്ര നിർബന്ധിച്ചിട്ടും ആ പൈസ തിരിച്ചു വാങ്ങിക്കാൻ മടിച്ച ആ പരിചിതമുഖത്തിനെയും മൃദുഭാഷിയായ ആ വീട്ടുകാരെയും അവൻ അവന്റെ ഈ പെരുപ്പിച്ചു പറച്ചികളിലൂടെ ഒരു നാട്ടിലുള്ളവരെ ഇകഴ്ത്തിയും വേറെ ഒരു നാട്ടിലുള്ളവരെ അകാരണമായി ഉയർത്തികാട്ടുന്നതുമായ ഇത്തരം വിടുവായത്തരത്തിന്റെയും അവന്റെ തെറ്റായ വർഗ്‌ഗീകാരണത്തിന്റെ അതിപ്രസരത്തിൽ അവൻ മറന്നു.
വീട്ടിലെ പണികൾ എല്ലാം ചെയ്തു തീർത്തു മക്കളെ കഷ്ടപ്പെട്ട് ഊട്ടിയുറക്കി ആരെയൊക്കെ ഏൽപിച്ച് ബസ്സുകൾ കയറി ഇറങ്ങി എക്കണോമിക്സിന്റെ പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾക്കായിട്ടുള്ള അവൻ പഠിക്കുന്ന ഒരു ക്ലാസ്സിൽ എന്നും വൈകി എത്തുന്ന ഒരു ചേച്ചിയെയും അവൻ ബോധപൂർവം മറന്നു. എല്ലാ ദിവസവും ആ ക്ലാസ് മുറിയിൽ ഇരുന്നുകൊണ്ട് സുരാജ് വെഞ്ഞാറന്മൂടിന്റെ ഭാഷയിൽ സ്വന്തം വീട്ടിലെ ഭർത്താവുമായും അമ്മായിഅമ്മയുമായിട്ടുള്ള മല്പിടുത്തങ്ങളെ തമാശരൂപേണ അവനോടു ആ ചേച്ചി മിമിക്രി കഥകൾ പറയുമ്പോൾ ആ ചേച്ചി വീട്ടിൽ നിന്ന് തനിക്കായി എന്ന് പറഞ്ഞു കൊണ്ടുവരുന്ന പ്രാതൽ പൊതിയിലെ ഇഡ്ഡലിയും സാമ്പാറും അപ്പവും കിഴങ്ങുകറിയും അവൻ രുചിയോടെ കഴിക്കുന്നുണ്ടായിരുന്നു. സ്വന്തം അമ്മയുണ്ടാക്കിയതുപോലെയുള്ള ഭക്ഷണം എല്ലാ ദിവസവും എത്തിക്കുന്ന ആ ചേച്ചി അപ്പോൾ പറയുന്നുണ്ടാവും, "എന്തിരെടെ അപ്പി, നാളെ എന്താ നിനക്ക് ഈ ച്യേച്ചി കൊണ്ടുവരേണ്ടത്"
അപ്പോഴും ആതിഥേയ സംസ്കാരമുള്ളവർ വിശാല ചിന്താഗതികളുള്ളവരാണെന്നും പരുഷഭാഷികൾ മനുഷ്യത്തഹീനരാണെന്നും എന്ന് മുൻവിധികൾ ഉണ്ടാക്കുന്ന ഒരു ചിന്താസംസ്കാരത്തെ അവൻ വല്ലാതെ ഉള്ളിലോട്ടെടുത്തിരുന്നു എന്ന് അവനു മനസ്സിലാവേണ്ടത് അവന്റെ കലാലയജീവിതത്തിലെ ഒരു അനുഭവത്തിൽ നിന്നായിരുന്നു. മൂന്ന് പേരടങ്ങിയ ഒരു ഗ്രൂപ്പിന്റെ ആക്ടിവിറ്റീസ് ചെയ്യുന്നതിന് ഇടയിൽ ഒറീസ്സകാരനായ മൂന്നാമനെ പറ്റി " ഈ ഒറീസ്സക്കാരെല്ലാം അല്ലേലും ഇങ്ങനെയാണ്" എന്ന് അവൻ പറഞ്ഞപ്പോൾ അതുകേട്ട് പിന്നീട് അവന്റെ പ്രിയ സുഹൃത്തായി മാറിയ ലക്‌നോക്കാരി അപ്പോൾ പറഞ്ഞ ഒരു ശകാരത്തിൽ നിന്ന് അവൻ പഠിക്കണമായിരുന്നു. "ഇതൊക്കെ വെറും സ്റ്റീരിയോടൈപ്പുകൾ അല്ലെ, ഇത്രെയും പഠിച്ചിട്ടും നീ ഇങ്ങനെയൊക്കെയാണോ ചിന്തിക്കുന്നത്"
'ഇന്ന ജാതിയിലുള്ളവർ പിശുക്കരാണ്',.'ഇന്ന മതത്തിലുള്ളവർ അക്രമാസക്തരാണ്'. 'ഇന്ന നാട്ടിലുള്ളവർ വിശാലമനസ്കർ ആണ്'. എന്ന് നമ്മൾ സ്വയം കള്ളം പറഞ്ഞു പഠിപ്പിക്കുമ്പോൾ നമ്മൾ നഷ്ടപ്പെടുത്തുന്നത് ഒരു വലിയ അവസരമാണ്. ഈ ഉലകത്തിലുള്ള 800 കോടി ജനങ്ങളിലെ ഓരോ മനുഷ്യനെയും ഈ മുൻവിധികളുടെ കളർ ലെന്സുകളിലൂടെ നോക്കുമ്പോൾ നഷ്ടപ്പെടുന്നത് നമ്മുടെ ജീവിതത്തിൽ അവർ ഒരു പരിചിതമുഖമായും ഒരപരിചിതമുഖമായും മാറാനുള്ള അവസരം.

Comments
Post a Comment