വിഹീനർ


റെസ്‌ടറന്റില്‍  അരികിലെ തീന്മേശയിൽ കുഞ്ഞിക്കസേരയിൽ തന്റെ മാതാപിതാക്കളോട് കൊഞ്ഞണം  കുത്തി ചിരിച്ചുകൊണ്ട് കഴിക്കുന്ന കുഞ്ഞുമോളോട് ആയമ്മ ചിരിച്ചു. കുറേയേറെ അങ്ങോട്ടും ഇങ്ങോട്ടും ചിരിച്ചു. "മോളെ ഒന്നെടുത്തോട്ടെ" എന്ന് ആയമ്മ ചോദിച്ചപ്പോള്‍ കുഞ്ഞുമോളുടെ സ്വന്തം അമ്മയുടെ മുഖത്തെ ഭാവം മാറി. കുഞ്ഞിനെ എടുത്തു അവളുടെ അമ്മ മുഖം തിരിച്ച് പോവുമ്പോള്‍  ആയമ്മയെ അവരുടെ ഭര്‍ത്താവ് ആശ്വസിപ്പിച്ചു. “ നമുക്ക് മക്കളില്ലെങ്കില്‍ എന്തേ? എനിക്ക് നീയും നിനക്ക് ഞാനും ഇല്ലേ?”

സ്കൂളില്‍ പോയിവരുമ്പോള്‍ അയലത്തെ ഖദീജുത്താത്ത എന്നെ നോക്കി ചിരിക്കും. ഞാനും ചിരിക്കും.  ധനികനായ വേപ്പുങ്കൽ ഹാജിയാരുടെ പലചരക്ക് വ്യാപാരികളായ രണ്ടു മക്കള്‍ തറവാട്ടുകാരായ രണ്ടു പെണ്‍കുട്ടികളെ കെട്ടിക്കൊണ്ടുവരുമ്പോള്‍ രണ്ടുപേരുടെയും ഭാഗധേയം ഇത്രയ്ക്ക് വ്യത്യാസമായിരിക്കും എന്ന് അവര്‍ കരുതിയില്ല. ഇളയവന് മൂന്ന് സുന്ദരരായ മക്കളുണ്ടാവുമ്പോഴും  മൂന്ന്‌ പേര്‍ക്കും  പോരിഷപെട്ട കുടുംബങ്ങളില്‍ നിന്ന് ബന്ധം എടുക്കുകയും ചെയ്യുമ്പോഴും അവരുടെ വീട്ടില്‍ പേരമക്കളുടെ കൊഞ്ചല്‍ കൊണ്ട് നിറഞ്ഞപ്പോഴും ബിസിനസ്‌ വെച്ചടി വെച്ചടി ഉയര്‍ന്നപ്പോഴും മൂത്തവന്റെ ഭാഗ്യം വിഹീനമായിരുന്നു.  സുബ്ഹിക്ക് ശേഷം സ്വന്തം പലചരക്ക് കടയിലേക്ക് പോകുന്ന ഖദീജുത്താത്തയുടെ മാപ്പിള ഇഷാ’അ കഴിഞ്ഞിട്ടേ തിരിച്ചു വരാറുള്ളു. ഖദീജത്ത അവരോടു പറയും, “ഇങ്ങളുടെ ഏട്ടന്റെ ഒരു മോനെ നമുക്ക് ദത്തെടുക്കാം. ഇക്കയ്ക്ക് കുറെ മക്കളില്ലേ. നമുക്ക് അവനെ പൊന്നു പോലെ വളര്‍ത്താം. ഇങ്ങളുടെ ചോരയല്ലേ”. സുബഹി മുതല്‍ ഇഷാ’അ  വരെ  പലചരക്ക് കടയുടെ അരിച്ചാക്കുകള്‍ക്കിടയില്‍ മൗനം മാത്രം പറഞ്ഞും കേട്ടുമിരിക്കുന്ന അദ്ദേഹത്തിനു അപ്പോഴും മൊഴി മൌനം മാത്രമായിരുന്നു.

“ഇയ്യ്‌ വരീ, പത്തിരിയും ആട്ടിന്‍ കറിയുമുണ്ടാക്കിയിട്ടുണ്ട്.” ഉമ്മയുടെ സമ്മതം വാങ്ങി ഖദീജുത്താത്തയുടെ തക്കാരം കഴിക്കാന്‍ പോയപ്പോള്‍ ഇത്താത്ത വാചാലയായി. “ ഇയ്യ്‌ തീവണ്ടിയില്‍ പോകാറില്ലേ.  വല്ലപ്പുഴയില്‍ റെയില്‍വേ ലൈന്‍ നില്‍ക്കണ സ്ഥലം എല്ലാം എന്റെ ഉപ്പച്ചിയുടെ ആണ്. വല്യ തറവാട്ട്‌കാരാണെന്ന് കരുതി എന്നെ ഇങ്ങോട്ട് കെട്ടിച്ചപ്പോള്‍ എനിക്ക് ഇങ്ങനെ ഒക്കെ ആയി തീരുമെന്ന് ഞാന്‍ കരുതിയില്ല”. ഖദീജുത്താത്ത ആര്‍ക്കു വേണ്ടിയും ഭക്ഷണം ഒരുക്കാത്തത് കാരണം ഭക്ഷണത്തിന് തീരെ രുചിയില്ലായിരിന്നു.  എന്നാലും ഇത്താത്ത പിന്നെയും പിന്നെയും പത്തിരിയും കോഴി പൊരിച്ചതും ആട്ടിന്‍ കറിയും എനിക്ക് കോരിയിട്ടു കൊണ്ടിരുന്നു. വളരെ കഷ്ടപ്പെട്ട്  കഴിച്ചു തീര്‍ക്കാന്‍ നോക്കികൊണ്ടിരുന്ന എന്നോട് ഖദീജുത്താത്ത ചോദിച്ചു, “രുചിയുണ്ടോ മോനെ”. ഞാന്‍ തല കുലുക്കി. “സുബഹിക്ക് എണീറ്റു  മോന് മാത്രം വേണ്ടി ഉണ്ടാക്കിയതാ. ഇനിയും വരണേ മോനെ”

എന്നാല്‍  ഇളയമ്മായിയുടെ സഹാപാഠിയും ഞങ്ങളുടെ അയല്‍വാസിയുമായ ആസ്യബിത്താത്ത ഉണ്ടാക്കുന്ന പഞ്ഞിപോലത്തെ നെയ്പത്തലും ബീഫും  ഇറച്ചിപ്പിടിയും അടുക്കള കൊലായ്ക്കല്‍ എത്തുമ്പോഴേ ഞാന്‍ ഉമ്മാനോട് പറയും. "അനിയന് ഞാന്‍ കൊടുക്കൂല്ല".  ആസ്യബിത്താത്ത തറവാട്ടമ്മയായ ആ വീട്ടില്‍ എപ്പോഴും ചെറുമക്കളും  വിരുന്നുകാരും ഉണ്ടാവുന്നത് കൊണ്ടോ,  ആസ്യബിത്താത്തയുടെ പുതിയാപ്പിളയോടുള്ള നാൽപത്  വർഷത്തെ കൂടിക്കൊണ്ടിരിക്കുന്ന  കടുത്ത മുഹബ്ബത്തു പാചകത്തിലേക്ക് ചാലിക്കുന്നതു കൊണ്ടോ എന്നറിയില്ല,  എന്ത് രുചിയാണോ  അവരുണ്ടാക്കുന്ന പലഹാരങ്ങള്‍ക്കും കറികള്‍ക്കും!.  വുളു എടുക്കാന്‍ കോളാമ്പി എടുത്തു കൊടുക്കാനും ധാനിയന്ത്രം എണ്ണ കൊണ്ട് കാല്‍ തടവിക്കിട്ടാനും    ആസ്യബിത്താത്തയുടെ സ്വന്തം അമ്മായിയും അമ്മായിയമ്മയുമായ അനസിന്റെ വല്യുമ്മ വിളിക്കുമ്പോള്‍  ആസ്യബിത്ത പിറുപിറുക്കും, “ മക്കളില്ലേല്‍ എന്തേ,  ജനിച്ചത് മുതല്‍ മൌത്ത് വരെ നോക്കാന്‍ ഈ ഒരു മോളുണ്ടല്ലോ, ഉമ്മാ!, ദാ വരുന്നുട്ടോ”. 

എപ്പോഴത്തെയും  പോലെ ഇത്താത്തയുടെ കാസറോളിൽ ഭക്ഷണം നിറച്ച്  തിരിച്ചു കൊണ്ട് കൊടുക്കുമ്പോൾ ആസിയാബിത്താത്ത ഒരിക്കൽ പറഞ്ഞു."ഇക്ക കടയിൽ പോകുന്നതിനു മുൻപ് ളുഹാ നിസ്കരിച്ചപ്പോൾ ദുഃആയിൽ  നിനക്ക് ഫസ്റ്റ് റാങ്ക് കിട്ടാൻ പ്രത്യേകമായി വേണ്ടിയിട്ടുണ്ട്. ഇക്കാ എപ്പോഴും നിങ്ങൾ രണ്ടാൾക്കും വേണ്ടി പ്രാർത്ഥിക്കാറുണ്ട്". അനസിന്റെ വലിയുമ്മയുടെ വിളികേട്ട് ആസ്യാബിത്താത്ത ചിരിച്ചു, "എന്റെ മോള് വിളിക്കുന്നു. ചെല്ലട്ടെ"              

   


Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ